Shinto Mathew

1999 ൽ PDC കഴിഞ്ഞ് ഒരു വെക്കേഷൻ കാലമാണ് .. കുഞ്ചാക്കോ ബോബൻ ഫാൻസ്‌ എന്നും പറഞ്ഞ് വീട്ടിലെ ചുമരിലും പുസ്തകങ്ങളിലും മറ്റും മൊത്തം കുഞ്ചാക്കോ മയം കൊണ്ട് വന്ന സമയം..പുതിയതായി ആരെങ്കിലും സ്‌പ്ലെണ്ടർ വാങ്ങിയാൽ അത് നോക്കി നിന്നിരുന്ന കൗമാരം… ചുവപ്പാണെങ്കിൽ പറയുകയേ വേണ്ട.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിക്കുന്ന സുഹൃത്ത് പറഞ്ഞപ്പോഴാണ് പേരറിയാത്ത ഒരു സിനിമയുടെ ഷൂട്ടിങ് കോളേജിൽ നടക്കാൻ പോകുന്നുവെന്നും ചാക്കോച്ചൻ ആണ് നായകൻ എന്നും അറിയാൻ കഴിഞ്ഞത്..പിറ്റേന്ന് രാവിലേ എന്തോ നുണയും പറഞ്ഞ് ഇരിഞ്ഞാലക്കുടയ്ക്ക് പുറപ്പെട്ടു വീട്ടിൽ നിന്ന് 13 കിലോമീറ്റർ ആണ് അവിടേയ്ക്കുള്ള ദൂരം.. രണ്ട് ബസ് മാറി കേറി ക്രൈസ്റ്റ് കോളേജിൽ എത്തി…കയ്യിൽ ഒരു ഓട്ടോ ഗ്രാഫ് ഉണ്ടായിരുന്നു അതിലെ ആദ്യ പേജ് ചാക്കോച്ചന് വേണ്ടി എപ്പോഴോ മാറ്റി വെച്ചതായിരുന്നു.

മെയിൻ ഗേറ്റ് അടച്ചിരിക്കുകയാണ് സൈഡിലെ ചെറിയ ഗേറ്റിൽ കൂടി ഐഡന്റിറ്റി കാണിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് അകത്ത് കടക്കാനാവുക.. വെക്കേഷൻ സമയം ആയതിനാൽ വരുന്ന വിദ്യാർത്ഥികൾക്ക് സിനിമയുടെ ഭാഗമാകാനുള്ള അവസരവും ഉണ്ട്..നിറം എന്ന് ബാനർ കെട്ടിയ ഒരു ബസ് കിടക്കുന്നതും കണ്ടു.

എങ്ങനെ അകത്തു കയറും എന്നായി ചിന്ത.. പരിസരത്തൊക്കെ ഒന്ന് ചുറ്റി കറങ്ങി നടൻ ഇന്നസെന്റിന്റെ വീടായ പാർപ്പിടവും കണ്ടു… പിന്നേ കോളേജ് കഴിഞ്ഞ് ഒരു ചെറിയ കപ്പേളയുണ്ട് അതിന്റെ കൊമ്പോണ്ടിൽ കയറി അവിടെ നിന്ന് മതിൽ ചാടി അകത്തു കടന്നു..വിശാലമായ ക്രൈസ്റ്റ് കോളേജിൽ മുൻപും പലവട്ടം പോയിട്ടുള്ളത് കൊണ്ട് നല്ല പരിചയമാണ്.. കൂടാതെ ഒട്ടനവധി സിനിമകളിൽ കോളേജായും കോടതിയായും അവിടെ ഷൂട്ട്‌ ചെയ്തിട്ടുമുണ്ട്. അക്കാലത്ത് കോളേജ് ക്യാമ്പസിൽ ഒരു mini zoo ഉണ്ടായിരുന്നു.
മൂന്ന് നാല് കാറുകൾ കോളേജിന്റെ മുൻപിൽ തന്നെ ഇട്ടിട്ടുണ്ട് അതിനെ ചുറ്റി പറ്റി കുറേ ആളുകളും… ഞങ്ങളും പോയി തലയിട്ട് നോക്കിയപ്പോൾ അതാ ഇരിക്കുന്നു ജോമോൾ, കൂടെ അമ്മയും ഉണ്ട്..വേറൊരു കാറിൽ ശാലിനി… ഷോട്ട് റെഡിയായപ്പോൾ അവർ പുറത്തിറങ്ങി… സിനിമാക്കാർ ഇത്രയ്ക്കും മേക്കപ്പ് ഇടുമോ എന്ന് ഞാൻ അതിശയിച്ചു പോയി…

