കവിയോടുള്ള വിയോജിപ്പിന്റെ കാലുഷ്യം കവിതയിൽ കലരാതിരിക്കട്ടെ

178

ഷിജു.ആർ

എഴുത്തുകാരന്റെ പ്രഖ്യാപിത രാഷ്ട്രീയമാണോ എഴുത്തിന്റെ സൗന്ദര്യാത്മകതയാണോ ഒരു സാഹിത്യ സംവാദത്തിൽ പരിഗണിക്കേണ്ടത് ? എന്നെ ചവിട്ടിക്കൂട്ടാൻ വരട്ടെ , സൗന്ദര്യാത്മകത എന്നതിന് രാഷ്ട്രീയ മുക്തമായ കേവലാനുഭൂതി എന്നല്ല അർത്ഥം. രാഷ്ട്രീയ പരിണാമങ്ങൾ കൂടി ഉൾക്കൊള്ളുന്ന, ജൈവികവും ചലനാത്മകവുമായ അനുഭവമാണത്. അനുഭൂതികളുടെ ആധുനീകരണമാണത്. എഴുത്തച്ഛന്റെ ഭാഷയിൽ എസ്.ജോസഫിന് എഴുതാനാവാത്തത് എഴുത്തച്ഛന്റെ കാലവും ലോകവും ജീവിതവുമല്ല ജോസഫിന്റേത് എന്നതുകൊണ്ടാണ്.

ബോധപൂർവ്വം രചിക്കപ്പെട്ട പ്രചരണ സാഹിത്യങ്ങൾ പലതും അക്കാലത്ത് ആഘോഷിക്കപ്പെട്ടെങ്കിലും പിന്നീട് പരിശോധിക്കുമ്പോൾ ഉപരിപ്ലവങ്ങളായിരുന്നു . മാത്രമല്ല , പലപ്പോഴും എഴുതിയവരും കൊണ്ടാടിയവരും ഉദ്ദേശിക്കാത്ത , അവർ പുറമേ എതിർക്കുന്ന പ്രത്യയശാസ്ത്ര പ്രവണതകളും പേറുന്നവയായിരുന്നു അവ എന്നും കാണാം.

മന:ശാസ്ത്ര നിരൂപണത്തിന്റെയും പ്രത്യയശാസ്ത്ര നിരൂപണത്തിന്റെയും ആദ്യക്ഷരം പഠിച്ചവർ എഴുത്തുകാരുടെ പത്ര പ്രസ്താവനകളുടേയും കവല പ്രസംഗങ്ങളുടേയും വെളിച്ചത്തിലല്ല കൃതികൾ വായിക്കുക. ‘പുറപ്പെട്ടു പോയ വാക്കി’ന്റെ അധികാരികൾ വായനക്കാരാണെന്നും ‘എഴുത്തുകാരി(രൻ) എന്ന അധികാര കേന്ദ്രം മരിച്ചിരിക്കുന്നു എന്നും പറയുന്നതിന് ഇതൊക്കെയാണ് അർത്ഥം.

വിഷ്ണു ഭാരതീയൻ എന്നൊരു കമ്മ്യൂണിസ്റ്റ് / കർഷക നേതാവുണ്ട് കണ്ണൂരിൽ നമുക്ക്. ജന്മിയായിരുന്നിട്ടും സ്വത്ത് വിറ്റു പൊതുപ്രവർത്തനം നടത്തിയ ആൾ. അദ്ദേഹം ജന്മദേശമായ കൊളച്ചേരിയിൽ രൂപവൽക്കരിച്ച കൊളച്ചേരി കർഷകസംഘമാണ് പിന്നീട് കേരള കർഷക സംഘമായത്. മരിക്കാറാവുമ്പോഴേക്കും കാലവും ലോകവും തന്റെ തന്നെ സങ്കടങ്ങളും കോൺഗ്രസിലും പിന്നീട് ഹിന്ദുത്വ പാതയിലും എത്തിച്ചിട്ടുണ്ട് , അദ്ദേഹത്തെ. പക്ഷേ ചരിത്രബോധമുള്ളൊരാൾക്ക് അവസാന നാളിലെ ആൾ മാത്രമല്ല , (ആവരുത് ) വിഷ്ണു ഭാരതീയൻ.

