ക്യാമറയ്ക്ക് മുന്നിലെ പകർന്നാട്ടം സൃഷ്ടിച്ച വ്യാജ പ്രതീതികളുടെ നിർക്കുമിളകൾ എത്ര സ്വാഭാവികമായാണ് സമീറ പൊട്ടിച്ചു കളയുന്നത്

79

ഷിജു ആർ

നരവീണു തുടങ്ങിയ മുടിയെക്കുറിച്ച് , കയറിത്തുടങ്ങിയ നെറ്റിയെക്കുറിച്ച്, ഇരുണ്ട തൊലിനിറത്തെയോ ചുളിവുകളെയോ കുറിച്ച് ആൾക്കാരുടെ വിശേഷം ചോദിക്കലിന് മുന്നിൽ വിഷമിച്ചു പോയിട്ടുണ്ടോ? കുടവയറോ കുട്ടികളില്ലായ്മയോ മുൻനിർത്തി അഭ്യുദയകാംക്ഷികളുടെ സാരോപദേശങ്ങൾക്കും ചികിത്സാസഹായ സമിതി രൂപീകരണത്തിനും നിന്നുകൊടുക്കേണ്ടി വന്നിട്ടുണ്ടോ? ഇനി അതല്ല, ജീവിതം തന്ന സൗഭാഗ്യങ്ങളുടെ ബലമുള്ളതുകൊണ്ട് നാലാളുകൂടുന്നിടത്തെ പരോപകാര സംഘങ്ങളിൽ കൂടി ആളുകളെ ഉദ്ധരിക്കുന്ന പതിവ് നിങ്ങൾക്കുണ്ടോ ?

ഈ രണ്ടിൽ ഏതു വിഭാഗത്തിൽ പെട്ടയാളായാലും നിങ്ങളോടാണ് സെമീറാ റെഡ്ഢി എന്ന ബോളിവുഡ് താരം  ലൈവിൽ വന്ന് സംസാരിച്ചത്. ചായം തേച്ച് മുഖത്തെ പാടുകളും ചുളിവുകളും മായ്ക്കാതെ, നരച്ച മുടിയിഴകൾ മറയ്ക്കാതെ അവർ ഈ ലോകം സൃഷ്ടിക്കുന്ന അപകർഷതാബോധത്തിൻ്റെ മുഖത്ത് നോക്കി സ്നേഹത്തോടെ പറഞ്ഞു. “നിങ്ങളായിരിക്കൂ.. നിങ്ങളിലെ നിങ്ങളെ തിരിച്ചറിയൂ.. നാട്യങ്ങൾ കൊണ്ട് നിങ്ങൾ സൃഷ്ടിക്കുന്ന നിർമ്മിതികൾക്ക് ഏറെക്കാലം പിടിച്ചു നിൽക്കാനാവില്ല. ഈ ചായവും ചമയവുമെല്ലാം ഒരു തൊഴിൽ കാര്യം മാത്രമാണെനിക്ക്.” (ആ ലൈവിലെ സമീറയാണ് ആദ്യ ചിത്രം. ക്യാമറയ്ക്കു മുന്നിൽ മേക്കപ്പിട്ടത് അവസാന ചിത്രവും. ഇടയിലെ മൈക്ക് കയ്യിൽ പിടിച്ച മഞ്ഞക്കുപ്പായക്കാരിയോ ? പറയാം. ധൃതി വയ്ക്കല്ലേ! 😃 )

Actress Sameera Reddy reverses her beauty norms, reveals reasons ...കൗതുകം തോന്നി. ക്യാമറയ്ക്ക് മുന്നിലെ പകർന്നാട്ടം സൃഷ്ടിച്ച വ്യാജ പ്രതീതികളുടെ നിർക്കുമിളകൾ എത്ര സ്വാഭാവികമായാണ് സമീറ പൊട്ടിച്ചു കളയുന്നത്. കഥാപാത്രങ്ങളുടെ ഇമേജുകളുടെയും ആരാധക വൃന്ദങ്ങളുടെയും തടവറയിൽ പെട്ട് തിരശ്ശീലയ്ക്കു പുറത്തും വ്യാജജീവിതം ജീവിക്കുന്ന നമ്മുടെ താരരാജാക്കന്മാരുടെ കാര്യം എത്ര കഷ്ടമാണ്? വസ്തുതാപരമായ വിമർശനങ്ങൾ ഉന്നയിച്ചതിൻ്റെ പേരിൽ അവരുടെ ആരാധക സംഘങ്ങൾ സൈബർ ആക്രമണത്തിന് വിധേയരാവേണ്ടി വന്ന നടിമാരെക്കുറിച്ചും ഞാനാലോചിച്ചു. നിറവും വണ്ണവും കാരണം ഏറ്റുവാങ്ങിയ അപമാനത്തെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും കഴിഞ്ഞ ദിവസമാണല്ലോ നമ്മുടെ ഊർജ്ജസ്വലയായ ഗായിക സയനോര ഫിലിപ്പ് ( Sayanora Philip , Saya Ash ) തുറന്നടിച്ചത്.

