ചൊവ്വയിൽ ടെസ്ല ഓടിക്കണം അവിടെക്കിടന്ന് മരിക്കണം

132

ഷിന്റോ പോൾ

കഴിഞ്ഞ മാർച്ചിൽ ഇലോൺ മസ്കിനെക്കുറിച്ച് ചെറിയൊരു ഇ-ബുക്ക് പ്രസിദ്ധീകരിച്ചിരുന്നു. അതിലെ സ്‌പേസ് എക്സ് കമ്പനിയെക്കുറിച്ചുള്ള ഭാഗം താഴെ കൊടുക്കുന്നു.

മനുഷ്യരാശിയുടെ നിലനിൽപ്പ് ഭൂമി എന്ന ചെറുഗ്രഹത്തെ മാത്രം ആശ്രയിച്ചായിരിക്കരുത് എന്നാണ് ഇലോൺ മസ്കിന്റെ നിലപാട്. മനുഷ്യൻ ഏകഗ്രഹജീവിയായി ഒതുങ്ങിക്കൂടാ. പകരം വിവിധഗ്രഹജീവിയാകാൻ പരിശ്രമിക്കണം. മൾട്ടിപ്ലാനട്ടറി സ്പീഷിസ് എന്ന വാക്കുപയോഗിച്ചാണ് മസ്ക് എല്ലായിടത്തും മനുഷ്യവംശത്തെ വിശേഷിപ്പിക്കുന്നത്.ഏറ്റവും ചുരുങ്ങിയത് ചൊവ്വാഗ്രഹമെങ്കിലും കീഴടക്കണം. അവിടെ മനുഷ്യവാസം സാധ്യമാക്കണം. ഇനിയൊരു ലോകയുദ്ധമുണ്ടായി, ഭൂമി വാസയോഗ്യമല്ലാത്ത അവസ്ഥയുണ്ടായാലും മനുഷ്യരാശിയുടെ തുടർച്ച സാധ്യമാവണം.ഇതെക്കെയാണ് തീർത്തും ലളിതമായ മസ്കിയൻ സ്വപ്നങ്ങൾ. ഇതൊന്നും നടപ്പുള്ള കാര്യമല്ല എന്ന് വാദിക്കുന്ന നിരവധി ശാസ്ത്രജ്ഞരുണ്ട്. അതൊന്നും മസ്ക് മുഖവിലയ്ക്കെടുക്കുന്നില്ല. ചൊവ്വയിൽ ടെസ്ല ഓടിക്കണം അവിടെക്കിടന്ന് മരിക്കണം എന്നൊക്കെയാണ് അദ്ദേഹം ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിൽ നിന്നും പതിനേഴാം വയസിൽ വെറും കൈയ്യോടെ കാനഡയിലേക്ക് വന്ന ഇലോൺ മസ്ക് ഇന്ന് അമേരിക്കയിലെ അതിസമ്പന്നരിൽ ഒരാളാണ്. 20 ബില്യൻ ഡോളർ കവിയുന്ന സ്വകാര്യസ്വത്ത് ആഗോള സമ്പന്നരുടെ പട്ടികയിലെ നൂറിൽ ഒരാളായി മസ്കിന് ഇടംനേടിക്കൊടുത്തു.പക്ഷേ സമ്പത്തുണ്ടാക്കുക എന്നതായിരുന്നില്ല മസ്കിന്റെ പ്രധാനലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കാനുള്ള കഠിനപരിശ്രമം അദ്ദേഹത്തെ മറ്റുള്ള വ്യവസായസംരംഭകരിൽ നിന്നും വ്യത്യസ്ഥനാക്കുന്നു.ആദ്യത്തെ കമ്പനി വിറ്റ് കുറച്ച് പൈസ കയ്യിൽ വന്ന കാലം മുതൽ ഈ ആഗ്രഹം ശക്തമാവാൻ തുടങ്ങി. ബഹിരാകാശയാത്രയും അതിനുവേണ്ട റോക്കറ്റുകളെപ്പറ്റിയും കിട്ടാവുന്ന വിവരം മുഴുവൻ ശേഖരിച്ചുകൊണ്ടിരുന്നു.PayPal സി.ഇ.ഒ സ്ഥാനത്തു നിന്ന് മാറി നിന്ന സമയത്ത് ഭാര്യയുമൊത്ത് ദക്ഷിണാഫ്രിക്കയിൽ ഹണിമൂൺ ആഘോഷിക്കാൻ അവസരം വന്നത്. ഇക്കാലത്ത് മസ്ക്-ജസ്റ്റീൻ ദമ്പതിമാരുടെ വിവാഹം കഴിഞ്ഞ് കുറച്ച് കാലമായിട്ടുണ്ട്. അവിടെവച്ച് മസ്കിന് ഗുരുതരമായ മലേറിയ പിടിപെട്ടു. മരണത്തെ മുഖാമുഖം കാണാവുന്ന സ്ഥിതിയിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടെങ്കിലും പൂർവ്വസ്ഥിതിയിലെത്താൻ ആറ് മാസം കഴിഞ്ഞു എന്നാണ് പറയുന്നത്.

