ചാക്കോച്ചൻ വണ്ടിയും കൊണ്ട് വരുന്ന സീനിൽ ആദ്യമേ കയ്യടിച്ചത് അന്നത്തെ യുവതികൾ ആയിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
279 VIEWS

അനിയത്തിപ്രാവ് 25 വര്ഷം പൂർത്തിയാക്കുമ്പോൾ അന്ന് തിയേറ്ററിൽ ഈ സിനിമ കണ്ട ഒരു സിനിമാസ്വാദകന്റെ അനുഭവക്കുറിപ്പാണിത്. വായിക്കാം

Shinto Mathew എഴുതുന്നു

ചാലക്കുടി കണിച്ചായീസിൽ വെച്ചാണ് ഞാൻ അനിയത്തി പ്രാവ് കണ്ടത്…. അതും ടിക്കറ്റ് കിട്ടാതെ ഏറെ അലഞ്ഞിട്ട്. 1997 മാർച്ച് 26ന് ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന സിനിമ ഇറങ്ങിയപ്പോൾ അന്നുവരെ ഉണ്ടായിരുന്ന നായക സങ്കല്പത്തിൽ നിന്നും മാറി ചോക്ലേറ്റ് ഇമേജുള്ള ഒരു 21 വയസ്സുകാരൻ നായകൻ…കൂടാതെ കേരളത്തിന്റെ സ്വന്തം മാമാട്ടികുട്ടിയമ്മ എന്ന ബേബി ശാലിനി, ശാലിനിയായി വലുതായതിന് ശേഷം അഭിനയിച്ച ആദ്യത്തെ സിനിമ.സാധാരണ ഒരു പടം എന്നതിൽ കവിഞ്ഞ് ഒരു പ്രതീക്ഷയും ഇല്ലാതിരുന്നതിനാൽ സിനിമ ആദ്യദിവസങ്ങളിൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ലെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ പിന്നീടങ്ങോട്ട് ഒരു ഒഴുക്കായിരുന്നു, യുവജനങ്ങൾ ആ സിനിമ ഏറ്റെടുത്തു…കുടുംബ പ്രേഷകരും കൂടിയതോടെ പല റെക്കോർഡുകളും സ്വന്തമാക്കി ഈ പടം.

സ്‌പ്ലെണ്ടർ ബൈക്ക് മലയാളത്തിന് പരിചയപ്പെടുത്തിയത് ആ സിനിമ ആയിരുന്നു..ചാക്കോച്ചൻ വണ്ടിയും കൊണ്ട് വരുന്ന സീനിൽ ആദ്യമേ കയ്യടിച്ചത് അന്നത്തെ യുവതികൾ ആയിരുന്നു… പരുക്കൻ മുഖഭാവങ്ങൾ ഉള്ള നായകന്മാരെ കണ്ടു ശീലിച്ച മലയാള സിനിമക്ക് റഹ്മാന് ശേഷം ലഭിച്ച നിഷ്കളങ്ക മുഖമുള്ള നായകൻ ആയത് കൊണ്ട് തന്നെ ചോക്ലേറ്റ് നായകൻ എന്ന പുതിയ നായക സങ്കല്പം പോലും ഉണ്ടായി.225 ദിവസത്തിൽ കൂടുതൽ ആ സിനിമ ഓടി..എല്ലാ റിലീസ് കേന്ദ്രങ്ങളിലും 100 ദിവസം തികച്ച മലയാള സിനിമ എന്ന റെക്കോർഡ് ആ സിനിമയ്ക്ക് സ്വന്തമായിരുന്നു…

ചാക്കോച്ചന്റെ സ്റ്റൈലും ഡാൻസും അനിയത്തി പ്രാവിലെ ഗാനങ്ങൾ പോലെ ഏറെ ഹിറ്റായി..പെണ്ണുങ്ങൾ ബൈക്ക് ഉള്ള കാമുകനെ തിരഞ്ഞപ്പോൾ ചെറുക്കന്മാർ ശാലിനിയെ പോലെ നിഷ്കളങ്കമായ മുഖമുള്ള പെണ്ണിനേയും മനസ്സിൽ കണ്ടു.രണ്ട് കുടുംബങ്ങളിലും പൂർണ്ണ സ്വാതന്ത്രം കൊടുത്ത് വളർത്തിയ മക്കൾ വഴി തെറ്റി പോകുമ്പോഴുള്ള മാനസിക പിരിമുറുക്കങ്ങൾ… അവസാനം അമ്മയുടെ ഇഷ്ടത്തിന് കല്യാണം കഴിക്കാൻ സമ്മതിക്കുന്ന മകൻ … എന്നാൽ മിനിയെ പോലെയുള്ള പെണ്ണിനെ കൊണ്ട് കെട്ടിക്കാൻ ആഗ്രഹിക്കുന്ന സുധിയുടെ അമ്മ.കാര്യങ്ങൾ കൂടുതൽ വഷളാവും മുൻപേ തന്റെ മകളുടെ കല്യാണം നടത്താൻ ആഗ്രഹിക്കുന്ന പെണ്ണ് വീട്ടുകാരും സ്വയം തകർന്ന് നിൽക്കുമ്പോൾ പൂർവ്വ കാമുകന് ചായ കൊടുക്കേണ്ടി വരുന്ന മിനിയും വേറെ എവിടെ കാണാനാവും..

