“ഒരു മനുഷ്യന്റെ മുഖത്ത്‌ നോക്കി ചിരിച്ചിട്ടും മനസ്സമാധാനത്തോടെ ആരെയെങ്കിലും തൊട്ടിട്ടും എത്ര നാളായി! “

41

Shimna Azeez

“ഒരു മനുഷ്യന്റെ മുഖത്ത്‌ നോക്കി ചിരിച്ചിട്ടും മനസ്സമാധാനത്തോടെ ആരെയെങ്കിലും തൊട്ടിട്ടും എത്ര നാളായി! ”

ഇന്നലെ ഒരു ഡോക്ടർ സുഹൃത്ത്‌ പറഞ്ഞതാണ്‌. ഓർത്ത്‌ നോക്കിയപ്പോ നേരാ, ഈ മാസ്‌കിൻ ചോട്ടിൽ ചിരിച്ചാലും പല്ലിറുമ്മിയാലും കൊഞ്ഞനം കുത്തിയാലും ആരും കാണില്ല. ആവുന്നത്ര എവിടെയും തൊടാതെ നടന്നും ഡ്യൂട്ടിയിൽ ഉള്ളപ്പോൾ ഗ്ലൗസിട്ടും മനുഷ്യന്റെ തൊലിയിൽ തൊട്ടാലുള്ള ചൂടും, ഹസ്‌തദാനം ചെയ്യുമ്പോഴുള്ള തണുപ്പും വരെ പരിപൂർണ്ണമായി മറന്ന്‌ പോയിരിക്കുന്നു. ഓരോ ബന്ധത്തിലും സ്‌പർശം ഇത്രയേറെ പ്രധാനമായിരുന്നെന്ന്‌ ഇതിന്‌ മുന്നേ ചിന്തിച്ചിട്ടേയില്ല. ഇതിനൊക്കെ ശരിക്കും ഇത്രേം വിലയുണ്ടായിരുന്നോ, പ്രത്യേകതകൾ ഉണ്ടായിരുന്നോ !! അല്ല ശരിക്കും മനുഷ്യനെ തൊട്ടാലെങ്ങനിരിക്കുമെന്ന്‌ മറന്ന്‌ പോയിരിക്കുന്നല്ലോ.

ആശുപത്രിയിൽ ചില കുഞ്ഞുങ്ങൾ മുന്നിലൂടെ കിറുങ്ങാ പിറുങ്ങാ ഓടുമ്പോൾ പിടിച്ചുമ്മ കൊടുക്കാൻ തോന്നും. ഈയിടെയായി റോഡിലോ വീട്ടിലോ പരിസരത്തോ പോലും കുഞ്ഞുങ്ങളെ കാണാറില്ല.ആകെ പുറത്ത്‌ കാണുന്ന കുഞ്ഞിമക്കളാണേ. അവരെ കൊഞ്ചിക്കാനൊക്കെ വല്ലാതെ തോന്നും.പിന്നെ കടിച്ച്‌ പിടിച്ച്‌ സ്വയം നിയന്ത്രിച്ച്‌ ആകെ കിട്ടുന്ന ഇത്തിരി നേരത്ത്‌ ഇടങ്കണ്ണിട്ട്‌ നോക്കി അവരുടെ കുസൃതി ആസ്വദിക്കും. മാസ്‌കും ഷീൽഡും വെച്ച്‌ അവരോടെന്ത് പറഞ്ഞാലും അവർക്ക്‌ മനസ്സിലാവില്ല, അവരെന്തോ ഭൂതത്തിനെ കണ്ട മാതിര്യാ നോക്കുന്നേ. പക്ഷേ, അറിയാതെങ്ങാൻ ആ കുഞ്ഞിച്ചിരിയുടെ ഒരു കഷ്‌ണം കിട്ടിയാലുണ്ടല്ലോ… എന്റെ സാറേ !!

മേൽപ്പറഞ്ഞത്‌ ആരോഗ്യപ്രവർത്തകരുടെ കാര്യം. വേറെ കുറച്ച്‌ മനുഷ്യമ്മാരുണ്ട്‌. അവരുടെ കാട്ടിക്കൂട്ടൽ കണ്ടാൽ തോന്നും കോവിഡ്‌ 19 വൈറസ്‌ എന്നൊരു സാധനം ഭൂമിയിൽ അവതരിച്ചിട്ടേയില്ലെന്ന്‌ !മാസ്‌കുണ്ടോ? മൂക്കിന്റെ ചോട്ടിൽ ഉണ്ടായിരിക്കുമായിരിക്കാം. എന്നാൽ പിന്നെ നിങ്ങൾക്ക്‌ ജട്ടിയിടുമ്പോഴും പാതി പുറത്തിട്ടൂടെ എന്ന്‌ ചോദിക്കാൻ അറിയാഞ്ഞിട്ടല്ല. ജട്ടി ഇടുന്നത്‌ തന്നെ ഒരു ആർഭാടം എന്ന്‌ കരുതുന്ന ഏതേലും ആത്മാർഥതയുടെ നിറകുടം ഇപ്പറഞ്ഞതെങ്ങാൻ സീരിയസായി എടുത്താൽ കഴിഞ്ഞു കഥ. ഇനി അതൂടി കാണാനുള്ള ത്രാണിയില്ല !!