അവതാരലക്ഷ്യത്തിനു വേണ്ടി പ്രവർത്തിച്ചു തുടങ്ങാൻ കൂടുതൽ പ്രചോദനമായത് ഈ സംഭവമാണ്.നാസയുടെ സൈറ്റിൽ കയറി മാർസ് പ്രോഗ്രാമിന്റെ വിവരങ്ങൾ തിരക്കിയ മസ്കിന് നിരാശയായിരുന്നു ഫലം. അറുപതുകളിലെ ചന്ദ്രയാത്രയ്ക്ക് ശേഷം അമേരിക്കൻ സർക്കാർ ഇതര ബഹിരാകാശ പര്യവേഷണങ്ങൾക്ക് താൽപ്പര്യം കാണിക്കുന്നില്ല എന്ന് മസ്ക് പലരോടും പരിവേദനം പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെ ഇഴഞ്ഞു നീങ്ങിയാൽ ചൊവ്വയിൽ കോളനി സ്ഥാപിക്കൽ ഒരിക്കലും നടക്കാത്ത സ്വപ്നമായി മാറും.ബഹിരാകാശ യാത്രകളുടെ പ്രധാന പ്രശ്നം അതിഭീമമായ ചെലവാണ്. ആ ചെലവ് കുറയ്ക്കണം. ഏറ്റവും കുറഞ്ഞത് സമ്പന്നനായ ഒരാൾക്ക് അയാളുടെ ഭൂമിയിലെ വീടു വിറ്റാലെങ്കിലും ആ തുക കൊണ്ട് ബഹിരാകാശ യാത്ര സാധ്യമാവണം. ചൊവ്വയിൽ ഒരു സെറ്റിൽമെൻറുണ്ടാക്കണമെങ്കിൽ കുറേപ്പേരെ കൊണ്ടുപോകണമല്ലോ. ഒരുപാട് സാധനസാമഗ്രികളും കടത്തിക്കൊണ്ടു പോവണം.

സത്യത്തിൽ അക്കാലത്ത് ഇലോൺ ചേട്ടന് ഈ സംഭവത്തെക്കുറിച്ച് കാര്യമായ ഗ്രാഹ്യമൊന്നും ഉണ്ടായിരുന്നില്ല. എന്നു വച്ച് ആവേശം ഒട്ടും കുറവുമില്ല എന്ന അവസ്ഥ. കൈയ്യിൽ ഏകദേശം 22 മില്യൻ തുട്ട് ചെലവാക്കാൻ ഉണ്ട്. PayPal അതിനോടകം പച്ചതൊടാൻ തുടങ്ങിയിരുന്നല്ലോ. ഒരു വശത്ത് പുതിയ സി.ഇ.ഓ യുടെ കീഴിൽ Ebay PayPal അക്വിസിഷൻ ചർച്ചകൾ നടക്കുന്നു.
അക്കാലത്ത് പഴയ USSR -ന്റെ ഏതാനും പഴയ റോക്കറ്റ് എഞ്ചിനുകൾ വിൽക്കാൻ റഷ്യയിലെ ചില ഇടനിലക്കാർ ശ്രമിക്കുന്നതായി മസ്ക് അറിഞ്ഞു. അവിടെപ്പോയി അത് കടയിൽ നിന്നും അരി വാങ്ങി വരുന്നപോലെ നടപ്പുള്ള സംഭവമല്ല. അതിനുവേണ്ടി മസ്ക് നടത്തിയ ഒരുക്കങ്ങൾ പ്രത്യേക പഠനം അർഹിക്കുന്നു.