അടുത്ത സീൻ ഷൂട്ടിങ് നടക്കുന്നത് കോളേജിൽ മുകൾ നിലയിൽ ശാലിനിയും ജോമോളും തമ്മിലുള്ള ഒരു സംഭാഷണം.. ആ സമയത്ത് താഴെ കൂടിയും മറ്റും പാസ്സ് ചെയ്യുന്ന ഒരുപാട് കുട്ടികൾ.. അവിടെ വന്ന മിക്കവാറും പേർ അന്ന് ആ സീനുകളിൽ അഭിനയിച്ചു.. വെക്കേഷൻ ആയിരുന്നിട്ടും ശരിക്കും കോളേജ് ഉള്ളപോലെ ആണ് ആ സീൻ എടുത്തിരുന്നത്.കുറച്ച് നീണ്ട മുടിയുള്ള കമൽ സാർ മൈക്കിലൂടെ ആക്ഷൻ പറയുമ്പോൾ കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു… അതിനിടയ്ക്ക് ജോമോളും ശാലിനിയും തമ്മിലുള്ള സംസാരങ്ങൾ… പല ടേക്കുകളും മറ്റും കണ്ടു നിന്നവർക്ക് പ്രാന്ത് പിടിക്കും! . പിന്നേ എടുക്കുന്ന സീനുകൾ എല്ലാം ചെറിയ ചെറിയ സംഭാഷണങ്ങൾ മാത്രം…

ചാക്കോച്ഛനും ശാലിനിയും കൂടി കോളേജിലേക്ക് വരുന്ന സീൻ… കോളേജിന്റെ ഗേറ്റിൽ നിന്ന് പുതിയ CBZ (KL07Y2000) ബൈക്കിൽ ചാക്കോച്ഛനും കൈനെറ്റിക് ഹോണ്ടയിൽ ശാലിനിയും വരുന്ന സീനിൽ അവർ വരുമ്പോൾ കുറേ വിദ്യാർത്ഥികൾ അവരെ പൊതിയുന്നുണ്ട്…..അങ്ങനെ ആറ്റു നോറ്റിരുന്ന് ദൂരെ നിന്ന് ചാക്കോച്ചനെ ഒന്ന് കാണാൻ പറ്റി… ഞങ്ങൾ കുട്ടി ഫാൻസുകാരുട സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു..പിന്നീടങ്ങോട്ട് ഉത്സവ ദിനങ്ങൾ പോലെ ആയിരുന്നു കുറെയേറെ സീനുകൾ ഷൂട്ട്‌ ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാൻ ഞങ്ങൾക്ക് പറ്റി.. സോന ബാംഗ്ലൂർ പോകുന്ന സീൻ… ബൈക്ക് ചാരി വെച്ച് സോനയെ എബി കാത്തിരിക്കുന്ന സീൻ..

