വിലമതിക്കാനാകാത്ത കറുത്തമുത്ത്

337

എഴുതിയത് : Shoby Sankar

വിലമതിക്കാനാകാത്ത കറുത്തമുത്ത് ….

ഹോട്ടൻടോട്സ് വീനസ് (hottentots Venus ) പരിഷ്കൃത സമൂഹമെന്ന് സ്വയം കരുതിയിരുന്ന ഒരു ജനത പത്തൊൻപതാം നൂറ്റാണ്ടിൽ ആസ്വദിച്ചു കണ്ടിരുന്ന ഒരു പ്രദർശനത്തിന്റെ പേര് പിൽക്കാലത്ത് വംശീയ അധിക്ഷേപത്തെ കുറിക്കുന്ന വാക്കായി മാറിത്തീർന്ന ചരിത്രം. 1810 ൽ ലണ്ടനിലെ സ്ഥിരം ഫ്രീക്ക് ഷോ പ്രദർശ കേന്ദ്രങ്ങളിൽ കാണികളെ ആകർഷിച്ച വേദിയാണ് hottentots Venus.

രണ്ട് ഷില്ലിംഗ് സിന്റെ പാസ്സെടുത്തു ആകാംഷയോടെ കാത്തിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന കൂട്ടം. ദിവസവും ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെ നടത്തുന്ന പ്രദർശനങ്ങൾ. ചെറുതെങ്കിലും ഇരിപ്പിടങ്ങൾ വൃത്തിയായി ക്രമീകരിച്ച പ്രദർശന ഗാലറി, നാടകത്തിന്റെ പ്രതീതിയുള്ള സ്റ്റേജ്. കാണികളുടെ എണ്ണം തികയുന്ന മുറയ്ക്ക് കൈയ്യിൽ ഒരു ചാട്ടവാറുമായി മൃഗപരിശീലകനെന്നു തോന്നുന്ന വേഷധാരിയായ അവതാരകൻ സ്റ്റേജിലെത്തുന്നു. ചാട്ടവാർ നീട്ടി നിലത്തെ പലകയിടിച്ച് ശബ്ദമുണ്ടാക്കി കാണികൾക്കുള്ള ചില നിർദ്ദേശങ്ങൾ.. സ്ത്രീകൾ പേടിക്കരുതെന്നും കുട്ടികളെ പുറകിലേക്ക് മാറ്റിയിരുത്തണം എന്ന രീതിയിലുള്ള മുന്നറിയിപ്പുകൾ ഷോയുടെ ഉദ്വേഗം വർദ്ധിപ്പിച്ചു. തുടർന്ന് സ്റ്റേജിന്റെ ഒരു ഭാഗത്ത് മറച്ചു വെച്ചിരുന്ന വലിയ തടിക്കൂടിന്റ ആവരണം മാറ്റുന്നു. കൂടിൽ പുറം തിരിഞ്ഞ് ഇരിക്കുന്ന ഒരു ജീവി . കൂടുതുറന്ന പരിശീലകൻ കഴുത്തിലെ ചങ്ങലയിൽ പിടിച്ച് ആ ശരീരത്തെ കൂടിന് പുറത്തിറക്കി സ്റ്റേജിന്റെ മുന്നിലേക്ക് വലിച്ചു നിർത്തി. ഒറ്റ നോട്ടത്തിൽ പൂർണ്ണ നഗ്നയെന്ന് തോന്നിപ്പിക്കുന്ന ശരീരത്തോട് ഒട്ടിയ നേർത്ത വസ്ത്രം ധരിച്ച സാമാന്യംതടിച്ച ആഫ്രിക്കൻ പെൺകുട്ടി. ചുരുണ്ടുകൂടിയ തലമുടി, തലയിലും കഴുത്തിലും കല്ലുമാലകൾ അലങ്കാരങ്ങൾ. …….