ലോസ് ആഞ്ചലസിൽ മാർസ് സൊസൈറ്റി എന്നൊരു സംഘടനയുണ്ടായിരുന്നു. പിൽക്കാലത്ത് നാസയുടെ ചെയർമാൻ ആയ മൈക്കിൾ ഗ്രിഫിൻ തുടങ്ങിവെച്ച ഒന്ന്. വലിയ പണക്കാരും ജയിംസ് കാമറൂണിനെപ്പോലെയുള്ള സിനിമാക്കാരുമൊക്കെ ഉൾപ്പെടുന്ന എലൈറ്റ് ചൊവ്വാപ്രേമികളുടെ ഒരു ക്ലബ്. ഓൺലി ടോപ്പ് ക്ലാസ്. അവരുടെ ഒരു വാർഷിക മീറ്റിംഗിൽ മസ്ക് ഇടിച്ചു കയറിച്ചെല്ലുന്നു. ക്ഷണക്കത്തില്ല. പ്രാഞ്ചിയേട്ടൻ മോഡലിൽ അയ്യായിരം ഡോളർ സംഭാവന വീശി മസ്ക് ഗ്രിഫിനെ കൈയ്യിലെടുക്കുന്നു.

അങ്ങനെ വി.ഐപി ടേബിളിൽ സ്ഥാനം പിടിച്ച മസ്ക് കാമറൂണുമായി തന്റെ ചൊവ്വാ സ്വപ്നങ്ങൾ പങ്കുവെയ്ക്കുന്നു. അവരെയൊക്കെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നു. തന്റെ അടുത്ത സിൽമയ്ക്ക് ഒത്ത ഒരു പ്രൊഡ്യൂസറെ കണ്ട സന്തോഷത്തിൽ കാമറൂൺ മസ്കിന്റെ ചൊവ്വാപ്രഭാഷണം കേട്ടിരിക്കുന്നു.പല മില്യനെയർ വട്ടന്മാരെയും കണ്ടിട്ടുണ്ടെങ്കിലും ഗ്രിഫിന് മസ്കിനെ ബോധിച്ചു. മിനിമം അടിസ്ഥാന ശാസ്ത്ര ബോധമുണ്ട്. അവേശത്തിനാണെങ്കിൽ ഒരു കുറവുമില്ല.അങ്ങനെ പതുക്കെപതുക്കെ മസ്ക് മാർസ് സൊസൈറ്റിയുടെ പ്രസിഡന്റ് പദം ഏറ്റെടുക്കുന്നു. അതിനോടകം സ്ഥലത്തെ പ്രധാന ബഹിരാകാശ വട്ടൻമാരെ മുഴുവൻ പരിചയപ്പെട്ടു കഴിഞ്ഞു. ഗ്രിഫിൻ ബഹിരാകാശ മേഖലയിൽ അറിയപ്പെടുന്ന വിദഗ്ദനാണ്. കൂട്ടത്തിൽ സി.ഐ.എയുടെ ഒരു വിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

പണ്ടുകാലത്ത് റഷ്യയിൽ ചാരപ്പണി ചെയ്തു പരിചയമുള്ള ഒരാളെ ഗ്രിഫിൻ മസ്കിന് പരിചയപ്പെടുത്തി. റഷ്യക്കാരുമായി നേരിട്ട് ഇടപാടിന് പോയാൽ പണി കിട്ടും. അതുകൊണ്ട് ഈ പാർട്ടിയേയും കൂട്ടി ഗ്രിഫിനും മസ്കും റഷ്യയിൽ പോയി. ഒന്നല്ല മൂന്നു തവണ. അവർക്ക് മൂന്ന് റോക്കറ്റ് കൊടുക്കാനുണ്ട്. ഒന്നിന് എട്ടു മില്യൻ വെച്ച് മൂന്നെണ്ണം എടുത്തോളാൻ റഷ്യക്കാർ. നാലുമില്യന് എടുക്കാം എന്ന് മസ്ക്. കണ്ടാൽ ചെറുപയ്യനെപ്പോലിരിക്കുന്ന മുപ്പതുകാരൻ മസ്കിനെ റഷ്യക്കാർ ചെറുതായി ആട്ടി. മസ്ക് ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