“കൈ കഴുകൽ?”
“ചോറുണ്ട ശേഷവും അപ്പിയിട്ട ശേഷവും കുളിക്കുമ്പഴും. മൂന്ന്‌ പ്രാവശ്യമായില്ലേ? ഞാൻ ശരിക്കും പൊളിയല്ലേ ഡോക്‌ടറേ?”
” വോവ്‌… സൂപ്പറായിട്ടുണ്ടല്ലോ !!” മറുപടി കേട്ട ചേട്ടന്റെ മുഖത്ത്‌ എൽകെജിയിൽ പഠിക്കുന്ന കുട്ടിക്ക്‌ ലുട്ടാപ്പീടെ ഷേപ്പുള്ള റബ്ബർ കിട്ടിയ സന്തോഷം. അതങ്ങനെ കൊറേണ്ണം. ചിരിക്കേണ്ട, തൊട്ടപ്പുറത്തിരുന്ന്‌ കൊറോണക്കുഞ്ഞുങ്ങളും തലയറഞ്ഞ്‌ ചിരിക്കുന്നുണ്ട്‌. അല്ല, പണി ഇത്ര ഈസിയാക്കി കൊടുക്കുന്നോരെ കണ്ടാൽ ആരായാലും ഹർഷപുളകിതരാവൂലേ?

അപ്പോ, സാമൂഹിക അകലം? ഡോകട്‌റീ, ഇങ്കെ പാര്‌. അത്‌ വന്ത്…. ഞങ്ങൾ മാസ്‌കിടുന്നുണ്ട്‌ (ദേ, എന്നെക്കൊണ്ടൊന്നും പറയിക്കരുത്‌), ദിവസവും ചെറുനാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞ്‌ കുടിക്കുന്നുണ്ട്‌ (ഹെന്തിന്‌ !! വൈറ്റമിൻ സി കിട്ടാനാണേൽ ചൂടുവെള്ളത്തിൽ അത്‌ നിലനിൽക്കില്ലല്ലോ. നശിച്ച്‌ പോവും. അല്ലെങ്കിലും വൈറ്റമിൻ സി കൊറോണയെ പ്രതിരോധിക്കും എന്നതിന്‌ യാതൊരു ശാസ്‌ത്രീയ തെളിവുമില്ല), ചൂടുള്ള മഞ്ഞൾ വെള്ളം കവിൾ കൊള്ളുന്നുണ്ട്‌ (എന്നാൽ പിന്നെ ആ മോരുംകൂട്ടാൻ എടുത്തങ്ങ്‌ കൊള്ള്‌. അയ്‌ലുമുണ്ടല്ലോ മഞ്ഞളും ഉപ്പും. ആവശ്യം കഴിയുമ്പോ നേരെ കീഴ്‌പ്പോട്ട്‌ ‘ഗ്ലും’ എന്ന്‌ പറഞ്ഞ്‌ ഇറക്കാല്ലോ). പിന്നെ ഞങ്ങക്കെങ്ങനെ കൊറോണ വരാൻ?

” അപ്പോ പിന്നെ ഞങ്ങൾ ദൂരെ മാറി നിന്ന്‌ കഷ്‌ടപ്പെടുന്നതെന്തിനാ? യൂ ഗോ ഡോക്‌ടറമ്മാ… പോയി ആശൂത്രീലെ പണിയെടുക്ക്‌. ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട. ഞങ്ങളെ നോക്കാൻ ഞങ്ങക്കറിയാം.”
“അപ്പോ സൂക്കേട്‌ വന്നാൽ നിങ്ങളെ ആര്‌ നോക്കും ചേട്ടാ ?”
” അതിനല്ലേ സർക്കാർ ശമ്പളം തന്ന്‌ നിങ്ങളെ പോറ്റുന്നത്‌?”

