ശിവപ്രസാദ് എളമ്പുലാശ്ശേരി

മാതൃഭാഷയുമായി ബന്ധപ്പെട്ട് ഇപ്പോൾ പി.എസ്.സി.ക്ക് മുമ്പിൽ നടന്നുവരുന്ന സമരത്തേയും മറ്റും എതിർക്കുക മാത്രമല്ല, അവഹേളിക്കുകയും മന:പൂർവ്വമായി തന്നെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നവിധത്തിൽ ഘോരഘോരം (മലയാളത്തിൽ!) എഴുതുകയും ചെയ്യുന്ന പണ്ഡിതരെ ഫേസ്ബുക്കിലും മറ്റും കാണാനുണ്ട്. കൈവിടാത്ത പുരോഗമനം, ഫാസിസത്തെ എതിർക്കാനുള്ള തീരാത്ത ത്വര, ആചാരലംഘനത്തിന് കൈകോർക്കാനുള്ള വിശാല മനസ്സ് തുടങ്ങി വാക്സാമർഥ്യവും (മലയാളത്തിൽ !) പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യതയുമുള്ള (മലയാളത്തിൽ പുസ്തകമെഴുതി വിറ്റ് പ്രതിഫലം വാങ്ങുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ) ഈ വക മനുഷ്യരെക്കുറിച്ച് രണ്ടുവാക്ക് എഴുതാതിരിക്കുന്നതെങ്ങനെ ?
സംഗതി വളരെ ലളിതമാണ്.
ഏതൊരു വിഷയത്തിലായാലും മറ്റാരും പറയാത്തത് പറയുക, മറ്റാരുമെടുക്കാത്ത നിലപാട് സ്വീകരിക്കുക എന്നിവയാണ് സാമൂഹ്യമാധ്യമലോകത്തെ സ്വീകാര്യതയുടെ അടിസ്ഥാനമെന്ന് തെറ്റിദ്ധരിച്ച ഇക്കൂട്ടർ ആ ഒരു വഴി തെരഞ്ഞെടുക്കുന്നു എന്നതാണ് സത്യാവസ്ഥ. അതുകൊണ്ട് നിങ്ങളവരോട് കമന്റ് ബോക്സിൽപോയി വസ്തുതാപരമായ ചോദ്യങ്ങൾ ചോദിച്ചാലും ചപ്പടാച്ചി കൊഞ്ഞനം കുത്തലുകൾ മാത്രമായിരിക്കും മറുപടി കിട്ടുന്നത്. നിലവിൽ മാധ്യമം ഇംഗ്ലീഷ് മാത്രമായി നടത്തുന്ന തൊഴിൽപരീക്ഷകളും കെ.എ.എസ്. പോലുള്ള പുതിയ സംരഭങ്ങളിലേക്കുള്ള പരീക്ഷകളും മലയാളമടക്കമുള്ള മാതൃഭാഷകളിൽകൂടി നടത്തണം എന്നതാണ് എനിക്ക് മനസ്സിലായ സമരാവശ്യം. ഇംഗ്ലീഷിൽ ചോദ്യങ്ങൾ പാടില്ല എന്നോ ഇംഗ്ലീഷ് ഭാഷാനൈപുണി അളക്കുന്ന ചോദ്യങ്ങൾ പാടില്ല എന്നോ സമരക്കാർ ആവശ്യപ്പെടുന്നില്ല. പരീക്ഷകളുടെ സിലബസ് മാറ്റണമെന്നും ആവശ്യമില്ല. പകരം ചോദ്യങ്ങൾ മലയാളത്തിൽകൂടി നൽകണം എന്നാണ്. ഇതര ന്യൂനപക്ഷഭാഷകളിൽ ജീവിക്കുന്നവർക്ക് അവരുടെ ഭാഷകളിലും നൽകണം എന്നാണ്. ഈ ജനാധിപത്യപരമായ ആവശ്യത്തെ പരിഹസിക്കുകയും സമരക്കാർ മുന്നോട്ടു വെയ്ക്കാത്ത വിചിത്രമായ ആവശ്യങ്ങൾ പ്രചരിപ്പിക്കുകയുമാണ് സമര,മലയാള വിരോധികൾ ചെയ്തു വരുന്നത്. മാത്രമല്ല ആദ്യഘട്ടത്തിലെ ഇമ്മാതിരി ശ്രമങ്ങൾക്കുശേഷം അടുത്ത ഘട്ടമായി ഭാഷയെത്തന്നെ അപനിർമ്മിക്കാനുള്ള ശ്രമത്തിലാണവർ.
എങ്ങനെയെന്നാൽ അവർ ഒരു സാങ്കല്പിക മറുപക്ഷത്തായി നിൽക്കുകയും നിങ്ങളുടെ ഒരു മലയാളം എന്നിങ്ങനെയുള്ള തമാശകൾ ആരംഭിക്കുകയുമാണ് ഇപ്പോൾ. ആദ്യം മലയാളം നന്നാക്ക് എന്നിട്ടാവാം സമരമെന്ന് പിന്നാലെ നിർദ്ദേശം വരും. എന്താണ് മലയാളത്തിന് കുഴപ്പം എന്നാണെങ്കിൽ അനിശ്ചിതം, ഭരണം, ഭാഷ തുടങ്ങി അനവധി പദങ്ങൾ മലയാളമല്ല എന്നാണ് കണ്ടെത്തൽ. സാധാരണ ഇജ്ജാതി ചിരിവിരുന്ന് പ്രായമെത്തുന്ന രാഷ്ട്രീയ നേതാക്കൾ മക്കൾക്കുവേണ്ടി കാട്ടിക്കൂട്ടുന്ന രണ്ടാംബാല്യ തമാശകളായാണ് മലയാളികൾക്ക് കിട്ടി വന്നിട്ടുള്ളത്. ആവട്ടെ. പണ്ഡിതർക്കും വേണ്ടേ ചില കളിതമാശകൾ !