പരിശീലകൻ ചാട്ടവാർ തറയിൽ ആഞ്ഞടിക്കുമ്പോൾ അവൾ മൃഗീയമായ ശബ്ദങ്ങൾ ഉണ്ടാക്കി അയാൾ അവളുടെ തല കുനിച്ച് തിരിച്ച് നിർത്തി, അവളുടെ ചേഷ്ടകൾ കാണികളെ ഭയപ്പെടുത്തി വലിയ നിതംബം പലർക്കും കൗതുകമുണ്ടാക്കി. അവൾ പരിശീലനം കിട്ടിയ വന്യമൃഗത്തെ പോലെ നടന്നു, ഇരുന്നു, കുരങ്ങിനെപ്പോലെ ചാടി. ഇടയ്ക്ക് പരിശീലകൻ കഴുത്തിലെ ചങ്ങല അഴിച്ച് അവളെ സദസിലേക്ക് തള്ളിവിടുന്നുണ്ട്. കൈയ്യടിയും കൂക്കിവിളികളുമായി പ്രദർശനം മുന്നേറി. അവസാന ഘട്ടത്തിൽ കാണികൾക്ക് അവളെ തൊട്ടു നോക്കാനുള്ള അവസരമുണ്ട് സ്ത്രീ ജനങ്ങൾ അല്പം പേടിയോടെ അവളെ തൊട്ടു ചിലർ വടികൊണ്ട് കുത്തിയും നുള്ളി നോക്കി. ഒടുക്കം കഴുത്തിൽ ചങ്ങലകൊരുത്ത് പരിശീലകൻ അവളെ തടിക്കൂട്ടിലാക്കി അടച്ചു…. കൂട് വലിയ തുണികൊണ്ട് മൂടി ….
അങ്ങനെ ആദിവസത്തെ ഒരു പ്രദർശനം കഴിഞ്ഞിരിക്കുന്നു. പരിശീലകന്റെ ഭാവത്തിൽ തിമിർത്ത് നടന്നത് സ്ഥാപനത്തിന്റെ ഉടമ ഹെൻഡ്രിക് സീസ്സർ ആയിരുന്നു പുറത്ത് ടിക്കറ്റ് വിറ്റത് ബ്രിട്ടിഷ് സർജനും കൂട്ടാളിയുമായ വില്യം ഡൺലപ്പ്…. അകത്ത് പ്രാകൃത ജീവിയായി കൂട്ടിൽ കിടന്നത് കഷ്ടിച്ച് ഇരുപത്തൊന്നു വയസ്സു പ്രായമുള്ള ഒരു പെൺകുട്ടിയാണ് പേര് സാറാ ബരാത്ത് മാൻ (സർജെ ബരാത്ത്മാൻ)……

