കുഞ്ചാക്കോ ഫാന്സിനോട് അമ്മച്ചി പറഞ്ഞു ‘പെൺ കുട്ടികളെക്കാൾ കഷ്ടമാണല്ലോടാ മക്കളെ നിങ്ങടെ കാര്യം’

0
259

Shinto Mathew

1997 മാർച്ച് 24ന് ഫാസിൽ അനിയത്തിപ്രാവ് എന്ന പേരിൽ സിനിമ ഇറക്കിയപ്പോൾ അന്നുവരെ ഉണ്ടായിരുന്ന നായക സങ്കല്പത്തിൽ നിന്നും മാറി ചോക്ലേറ്റ് ഇമേജുള്ള 21 വയസ്സുകാരൻ ഒരു നായകൻ…കൂടാതെ കേരളത്തിന്റെ സ്വന്തം മാമാട്ടികുട്ടിയമ്മ വലുതായതിന് ശേഷം അഭിനയിച്ച ആദ്യത്തെ സിനിമ.

സാധാരണ ഒരു പടം എന്നതിൽ കവിഞ്ഞ് ഒരു പ്രതീക്ഷയും ഇല്ലാതിരുന്നതിനാൽ സിനിമ ആദ്യദിവസങ്ങളിൽ വലിയ കുത്തൊഴുക്ക് ഉണ്ടായിരുന്നില്ലെങ്കിലും പിന്നീടങ്ങോട്ട് ഒരു ഒഴുക്കായിരുന്നു ജനഹൃദയങ്ങൾ പ്രത്യേകിച്ചും യുവജനങ്ങൾ ആ സിനിമ ഏറ്റെടുത്തു…സ്‌പ്ലെണ്ടർ ബൈക്ക് മലയാളത്തിന് പരിചയപ്പെടുത്തിയത് ആ സിനിമ ആയിരുന്നു..225 ദിവസത്തിൽ കൂടുതൽ ആ സിനിമ ഓടി..എല്ലാ റിലീസ് കേന്ദ്രങ്ങളിലും 100 ദിവസം തികച്ച മലയാള സിനിമ എന്ന റെക്കോർഡ് ആ സിനിമയ്ക്ക് സ്വന്തമായിരുന്നു…ചാക്കോച്ഛന്റെ സ്റ്റൈലും ഡാൻസും അനിയത്തി പ്രാവിലെ ഗാനങ്ങൾ പോലെ ഏറെ ഹിറ്റായി..പ്രേമിക്കുന്നവർക്ക് ഒരു രീതി തന്നെ രൂപാന്തരപ്പെട്ടു.. പിറകേ വന്ന നക്ഷത്ര താരാട്ടിലെ പാട്ടുകളും ഡാൻസും കണ്ടപ്പോൾ ആരാധന മൂത്തൂ.

May be an image of tree and outdoorsചാക്കോച്ചൻ വളർന്നു…അങ്ങനെ ഞങ്ങളുടെ നാട്ടിൻ പുറത്ത് കുറച്ച് പേർ ചേർന്ന് കുഞ്ചാക്കോ ഫാൻസ്‌ ആയി മാറി …റിലീസ് സിനിമ ആദ്യ ഷോ എറണാകുളത്തും പോയി കാത്തുനിന്നു… മയിൽ‌പീലിക്കാവ് റിലീസ് ആയ ദിവസം എറണാകുളം പത്മയിൽ ആദ്യ ഷോ കാണുമ്പോൾ പാട്ട് സീനിൽ കാറ്റിൽ മുടി പറക്കുമ്പോഴാണ് ചാക്കോച്ചന് മുടി കുറവാണെന്നുള്ള സത്യം ഞങ്ങൾ മനസിലാക്കിയത്.. സിനിമ കഴിഞ്ഞപ്പോൾ അതായി ടെൻഷൻ… ഞങ്ങൾ ഫാൻസുകാർ ആളുകളുടെ മുഖത്തോട്ട് എങ്ങിനെ നോക്കും…പക്ഷേ അതൊന്നും ഒരു വിഷയമല്ലായിരുന്നു…

കാലങ്ങൾ നീണ്ടുപോയി ആ സമയത്താണ് നിറം സിനിമ ഷൂട്ട് ചെയ്യാൻ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിൽ ചാക്കോച്ചനും ശാലിനിയും കമലും ജോമോളും വന്നത് ഒറ്റ ദിവസം പോലും ഷൂട്ടിംഗ് മുടങ്ങാതെ അവിടെ പോയിരിക്കുമായിരുന്നു, cbz ബൈക്കിൽ ചാക്കോച്ചൻ കറങ്ങുമ്പോൾ പെണ്ണുങ്ങളെ പോലെ ഞങ്ങളും അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്… പ്രായം നമ്മിൽ പാട്ട് സീൻ ഷൂട്ട് ചെയ്യുമ്പോൾ സെന്റ് ജോസഫ് കോളേജിലേക്ക് പോയി, ആയിരക്കണക്കിന് ആളുകൾക്കിടയിൽ ഞങ്ങൾ കുട്ടിഫാൻസ് ആരുമല്ല എന്ന് അന്ന് ഞങ്ങൾക്ക് മനസ്സിലായി..ആ പാട്ട് സീനിലുള്ള ആയിരങ്ങളിൽ ഞങ്ങളും ഉണ്ടായിരുന്നു…. ഒരു കടുക് മണി പോലെ.