മറ്റൊരുവാദം സാങ്കേതിക പദങ്ങൾക്ക് തത്തുല്യമായ മലയാളമില്ല എന്നതാണ്. വസ്തുതാപരമാണത്. ഇനിയും ഭാഷയിൽ സാമാന്യത്തിലധികം ജ്ഞാനമുള്ളവരും ഇത്തരം പദങ്ങളുടെ പൊരുളറിയുന്നവരുമായ ആളുകൾ ഇടപെടേണ്ട രംഗമാണത്. എന്നാൽ നിലവിൽ മറ്റുപദങ്ങൾ ഉണ്ടായി വരുന്നതുവരെ തത്സമമായി മറ്റുഭാഷാ പദങ്ങളെ സ്വീകരിക്കുന്നതാണ് നല്ലത്. അതുകൊണ്ടു തന്നെ ആ വിഷയം ചോദ്യ പേപ്പർ മലയാളത്തിൽക്കൂടി ആക്കുന്നതിൽ സങ്കീർണ്ണതയുണ്ടാക്കുമെന്ന് പറയാനാവില്ല. പ്രചാരത്തിലില്ലാത്ത പകരപ്പദങ്ങൾ ഉപയോഗിക്കാതിരിക്കുക, വികലമായ തർജ്ജമകൾക്ക് മുതിരാതിരിക്കുക എന്ന ഔചിത്യം മാത്രമേ ഇക്കാര്യത്തിൽ വേണ്ടതുള്ളൂ എന്നർഥം. മറ്റൊന്ന് മറ്റൊരു ഭാഷാപദം പ്രചാരത്തിലായാൽ മാറ്റേണ്ടതുണ്ടോ എന്നതാണ്. അത് അതേപടി സ്വീകരിക്കുന്നതിൽ ഒരു കുറച്ചിലുമുള്ളതായി കരുതേണ്ടതില്ല. അത്തരം അനേകം പദങ്ങൾ നിലവിൽ മലയാളത്തിലുണ്ട്. മറ്റു ഭാഷകളിലുമതെ. അതുകൊണ്ട് ഇത് ഏതെങ്കിലും തരത്തിലുള്ള ശുദ്ധ,മൗലികവാദമല്ല എന്നത് എല്ലായ്പ്പോഴും ഓർമിക്കേണ്ടതുണ്ട്.

തൊഴിലില്ലായ്മ, ലോകമാകുന്ന തൊഴിലിടം, നമ്മുടെ മക്കൾ തുടങ്ങിയ മറ്റൊരുതരം വാദവും സമാന്തരമായി നടക്കുന്നുണ്ട്. ഇംഗ്ലീഷോ മറ്റേതെങ്കിലും ഭാഷയോ പഠിച്ചാൽ മാത്രമേ ജോലി കിട്ടൂ, ഭാവിയുള്ളൂ എന്നൊക്കെ കരുതുന്നവർ ആ വഴിക്കുതന്നെ പോകുന്നതിൽ ഈ സമരംകൊണ്ട് എന്തെങ്കിലും തടസ്സമുള്ളതായി കാണുന്നില്ല. മറ്റുവാദങ്ങളിൽ പലതും ഭാഷയുമായല്ല, സർക്കാർ നയങ്ങളുമായും മുതലാളിത്തവുമായൊക്കെ ബന്ധപ്പെട്ടതാണ്. അത് ആ വഴിയ്ക്ക് നേരിടേണ്ടതുമാണ്.

പറഞ്ഞു വരുന്നത് ഇത്രയുമാണ്. സമരാവശ്യം മനുഷ്യാവകാശത്തെ മുൻനിർത്തുന്നതും യുക്തിസഹവുമാണ്. ലക്ഷ്യവും മാർഗ്ഗവും ജനാധിപത്യപരവുമാണ്. അതുകൊണ്ട് അനുകൂലിക്കുന്നില്ലെങ്കിലും കൊഞ്ഞനം കുത്തരുത് ! എതിർക്കുന്നവർ ചുരുങ്ങിയ അളവിലെങ്കിലും വസ്തുതകളുമായി വരിക.

ശിവപ്രസാദ് എളമ്പുലാശ്ശേരി

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.