ജോമോൾ വീണ് മിട്ടായികൾ ചിതറുന്ന സീൻ… ജോമോളുടെ നീല സാൻട്രോ കാറിൽ ചാക്കോച്ചൻ ലിഫ്റ്റ് ചോദിക്കുന്ന സീൻ, സയാമീസ് ഇരട്ടകൾ വേർപ്പെട്ടു എന്ന് പറയുന്ന സീൻ… അങ്ങനെ ഒരുപാട് ദിവസങ്ങൾ നിറത്തിന്റെ പേരും പറഞ്ഞ് ഞങ്ങൾ ക്രൈസ്റ്റ് കോളേജിൽ കേറി ഇറങ്ങി.പിന്നീട് ഒരു ദിവസം ക്രൈസ്റ്റിൽ ചെന്നപ്പോൾ അവിടെ ആൾ തിരക്കൊന്നും ഇല്ല ലൊക്കേഷൻ ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിലേക്ക് മാറ്റിയതായി അറിഞ്ഞൂ..നേരേ നടന്നു സെന്റ് ജോസഫിലേക്ക്…

അവിടെ ചെല്ലുമ്പോൾ ഒരു ഇൻഡോർ സ്റ്റേഡിയം ഉണ്ട് അതിൽ കാല് കുത്താൻ പോലും സ്ഥലമില്ല… എന്താ സംഭവം എന്നറിയോ? ” പ്രായം നമ്മിൽ പ്രേമം നൽകി ” പാട്ടിന്റെ ചിത്രീകരണമാണ് നടക്കുന്നത്…
ആളുകളെ കൺട്രോൾ ചെയ്യാൻ കമൽ സാർ ശരിക്കും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു…പച്ച ടീഷർട്ട് ഇട്ട ചാക്കോച്ചൻ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ, ഒപ്പം ശാലിനിയുമുണ്ട്…ആയിരക്കണക്കിന് ആളുകളുടെ ബഹളത്തിനിടയ്ക്ക് മൈക്കിലൂടെ കമൽ സാർ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്… ഒരു സ്ത്രീ ഓരോ ടേക് കഴിയുമ്പോഴും അടുത്ത സ്റ്റെപ്പുകൾ പഠിപ്പിക്കുന്നുണ്ടായിരുന്നു..( അവർ കലാമാസ്റ്റർ ആണെന്ന് പിന്നീട് ആണ് അറിഞ്ഞത് ).

അതിനിടയിൽ ആരോ ഫോട്ടോ എടുത്തപ്പോൾ ഫ്ലാഷ് അടിക്കുകയും അത് കണ്ട കമൽ സാർ പബ്ലിക്കിനോട് ചൂടാവുകയും ചെയ്തു.. അങ്ങനെ പ്രായം തമ്മിൽ പാട്ടുമായി മൂന്ന് ദിവസത്തോളം ആ സ്റ്റേഡിയത്തിൽ… ബോബൻ ആലുമ്മൂടനെ ആദ്യമായി കണ്ടത് അവിടെ വെച്ചാണ്..ആ ഷൂട്ടിങ് സമയത്ത് പ്രായം തമ്മിൽ എന്ന വരികൾ എഴുതിയെടുത്തു എന്തിനാണെന്നോ നാട്ടിൽ പോയി കൂട്ടുകാരോട് വരാനിരിക്കുന്ന പാട്ട് ഇതാണെന്ന് പറയാൻ.. തിരികെ വരുമ്പോൾ ബസിലെ കണ്ടക്ടർ ചോദിച്ചൂ ” ഷൂട്ടിങ് കാണാൻ പോയതാണോ?.. ഞങ്ങൾ അതേ…എങ്ങനെയുണ്ട്…?..
ഭയങ്കര തിരക്കാ പാട്ട് സീനായിരുന്നു… നല്ല അടിപൊളി പാട്ട്..
ആണോ കാസറ്റ് ഇറങ്ങട്ടെ മ്മക്ക് പെടക്കാം ”