“ങേ??” എന്റെ മാസ്‌കിട്ട ഭാവം ചേട്ടന്‌ മനസ്സിലാവിത്തോണ്ട്‌ വെറുതേ ഇട്ട എക്‌സ്‌പ്രഷൻ വേസ്‌റ്റായി പോയി.
ഏതായാലും അത്രയും പറഞ്ഞ്‌ കൊണ്ട്‌ കോൺഫിഡൻസ്‌കുമാരൻ ചേട്ടൻ മാസ്‌ക്‌ താടിയെ പുതപ്പിക്കാനായി താഴ്‌ത്തിയിട്ടു. താടിയിൽ കെട്ടുന്ന വേറൊരു തുണി ഓർമ്മ വന്ന ഡോക്‌ടർ ഇനീം അവിടെ നിന്നിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്നറിഞ്ഞ്‌ അടുത്ത ഷിഫ്‌റ്റിന്‌ അതിവേഗം ബഹുദൂരം ആശുപത്രിയിൽ എത്താനെന്നോണം അവിടുന്ന്‌ രക്ഷപ്പെടാനായി തിരിഞ്ഞ്‌ നടന്നു.
പോവുന്ന വഴിക്ക്‌ ഇടവും വലവും നോക്കി. ഇക്കുറി കണ്ടത്‌ മാസ്‌ക്‌ താഴ്‌ത്തിയിട്ട മനുഷ്യരെയല്ല. അവർക്കിടയിൽ ഇരുന്ന്‌ ചിരിച്ചോണ്ട്‌ കൈ വീശിക്കാണിക്കുന്ന കൊറോണ വൈറസ്‌ കൂട്ടത്തെയാണ്‌. അവയിൽ ചിലതിന്‌ കൊമ്പുണ്ട്‌, ചിലർക്ക്‌ ദംഷ്‌ട്രകൾ, ചിലത്‌ മനുഷ്യരുടെ കൈയിലിരുന്ന്‌ ചിത്രം വരയ്‌ക്കുന്നു, ചിലർ മൂക്കിൻ തുമ്പിൽ നിന്ന്‌ അകത്തേക്ക്‌ പെട്ടീം പായുമായി നടക്കുന്നു. ഇനീപ്പോ അവരുടെ കട്ടപ്പുക കാണുന്ന ദിവസം വരെ കൊറച്ചീസത്തിന്‌ ഫുഡും അക്കമ്മഡേഷനും ഇവരുടെ നെഞ്ചാംകോട്ടക്ക്‌ അകത്താണല്ലോ. കിടക്ക വേണ്ടത്രേ, ശ്വാസകോശം സ്‌പോഞ്ച്‌ പോലാണല്ലോ. അവിടെ തന്നെ തിന്നും പെറ്റ്‌ പെരുകീം കൂടാം. എജ്ജാതി കിടുക്കാച്ചി യോഗമാണിഷ്‌ടോ…

കാഴ്‌ച കാണുന്നതിനിടക്ക്‌ പെട്ടെന്ന്‌ എന്തിലോ കാലൊന്നു തടഞ്ഞ്‌ വീഴാൻ പോയി താഴേക്ക്‌ നോക്കി.
ഉപയോഗിച്ച് കഴിഞ്ഞ്‌ വലിച്ചെറിഞ്ഞ മാസ്‌ക്‌. അതിന്റെ മീതേ മീൻചെതുമ്പലിൻമേൽ പൊതിഞ്ഞ പുളിയുറുമ്പിൻകൂട്ടം പോലെ കോവിഡ്‌ 19 വൈറസ്‌ ഒട്ടിപ്പിടിച്ച്‌ കിടക്കുന്നു. തൊട്ടപ്പുറത്ത്‌ റോഡിലേക്ക്‌ കാർക്കിച്ച്‌ തുപ്പുന്നൊരാൾ… കുറച്ചപ്പുറം ആർഭാടമായി മൂക്ക്‌ ചീറ്റുന്നൊരാൾ…
പൂത്തിരി പോലെ ചിതറി വീഴുന്ന കൊറോണ, ചിതറിയോടുന്ന ഞാൻ…
ഭാവനയല്ല, സത്യമാ.
കണ്ണിന്റെ സ്‌ഥാനത്ത്‌ മൈക്രോസ്‌കോപ്പ്‌ അല്ലാത്തത്‌ കൊണ്ട്‌ മാത്രം അനുഭവിക്കാൻ പറ്റാതെ പോയ ചിലത്‌… വല്ലതും തിരിയുന്നുണ്ടോ ചങ്ങായ്‌മാരേ?
ഏറെ ആശങ്കയോടെ ആധിയോടെ,

ഷിംന.