രാഗീത് ആർ ബാലൻ
ശിവൻകുട്ടി 💔
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്ന് ഭ്രമരത്തിലെ ശിവന്‍കുട്ടി ആണ്.വളരെ ഏറെ ലെയറുകൾ ഉള്ള ഒരു കഥാപാത്രം.. ഓരോ തവണ കാണുമ്പോഴും ഒരുപാട് ആഴമുള്ള ഒരു കഥാപാത്രം ആണെന്ന തോന്നൽ ഉണ്ടാക്കുന്ന എന്തോ ഒരു തരം മാജിക് ശിവൻകുട്ടിക്ക് ഉണ്ട്. ചിന്തകളും പ്രവര്‍ത്തികളും എല്ലാം നിഗൂഢതയാൽ പൊതിഞ്ഞെടുത്ത കഥാപാത്രം..Royal Calmness ഉള്ള ഒരു കഥാപാത്രം..നിഗൂഢതകളുടെ താഴ് വാരത്തിൽ ആണ് അയാളുടെ ജീവിതം.. പോയ കാലം സമ്മാനിച്ച നഷ്ടങ്ങളുടെയും വേർപാടുകളുടെയും അവഗണനകളുടെയും മെന്റൽ ട്രോമയിൽ ജീവിക്കുന്ന മനുഷ്യൻ ആണ് ശിവൻ കുട്ടി.
ശിവൻകുട്ടിയുടെ കുട്ടിക്കാലം മുതൽ ഉള്ള കയ്പേറിയ അനുഭവങ്ങളും.. അതിനെ തുടർന്ന് ഉണ്ടായ മാനസിക സംഘർഷങ്ങളുടെ ബാക്കി പത്രം മാത്രമാണ് അയാളുടെ ആ ഒരു അവസ്ഥക്ക് കാരണക്കാരായവരിലേക്ക് അയാളെ എത്തിക്കുന്നത് പോലും .ശിവൻകുട്ടിയുടെ കുട്ടികാലത്തു സംഭവിക്കുന്ന കൂട്ടുകാരിയുടെ മരണവും ആ ദുരന്തത്തിന് അറിഞ്ഞോണ്ട് അല്ലെങ്കിൽ പോലും കുറ്റം ശിവൻ കുട്ടിക്ക് മേൽ ആരോപിക്കപ്പെടുന്നു അതിന്റെ പേരിൽ കാലങ്ങളോളം അയാൾ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്..ആ കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ ജീവിത കാലം മുഴുവൻ ശിവൻ കുട്ടിയെ വേട്ടയാടുന്നു.. ആരെയും ശിവൻ കുട്ടി കൊന്നിട്ടില്ല എല്ലാരും കൂടെ അയാളെ അങ്ങനെ ആക്കി തീർത്തതാണ്..വക്കിലിനോടും കോടതിയോടും പോലീസിനോടും എല്ലാം അയാൾ സത്യം വിളിച്ചു പറഞ്ഞതാണ് ലോകത്ത് ആരും അയാൾ പറഞ്ഞത് വിശ്വാസിച്ചില്ല.
ഇരുപത്തി ഒന്നാം വയസ്സിൽ ജുവനൈൽ ഹോമിൽ നിന്നും ഇറങ്ങുമ്പോൾ അയാളുടെ അമ്മയും ചേച്ചിയും ഉള്ളതെല്ലാം വിറ്റ് പെറുക്കി ഏറ്റുമാനൂരിൽ നിന്നും നേര്യമംഗലത്തേക്ക് പോയിരുന്നു..പക്ഷെ അവിടെയും ആളുകൾ ശിവൻ കുട്ടിയെ തിരിച്ചറിയാൻ തുടങ്ങി.. കൊലപാതകി എന്നത് തലയിൽ എഴുതി ഒട്ടിച്ച ഒരു ലേബൽ ആണ്.. അത് മരിക്കുവോളം ഉണ്ടാകും..പിന്നെ ഒരു ഓട്ടമായിരുന്നു ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്ക് ആരും തിരിച്ചറിയാത്ത മറ്റൊരു സ്ഥലത്തു പുതിയ പേരും നാളെല്ലാം മാറ്റി പുതിയൊരു ആളായി ശിവൻകുട്ടി അങ്ങനെ പൊരി ചോല കാർക്ക് ഡ്രൈവർ വിഷ്ണു ആയി.. അയാളുടെ ഭാര്യയുടെയും മകളുടെയും മുൻപിൽ പോലും അയാൾ വിഷ്ണു ആയിരുന്നു.ഒരു നാട്ടിന്‍ പുറത്തുകാരൻ ജീപ്പ് ഡ്രൈവറുടെ എല്ലാ മാനറിസങ്ങളും ശിവന്‍കുട്ടിയിലുണ്ടായിരുന്നു.. പല രംഗങ്ങളിലും അയാള്‍ പറയുന്ന ഡയലോഗുകളില്‍ പോലും അത് പ്രതിഫലിച്ചിരുന്നു…
