നമ്മുടെ മനസുകളിൽ സംഗീതത്തിന്റെ വർണ്ണമഴ പെയ്യിച്ച ഒരു നൊസ്റ്റാൾജിയ കാലം ഉണ്ടായിരുന്നു. അനവധി ഹൃദ്യമായ ആൽബങ്ങൾ ഇറങ്ങിയ സുവർണ്ണകാലം. ഏറ്റവും ഹിറ്റായ ഒരു സിനിമാ ഗാനത്തോളമോ അതിലുമേറെയോ പ്രശസ്തി നേടിയ ഗാനങ്ങളായിരുന്നു അവ. പ്രണയത്തിന്റെ മാസ്മരികമായ അനുഭവങ്ങൾ ആസ്വാദകരുടെ ഹൃദയത്തിൽ വർഷിച്ച ആ ഗാനങ്ങളുടെ കാലം പോയ്മറഞ്ഞു. ഷിന്റോ മാത്യു എഴുതിയ ഈ കുറിപ്പ് വായിച്ചാൽ ആ കാലം നമ്മിലേക്ക് വീണ്ടും പെയ്തിറങ്ങും, തീർച്ച……..
Shinto Mathew
ഏഷ്യാനെറ്റ് പ്ലസ് ചാനലിലെ മിസ്റ്റും, വി ചാനലിലെ ഡ്യൂ ഡ്രോപ്സും എന്ന പ്രോഗ്രാമുകൾ മറക്കുന്നതെങ്ങിനെ.1998-2008 കാലയളവിൽ ആൻഡ്രോയ്ഡ് ഫോണും യൂട്യൂബ്യും ഇന്നത്തെ പോലെ പ്രചാരത്തിൽ ഇല്ലാഞ്ഞിട്ടും പ്രേക്ഷക മനസ്സിൽ കുടിയേറിയ ചില ആൽബം പാട്ടുകൾ ഉണ്ട്.
ഈസ്റ്റ് കോസ്റ്റ് വിജയനും ബാലഭാസ്കറും എം ജയചന്ദ്രനും കയ്യൊപ്പ് ചാർത്തിയപ്പോൾ കിട്ടിയത് മലയാളികൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട പ്രണയഗാനങ്ങൾ ആയിരുന്നു.. ഓർമയ്ക്കായി ഇനിയൊരു സ്നേഹഗീതം ,ഇനിയാർക്കും ആരോടും, എണ്ണ കറുപ്പിൻ ഏഴഴക്, നിനക്കായ് തോഴി പുനർജനിക്കാം, ജീവന്റെ ജീവനാം പാട്ടുകാരാ, മനസ്സും മനസ്സും, ഒന്നിനുമല്ലാതെ എന്തിനോ തോന്നിയോരിഷ്ടം … എന്നിങ്ങനെ നിരവധി ഗാനങ്ങൾ.
“ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് അറിയില്ല ഞാനോ നീയോ” എന്ന മധു ബാലകൃഷ്ണൻ പാട്ടുകൾ കൂടുതലും മറക്കാതിരിക്കാൻ കാരണം, മൂന്നാറിന്റെ ഗ്രാമീണ വഴിയിലൂടെ ഓറഞ്ച് കുട്ടയുമായി പോകുന്ന ഗ്രാമീണ സുന്ദരിയെ ഒരു ചുവപ്പ് ജിപ്സിയിൽ വന്ന നായകൻ ഇടിച്ചിടുന്നതും തുടർന്ന് ഊമയായ അവളോട് തോന്നിയ പ്രണയവും അവളെ തേടിയുള്ള യാത്രയും എല്ലാം ഭംഗിയായി ചിത്രീകരിച്ചതും കൊണ്ടുമാണ്..