കൊയ്കൊയ് , തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ ആദിമജന വിഭാഗമാണ് 2500 വർഷത്തെയെങ്കിലും പഴക്കമുള്ള മനുഷ്യവർഗ്ഗം. പതിനേഴാം നൂറ്റാണ്ടിൽ ഇരുണ്ട ഭൂഖണ്ഡത്തിലേക്ക് കടന്നു കയറിയ മനുഷ്യക്കോല മുള്ള ചെകുത്താൻമാർ കൊയ്കോയ് ജനതയുടെ ജീവിതവും ഭൂമിയും സ്വത്തും സ്വത്വവും തകത്തു. ഡച്ചുകാരെന്റ മൃഗീയ വിനോദത്തിന് ഒരു ജനതയുടെ ആൺ വർഗ്ഗങ്ങൾ ഇരയായി പലരേയും വേട്ടയാടി കൊന്നൊടുക്കി. കുട്ടികളെയും സ്ത്രീകളെയും അടിമകളാക്കി ബ്രിട്ടനിലേക്കും യൂറോപ്പിലേക്കും കപ്പൽ കയറ്റി. സാറാ ബരാത്ത്മാൻ ജനിച്ചത് 1789 ആണെന്ന് കരുതപ്പെടുന്നു. അവളുടെ അച്ഛനെയും ഡച്ചുകാർ നായാടിക്കൊന്നതാണ്. അടിമയല്ലാതിരുന്നിട്ടും അടിമകളോടൊത്ത് കഴിഞ്ഞ കുട്ടിക്കാലം. ബ്രിട്ടിഷ് കോളനി ആയിരുന്ന കേപ്പ് ടൗണിലെ പീറ്റർസീസ്സർ എന്ന ഡച്ചുകാരന്റെ വീട്ടുവേലയ്ക്ക്. 1810 ൽ ഫ്രീക്ക് ഷോ എന്ന ആശയവുമായി അവളെ ലണ്ടനിലേക്ക് കൊണ്ടു പോകുന്നത് വില്യം ഡൺലപ്പ് ആണ് കൂടെ പീറ്റർ സീസറിന്റെ ബന്ധു ഹെൻഡ്രിക്ക് സീസറും. നീണ്ട മൂന്നു മാസത്തെ കപ്പൽയാത്ര എവിടെക്കെന്നോ എന്തിനെന്നോ ബോധ്യമില്ലാതെ ജനിച്ച മണ്ണിലേക്കിനി തിരിച്ചില്ലന്നതറിയാതെയുള്ള യാത്ര. പരിഷ്കൃത നഗരമെന്നു പേരുകേണ്ട ഇംഗ്ലണ്ടിൽ മൃഗങ്ങളുടെ പ്രദർശന ശാലകളുടെ കൂടെ ആണ് സാറയെയും പ്രദർശിപ്പിച്ചത്. അടിമവ്യാപാര നിയമങ്ങൾ നിലവിലുണ്ടയിരുന്ന ലണ്ടനിൽ സാറയെ തടിക്കൂട്ടിൽ ചങ്ങലയിട്ട് പ്രദർശിപ്പിക്കപ്പെട്ടു. അവളുടെ താമസം കൂട്ടിലായിരുന്നില്ല ഭക്ഷണവും മദ്യവും കിട്ടിയിരുന്നു ഡൺലപ്പ് ലൈംഗികമായി അവളെ ഉപയോഗിച്ചിരുന്നു. പിന്നീട് ഹെൻട്രി ടെയ്ലർ എന്ന മൃഗ പരിശീലകന് കൈമാറി. ടെയ്ലർ പ്രദർശനം ഫ്രാൻസിലേക്ക് മാറ്റി കൂടുതൽ പുതുമയുള്ളതാക്കി… സമ്പന്ന വർഗ്ഗത്തിന്റെ സ്വകാര്യ ആഘോഷ ചടങ്ങുകളിൽ അവളെ അർദ്ധനഗ്നയാക്കി വൈകൃത രീതിയിൽ മണിക്കൂറുകൾ പ്രദർശിപ്പിച്ചു. ….

പാരീസിൽ ദിവസേന പത്ത് മണികൂറുകളോളം പാരീസുകാരുടെ തുളച്ചു കേറുന്ന നോട്ടമേറ്റ് പ്രദർശനവസ്തുവായി നിൽക്കേണ്ടി വന്നു സാറയ്ക്ക്. കോയ്കോയ് ജനങ്ങൾ മനഷ്യരാണോ എന്ന നിലയ്ക്കുള്ള ചർച്ചകൾ നടന്നു. സാറയുടെ വലിയ മാറിടങ്ങളും ജനനേന്ദ്രിയങ്ങളും മൃഗപ്രകൃതിയായി പ്രാകൃത ലൈംഗിക അടയാളങ്ങളായി.

