“നമ്മളിപ്പോൾ ഒരു സന്തുഷ്ട കാൻസർ കുടുംബമായി” ,കാൻസർ ബാധിച്ചതറിഞ്ഞ തന്റെ ഭാര്യയെ ഇങ്ങനെ ആശ്വസിപ്പിക്കാൻ,ഒരാൾക്കേ കഴിയൂ

0
297

Shiny Joseph

“ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ പല തരത്തിൽ സഹായിക്കാം. സാമ്പത്തികമായും, താങ്ങായി നിന്നും, ആശ്വാസവാക്കുകൾ പറഞ്ഞും പലവിധത്തിൽ. എനിക്ക് മനുഷ്യനെ സഹായിക്കാൻ ഒരു മാർഗമേയുള്ളു, ചിരി…”
കാലങ്ങളായി മലയാളിയെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനാണിത് പറയുന്നത്. ജീവിതത്തിന്റെ ഏറ്റവും ദുർഘടമായ, ഇരുൾ വഴികളിൽ, ആ ചിരി തനിക്കും മറ്റുള്ളവർക്കും പ്രകാശമായ കഥ പറയുകയാണ്, പ്രിയങ്കരനായ ഇന്നസെന്റ് തന്റെ കൊച്ചു പുസ്തകത്തിലൂടെ.

പ്രതിസന്ധികൾ ഉടലെടുക്കുമ്പോൾ, വെല്ലുവിളികൾ ഉയരുമ്പോൾ,അപ്രതീക്ഷിത വഴിത്തിരിവുകളിൽ എത്തിച്ചേരുമ്പോൾ…, അങ്ങനെ ജീവിതനദിയുടെ സുഗമമായ ഒഴുക്ക് നിലയ്ക്കുമ്പോൾ, ഏതൊരാളും ആദ്യമൊന്ന് അമ്പരക്കും, തന്നാലാവും പോലെ പ്രതിരോധിക്കും,പ്രതീക്ഷയറ്റ് വിഷാദത്തിലാവും, മരവിപ്പിലാണ്ട് കീഴടങ്ങും.

മറ്റെല്ലാവരെയും പോലെ മഹാരോഗങ്ങൾ തനിക്കുള്ളതല്ല എന്ന് വിശ്വസിച്ച് ജീവിച്ചിരുന്ന ഒരാൾ, തന്നെയും, അതിന് ശേഷം ഭാര്യയെയും പിടികൂടിയ രോഗത്തെ, ആദ്യമൊന്ന് പതറിയെങ്കിലും,ചിരിച്ചു തോൽപ്പിച്ച കഥ സ്വത സിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞു പറയുമ്പോൾ, അങ്ങേയറ്റം പരിചിതമായ ശൈലിയിലും ശബ്ദത്തിലും ആ അക്ഷരങ്ങൾ നമ്മൾ കേൾക്കുമ്പോൾ, മികച്ചൊരു വായനാനുഭവം എന്നതിലുപരി, പലർക്കും അതൊരു അതിജീവന വഴിയാണ്. ജീവിതത്തിനായി ദാഹിക്കുന്നവർക്ക്, ജീവിതത്തെ സ്നേഹിച്ചൊരാളുടെ അനുഭവസാക്ഷ്യമാണ്.

“ആലിസ് കാൻസർ പകരും എന്ന് ഇനി നമുക്ക് പേടിക്കണ്ട. പിന്നെ ടെസ്റ്റ്‌ ചെയ്തിട്ട് രോഗം ഇല്ലെങ്കിൽ കാശ് പോവില്ലേ എന്നെ നിന്റെ പേടിയും ഇനി വേണ്ട. കൊടുത്ത കാശ് ഇപ്പോൾ വസൂലായില്ലേ. അതിന് ദൈവത്തോട് നന്ദി പറയ്. നമ്മളിപ്പോൾ ഒരു സന്തുഷ്ട കാൻസർ കുടുംബമായി…”

കാൻസർ ബാധിച്ചതറിഞ്ഞ തന്റെ ഭാര്യയെ ഇങ്ങനെ ആശ്വസിപ്പിക്കാൻ,ഒരാൾക്കേ കഴിയൂ… അയാൾക്ക് തന്നെയേ അങ്ങേയറ്റം വിപരീത ദിശയിലുള്ള രണ്ട് പദങ്ങൾ ചേർത്തുവച്ചൊരു തലകെട്ടിൽ ഇത്തരമൊരു കുറിപ്പെഴുതാനാകൂ…
കാൻസർ വാർഡിലെ ചിരി ♥♥