കത്ത് കൊണ്ട് വന്ന പോസ്റ്റ് വുമണിനെ പ്രേമിച്ച, മുഖത്ത് മഞ്ഞൾ പുരട്ടുന്ന നായകനെ ഇനിയും മറന്നു കാണില്ല …സുന്ദരിയേ വാ.. വെണ്ണിലവേ വാ എന്ന പാട്ടും പാടി സ്ഥലം മാറ്റം കിട്ടി പോയ കാമുകിയെ തേടി ബൈക്കിൽ പോകുന്ന കാമുകൻ…എന്തിനേറെ പോസ്റ്റ് കാർഡിൽ എഴുതിയ ‘വിനു, കാർത്തിക, P.O.ചൂലൂർ’ എന്ന അഡ്രസ് ഇപ്പോഴും ഓർക്കുന്നവരായിരിക്കും നമ്മൾ.അതോടൊപ്പം ഏറെ ഇഷ്ട്ടമായിരുന്നു ഫ്രാങ്കോ തന്നെ പാടിയ ” ചെമ്പകമേ നീയെന്നും എന്റേതല്ലേ “.എന്ന ഗാനവും
കല്യാണം കഴിഞ്ഞ ഉടൻ ജോലിക്ക് പോകുന്ന മലയാളി ഡോക്ടർ ഭീകരരുടെ പിടിയിലായ വാർത്ത പത്രത്തിൽ കാണിക്കുന്നതും.. അവളുടെ കാത്തിരിപ്പും വേദനയും കാണിച്ചു തന്ന “മേലെ മാനത്ത്..താരകൾ മിന്നുന്നു” എന്ന ജ്യോത്സന ആലപിച്ച ഗാനം ആക്കാലത്തെ ഹിറ്റ് ഗാനമായിരുന്നു. വീട്ടിൽ കട്ടിൽ പണിയാൻ വന്ന ആശാരി കല്യാണ പെണ്ണിനെ അടിച്ചു കൊണ്ട് പോയ , “പുത്തിലഞ്ഞി താഴ് വരയിൽ” എന്ന വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനവും ദൃശ്യ വിസ്മയം ആയിരുന്നു.കോഫി കുടിക്കാൻ വരുന്ന മാന്ത്രികനായ നായകനെ സ്നേഹിക്കുന്ന കോഫി ഷോപ്പിലെ ജീവനക്കാരി…”വണ്ണാത്തിപ്പുള്ളിനോ ദൂരെ..” എന്ന ഗാനവും വളരേ മികച്ചതായിരുന്നു..
വിനീത് തന്നെ പാടിയ “പലവട്ടം കാത്തു നിന്നു ഞാൻ” എന്ന ഗാനം സലിം കുമാർ കൂടി ചേർന്നതോടെ ഏറെ ഹിറ്റായി ഒപ്പം തന്നെ പൃഥ്വിരാജ് -റോമ പ്രണയ ജോഡികളായി വന്ന വിനീതിന്റെ തന്നെ “മിന്നലഴകേ മിന്നുമഴകേ” എന്ന ഗാനവും വളരേ മികച്ചതായിരുന്നു.
മാപ്പിള പാട്ടിന്റെ സാമാന്യ സങ്കൽപ്പങ്ങൾ തകർത്തെറിഞ്ഞു കൊണ്ട് നിഷ്കളങ്ക മുഖവുമായി ഷാഫി കൊല്ലവും കട്ടി മീശയുമായി താജുദീൻ വടകരയും ചേർന്ന് ഒരു പാട് ആൽബങ്ങൾ പുറത്തിറക്കിയിരുന്നു… മുസ്ലിം സമുദായത്തിലെ പ്രണയവും വിരഹവും കൂട്ടി ചേർത്ത് ഇറക്കിയ ഗാനങ്ങളിൽ.. “നെഞ്ചിനുള്ളിൽ നീയാണ്… പട്ടുടുത്ത് മുന്നിൽ വന്ന പെണ്ണേ.. മനസിന്റെ മണിയറയിൽ… മാമ്പഴത്തിൻ ചേലാണ്.. ദിൽഹേ ഫാത്തിമ.. അതിൽ തന്നെ എം ജി ശ്രീകുമാർ ആലപിച്ച ഒരു പൂ തന്നാൽ.. ചെമ്പക പൂവിൻ അഴകൊത്ത പെണ്ണേ..എന്ന പാട്ടുകളും..സുന്ദരി നീ വന്നു ഗസലായ്… ഒപ്പന പാട്ടായ കാണാൻ അഴകുള്ള കലമാൻ മിഴിയുള്ള “എന്നീ പാട്ടുകളെല്ലാം തന്നെ എല്ലാ പ്രായത്തിലുള്ളവരെയും ആകർഷിക്കുന്നതായിരുന്നു…
അവയെല്ലാം കാമ്പസുകളുടെ ഹരമായിരുന്നു…അതിന്റെ വീഡിയോ ആൽബങ്ങളും മെഗാ ഹിറ്റ്..