May be an image of tree and outdoorsചാലക്കുടിയിൽ ആണ് ചാക്കോച്ചന്റെ ‘അമ്മ വീട് എന്നറിഞ്ഞതിൽ പിന്നേ ഞങ്ങൾ പിന്നെ ആ വീട് കണ്ടു പിടിക്കാൻ ഒരുപാട് ശ്രമിച്ചു…ഒന്നും നടന്നില്ല..കുഞ്ചാക്കോ ഫാൻ ആണെന്ന് വീട്ടുകാർ മനസിലാക്കിയപ്പോഴേക്കും നാട്ടുകാർ വേറേ പണിയൊന്നുമില്ലെടെ എന്ന അവസ്ഥയിൽ എത്തിയിരുന്നു.
ഫാൻസിന്റെ അസുഖം മൂർച്ഛിച്ചപ്പോൾ വീട്ടുകാർ അറിയാതെ ഒരു ദിവസം അലപ്പുഴയ്ക്ക് ട്രെയിൻ കയറി നാനയിൽ നിന്ന് കിട്ടിയ അഡ്രസ്‌ കുഞ്ചാക്കോ ബോബൻ, ഉദയ സ്റ്റുഡിയോ, ആലപ്പുഴ എന്നായിരുന്നു അതും പ്രകാരം ആലപ്പുഴയിൽ നിന്ന് ബസ് കയറി പാതിരപ്പിള്ളിയിൽ ഇറങ്ങി…നോക്കുമ്പോ ഒരു ശ്മശാന മൂകത നിറഞ്ഞ സ്ഥലം…അടച്ചിട്ടിരിക്കുന്ന ഉദയ സ്റ്റുഡിയോ കണ്ടു…അവിടെ കണ്ട “ദൈവം” ഹോട്ടലിൽ കയറി അന്വേഷിച്ചു…അപ്പോഴാണ് അറിയുന്നത് കോൺവെന്റ്‌ സ്‌ക്വയറിൽ ആണ് ശരിക്കും ചാക്കോച്ചന്റെ വീട് അതായത് ആലപ്പുഴയുടെ ഹൃദയഭാഗത്ത്,

May be an image of outdoorsവീണ്ടും അവിടെ നിന്ന് ബസ് കയറി …നടന്നും…വിയർത്തു കുളിച്ചു ചാക്കോച്ചന്റെ വീട് കണ്ടെത്തി…അന്ന് സെൽഫിയും ഇല്ല, ഡിജിറ്റൽ ക്യാമറയും ഇല്ല…ഞങ്ങളുടെ കയ്യിൽ ഒരു ഫിലിം ഇടുന്ന കാമറയും പിന്നെ ഒരു ഓട്ടോ ഗ്രാഫ് ബുക്കും..എല്ലാം കൊണ്ട് അവിടെ ചെന്ന് പേടിച്ച് പേടിച്ച് ബെൽ അടിക്കുന്നു…പുറത്തു ഒരു പൊടിപിടിച്ച അംബാസിഡർ കാർ കിടക്കുന്നു ..ബെൽ അടിച്ചു കുറച് കഴിഞ്ഞപ്പോൾ ഒരു ചേച്ചി പുറത്തേക്ക് ഇറങ്ങി വന്നൂ, ആരാ? കുഞ്ചാക്കോ സാർ ഉണ്ടോ, ഇല്ലല്ലോ തിരുവനന്തപുരത്താണ്… ആരാ…ഞങ്ങൾ ചാലക്കുടിയിൽ നിന്നാണെന്നും PDC വിദ്യാർഥികളാണെന്നും ഒക്കെ പറഞ്ഞു ആശ്ചര്യപൂർവം ഞങ്ങളെ നോക്കിയിട്ട്..ഞങ്ങളോട് പറഞ്ഞു പെൺ കുട്ടികളെക്കാൾ കഷ്ടമാണല്ലോടാ മക്കളെ നിങ്ങടെ കാര്യം…ഞങ്ങൾ അവിടെ നിന്ന് വീടിന്റെയും കാറിന്റെയും മറ്റും കുറച്ച് ഫോട്ടോസ് ഒക്കെ എടുത്ത്.. ആ ചേച്ചി തന്ന നാരങ്ങ വെള്ളവും കുടിച്ചാണ് പോന്നത്..നിങ്ങടേല് തിരിച്ചു പോവാൻ പൈസ ഇണ്ടോ ..ഞങ്ങൾ പറഞ്ഞു ഉണ്ട്…കറക്റ്റ് പൈസയും കൊണ്ട് പോയതാ ഞങ്ങൾ എന്നാലും ആ അമ്മയുടെ സ്നേഹം ഞങ്ങളുടെ മനസ്സ് നിറച്ചു…ബോബനും മോളിയും എന്നെഴുതിയ ഫോട്ടോ കണ്ടപ്പോഴാണ് മനസ്സിലായത് ചാക്കോച്ചന്റെ അപ്പന്റേം അമ്മേടേം പേരാണ് “ബോബനും മോളിയും” എന്ന്….തിരികെ ആലപ്പുഴ റെയിൽവെ സ്റ്റേഷൻ വരെ നടന്ന്…നാട്ടിൽ ചെന്ന് അടിക്കാനുള്ള വീമ്പും ആലോചിച്ച് കൊണ്ട് ആയിരുന്നു യാത്ര…മനസ്സ് നിറഞ്ഞ യാത്ര.

പിന്നീട് കുറേ കാലത്തിന് ശേഷം ആലപ്പുഴയിൽ ജോലി ചെയ്യുമ്പോൾ പലവട്ടം ചാക്കോച്ഛന്റെ വീടിന്റെ മുന്നിലൂടെ പോയിട്ടുണ്ട്… അനിയത്തി പ്രാവിലേ ചാക്കോച്ഛന്റെ വീട്.. ശാലിനിയുടെ വീട്… ഇതെല്ലാം പിന്നീട് കണ്ടു പിടിച്ചിരുന്നു..24 വർഷം അത് ഇന്നലെ കഴിഞ്ഞ പോലെ!