“വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും”
Shinto Mathew
കലാഭവൻ മണിയെന്ന കലാകാരൻ തമാശകളിലൂടെയും ചെറിയ വേഷങ്ങളിലൂടെയും മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സമയത്താണ് സംവിധായകൻ വിനയൻ ഈ സിനിമയിലെ ടൈറ്റിൽ കഥാപാത്രമായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്..പോസ്റ്ററുകളിലും മറ്റും മണിയുടെ രൂപമാറ്റം കണ്ട പലരും ഇതൊരു വൻ പരാജയം ആകുമെന്നും മിമിക്രിക്കാരന്റെ ഗോഷ്ടികൾ മാത്രമാകും എന്നും മുൻവിധി എഴുതിയെങ്കിലും എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കുടുംബ സദസ്സുകൾ സിനിമ ഏറ്റെടുത്തു…45 ലക്ഷം ചിലവാക്കി ഏകദേശം മൂന്നര കോടി നേടി..
തമിഴിൽ കാശി , കന്നഡയിൽ നമ്മ പ്രീതിയ രാമു , തെലുങ്കിൽ സീനു വാസന്തി ലക്ഷ്മി, സിംഹളയിൽ സൂര്യ എന്നീ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടിരുന്നു..മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം – എം ജി ശ്രീകുമാർ ദേശീയ ചലച്ചിത്ര അവാർഡ് – പ്രത്യേക ജൂറി അവാർഡ് – കലാഭവൻ മണി
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് – പ്രത്യേക ജൂറി അവാർഡ് – കലാഭവൻ മണി
മികച്ച നടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് – കലാഭവൻ മണി
മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് – പ്രവീണ
എന്നിങ്ങനെ നിരവധി അവാർഡുകളും ഈ സിനിമയെ തേടിയെത്തി.
***********************************************
സിനിമയിലെ ഗാനങ്ങളെ കുറിച്ചാണ്…മോഹൻ സിതാര എന്ന സംഗീത സംവിധായകന്റെ ഏറ്റവും നല്ല ഈണങ്ങൾ തന്നെയാണ് ഈ സിനിമയിലേത്..ഏകദേശം 70 ഓളം പടങ്ങൾ ചെയ്ത് തഴക്കവും പഴക്കവും വന്ന മോഹൻ സിതാര എന്ന ചാവക്കാട്ടുകാരന്റെ കൂടെ മറ്റൊരു തൃശൂക്കാരൻ കൂടിയായ യൂസഫലി കേച്ചേരി എന്ന മലയാള സിനിമകണ്ട മികച്ച ഗാന രചയിതാവ് കൂടി ചേർന്നപ്പോൾ പിറന്ന ഗാനങ്ങൾ ഇന്നും അത്ഭുതപ്പെടുത്തുന്നു..അന്ധനായ ഒരാൾ താൻ ഇന്ന് വരെ കാണാത്ത പ്രകൃതിയെ വർണ്ണിക്കുന്ന ഗാനമായ
“പ്രകൃതീശ്വരി നിന്റെ ആരാധകൻ ഞാനൊരു ആസ്വാദകൻ അന്ധ വനഗായകൻ
ഏഴു നിറങ്ങളിൽ നിന്റെ ചിത്രങ്ങൾ ഏഴു സ്വരങ്ങളിൽ
എന്ന ഗാനങ്ങൾ” എന്ന ഗാനത്തിന്റെ അടുത്ത വരിയായ
“കണ്ണൻ ചിരട്ടയിൽ സ്വർണം നിറച്ചിട്ട്
കണ്ണും തുളച്ചങ്ങുയർത്തി പിടിക്കുന്നു സൂര്യൻ..ഓ…സൂര്യൻ പൊന്നിൻ പൊടിയേറ്റ് മിന്നി
തിളങ്ങുന്ന മണവാട്ടിയണിന്ന് ഭൂമി”
ഈ വരികളുടെ ആഴത്തിലുള്ള അർത്ഥം മനസിലാക്കാൻ കണ്ണ് അടച്ചു പിടിച്ചു കൊണ്ട് സൂരനിലേക്ക് മുഖം ഉയർത്തിയാൽ മതി… മേല്പറഞ്ഞ അനുഭവം നമുക്കും ഉണ്ടാകുന്നത് കാണാം..അലിലകണ്ണാ എന്നാ ഗാനം യേശുദാസും ചിത്രയും വേറെ വേറെ ആണ് പാടിയിരിക്കുന്നത്.. ഇതിൽ ദാസേട്ടൻ പാടിയപ്പോൾ
“വേദനയെല്ലാം വേദാന്തമാക്കീ
ഞാനിന്നൊരീണം പാടീ…
സുന്ദര രാഗത്തിൻ സിന്ദൂര കിരണങ്ങൾ
“കുരുടന്നു കൈവടിയായി” എന്ന വരി ചിത്ര പാടിയപ്പോൾ “എനിക്ക് കൈവടിയായി ” എന്ന് മാറിയിട്ടുണ്ട്.