വരുന്ന വഴിക്ക് ഫ്ലൈറ്റിൽ ഗ്രിഫിനും ചാരവല്യപ്പനും കൂടെ രണ്ടെണ്ണം അടിച്ച് ചില്ലായി ഇരിക്കുമ്പ മസ്ക് ലാപ്പ്ടോപ്പിൽ ഒരു സ്പ്രെഡ്ഷീറ്റെടുത്ത് ഇവരെ കാണിക്കുന്നു. റോക്കറ്റ് ഉണ്ടാക്കാൻ വേണ്ട പാർട്ട്സിന്റെ ഫുൾ ഡാറ്റ. ലോകരാജ്യങ്ങൾ കോടിക്കണക്കിന് പണം വാരിയെറിഞ്ഞ് ഉണ്ടാക്കുന്ന ഈ യന്ത്രങ്ങൾ അതിന്റെ ചെറിയ ഒരംശം ചെലവിൽ ഉണ്ടാക്കാം എന്നാണ് മസ്കിന്റെ വാദഗതി.
ഇവന് ചെറിയ വട്ടൊന്നുമല്ലല്ലോ എന്ന ഭാവത്തിൽ ആദ്യം ഗ്രിഫിൻ മൈൻഡ് ചെയ്തില്ല. പിന്നീട് സംഭവം വിശദമായി പരിശോധിച്ച ഗ്രിഫിന് കാര്യം ബോധ്യപ്പെട്ടു. ലിസ്റ്റ് കൃത്യമാണ്. മസ്ക് ശരിക്കും റോക്കറ്റ് നിർമ്മാണത്തിന് കമ്മിറ്റഡ് ആണ് എന്ന് ഗ്രിഫിൻ തിരിച്ചറിഞ്ഞു.
ടോം മുള്ളർ എന്ന റോക്കറ്റുവിദഗ്ദനെ മസ്കിന് പരിചയപ്പെടുത്തിയതും ഗ്രിഫിൻ ആണ്. TRW എന്ന സ്പേസ് കമ്പനിയുടെ പ്രൊപ്പെൽഷൻ എഞ്ചിനീയർ ആയി ദീർഘകാലം പണിയെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെ കൂട്ടിയാണ് മസ്ക് SpaceX തുടങ്ങി വെയ്ക്കുന്നത്. ആദ്യപടി റോക്കറ്റ് നിർമ്മാണം ആണെങ്കിലും കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം ചൊവ്വാ കോളണൈസേഷൻ ആണ്.

ലോകരാജ്യങ്ങൾ സഹസ്രകോടികളുടെ ബഡ്ജറ്റ് ഒഴുക്കി റോക്കറ്റ് നിർമ്മാണം നടത്തുന്ന മേഖലയിൽ തന്റെ ആജീവനാന്ത സമ്പാദ്യം മുഴുവൻ പന്തയം വെച്ചു കൊണ്ടാണ് മസ്ക് ഇറങ്ങിയത്. മുള്ളർ ഒഴികെ ഈ മേഖലയിൽ ജോലി പരിചയമുള്ള അധികം പേർ കൂടെയില്ല. പ്രമുഖ കോളേജുകളിൽ നിന്ന് ഏയ്റോസ്പേസ് എഞ്ചിനിയറിംങ്ങ് പഠിച്ചിറങ്ങുന്ന മിടുക്കൻമാരെ വലവീശിപ്പിടിക്കുക എന്നതാണ് രീതി. കുഞ്ഞിലേ കളിപ്പാട്ടങ്ങളും റോക്കറ്റുമൊക്കെ ഉണ്ടാക്കി നടന്ന പിള്ളാർക്ക് പ്രത്യേക പരിഗണന കൊടുക്കും. റോക്കറ്റ് നിർമ്മാണത്തിൽ തന്റെ അതേ അളവിൽ ആവേശം പ്രദർശിപ്പിക്കുന്നവരെ മാത്രം തെരെഞ്ഞ് പിടിക്കും.ശമ്പളത്തിന്റെ കാര്യത്തിൽ വലിയ ആർഭാടമൊന്നുമില്ല. തുടക്കത്തിലെ ജോലിക്കാർ സ്റ്റേഷനറി കടയിൽ പോയി അവരവർക്ക് ഇരിക്കാനുള്ള കസേരയും മേശയുമൊക്കെ വാങ്ങി വരണമായിരുന്നു എന്നാണ് പറയുന്നത്.