അതേ ശൈലിയിൽ തന്നെ പിറന്ന “ലാവുദിക്കണ നേരമായിതാ” മാർക്കൊസ് പാടിയ ” പാൽ നിലാ പുഞ്ചിരി തൂകുമാ സുന്ദരി ” നടിമാരായ ശാലു മേനോനും ചാർമിളയും അമ്പിളി ദേവിയും കൂടി അഭിനയിച്ച സുജാത പാടിയ ” ഫാത്തിമ ബീവി ” പെട്രോൾ പമ്പിൽ വെച്ച് പ്രണയം പുതുക്കുന്ന ജോടികളുടെ ” ഖൽബിൽ നീയാണെന്റെ ഷാഹിന ” പ്രണയിനിയുമായി ഒളിച്ചോടി പോലീസ് പിടിക്കുന്നതും അവസാനം പോലീസുകാർ തന്നെ അവരെ ഒന്നിപ്പിക്കുന്നതുമായ ” മാമ്പഴത്തിൻ ചേലാണ് ” എന്നിങ്ങനെ ഇറങ്ങിയതെല്ലാം ഹിറ്റ്..
വിധു പ്രതാപ് ജ്യോത്സന കൊമ്പോയിൽ പിറന്ന “മഴക്കാലം അല്ലേ..മഴയല്ലേ” എന്ന ഗാനത്തിൽ ലേഡീ ബേർഡ് സൈക്കിൾ ചവിട്ടുന്ന പെൺകുട്ടിയെ മറ്റൊരു സൈക്കിളിൽ പിൻ തുടരുന്ന കാമുകൻ…. കാട്ടിൽ ഫോട്ടോ എടുക്കുന്ന പെൺകുട്ടിയെ അദൃശ്യനായി സഹായിക്കുന്ന കാട്ടിനുള്ളിലെ യുവാവും ചേർന്ന സ്വർണലത പാടിയ “കുടജാദ്രിയിൽ കുടചൂടുമാ കോടമഞ്ഞു പോലെയീ പ്രണയം, മൊഞ്ചുള്ള പെണ്ണല്ലേ … നിനയ്ക്കാത്ത നേരത്തേൻ അരികിൽ “എന്നിങ്ങനെ പോകുന്നു ആ നീണ്ട നിര.
നടി ലെന കോടമഞ്ഞിലൂടെ നീല സാരിയുമുടുത്ത് അഭിനയിച്ച “ഇഷ്ട്ടം എനിക്കിഷ്ട്ടം ആരോടും തോന്നാത്തൊരിഷ്ട്ടം ” കാമുകനെ പിരിയുന്ന ദുഃഖ പുത്രിയായി ലെനയുടെ തന്നെ ” ഇനിയെന്നു കാണും സഖീ “.. രമ്യ നമ്പീശൻ അഭിനയിച്ച മുകുന്ദാമാലയിൽ കൃഷ്ണ ഭക്തയായ നായിക കൃഷ്ണ വിഗ്രഹം വാങ്ങുന്നതും സാക്ഷാൽ ഭഗവാൻ ശ്രീ കൃഷ്ണൻ അവളുടെ സഹായിക്കുന്നയുമായി ചിത്രീകരിച്ച ” കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു ” എന്ന ജയചന്ദ്രൻ പാടിയ പാട്ടും.പ്രശസ്ത ടിവി നായകൻ ശരത് അഭിനയിച്ച ” വസന്തം പോലെ.. ഒരു സന്ധ്യയെ പോലെ ” ജി പി എന്ന ഗോവിന്ദ് പത്മസൂര്യ ഫോൺ ശരിയാക്കാനായി വീട്ടിലെത്തുന്ന ” വനമല്ലികേ ” എന്നിങ്ങനെ എത്രയെത്ര നല്ല ഗാനങ്ങൾ…
80-90 കാലഘട്ടത്തിൽ പിറന്ന ജെനെറേഷന് ഈ പാട്ടുകളെല്ലാം നൊസ്റ്റാൾജിയ നൽകുന്ന ഒരു പിടി പാട്ടുകളാണ് ഇതെല്ലാം. സ്കൂളോ കോളേജോ കഴിഞ്ഞ് വീട്ടിൽ വന്നാൽ ചായയും കടിയുമായി ടിവിയുടെ മുന്നിലേക്കിരുന്നാൽ ഒട്ടും മുഷിയാതെ എല്ലാ പാട്ടുകളും കാണുന്നൊരു ഫീൽ ഉണ്ടല്ലോ അത് ഇങ്ങനെ വർഷങ്ങളായി മനസ്സിൽ കിടക്കുന്നത് കൊണ്ടാണ് ഇപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണം..
ഇടയ്ക്ക് യൂട്യൂബിൽ ആ പാട്ടുകൾ കാണുമ്പോഴെല്ലാം ഇനി ഒരിക്കലും തിരികേ വരാത്ത ആ നല്ല കാലത്തിന്റെ ഓർമ്മകളിലേക്ക് അറിയാതെ വീണു പോകുന്നു.