മിനിയാന്റിയെ കെട്ടാൻ വന്നതാണോ എന്ന കുട്ടികളുടെ ചോദ്യത്തിന് മുൻപിൽ ഉത്തരം നൽകാനാവാതെ പുസ്തകം മറിക്കുന്ന മിനിയും വേറെ എങ്ങോട്ടോ നോക്കി ചായ കുടിക്കുന്ന സുധിയും പ്രേക്ഷകരെ ഒരു പാട് വിഷമിപ്പിച്ചൂ… അതിലും വിഷമിപ്പിച്ച ഡയലോഗ് ആയിരുന്നു തിലകൻ മകനോട് പറയുന്ന ” വന്നേക്കണേടാ പൊന്ന് മോനെ ” എന്നുള്ളത്.

ഔസേപ്പച്ചന്റെ മാസ്മരിക സംഗീതവും എസ് രമേശൻ നായരുടെ വരികളും സിനിമയുടെ പാട്ടുകൾ വേറെ ലെവലിൽ എത്തിച്ചു.. എന്നും ഓർക്കാവുന്ന ഒരു കൂട്ടം മെലഡികൾ… ചെറിയ പ്രായത്തിലുള്ള ചാക്കോച്ചന് യേശുദാസിന്റെ ഗാംഭീര്യ ശബ്ദവും എംജി ശ്രീകുമാറിന്റെ ശബ്ദവും ഒരുപോലെ യോചിക്കുന്നതായി തോന്നി…യേശുദാസ്, സുജാത, എംജി ശ്രീകുമാർ, ജി വേണുഗോപാൽ, സി ഒ ആന്റോ എന്നിവർ ചേർന്നാണ് വെണ്ണിലാ കടപ്പുറത്ത് എന്ന ഗാനം ആലപിച്ചിരിക്കുന്നത്..പിരിയാൻ വയ്യെങ്കിലും, നമുക്ക് പിരിയാം എന്ന് പറയുന്ന കാമുകിയും ഒറ്റ മൂളലിൽ അതിന് സമ്മതം വെക്കുന്ന കാമുകനും, ഈ സിനിമയിലെ ഏറെ പ്രധാനമുള്ള രംഗം യുവതീ യുവാക്കൾ ഏറ്റെടുത്തപ്പോൾ… ” അവളെ ഇങ്ങ് തന്നേര് ഞാൻ പൊന്ന് പോലെ നോക്കിക്കൊള്ളാം ” എന്ന് പറയുന്ന ശ്രീവിദ്യയുടെ ഡയലോഗിന് മറുപടിയായി “എടുത്തോ… എന്നിട്ട് അവളുടെ ചെറുക്കനെ അവൾക്കും കൊടുത്തേക്ക് ” എന്ന് പറയുന്ന KPAC ലളിതയുടെ മനസ്സും അത് കേട്ട് കൈ കൂപ്പി നന്ദിയറിയിക്കുന്ന മിനിയും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു…ക്ലൈമാക്സ് സീൻ കുടുംബ സദസ്സുകൾ കൈ നീട്ടി സ്വീകരിച്ചൂ…സിനിമയുടെ പത്രങ്ങളിൽ വന്ന പോസ്റ്ററിൽ ” എല്ലാ മക്കൾക്കും മാതാപിതാക്കൾക്കുമുള്ള പാഠമാണ് ഈ സിനിമ” എന്നായിരുന്നു..

ഇരുപത്തഞ്ച് വർഷങ്ങൾ പൂർത്തിയാകുമ്പോൾ അബി, തിലകൻ, ശങ്കരാടി, KPAC ലളിത,കൊച്ചിൻ ഹനീഫ,ശ്രീവിദ്യ പറവൂർ ഭരതൻ എന്നിങ്ങനെയുള്ളവർ നമ്മളെ വിട്ട് പോയിരിക്കുന്നു..ഇപ്പോഴും ബിജിഎം മനസ്സിൽ നിന്ന് മായാത്ത…ചാലക്കുടി കാണിച്ചായീസിൽ കണ്ട അന്നത്തെ അനിയത്തി പ്രാവിന് 25 വയസായിരിക്കുന്നു…. പക്ഷേ….അന്നത്തെ ആ തിരക്കും ഗേറ്റ് തുറക്കുമ്പോഴുള്ള ഓട്ടവും… വീണ്ടും കാണാനുള്ള ആഗ്രഹവും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ!

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി