ആരും ഒന്നും സുരക്ഷിതമല്ല, രാജ്യം നിയന്ത്രിക്കുന്ന വലിയ മുതലാളിമാരൊഴികെ!

  292

  ഷിനു സുകുമാരൻ

  ഞാനുമൊരു കാഷ്വൽ ജീവനക്കാരനായിരുന്നു. നാലരവർഷം, BSNL ൽ തന്നെ! അന്ന് ടെലികോം BSNL ആയി രൂപാന്തരപ്പെടുന്നതേയുള്ളൂ.വീട്ടിലെ സാമ്പത്തിക അരക്ഷിതാവസ്ഥയിലും ദാരിദ്ര്യത്തിലും യൗവ്വനാരംഭത്തിൽ തന്നെ താങ്ങാവാൻ കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു അപ്പോൾ. ലാൻഡ് ഫോൺ കണക്ഷന് വേണ്ടി നാട്ടാരൊക്കെ MP/ MLA മാരെക്കൊണ്ട് ശിപാർശ ചെയ്യിപ്പിക്കാൻ നാലും തുനിഞ്ഞ് നടക്കണ സമയം! ഉടൻ കണക്ഷന് പതിനായിരം രൂപ അടക്കേണ്ട കാലം! ലാൻഡ് ഫോൺ കണക്ഷൻ സാർവ്വത്രികമാകുന്നു. കമ്യൂണിക്കേഷൻ വിപ്ലവം!

  രാജ്യത്തിന്റെ ഏറ്റം ഭാവിയുള്ള പൊതുമേഖലാ കമ്പനിയായി BSNL മാറുമെന്ന മോഹന പ്രതീക്ഷകളാണ് അന്തരീക്ഷത്തിൽ! കഴിവുറ്റ ചെറുപ്പക്കാരായ എഞ്ചിനിയർമാർ മറ്റു തൊഴിലിടങ്ങളിൽ നിന്നും ജോലി ഉപേക്ഷിച്ച് BSNL JTOമാരും SDEമാരുമായി! വസ്തുവകകളും കൂറ്റൻ കെട്ടിടങ്ങളും നൂതന സാങ്കേതിക സംവിധാനങ്ങളുമായി നാട്ടിലൊക്കെ ടെലിഫോൺ എക്സേഞ്ചുകൾ നെഞ്ചുവിരിച്ചു. ‘ഇനി കമ്യൂണിക്കേഷൻ യുഗമല്ലേ, BSNL വളർന്ന് പന്തലിക്കും, നീ ഇതിൽ പിടിച്ച് നിന്നോ, രക്ഷപ്പെട്ടോളുമെന്ന്’ വേണ്ടപ്പെട്ടോരും സഹപ്രവർത്തകരും. കാഷ്വൽ ജീവനക്കാരെന്ന പേരിൽ കരാർ തൊഴിലാളികൾ സുന്ദര സുരഭില ഭാവി സ്വപ്നം കണ്ട് രാപ്പകൽ അധ്വാനിച്ചും സംഘടിച്ചും സ്ഥാപനത്തിനൊപ്പം നിന്നു.

  ആപത്ത് കാലത്ത് താല്ക്കാലികമെങ്കിലും ഒരവസരം തന്ന് സഹായിച്ച ചേട്ടൻ പക്ഷേ പറഞ്ഞു, ‘ഇത് നിന്റെ ഇടത്താവളം മാത്രം, യോഗ്യമായ ജോലിക്ക് ശ്രമിച്ച് രക്ഷപ്പെട്ടോണം, ഇത് ആളിക്കത്തുന്ന തീയാണ്, അണയും അണയ്ക്കും’. അപ്പോഴും ചുറ്റും നോക്കുമ്പോൾ പത്തിരുപത് വർഷം കരാറായും കാഷ്വലായും വിയർപ്പൊഴുക്കിയ സഹപ്രവർത്തകരായ പാവങ്ങൾ പ്രതീക്ഷയോടെ അധ്വാനിക്കുന്നു, പോകാൻ മറ്റൊരിടമോ ഇനിയൊരങ്കത്തിന് ബാല്യമോ ഇല്ലാത്തവർ. തുച്ഛമെങ്കിലും സ്ഥിരമായൊരു വേതനത്തിന്റെ സമാശ്വാസത്തിൽ എല്ലാവരും ആനന്ദിച്ചു കൊണ്ട്, കേരള സർക്കാറിൽ മറ്റൊരു ജോലി ലഭിച്ച എന്നെ സമ്മാനവും നല്കി യാത്രയാക്കി.

  ഒന്നര ദശകങ്ങൾ വേഗത്തിൽ പോയി! പഴയ സഹപ്രവർത്തകർ പലരേയും കാണുമായിരുന്നു, പൊരിവെയിലത്തും പെരുമഴയത്തും വഴിവക്കിലെ കേബിൾ കുഴികളിൽ, ടെലിഫോൺ എക്സേഞ്ചിന്റെ ആളൊഴിഞ്ഞ കെട്ടിടങ്ങൾക്കുള്ളിൽ, BSNL ആഫീസുകളിൽ! തുച്ഛമായ വേതനം പോലും കടം പറയുന്ന രാജ്യത്തിന്റെ അഭിമാനമായ വലിയ സ്ഥാപനത്തിന്റെ ദയനീയതയെപ്പറ്റി പറഞ്ഞു. സ്ഥിരത പോയിട്ട്, ആ നക്കാപ്പിച്ച മാസാമാസം കിട്ടാത്തതിന്റെ ആവലാതികളുടെ കെട്ടഴിച്ചു. പെൻഷൻ പറ്റിയ സ്ഥിരം ജീവനക്കാർ പോലും പെൻഷൻ തുക കിട്ടാതെ മരുന്ന് വാങ്ങാനാവാത്ത ദുരന്തം പറഞ്ഞ് കരഞ്ഞു.

  അതിലൊരാളാണ് പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ കടം പറയാത്ത ലോകത്തിലേക്ക് സ്വയം ടിക്കറ്റെടുത്ത് പോയ കുന്നത്ത് രാമകൃഷ്ണൻ! തൊഴിൽ അയാളുടെ അന്തസ്സും ആറായിരം രൂപ അയാളുടെ അവകാശവുമായിരുന്നു. പുതിയ കാലത്ത് നമുക്കറിയാം ആരും ഒന്നും സുരക്ഷിതമല്ല, രാജ്യം നിയന്ത്രിക്കുന്ന വലിയ മുതലാളിമാരൊഴികെ! എല്ലാ തൊഴിലിടങ്ങളിലും ഈ അരക്ഷിതാവസ്ഥ എപ്പോഴും കടന്നു വരാം. അതിജീവനത്തിന് ആത്മഹത്യയല്ലാത്ത പാoങ്ങൾ പഠിച്ച് വയ്ക്കണം. തൊഴിലെടുക്കാനും ജീവിക്കാനും അവകാശമുണ്ടെന്ന ബോധ്യത്തിൽ ഉറച്ചു നില്ക്കണം! സംഘടിതരും അസംഘിടതരും ഒന്നിച്ച് സംഘടന കൊണ്ട് ശക്തരാകട്ടെ! മനുഷ്യന്റെ ആത്മാഭിമാനവും അന്തസും ജീവിക്കാനുള്ള അവകാശവും തുടരട്ടെ!!

  ഷിനു സുകുമാരൻ