റോക്കറ്റിൽ ഉപയോഗിക്കുന്നത് സ്പേസ് ഗ്രേഡ് ഇലക്ട്രോണിക് കമ്പോണെന്റ്സ് ആയിരിക്കണം എന്നാണ് നാട്ടുനടപ്പ്. ഉദാഹരണത്തിന് സാദാ കപ്പാസിറ്ററിന് ഒരു ഡോളർ ആണെങ്കിൽ സ്പേസ് ഗ്രേഡ് കപ്പാസിറ്ററിന് 1000 കൊടുക്കണം. ഇതിന്റെ ആവശ്യമില്ല എന്നതായിരുന്നു മസ്കിന്റെ നയം. ഇക്കാലത്തെ സാദാ ഇലക്ട്രോണിക്ക് കോമ്പണെന്റുകളുടെ ഗുണനിലവാരം വർദ്ധിച്ച് പഴയ സ്പേസ് ഗ്രേഡ് കോമ്പണന്റുകളുമായി കിടപിടിയ്ക്കാറായിട്ടുണ്ട് എന്നായിരുന്നു മസ്കിന്റെ പക്ഷം.റോക്കറ്റ് നിർമ്മാണരീതി അക്കാലത്തെ പുതിയ സോഫ്റ്റ് വെയർ സ്റ്റാർട്ടപ്പ് കമ്പനികളിൽ നിലനിന്നിരുന്ന കുത്തഴിഞ്ഞ മാതൃകയിൽ ആയിരുന്നു. ഇന്ന് ഇത് അജൈൽ മോഡൽ എന്ന് അറിയപ്പെടുന്നു. എല്ലാം ഒരു പരീക്ഷണം എന്ന മട്ടിലാണ് കാര്യങ്ങൾ. നടന്നാൽ നടന്നു. പൊട്ടിയാൽ വീണ്ടും പണിയും. വീണ്ടും പൊട്ടും. കൃത്യമായ രൂപരേഖയൊന്നും ഉണ്ടാവില്ല. പൊളിച്ചുപണിഞ്ഞ് പൊളിച്ചുപണിഞ്ഞ് മുന്നേറും.

ഈ മാതൃകയിൽ 2003 മുതൽ Falcon-1 റോക്കറ്റിന്റെ നിർമ്മാണ പരീക്ഷണങ്ങൾ പുരോഗമിച്ചു. ആദ്യ ലോഞ്ചിങ്ങ് പൊട്ടി. പറന്ന് പൊങ്ങിയ സംഭവം വൈകാതെ തീപിടിച്ച് പൊട്ടിത്തകർന്നുവീണു. ഇന്ധന ടാങ്ക് ലീക്കായതാണ്. മസ്ക് ഏൻഡ് പാർട്ടി പുതിയ റോക്കറ്റ് പണി തുടങ്ങി. അടുത്ത ലോഞ്ചിങ്ങ്. പിന്നെയും പരാജയം.മസ്കിന്റെ കീശ കാലിയായിത്തുടങ്ങി. പക്ഷേ ആവേശത്തിന് ഒട്ടും കുറവില്ല. എന്റ ഐഡിയ ആയിപ്പോയി. നിന്റെയിഡിയ ആയിരുന്നെങ്കിൽ… എന്ന ഭാവത്തിൽ പുറമേയ്ക്ക് സമ്മർദ്ദം പ്രദർശിപ്പിക്കാതെ മൂന്നാമതും പണിതുടങ്ങിക്കോളാൻ മസ്ക് നിർദേശം കൊടുത്തു.അങ്ങനെ നിർണ്ണായകമായ മൂന്നാം ലോഞ്ചിങ്ങ് സമയമായി. ജീവനക്കാർ 20മണിക്കൂർ ജോലി ചെയ്യുന്നു. മസ്ക് 23 മണിക്കൂറും. അതിശയോക്തി ആണെങ്കിലും യാഥാർത്യം അത്ര വ്യത്യസ്തമായിരുന്നില്ല. ഒടുവിൽ ലോഞ്ചിങ്ങിന്റെ സമയമായി. സംഭവം പൊങ്ങി. പക്ഷേ വൈകാതെ തകർന്ന് താഴെ വീണു.

