ഇന്ന് ലൂയിപ്പാപ്പന്റെ എട്ടാം ചരമ വാർഷിക ദിനമായിരുന്നു, സോളമനും ശോശന്നയ്ക്കും ഇരട്ട കുട്ടികൾ ആണ്

71

Shinto Mathew വിന്റെ കുറിപ്പ്

(ആമ്മേൻ സിനിമയ്ക്കൊരു രണ്ടാം ഭാഗം ഇറങ്ങുകയാണെങ്കിൽ അതിലെ കഥാ പാത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെ പരിചയപ്പെടുത്തുന്നു )

ഇന്ന് ലൂയിപ്പാപ്പന്റെ എട്ടാം ചരമ വാർഷിക ദിനമായിരുന്നു.. ഒപ്പം കുമരങ്കരി പള്ളിയിലെ ബാൻഡ് സെറ്റ് മത്സരത്തിന്റെ ഫൈനൽ ദിനവും, വർഷങ്ങളായി കപ്പ് നേടുന്നത് സോളമന്റെ നേതൃത്വത്തിൽ ഉള്ള കുമരങ്കരി ഗീവർഗീസ് ബാൻഡ് സെറ്റ് തന്നെയായിരുന്നു രണ്ടാം സ്ഥാനം സ്ഥിരമായി മർത്താമറിയം ബാൻഡ് സെറ്റിനും, രണ്ട് കരക്കാരും തമ്മിൽ അടുപ്പത്തിൽ ആണെങ്കിലും ബാൻഡ് സെറ്റ് മത്സരം വന്നാൽ ചേരി തിരിഞ്ഞുള്ള ആവേശമാണ് ഇരു കൂട്ടർക്കും.

സോളമനും ശോശന്നയ്ക്കും ഇരട്ട കുട്ടികൾ ആണ്, സോളമന്റെ സ്വപ്നങ്ങളിൽ അവന്റെ അപ്പനോടൊപ്പം വരുന്ന രണ്ട് മാലാഖ കുട്ടികളെ പോലെ രണ്ട് പെൺകുട്ടികൾ.. ലൂയിപാപ്പന്റെ ആണ്ട് കുർബ്ബാനയ്ക്ക് എല്ലാവരും എത്തിയിട്ടുണ്ട്.പഴയപോലെ ഞാൻ നേർച്ച പെട്ടിയിൽ നിന്ന് പണം മോഷ്ട്ടിച്ചതിന് കപ്യാരെ കയ്യോടെ പിടികൂടി, കൊച്ചോസേഫ് കാപ്യാരുടെ പണി പോയി, ഇപ്പോൾ സോളമനാണ് കപ്യാർ ഫോൺ എടുക്കാനുള്ള സോളമന്റെ പഴയ പേടിയൊക്കെ പോയി.

യഥാർത്ഥ വട്ടോളിയച്ചൻ ആ നാട്ടിൽ എത്തിയപ്പോഴേയ്ക്കും സംഭവ വികാസങ്ങൾ എല്ലാം അവസാനിച്ചിരുന്നു എങ്കിലും പുണ്യാളൻ പ്രത്യക്ഷപ്പെട്ടത് തന്റെ രൂപത്തിൽ ആയിരുന്നതിനാലും.. ആദ്യത്തെ വട്ടോളിയച്ഛനെ നാട്ടുകാർക്ക് ഇഷ്ട്ടമായിരുന്നതിനാലും ഈ അച്ഛനെയും ആളുകൾ പുണ്യാളനെ പോലെയാണ് കാണുന്നത്.. നല്ല മനസ്സിന്റെ ഉടമയാണ് ഈ യഥാർത്ഥ അച്ഛനും… നാട്ടുകാരുടെയും അച്ഛന്റെയും ഭാഗ്യം.

