ഭിന്നിപ്പിച്ച്‌ സ്വയം വളരുന്ന വെള്ളക്കാരന്റെ തന്ത്രം അവർ പയറ്റുന്നത്‌ ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിന്‌ മീതെയാണ്‌

257

Dr. Shimna Azeez

‘പൗരത്വബിൽ നിയമവിരുദ്ധ കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ മാത്രമല്ലേ’ എന്ന്‌ ചിന്തിക്കുന്ന പച്ചവെള്ളം ചവച്ച്‌ കുടിക്കുന്ന നിഷ്‌കളങ്കരുണ്ടെങ്കിൽ ഒന്നിവിടം വരെ വന്നിട്ട്‌ പോണം. അഞ്ച്‌ വർഷം മുൻപ്‌ വരെ കുടിയേറിയ ഹിന്ദുവിനും സിഖിനും ജൈനനും ബുദ്ധിസ്‌റ്റിനും പാഴ്‌സിക്കും ഉണ്ടാകുന്ന പ്രിവിലെജ്‌ ഇവിടെ കുടിയേറിയ മുസ്‌ലിമിന്‌ ഇല്ലാതെ പോകുന്നത്‌ ഒരൊറ്റ കാരണം കൊണ്ടാണ്‌- മുസ്‌ലിമായത്‌ കൊണ്ട്‌.

നിയമവിരുദ്ധ കുടിയേറ്റക്കാരെ മതാടിസ്‌ഥാനത്തിൽ ഭിന്നിപ്പിക്കുന്ന ഒന്നാണ്‌ പൗരത്വബിൽ എന്നത്‌ വ്യക്‌തമാണ്‌. പാക്കിലും അഫ്‌ഗാനിലും ബംഗ്ലാദേശിലുമുള്ള മുസ്‌ലിം ഭൂരിപക്ഷസമൂഹത്തിൽ ന്യൂനപക്ഷങ്ങളായ മറ്റ്‌ മതസ്‌ഥർ അനുഭവിച്ച്‌ പോന്ന പീഡനങ്ങളെയോർത്ത്‌ അവരെ അംഗീകരിക്കുകയാണെന്ന്‌ ബില്ലിന്റെ ഒരു ഭാഗം പറയുന്നു. അങ്ങനെയെങ്കിൽ സമാനമായ അവസ്‌ഥയിലൂടെ കടന്ന്‌ പോയ നേപ്പാളിലും ശ്രീലങ്കയിലും മ്യാൻമറിലുമുണ്ടായിരുന്ന മുസ്‌ലിങ്ങൾ മാത്രം അനധികൃതരാകുന്നതെന്ത് കൊണ്ട്‌- മുസ്‌ലിമായത്‌ കൊണ്ട്‌.

ഇതിപ്പോൾ പുതിയ സംഗതിയല്ല. മുസ്‌ലിം വിരുദ്ധത ഈ സർക്കാരിന്റെ പ്രഖ്യാപിതനയം തന്നെയാണ്‌ . ബംഗാളി സംസാരിക്കുന്ന മുസ്‌ലിങ്ങൾക്കെതിരെ അസമിലെ ബോഡോകൾ പ്രക്ഷോഭമുണ്ടാക്കിയപ്പോഴും ബിജെപി സർക്കാർ നിന്നത്‌ ബോഡോകളോടൊപ്പമാണ്‌. ഒരൊറ്റ കാരണമേയുള്ളൂ, മറുവശത്ത്‌- മുസ്‌ലിമായത്‌ കൊണ്ട്‌.

സെക്യുലറിസത്തിൽ നിന്നും ഹിന്ദുരാഷ്‌ട്രത്തിലേക്കുള്ള ദൂരം കുറയുക മാത്രമല്ല ഇന്നലെയൊരു രാത്രി കൊണ്ട്‌ സംഭവിച്ചിരിക്കുന്നത്‌. രാജ്യം ഏറ്റവും വലിയ സാമ്പത്തികതകർച്ച നേരിടുന്ന സമയമാണ്‌. രൂപയുടെ മൂല്യതകർച്ച, തൊഴിലില്ലായ്‌മ, സ്‌ത്രീകൾക്ക്‌ നേരെയുള്ള തുടർച്ചയായ അതിക്രമങ്ങൾ, സാമ്പത്തിക ക്രമക്കേടുകൾ, അഴിമതി തുടങ്ങി ചർച്ച ചെയ്യേണ്ട ആയിരം കാര്യങ്ങൾക്ക്‌ മീതെ വളരെ വലിയൊരു മറ വിരിച്ച്‌ അതിൻമേൽ അടിച്ചിരിക്കുന്ന ആണിയാണ്‌ പൗരത്വബിൽ.

ഭിന്നിപ്പിച്ച്‌ സ്വയം വളരുന്ന വെള്ളക്കാരന്റെ തന്ത്രം അവർ പയറ്റുന്നത്‌ ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിന്‌ മീതെയാണ്‌. എല്ലാ ചർച്ചകളും പ്രക്ഷോഭങ്ങളും ചാലു കീറി തിരിച്ചു വിടുകയാണ്‌. ചാലിന്‌ ഇരുകരയിലും എന്ത്‌ പറയണം, എന്തിനോട്‌ പ്രതികരിക്കണം എന്നറിയാതെ അന്തിച്ച്‌ നിൽക്കുന്ന രാജ്യത്ത്‌ നില നിൽക്കുന്ന അരക്ഷിതാവസ്‌ഥയെക്കുറിച്ച്‌ പൂർണബോധ്യമുള്ള കുറച്ച്‌ പേരുണ്ട്‌. ബാക്കിയുള്ള വലിയൊരു കൂട്ടത്തിന്‌ സ്വന്തം വീടിനകത്തെ സ്വസ്‌ഥതയും സ്വൈര്യവും ഉലയുന്നത്‌ വരെ കശ്‌മീരും ഉന്നാവോയും അസമുമൊക്കെ നിർവികാരതയാണ്‌.

അവർ ആവശ്യപ്പെടുന്നതും അതാണ്‌. വാഴുന്നോർക്ക്‌ എന്തുമാവാം, വീഴുന്ന നമ്മൾ വീണു കൊണ്ടേയിരിക്കുന്നു. അതിന്‌ നമ്മെ വെട്ടി മുറിക്കുന്ന വാളാണ്‌ മതത്തിലൂന്നിയ പൗരത്വബിൽ. ഹിന്ദുവാകുന്നത്‌ പുണ്യവും, അവർ ‘കരുണ’ നൽകുന്ന കുറേയേറെ വിഭാഗങ്ങൾക്ക്‌ സ്വീകാര്യതയും ഇസ്‌ലാമിന്‌ അയിത്തവുമാകുകയാണ്‌.

സവർക്കറിന്റെയും ഗോൽവാൽക്കറിന്റെയും വീക്ഷണം പടർത്തി ഹിന്ദുരാഷ്‌ട്രം വരാനുള്ള ആദ്യപടിയിൽ രാജ്യം. അരക്ഷിതത്വത്തിലേക്കുള്ള, ഭിന്നതയിലേക്കുള്ള, വർഗീയതയുടെ വനാഗ്നി പടർത്തുന്നതിലേക്കുള്ള ആദ്യപടി. ഇസ്‌ലാമോഫോബിയ പടർത്തുക മാത്രമല്ലയിവിടം. തകരുകയാണ്‌ സർവ്വം.

രാജ്യം നശിക്കുകയാണ്‌.