ഒരു ജോലിക്കാരൻ ലോഞ്ചിങ്ങിന്റെ തലേന്ന് നട്ട് മുറുക്കിയത് ശരിയായിരുന്നില്ലെന്നും അതുകൊണ്ടാണ് സംഭവം പരാജയപ്പെട്ടതെന്നുമുള്ള രീതിയിൽ മസ്ക് പറഞ്ഞതായി പത്രവാർത്ത വന്നു. മുള്ളറുടെ കീഴിൽ ഏറ്റവും ആത്മാർത്ഥമായി ജോലി ചെയ്തു പോന്ന ജെറമി ഹോൾമാൻ എന്ന ആൾറൗണ്ടറും പ്രതിഭാശാലിയുമായ എഞ്ചിനിയറെയായിരുന്നു മസ്ക് കുറ്റപ്പെടുത്തിയത്. തുടർന്ന് ഹോൾമാൻ ഇതേക്കുറിച്ച് മസ്കിനെ ചോദ്യം ചെയ്തു. നട്ട് മുറുക്കിയത് നാസ നിരിക്ഷകന്റെ മേൽനോട്ടത്തിലായിരുന്നെന്നും തനിക്ക് പിഴവു പറ്റിയിട്ടില്ലെന്നും ഹോൾമാൻ ഉറപ്പിച്ചു പറഞ്ഞു. വാക്കേറ്റമായി. അവസാനം ഹോൾമാൻ രാജിവെച്ചു പോവേണ്ട സ്ഥിതിയുണ്ടായി.
നട്ട് മുറുക്കിയതിലെ പിഴവല്ല പ്രശ്നഹേതു എന്ന് പിന്നീട് മനസിലായി. ഭാരം കുറയ്ക്കാൻ അലൂമിനിയം ബോഡി പാർട്ട്സ് ഉപയോഗിച്ചതിലായിരുന്നു പിശകിയത്. ഈ സംഭവം മസ്കിന്റെ മാനേജ്മെന്റ് ശൈലിയുടെ മനുഷ്യത്വരഹിതമായ ഒരു മുഖം വെളിവാക്കുന്നുണ്ട്.

ഹോൾമാൻ ആയിരുന്നു അതുവരെയുള്ള മൂന്ന് പരീക്ഷണ റോക്കറ്റുകളുടേയും നിർമ്മാണത്തിലെ കേന്ദ്രബിന്ദു. മൂന്നാം പരീക്ഷണത്തിനു കുറച്ചു കാലം മുമ്പ് ഇങ്ങേരുടെ വിവാഹത്തിന് തിയതി നിശ്ചയിച്ചിരുന്നു. ഇതറിഞ്ഞ മസ്ക് ഇത് മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് ഹോൾമാൻ. മസ്ക് വീണ്ടും നിർബന്ധിച്ചു നോക്കി. താങ്കളുടെ മുഴുവൻ സ്വത്ത് എനിക്കു തന്നാലും തീരുമാനം മാറ്റില്ലെന്ന് ഹോൾമാൻ അന്ന് തീർത്തുപറഞ്ഞിരുന്നു.ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ എന്ന് ഈ സംഭവത്തോടെ തീരുമാനിച്ചിരിക്കണം.
സിംഗിൾ പോയിന്റ് ഓഫ് ഫെയിലിയർ – അത് യന്ത്രമായാലും മനുഷ്യനായാലും റിസ്ക് ആണ്.പരീക്ഷണങ്ങളൊക്കെ പരാജയമാണെങ്കിലും, ഈ സമയത്തോടെ SpaceX രാജ്യവ്യാപകമായി ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു.