കേട്ട വരികൾ വെച്ച് പറഞ്ഞതാണെങ്കിലും അക്ഷരാർത്ഥത്തിൽ നിറത്തിലെ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു.ആ ഉത്സവ ദിനങ്ങൾ പിന്നീടങ്ങോട്ട് അധികം നീണ്ടില്ല കോളേജ് സീനുകൾ കഴിഞ്ഞപ്പോൾ ടീം “നിറം” ഇരിഞ്ഞാലക്കുട വിട്ടൂ.
സിനിമാ വാരികയിൽ കണ്ട വാർത്ത അനുസരിച്ച് നിറത്തിന്റെ ഷെഡ്യൂൾ എറണാകുളത്തേക്ക് മാറ്റിയതായി അറിഞ്ഞൂ.. അങ്ങനെ ഞങ്ങൾ വീണ്ടും ഫോർട്ട്‌ കൊച്ചിയിലേക്ക്… പക്ഷേ ഇരിഞ്ഞാലക്കുടയിലെ പോലെ യുവാക്കൾ അല്ലായിരുന്നു… മൊത്തം നാട്ടുകാരും ചേച്ചിമാരും തടിച്ചു കൂടി ഉള്ള ഷൂട്ടിങ്..
ഞങ്ങൾ വൈകി അറിഞ്ഞതിനാൽ അവിടെ ഒരു ദിവസമേ ഷൂട്ടിങ് കാണാൻ പറ്റിയുള്ളൂ …പലവട്ടം ആ ഓട്ടോഗ്രാഫ് എടുത്ത് കയ്യിൽ പിടിച്ചെങ്കിലും.. ഇരിഞ്ഞാലക്കുടയിൽ വെച്ചോ എറണാകുളത്ത് വെച്ചോ അതിലൊരു വരി എഴുതിക്കാൻ കഴിഞ്ഞില്ല…ഷൂട്ടിങ് കണ്ട സന്തോഷവും.. ഓട്ടോ ഗ്രാഫ് എഴുതിക്കാൻ പറ്റാത്ത നിരാശയും തീർച്ചയായും ഉണ്ടായിരുന്നു…

അങ്ങനെ കാത്തിരിപ്പിനു ശേഷം നിറം റിലീസ് ആയി.. എറണാകുളം സരിതയിൽ ചെന്ന് നിറഞ്ഞ സദസ്സിൽ ആ സിനിമ കണ്ടു…നെടുമ്പാശ്ശേരി എയർപോർട്ട് വന്ന സമയമായത് കൊണ്ട് ആ പേരും ഒരു ഡയലോഗിൽ ഉൾപ്പെടുത്താൻ കമൽ മറന്നില്ല..മിഴിയറിയാതെ എന്ന പാട്ടിൽ 24 ടീ ഷർട്ടുകൾ ആണ് ചാക്കോച്ചൻ ഉപയോഗിച്ചിരിക്കുന്നത് അത് ഒരു റെക്കോർഡ് അല്ലേ?..