ഒറ്റപ്ലാക്കൻ അച്ഛൻ സ്ഥലം മാറി പോയി, ഇപ്പോൾ പോട്ട ധ്യാന കേന്ദ്രത്തിലെ പ്രധാന സുവിശേഷ പ്രസംഗികനാണ് അച്ഛൻ ദൈവത്തെ നേരിട്ട് കണ്ടനുഭവിച്ച പരിചയം ഉണ്ടല്ലോ അദ്ദേഹത്തിന്.അമ്മ മരിച്ചതിന് ശേഷം മിഷേൽ മടങ്ങി വന്നു.. ഇപ്പോൾ ഗീവർഗ്ഗീസ് ബാൻഡിന്റെ മാനേജർ ആണ്, ഫ്രാൻസിൽ ചില പരിപാടികൾക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലുമാണ്, അതിന്റെ ആവേശത്തിലാണ് മുഴുവൻ ടീമും.

കുമരങ്കരിയിലെ തോൽവിയും ലൂയിപാപ്പന്റെ മരണവും പോത്തച്ഛനെ തളർത്തി, ഇപ്പോൾ മത്സര പരിപാടികൾക്ക് പോകുന്നില്ലെങ്കിലും ക്‌ളാരനെറ്റ് പഠിപ്പിക്കുന്നുണ്ട്.. കൂടുതൽ സമയവും ഷാപ്പിലാണ്.ശോശന്നയുടെ വല്യമ്മച്ചി മുറിയിൽ തന്നെയാണെങ്കിലും ചങ്ങനാശ്ശേരിക്കാരിയായ മരുമകളോട് വട്ടയപ്പത്തിന്റെയും താറാവ് കറിയുടെയും കാര്യം പറഞ്ഞ് വഴക്ക് കൂടി കൊണ്ടേയിരിക്കുന്നു.
മുകളിൽ നിന്ന് എല്ലാം കാണുന്നവനായ തെങ്ങ് കയറ്റക്കാരൻ തെങ്ങിൽ കയറുന്ന മെഷീൻ എല്ലാം വാങ്ങി.. ഏക തെങ്ങ് കയറ്റക്കാരൻ ആയത് കൊണ്ട് കൈ നിറയേ പണിയാണ് അദ്ദേഹത്തിന്.

ചാച്ചപ്പൻ തന്നെയായിരുന്നു ബാൻഡ് സെറ്റ് ടീമിന്റെ സ്പോൺസർ പക്ഷേ അമിതമായ മദ്യപാനം മൂലം ചാച്ചപ്പൻ കഴിഞ്ഞ വർഷം മരണപ്പെട്ടു.. പുതിയ പാലം വരുന്നത് പ്രമാണിച്ച് ചാച്ചപ്പൻ കമ്പനി കൂടിയിരുന്ന പ്രതിമകൾ എല്ലാം പൊളിച്ചു മാറ്റപ്പെട്ടു.
വിഷക്കോൽ പാപ്പി സ്വർണ്ണപൊതി വയ്ക്കുന്നതിനിടയ്ക്ക് നാട്ടുകാർ കയ്യോടെ പിടികൂടി ശരിയ്ക്കും പെരുമാറിയെങ്കിലും ഇപ്പോഴും കുത്തി തിരിപ്പിന് ഒരു കുറവും ഇല്ല..

മറിയാമ്മയും തൊമ്മേനി ഡേവീസും കപ്പ് തിരികേ പിടിക്കുവാനുള്ള ശ്രമം തുടർന്ന് കൊണ്ടേയിരിക്കുന്നു.
ചാലി പാപ്പൻ ഇപ്പോഴും ബാൻഡ് സെറ്റിൽ ഉണ്ട് സെറ്റിലെ ഏറ്റവും സീനിയർ ആയ കലാകാരൻ ആണ് അദ്ദേഹം.
ആറ്റുവാശ്ശേരി ഇടവക വികാരി ‘ കിടന്നിടം കുളം ‘പുതിയ വികാരിയായി ചാർജ്ജ് എടുത്തു, കുഞ്ഞമ്മേടെ മകനായ ഫാദർ ‘ഇരുന്നിടം കുഴി ‘ ഇപ്പോഴും കുമരങ്കരി പള്ളിയിൽ കൊച്ചച്ചൻ ആയി ഉണ്ട്, ഭക്ഷണ പ്രിയനായിരുന്നുവെങ്കിലും ഇപ്പോൾ തടി കുറയ്ക്കുവാനുള്ള ശ്രമത്തിലാണ്.

സെബിച്ചൻ ക്ലാരയെ കെട്ടി സുഖമായി ജീവിക്കുന്നു, ക്ളാര ഇപ്പോഴും ഇട്ടൂപ്പേട്ടന്റെ ചിട്ടികമ്പനിയിൽ ജോലിയ്ക്ക് പോകുന്നുണ്ട്.
പൈല കുട്ടി അമ്മ തിരുതയിൽ നിന്നും ഷാപ്പിന്റെ നടത്തിപ്പ് ഏറ്റെടുത്തു കല്യാണം കഴിക്കാനുള്ള ശ്രമത്തിലാണ്… ഷാപ്പ് കറി വയ്ക്കാൻ അറിയുന്നവർക്ക് മുൻഗണന.ഫിലിപ്പോസ് ഇപ്പോൾ ഇരട്ടകളായ പേരകുട്ടികളെ നോക്കി സമയം കളയുന്നു, തന്റെ സ്വത്തും മറ്റ് കാര്യങ്ങളും നോക്കി നടത്താൻ മരുമോനായ സോളമനോട് ആവശ്യപ്പെട്ടെങ്കിലും അഭിമാനിയായ സോളമൻ അതെല്ലാം സ്നേഹപൂർവ്വം തിരസ്കരിച്ച് കപ്യാർ പണി തുടരുന്നു.

സോളമൻ ശോശന്നയെ കെട്ടിയതിൽ ഇപ്പോഴും ഇഷ്ടക്കുറവുള്ളത് മാത്തച്ഛന് മാത്രം.കുമരങ്കരിയിൽ പുതിയ പാലം പണിയാൻ കോൺട്രാക്ട് എടുത്തിരിക്കുന്നത് ഫിലിപ്പോസ് തന്നെയാണ്..സിമിത്തേരി പറമ്പിലെ കുറ്റിക്കാട് വെട്ടി കളഞ്ഞു പ്രയിക്കുന്നവർക്ക് വേറേ സ്ഥലം തേടേണ്ടി വരും..പുണ്യാളൻന്റെ വരവും അനുഭവമെല്ലാം നേരിൽ കണ്ട നല്ലവഴിയിലേക്ക് തിരിഞ്ഞ ബേക്കറി മത്തായി സ്വന്തം ബേക്കറിയുടെ പേര് ഗീ വർഗ്ഗീസ് ബേക്കറി എന്നാക്കി മാറ്റി.

ഇപ്പോഴും ചിലപ്പോഴൊക്കെ കുമരൻങ്കരിയിൽ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന മഴ ഉണ്ടാവാറുണ്ട്, അങ്ങനെ മഴപെയ്യുമ്പോൾ നാട്ടുകാർ ഇപ്പോഴും ഓർക്കുന്നത് പള്ളി പൊളിക്കാൻ സമ്മതിക്കാതെ നേരിട്ട് പ്രത്യക്ഷപ്പെട്ട പുണ്യാളനെയാണ്കുമരങ്കരി പള്ളി പൊളിച്ചില്ല ഇപ്പോഴും ആ പഴയ പ്രതാപത്തോടെ തലയുയർത്തി ആ പള്ളിങ്ങനെ നിലനിൽക്കുന്നു…പുണ്യാളന്റെ വരവിന് ശേഷം ഭക്തജന പ്രവഹമാണ് അവിടം.

ഇത്രയൊക്കെയായിട്ടും കുമരങ്കരിക്കാരുടെ ഗ്യാസ് ട്രബിളിന് മാത്രം ഒരു കുറവും വന്നിട്ടില്ല ചിലർക്ക് വിഷമം തോന്നുമ്പോഴും മറ്റുചിലർക്ക് വിളിക്കാനും വിളികേൾക്കാനുമായി അത് അതിന്റെ വഴിയ്ക്ക് നടക്കുന്നു.ഒന്ന് കണ്ണടച്ചാൽ അങ്ങകലെ കുമരങ്കരി പള്ളിയിൽ നിന്നും കേൾക്കുന്ന പള്ളിമണിക്കൊപ്പം മിഷേൽ പാടിയ ” മനസ്സിലെ മാരിവില്ലിലെ മയങ്ങുമീ മധുരമാം.. ആമേൻ ” കാതുകളിൽ പതിയുന്നത് കേൾക്കാം!