2008 ആയി. ആഗോള സാമ്പത്തിക മാന്ദ്യം ഒരു വഴിക്ക്. അതിനുള്ളിൽ ടെസ്ല കമ്പനി തുടങ്ങി നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുന്നു. കുട്ടികൾ അഞ്ച്. ആദ്യത്തെ കുഞ്ഞ് ആഴ്ചകൾ പ്രായമുള്ളപ്പോൾ മരിച്ചു. പിന്നാലെ ഇരട്ടകൾ . അതിനുപുറകേ മുരട്ടകൾ (ട്രിപ്പ് ലെറ്റ്സ്). കുടുംബപ്രശ്നങ്ങൾ. ജസ്റ്റീനുമായി വിവാഹമോചനം പിന്നാലെ. ജസ്റ്റീന് താമസിച്ച വീടും കുറേ പണവും കൊടുക്കേണ്ടി വന്നു.
ചുരുക്കത്തിൽ കേറിക്കിടക്കാൻ വീടില്ലാത്ത കോടീശ്വരൻ. ഓരോ ദിവസവും സുഹുത്തുക്കളുടെ വാതിലിൽ മുട്ടേണ്ടേ ദുരവസ്ഥ. മോഹിച്ച് വാങ്ങിയ മക്ലാരെൻ F1 വരെ വിറ്റ് നാലാമത്തെ ഫാൽക്കൺ – 1 പരീക്ഷണം.ഇതും കൂടി പൊളിഞ്ഞാൽ SpaceX അടച്ചുപൂട്ടേണ്ടി വരും. പക്ഷേ ബഹിരാകാശദേവത കനിഞ്ഞു. നാലാം പരീക്ഷണം വിജയിച്ചു. ഒരു സ്വകാര്യ കമ്പനി ഉണ്ടാക്കിയ റോക്കറ്റ് വിജയകരമായി ഭൂമിയുടെ ഭ്രമണപഥം തൊട്ടു.

പിന്നാലെ നാസയുടെ 1.5 ബില്യൻ തുകയുടെ ഓർഡർ SpaceX നേടി. അതിനു ശേഷം ഇതുവരെ മസ്കിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആദ്യ പരീക്ഷണങ്ങൾ പരാജയമാണെങ്കിലും ഇന്ന് ശരാശരി 90 ശതമാനത്തിൽ അധികം വിജയകരമായി ലോഞ്ചിങ്ങ് നടത്തുന്ന കമ്പനിയായി ചുരുങ്ങിയ കാലത്തിനുള്ളിൽ വളർന്നു. നിരവധി രാജ്യങ്ങളും സ്വകാര്യകമ്പനികളും ഉപഗ്രഹവിക്ഷേപണത്തിനായി ഇവരെ ആശ്രയിക്കുന്നു. കമ്പനിയുടെ മൂല്യം 22 ബില്യൺ ആയി ഉയർന്നു.അടുത്തയിടെ, ഒന്നിലധികം തവണ ഉപയോഗിക്കാവുന്ന Falcon-9 റോക്കറ്റ് പരീക്ഷിച്ചു. കൃത്യമായി തിരിച്ചുവന്ന അതേ റോക്കറ്റ് വീണ്ടും വിക്ഷേപിച്ച് ഭദ്രമായി തിരിച്ചുവന്നു.വിമാനങ്ങൾ ഓരോ യാത്രയ്ക്കു ശേഷവും ഡിസ്പോസ് ചെയ്യേണ്ട അവസ്ഥയായിരുന്നുവെങ്കിൽ ഇന്നത്തെ വിമാനയാത്രാ ചെലവ് എത്രയാകുമായിരുന്നു? ബഹിരാകാശയാത്രകളുടെ ചെലവുകുറയാൻ റോക്കറ്റുകൾ കടലിൽക്കളയുന്ന പഴയ രീതി സഹായിക്കില്ല. അതാണ് റീ യൂസബിൾ റോക്കറ്റുകളുടെ പ്രാധാന്യം.

SpaceX കമ്പനിയുടെ ഓരോ വളർച്ചാഘട്ടത്തിലും മസ്കിന്റെ ചൊവ്വായാത്രാ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നതായി കാണാം. അതിനായി മസ്ക് എടുത്ത റിസ്ക് ഈ നൂറ്റാണ്ടിൽ ആരും ധൈര്യപ്പെടാത്ത ഗണത്തിലുള്ളതാണ്.ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെ കഠിനാധ്വാനം ചെയ്യാനും ചെയ്യിക്കാനും കഴിവുള്ളവർക്ക് വേണമെങ്കിൽ ലോകം മാറ്റിമറിക്കാം എന്ന് കാണാം.

ഇ-ബുക്കിന്റെ പൂർണരൂപം ഇവിടെ വായിക്കാം :

Elon Musk ver 0.3.pdf