“ആശാനെ ഹൗസിങ്ങിന്‍റെ പല്ല് തേഞ്ഞിരിക്കാണെന്ന് തോന്നുന്നു..അതാ അവന്‍റെ ആക്സിൽ കിടന്ന് അടിക്കുന്നെ..ഞാനൊന്ന് പോയി മുറിക്കീട്ട് വരാം..”… ബാറിൽ ഉണ്ടാകുന്ന ഒരു അടിപിടിക്കു മുന്നോടി ആയി ശിവൻ കുട്ടി പറയുന്ന ഡയലോഗ് ആണ് ഇതു.ശെരിക്കും ഭ്രമരം എന്നാൽ “വണ്ട്” എന്നാണ് അർത്ഥം വരുന്നത് മൂളിക്കൊണ്ട് ലക്ഷ്യമില്ലാതെ പറന്നു നടക്കുകയും എങ്ങും എത്തിച്ചേരാൻ പറ്റാതെ നിലത്തു വീണു പോകുകയും പിന്നെയും ലക്ഷ്യമില്ലാതെ പറന്നു നടക്കുകയും ചെയ്യുന്ന വണ്ട് തന്നെ ആണ് ശിവൻകുട്ടിയും.. എങ്ങോട്ടന്നു ഇല്ലാതെ പാറി പറന്നു എങ്ങും എത്താൻ പറ്റാതെ ഭൂതകാല സ്മരണകളിൽ ജീവിക്കുന്ന മനുഷ്യൻ. അയാൾ സഞ്ചരിക്കുന്ന മാനസികവസ്ഥ മറ്റൊരാൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ പറ്റുന്ന ഒന്നല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. പലതിനും ശിവൻ കുട്ടിക്ക് വ്യക്തമായ ഒരു ഉത്തരം നൽകാൻ പോലും ഉണ്ടാകുകയില്ല.സിനിമയിൽ പല രംഗങ്ങളിലും ഒരു വണ്ടിന്റെ മൂളൽ കേൾക്കാൻ സാധിക്കും ഒരു പക്ഷേ ശിവൻ കുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ ആഴം ആകാം ആ വണ്ടിന്റെ മൂളൽ കൊണ്ട് ബ്ലസ്സി ഉദേശിച്ചത് പോലും .ക്ലൈമാക്സിൽ രംഗത്തിൽ തന്റെ മരിച്ചു പോയ ഭാര്യയേയും മകളെയും അടക്കിയ മണ്ണിൽ ഇരുന്നു കരയുന്ന ശിവൻകുട്ടിയുടെ ചുറ്റിനും ആ “വണ്ട് ” വട്ടമിട്ടു കറങ്ങി മൂളുന്നുണ്ട്..അവസാനം സുഹൃത്തു ആയ ഉണ്ണികൃഷ്ണന്റെ കൈകളിൽ ശിവൻകുട്ടി അയാളുടെ മകളുടെ പ്രിയപ്പെട്ട നായകുട്ടിയെ ഏല്പിച്ചു പറയുന്നുണ്ട്
“രണ്ടിനെയും കൊന്നു കുഴിച്ചു മുടനാ ഞാൻ ഇവിടെ കൊണ്ട് വന്നത്..പക്ഷെ അതിനു മുൻപ് എല്ലാം ഏറ്റു പറഞ്ഞു നിങ്ങൾ കീഴടങ്ങി..ഇനി എന്തിനാ പോ.. പോ.. എന്റെ മനസ്സ് മാറുന്നതിനു മുൻപ് എങ്ങോട്ടന്ന് വെച്ച പോയി രക്ഷപെട്ടോ.. അല്ലെ ഞാൻ.. ഞാനിന്നിനി എന്താ ചെയ്യുക എന്ന് അറിയില്ല പോ..പോ…” അതും പറഞ്ഞു അയാൾ ജീപ്പ് എടുത്ത് എങ്ങോട്ട് എന്ന് ഇല്ലാതെ പുറപ്പെടുന്നു… സ്‌ക്രീനിൽ വീണ്ടും ആ “വണ്ട് “വട്ടമിട്ടു മൂളും
A film by Blessy
ഇപ്പോഴും ശിവൻകുട്ടി യാത്രയിലാണ് പോയ കാലം സമ്മാനിച്ച നഷ്ടങ്ങളുടെയും വേർപാടുകളുടെയും അവഗണനകളുടെയും മെന്റൽ ട്രോമയിലുടെ….