സമീറ റെഡ്ഢിയിലേക്ക് തിരിച്ചു വരാം. എത്ര തന്മയത്വത്തോടെയും ആത്മവിശ്വാസത്തിലുമാണ് ഗർഭകാലവും മാതൃത്വവും കുടുംബ നിമിഷങ്ങളുമെല്ലാം അവർ ഇൻസ്റ്റയിലും FB യിലും ഒരു സോ കോൾഡ് സെലിബ്രിറ്റിയുടെ ചമയങ്ങളില്ലാതെ പങ്കുവെയ്ക്കുന്നത്. അതവരുടെ സെലിബ്രിറ്റി സ്റ്റാറ്റസിനെ ബലപ്പെടുത്തുകയാണ് ചെയ്തത്. സ്വന്തം പേരിൽ വീഡിയോ ഗെയിം ഉള്ള താരമാണ് സെമീറ. പ്രസവാനന്തരം തൻ്റെ ശരീരവണ്ണം വർദ്ധിച്ചു പോയതിൻ്റെ സങ്കടവും അപകർഷതാബോധവും ഒരു സ്ത്രീ പങ്കുവെച്ചതാണ് ഈ ലൈവ് വരാൻ സമീറയ്ക്ക് പ്രചോദനമായത്.

സമീറയിൽ ഈ ആത്മവിശ്വാസത്തിൻ്റെ വിത്തു പാകിയ സ്ത്രീയാണ് ഇടയിൽ കാണുന്ന മഞ്ഞക്കുപ്പായക്കാരി. ഒപ്രാ വിൻഫ്രേ (Oprah Winfrey) എന്ന ഈ അമേരിക്കൻ മീഡിയ ഹോസ്റ്റ് അതിജീവനഗാഥകളുടെയും കൗതുകങ്ങളുടേയും ഒരു മഹാസാഗരമാണ്. എല്ലാമിവിടെയെഴുതുക സാദ്ധ്യമല്ല. പോപ്പുലർ മീഡിയയുടെ ആദ്യാവസാനക്കാരിയായ , സ്വയം ഒരു സ്ഥാപനമായ സ്ത്രീയാണവർ. മിസ്സിസ്സിപ്പിയിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച് കൗമാരത്തിൽ ലൈംഗിക പീഡനങ്ങൾക്കിരയായി, ഒരു കുഞ്ഞിന് ജന്മം നൽകി (പിന്നീടാ കുഞ്ഞ് മരിച്ചു പോവുന്നു.) നിറയെ മുറിവുകളുമായി പിന്നിട്ട ജീവിതത്തിനൊടുവിൽ ഇന്നവർ ലോക ധനകാര്യ സ്ഥാപനങ്ങൾ പട്ടികയിലുൾപ്പെടുത്തിയ ബില്യണർമാരിൽ ഒരാൾ. ലോക ട്രേഡ് സെൻറർ ചത്വരം തകർക്കപ്പെട്ടതിനു ശേഷമുള്ള ,ഭയവും വിദ്വേഷവും പടർന്ന അമേരിക്കൻ പൊതുബോധത്തിനു മുന്നിലും ഇസ്ലാമിനെ നിങ്ങൾ തെറ്റിദ്ധരിച്ചുവെന്ന് പറയാൻ ധൈര്യം കാണിച്ച മാദ്ധ്യമപ്രവർത്തക. മായാ അഞ്ചലോവിൻ്റെ കവിതകൾ കൊണ്ട് തൻ്റെ മുറിവുകളിലൂതിയവൾ. പ്രേക്ഷകർക്കു മുമ്പിൽ കരയേണ്ടപ്പോൾ കരഞ്ഞും ചിരക്കേണ്ടപ്പോൾ ചിരിച്ചും പൊട്ടിത്തെറിക്കേണ്ടപ്പോൾ പൊട്ടിത്തെറിച്ചും റിപ്പോർട്ടുകൾ റാപ്പോർട്ട് ആക്കി മാറ്റിയവൾ.
അവരാണ് സമീറയുടെ ഊർജ്ജഖനികളിലൊന്ന്. Oprah Winfrey ഇന്ത്യയിലെത്തിയപ്പോൾ നടന്ന പാർട്ടിയിൽ സമീറ ഉടുത്തു ചെന്ന സാരി അവരെ ഏറെ ആകർഷിച്ചത്രേ. അങ്ങനെയൊരു സാരി നൽകിയാണ് സമീറ അവരെ യാത്രയാക്കിയത്.
രണ്ടു ചോദ്യങ്ങൾ ചോദിച്ചാണ് ഈ പോസ്റ്റ് തുടങ്ങിയത്. മനസ്സ് ഇന്നുള്ളതിനേക്കാൾ ഇടുങ്ങിയ ഒരു കാലത്ത് മേൽച്ചൊന്ന രണ്ടു കൂട്ടത്തിലും ഞാനും ഉണ്ടായിരുന്നു. സ്വന്തം പ്രത്യേകതകൾ കുറവുകളായെണ്ണി അപകർഷതാ ബോധത്തിൻ്റെ തടവുകളിൽ പാർത്തും കൂട്ടത്തിലുള്ളവരെ കുറവുകൾ ചൊല്ലി അപഹസിച്ചും ഒരേ സമയം ഇരയും വേട്ടക്കാരനുമായൊരു വിചിത്ര ജീവിതമായിരുന്നു ഒരിക്കൽ എൻ്റേതും. ഇക്കണ്ട കാലം തന്ന അനേകം തെളിച്ചങ്ങളിലൊന്നായി ഞാനതിലെ ദയാരാഹിത്യം തിരിച്ചറിയുന്നു. ആത്മവിശ്വാസത്തോടെ ഏതാൾക്കണ്ണാടിയുടെ മുന്നിലും പുഞ്ചിരിച്ചു നിൽക്കുന്നു. മുഴുവൻ മനുഷ്യരെയും അവരുടെ വ്യത്യസ്തതകളോടെ ഹസ്തദാനം ചെയ്യാൻ ശ്രമിക്കുന്നു.
സ്നേഹം. ❤
ഷിജു. ആർ