മുസ്സോളിനിയെ പിന്തുണച്ചയാൾ എന്ന ഒറ്റ വിലാസത്തിലൊതുങ്ങാമോ എസ്രാ പൗണ്ട് എന്ന എഴുത്തുകാരൻ ?

അക്കിത്തത്തിന്റെ ജ്ഞാനപീഠ ലബ്ധിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ കണ്ടപ്പോൾ തോന്നിയ കാര്യങ്ങളാണിതെല്ലാം. ഒന്നുകിൽ ഭക്തി , അല്ലെങ്കിൽ വിപരീത ഭക്തി. ഇങ്ങനെയല്ലാതെ കാര്യങ്ങൾ കാണാനുള്ള വിവേകം നമുക്കെവിടെയാണ് നഷ്ടമായത് ? തീർച്ചയായും തപസ്യയുടെ ആവണിപ്പലകയിലുരുന്നു RSS ന് നല്ല സർട്ടിഫിക്കറ്റ് നൽകിയ അക്കിത്തത്തെ എതിരിടേണ്ടതുണ്ട്. എതിർത്തിട്ടുമുണ്ട്. പക്ഷേ ആ ഒറ്റ വാക്യത്തിലൊതുങ്ങില്ല അക്കിത്തമെന്ന കവിതാ ജീവിതം. ഭാരതീയ ദാർശനികധാരകളും ആധുനികതയുടെ വിഹ്വലതകളും തിരസ്കൃത മനുഷ്യന്റെ ഏകാന്തതകളും ചേർന്ന് സമ്പന്നവും വൈവിദ്ധ്യപൂർണ്ണവുമാണതിന്റെ പശ്ചാത്തല ഭൂമിക.

‘കർക്കട മാസം കഴിയും വരേക്കിനി കഞ്ഞിയാണുണ്ണീ
നിനക്കിഷ്ടമാവുമോ?’ എന്ന ചോദ്യത്തിലെ വിശപ്പും

‘എന്റെയല്ലെന്റയല്ലീ കൊമ്പനാനകൾ ‘ എന്ന വിനയവും വായനയുടെ ആദ്യ നാളുകളിൽ ഹൃദയത്തെ സ്പർശിച്ചിട്ടുണ്ട്. വായനയുടെ ഏതോ പരിണാമ ദശയിൽ അതിന്റെ ഭൂതകാല രതിയിൽ ഇപ്പോഴത്തെ അക്കിത്തത്തെ സാദ്ധ്യമാക്കിയ സവർണ്ണതയെ തിരിച്ചറിയാനും ഒരു ഗൃഹാതുരത്വവുമില്ലാതെ തള്ളിക്കളയാനും കഴിഞ്ഞിട്ടുണ്ട്.

അപ്പോഴും ജഡത്തിന്റെ മുല ചപ്പി വലിക്കുന്ന ‘നരവർഗ്ഗ നവാതിഥി’യെ കണ്ടു വിറങ്ങലിച്ചിട്ടുണ്ട്. ഇടിഞ്ഞു പൊളിഞ്ഞ ലോകത്തിന്റെ അരക്ഷിതത്വം തൊട്ടറിഞ്ഞിട്ടുണ്ട്. കുഞ്ചൻ നമ്പ്യാർക്ക് ശേഷം ഒരു കവിയുടെ വരിയും
‘വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം’ പോലെ ജനകീയമായ ലോകോക്തിയായിട്ടുണ്ടാവില്ല.

പറഞ്ഞു വയ്ക്കുന്നതിത്രയുമാണ് , കവിയോടുള്ള വിയോജിപ്പിന്റെ കാലുഷ്യം കവിതയിൽ കലരാതിരിക്കട്ടെ. കവിതയോട് വിയോജിക്കാനുള്ള കാരണങ്ങൾ കവിതയിൽ നിന്നു കണ്ടെടുക്കപ്പെടട്ടെ.

അല്ലെങ്കിൽ പിന്നെ സംഘ പരിവാറിന്റെ മനോഭാവവും നമ്മളും തമ്മിലെന്താണ് വ്യത്യാസം ?