ഇന്ന് വരെ കാണാത്ത ലോകത്തെ കാണാൻ പോകുന്ന കുരുടനായ ഒരു വ്യക്തി തന്റെ പ്രതീക്ഷകൾ പങ്കു വെക്കുന്ന ഗാനമാണ്
” ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തി വരുന്നവളേ
പുലരിപ്പെണ്ണേ നിന്നെ കാണാൻ പൂതി പെരുകണു മനസ്സിൽ
നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ”
അടുത്ത വരിയായ “വെളിച്ചമേ… നിൻ വീട്ടിൽ ഞാനും വിരുന്നിനെത്തും നാളെ”
അത് പോലെ ഇനിയും കണ്ണടച്ചാൽ അന്ധകാരം തിരികേ വരുമെന്ന പേടികൊണ്ട് “തുറന്നു വെയ്ക്കും ഞാനെൻ മിഴികൾ അടയ്ക്കുകില്ലാ മേലിൽ” എന്നൊക്കെ മനസ്സിൽ കൊണ്ട് എഴുതാൻ യൂസഫലിക്കേ കഴിയൂ..
എംജി ശ്രീകുമാർ പാടിയ ഈ ഗാനത്തിന് ആക്കൊല്ലത്തെ ദേശീയ അവാർഡും മലയാളത്തിലേക്ക് വന്നൂ..
കലാഭവൻ മണി തന്നെ പാടിയ “കാട്ടിലെ മാനിന്റെ തോല് കൊണ്ടുണ്ടാക്കി മാരാര് പണ്ടൊരു ചെണ്ട …
കോലൊണ്ട് തൊട്ടാൽ ചിരിക്കുന്ന ചെണ്ട
മേള തഴമ്പുള്ള ചെണ്ട ” എന്ന ഗാനത്തിലൂടെ ഒരു ചെണ്ടയുടെ വിഷമങ്ങൾ പങ്ക് വെച്ചിരിക്കുന്നു.
യേശുദാസും സുജാതയും ചേർന്നും അല്ലാതെയും പാടിയ “തേങ്ങാപ്പൂളും കൊക്കിലൊതുക്കി കാക്കക്കറുമ്പിയെ പോലെ..അമ്പിളി കൊത്തും കൊണ്ടു നടക്കണ ആതിരരാവ് മേലേതിരുവാതിര രാവ് മേലേ” എന്ന ഗാനത്തിൽ അമ്പിളിമാമനെ കാക്ക കൊത്തിയെടുത്ത തേങ്ങാപ്പൂളുമായി താരതമ്യം ചെയ്തിരിക്കുന്നു.. കാക്കയെ ഇരുട്ടായും തേങ്ങാപ്പൂളിനെ ചന്ദ്രകലയായും..
കുന്നോളം വിഷമങ്ങൾ ഉള്ളിൽ ഒളിപ്പിച്ച രാമു തന്റെ അനിയത്തിയെ പെണ്ണ് കാണാൻ വന്നവർക്കായി പാടുന്ന ഗാനം “കണ്ണു നീരിനും ചിരിക്കാൻ അറിയാം കദനം മറക്കാൻ കഴിഞ്ഞാൽ” അതിലും ഉണ്ട് അന്ധത മാറ്റി വെളിച്ചത്തിലേക്ക് വരാനുള്ള രാമുവിൻറെ ആഗ്രഹം “എനിക്ക് വേണ്ടി പ്രകാശ ഗോപുര വാതിൽ തുറക്കും കാരുണ്യമേ.. നിൻ തിരു നടയിൽ ചൊരിയുന്നു ഞാൻ മാനസ പൂജാ പുഷ്പങ്ങൾ”
“ഇരുളിൻ പാതയിൽ വെളിച്ചം വിടരാൻ
എൻ മുന്നിൽ തെളിയും തിരിനാളമേ
നിന്നെ പുൽകാൻ വിടരുകയാണെൻ
സുന്ദര സംഗീത ശിൽപങ്ങൾ”
പിന്നെ ദാസേട്ടനും ചിത്ര ചേച്ചിയും കൂടി പാടി ഹിറ്റാക്കിയ ” തേനാണ് നിന് സ്വരം പാട്ടുകാരി..പൂവാണ് നിന് മനം കൂട്ടുകാരി..
രാഗം വിടരുന്ന നിന് മനസ്സില്,
അനുരാഗമായി ഞാനലിഞ്ഞോട്ടേ.. അലിഞ്ഞോട്ടേ ”
ഈ ഗാനം കാസറ്റിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്..
1999-2000 കാലഘട്ടത്തിൽ മിക്ക വീടുകളിലും, ചിത്രഗീതം പോലെയുള്ള ടിവി പരിപാടികളിലും ബസ്സുകളിലും മറ്റും നിറഞ്ഞോടിയ ഗാനങ്ങളായിരുന്നു ഇവയെല്ലാം..ഇതിലെ പാട്ടുകൾ എന്തോ മനസ്സിന് നല്ലൊരു ഫീലിംഗ് തരുന്നതായാണ് എനിക്ക് എപ്പോഴും തോന്നാറ്.. ഈ സിനിമയുടെ ഒറിജിനൽ ഓഡിയോ കാസറ്റും സീഡിയും ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നുണ്ട്..ഈ വരുന്ന മെയ് 27 ന് ഈ സിനിമ 23 വർഷം തികയ്ക്കുകയാണ്