രണ്ടാഴ്ചകൊണ്ട് ഒരു രാജ്യത്തെ രണ്ടാക്കിയതിന്റെ വിജയ് ദിവസമത്രേ ഇന്ന്, 1971 ലെ ചരിത്രമാണത്

  125

  ശിവപ്രസാദ് എളമ്പുലാശ്ശേരി

  രണ്ടാഴ്ചകൊണ്ട് ഒരു രാജ്യത്തെ രണ്ടാക്കിയതിന്റെ വിജയ് ദിവസമത്രേ ഇന്ന്. 1971 ലെ ചരിത്രമാണത്. അന്നും സ്വേച്ഛാധിപത്യത്തോട് മമതയുള്ള ഭരണാധികാരിയായിരുന്നു ഇന്ത്യയിൽ. അന്നത്തെ അഭയാർഥികളുടെ ദുരിതങ്ങളെക്കുറിച്ച് സി.വി.ശ്രീരാമന്റെ കഥകൾ വായിച്ചാൽ മതിയാകും.
  എല്ലാ ഡിസംബർ 16 ഉം അന്നത്തെ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർമിക്കേണ്ട ദിവസംകൂടിയാണെന്ന് ചുരുക്കത്തിൽ തീരുമാനിക്കപ്പെട്ടിരുന്നു. എന്നിട്ടും അതേ യുദ്ധത്തിൽ പങ്കെടുത്ത പിതാവിന്റെ സൈനികമെഡലുമായി മകന് ഈ ഡിസംബറിൽ സ്വന്ത്യം പൗരത്വം തെളിയിക്കാൻ ക്യൂ നില്ക്കേണ്ടി വരുന്നു. പേരിന്റെ പേരിൽ മനുഷ്യർ വേട്ടയാടപ്പെടുന്നു.

  തീർച്ചയായും ഇത് വിജയ് ദിവസമല്ല. നാം അതിവേഗം പരാജയപ്പെട്ടുപോകുന്ന ദിവസങ്ങളിൽ ഒന്നാണ്. വലിയ ഒന്നിപ്പ് വേണം തിരിച്ചുവരാൻ. എല്ലാവരും കൈകോർക്കേണ്ട സമയമായിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിന്റേയുമൊക്കെ വിലക്കയറ്റവും പൊതുമേഖലയുടെ വിറ്റൊഴിക്കൽ മഹാമഹവും അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയും ഒരു ഭാഗത്ത് നില്ക്കുമ്പോൾ മറുഭാഗത്ത് ആരാധനാലയങ്ങൾ, ശൗചാലയങ്ങൾ പോരാഞ്ഞ് സ്വച്ഛ ഭാരത് എന്ന പേരിൽ ഇതാ മുസ്ലീം വിമുക്ത ഹിന്ദുരാഷ്ട്രസങ്കല്പനവും. പൗരത്വം മതാടിസ്ഥാനത്തിൽ നിർണ്ണയിക്കുന്ന ആലോചനപോലും എത്രമാത്രം ജനാധികാരവിരുദ്ധമാണെന്ന് ഇനിയും തിരിച്ചറിയാത്ത തീവ്രനിഷ്കുകളോട് ഒന്നും പറയാനില്ല. അവർ പരസ്പരം മിത്രോളി കളിച്ച് നടക്കട്ടെ. കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവർ മൗനം വെടിയേണ്ട സമയമായിരിക്കുന്നു. ആദ്യം വരാനിരിക്കുന്ന മുസ്ലിങ്ങളെ, പിന്നെ വന്നവരെ. ഇവിടെ ജനിച്ചവരെ. പിന്നെയോ ? അടുത്ത മതം. ഹൈന്ദവേതര മതങ്ങൾ കഴിഞ്ഞാൽ യുക്തിവാദികൾ, ബുദ്ധിജീവികൾ, ദളിതർ.(ഈ വിഭാഗങ്ങളിലുള്ള വരെ കൊന്നൊടുക്കാം എന്നാണ് പ്ലാൻ. കുറേയെണ്ണം നടപ്പാക്കി കഴിഞ്ഞല്ലോ !) പിന്നെയാണ് രാമരാജ്യം. സവർണ്ണസുന്ദരസംസ്കൃതരാജ്യം. സവർക്കറേറിയൻ സ്വപ്നം. 100 കോടി ആധാർ,റേഷൻകാർഡുകളുള്ള പശുക്കളും 20 കോടി ജനങ്ങളുമുള്ള
  ആ രാജ്യം ബുദ്ധികൊണ്ടും സമ്പത്ത് കൊണ്ടും ലോകം കീഴടക്കുന്നു. പിന്നെ മേൽപ്പറഞ്ഞ നടപടിക്രമങ്ങളിലൂടെ ലോകവും ശുദ്ധീകരിച്ചെടുക്കും. അങ്ങനെ സ്വർഗം ഭൂമിയിലേക്ക് ഇറങ്ങിവരും. അന്ന് മോദിയോ അമിത്ഷായോ ചിലപ്പോൾ ദിവംഗതരായേക്കും. അവരുടെ പാദുകങ്ങൾ (ഷൂസല്ല) തൊട്ടുതൊഴുത് നക്കി അഭിനവയോഗിമാർ ഭരണം നടത്തും. സത്യത്തിൽ രാമരാജ്യമോ ക്ഷേമരാഷ്ട്രമോ അല്ല സ്വപ്നം, ക്ഷേമലോകമാണ്. രാമവിശ്വമാണ്. അതിലേക്കുള്ള കഠിനപാതയിൽ കെട്ടുമുറുക്കിയ മിത്രോളികളുടെ മന്ത്രധ്വനിയാണ് അന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കുന്നത്.