ഞങ്ങൾ നേരിട്ട് കണ്ട പല രംഗങ്ങളും സ്‌ക്രീനിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി പ്രത്യേകിച്ച് പ്രായം നമ്മിൽ പാട്ട്…പടം സൂപ്പർ ഹിറ്റായിരുന്നു…
“When you want me, you just close your eyes
I will be with you.. Only a heart beat away!”
“നിനക്കെന്നെ കാണണമെന്ന് തോന്നുമ്പോൾ നീ നിന്റെ കണ്ണുകൾ മെല്ലെ അടയ്ക്കുക… ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിനപ്പുറം അവിടെ ഞാൻ ഉണ്ടാകും ”
ഈ വരികൾ അന്ന് പ്രണയിച്ചിരുന്നവരുടെ അന്നത്തെ കാവ്യദളങ്ങൾ ആയിരുന്നു..
മാത്രമല്ല ആൺ കുട്ടികൾ പെൺകുട്ടികളെയും പെൺകുട്ടികൾ പരസ്പരവും “:എടാ ” വിളി തുടങ്ങിയതും നിറത്തിന് ശേഷമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നിറത്തിന്റെ നൂറാം ദിനം ക്രൈസ്റ്റ് കോളേജിൽ ആഘോഷിക്കുമ്പോൾ അന്നും അവിടെ പോകാൻ പറ്റി… ആ സമയത്ത് അതിന്റെ തമിഴ് റീമേക്ക് നടക്കുകയായിരുന്നു…” പിരിയാതെ വരം വേണ്ടും ”
തമിഴ് നടൻ പ്രശാന്ത് നിറത്തെ പറ്റി സംസാരിച്ചു മാത്രമല്ല ഒരു സിനിമയുടെ നൂറാം ദിനാഘോഷം ആദ്യമയാണ് ഒരു കോളേജിൽ വെച്ച് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഞാൻ ഓർക്കുന്നു..അന്നേ ദിവസം ജോമോളും ശാലിനിയും ആ സിനിമയിൽ അഭിനയിക്കാൻ എത്തിയിരുന്നു..
ചാക്കോച്ചൻ ചെയ്ത വേഷമായിരുന്നു പ്രശാന്ത് ചെയ്തതെങ്കിലും നിറത്തിന്റെ ആ ഓളം ഉണ്ടാക്കാൻ ആ ലൊക്കേഷനോ സിനിമയ്ക്കോ ആയില്ല.. മാത്രമല്ല ഷൂട്ടിങ് എല്ലാം കഴിഞ്ഞ് ഏറെ വൈകിയാണ് ആ സിനിമ റിലീസ് ആയതും.

ഇപ്പോഴും നിറം കാണുമ്പോൾ ആ പാട്ട് കാണുമ്പോൾ എന്നെ കാണുന്നുണ്ടോ എന്ന് ഞാൻ എത്തി നോക്കും… പഴയ ഓട്ടോ ഗ്രാഫിലെ ഫസ്റ്റ് പേജ് ഇപ്പോഴും കാലിയാണ്..ആ സിനിമയുടെ മധുരമുള്ള നിറമുള്ള ഓർമ്മകൾ ഇന്നും മനസ്സിൽ മായാതെ സൂക്ഷിക്കുന്നു..

—ശു ക് രി യാ —

You May Also Like

നാഗബന്ധം (കഥ) – റഷീദ് തൊഴിയൂര്‍..

,, ഉവ്വ് ആ ചെറുക്കന്‍ ഇപ്പോള്‍ തോട്ടങ്ങളില്‍ പണിക്ക് പോകുകയാണത്രേ.ദെഹണ്ണക്കാരനാവാന്‍ അവന് ഇഷ്ടല്ലാന്ന്.ഇത്തവണ തെക്ക്‌നിന്നുള്ള ആരോ ആണ് സദ്യ ഒരുക്കുവാന്‍ വരുന്നത് എന്നാ മുത്തശ്ശന്‍ പറഞ്ഞത് പേരുകേട്ട ദെഹണ്ണക്കാരനാണത്രേ ,, പ്രശസ്ത ചെറുകഥാകൃത്ത് റഷീദ് തൊഴിയൂര്‍ എഴുതിയ ചെറുകഥ – നാഗബന്ധം

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ !

സ്മാര്‍ട്ട്‌ ഫോണ്‍ വാങ്ങുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നാണ് ഇവിടെ പറയുന്നത്….

”Success can buy in the shoppes….” – ബൈജു ജോര്‍ജ്ജ്

”we cant never get success in the shoppes …..”’! അത് നമ്മുടെ ഉള്ളില്‍ തന്നെയാണുള്ളത് .., നമ്മള്‍ തന്നെയാണ് അത് കണ്ടെത്തേണ്ടത് ..,

‘സി.ബി.ഐ 5: ദ് ബ്രെയ്ൻ ട്രെയിലറിന് വൻ വരവേൽപ്പ്, യുട്യൂബിൽ ജനപ്രവാഹം

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകരും സിനിമാ പ്രേമികളും ക്ഷമയോടെ കാത്തിരിക്കുന്ന സിബിഐ സീറിലെ അഞ്ചാമത് ചിത്രം ‘സി.ബി.ഐ…