  ഒരർഥത്തിൽ ബി.ജെ.പിയോ സംഘപരിവാരമോ ആദർശരാഷ്ട്രീയത്തിന്റെ ഉത്തമമാതൃകകളാണ് എന്ന് കാണാം. അവർ രൂപീകരണഘട്ടംതൊട്ട് ഇന്നുവരേയും ഒരേ ആദർശത്തിലാണ് നില്ക്കുന്നത്. ലക്ഷ്യത്തിലോ മാർഗ്ഗത്തിലോ അണുവിട മാറ്റമില്ല. മറ്റ് പാർട്ടികൾ അവരെകണ്ട് പഠിക്കേണ്ടിയിരിക്കുന്നു രാഷ്ട്രീയം. ത്രിവർണ പതാക മുതൽ ഭരണഘടനവരെയുള്ള നിലപാടുകളിൽ ഒരു തുള്ളി വെള്ളംപോലും ചേർക്കാത്ത ഇങ്ങനെയൊരു രാഷ്ട്രീയ ശക്തി മറ്റെവിടെയുണ്ടാകും? വാഗ്ദാനങ്ങളൊക്കെ (സ്വന്തം അണികൾക്ക് കൊടുത്ത) ഇത്ര കൃത്യമായി പാലിക്കുന്ന മറ്റേത് പാർട്ടിയുണ്ട്?

  പറഞ്ഞുവന്നത് ഇത്രയുമാണ്. കോടതിയിൽ നിന്ന് ബില്ലിനെതിരായ വിധിയൊന്നും ഇക്കാലത്ത് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല. ഒന്നിച്ച് നിന്നാൽ നേരിടാനാകാത്തതായി ഒന്നുമില്ലതാനും. അതല്ല, ശബരിമല രാഷ്ട്രീയം വീണ്ടും കളിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അതിനുമുമ്പ് പായേം തലേണേം എടുക്കുന്നതാണ് നല്ലത്. നേരെ ദ്വീപ് വാങ്ങിയ സ്വാമിടെ അടുത്തേക്ക്. അവിടെ തെരക്കാവുംമുമ്പ് അരസെന്റ് കിട്ടുമോ നോക്കാം. അപ്പൊ എങ്ങനെയാ, നില്ക്കണോ പോണോ?