നരവംശപഠനം നടത്തിയിരുന്ന പ്രസിദ്ധ ശാസ്ത്രജ്ഞൻ ജോർജ് കൂവിയർ അവളെ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലേക്ക് പഠനത്തിനായി വാടകയ്ക്ക് കൊണ്ടുപോയി . ചുറ്റിനും നിന്ന നാല് ചിത്രകാരൻമാർ അവളെ വരച്ചു. തണുത്ത് മുറിയിൽ ഏതാണ്ട് മൂന്നുനാൾ ഒരു അരപ്പട്ട മാത്രം ധരിച്ച് യാതൊരു മാനുഷിക പരിഗണയും നൽകാതെ അവളെ നിർത്തി. പക്ഷേ കുവിയർ ആവശ്യപ്പെട്ട നഗ്നത അവൾ സമ്മതിച്ചില്ല അതിനു വേണ്ടി അയാൾക്ക് അവളുടെ മരണം വരെ കാത്തിരിക്കേണ്ടി വന്നു…..

നരവംശ ചരിത്രത്തിന്റെ ഗതി മാറ്റുന്ന നിരീക്ഷണങ്ങളാണ് കൂവിയർ എന്ന ‘മഹാ ‘ ശാസ്ത്രജ്ഞൻ നടത്തിയത്. ആ നരാധമന്റെ പുസ്തകങ്ങൾ വംശപരമ്പര്യത്തിന്റെയും താരതമ്യ ശരീരശാസ്ത്രത്തിന്റെയും ലൈംഗിക ശാസ്ത്രത്തിന്റെയും അടിസ്ഥാന രേഖകളായി. മനുഷ്യ ജാതിയിലെ ഏറ്റവും താഴ്ന്ന വർഗ്ഗത്തിനും കുരങ്ങു ജാതിയിലെ ഏറ്റവും ഉയർന്ന ആൾ കുരങ്ങിനും ( ഒറാൻഗുട്ടാനും )ഇടയിലുള്ള കണ്ണിയായിട്ടാണ് ആ മഹാശാസ്ത്രജ്ഞൻ സാറയെ കണ്ടത്.

സാറയുടെ ജനനേന്ദ്രിയം ഒഴികെയുള്ള ശരീര ഭാഗങ്ങൾ അളന്ന് രേഖാചിത്രങ്ങളാക്കി പഠനങ്ങൾ നടത്തപ്പെട്ടു. പിറന്ന വർഗ്ഗത്തിന്റെ പോരായ്മ കൊണ്ട് അടിമ മൃഗത്തിന്റെ പരിഗണനപോലും കിട്ടാതെ പഠന വസ്തുവായി കീറത്തുണിയിൽ അരക്കെട്ടു മറച്ചു തല കുനിച്ച് അപമാനിതയായ് കണ്ണീർ തുകിനിന്ന പെൺകുട്ടി.

ലോകം എന്തിനാണ് തന്നോടിങ്ങനെ പെരുമാറുന്നതെന്നവൾ
ആലോചിച്ചിട്ടുണ്ടാവുമോ ? മരവിച്ച മനസ്സുകളിൽ അങ്ങനുള്ള ആലോചനകൾ ഉണ്ടാകില്ല … 1815 സിസംബറിൽ സാറ മരിച്ചതായി കൂവിയർ രേഖപ്പെടുത്തിയിരിക്കുന്നു. അവളുടെ മൃതദേഹത്തെയും കൂവിയർ വിട്ടില്ല ചൂടാറുന്നതിന് മുമ്പ് പരീക്ഷണശാലയിൽ വച്ച് മൃതദേഹത്തിന്റെ പൂർണ്ണായ പ്ലാസ്റ്റർ മോഡലുണ്ടാക്കി. പിന്നെ ശരീരം വെട്ടിമുറിച്ചു തലച്ചോറും ജനനേന്ദ്രിയവും കുപ്പികളിലാക്കി, അസ്ഥികൾ ഊരിയെടുത്തു. സാറാ ബരാത്ത്മാന്റെ നഗ്നപ്രതിമയും ശരീര ഭാഗങ്ങളും അസ്ഥികൂടവും 1974 വരെ പാരീസിൽ നാച്വറൽ ഹിസ്റ്ററി മ്യുസിയത്തിലും മ്യൂസിയം ഓഫ് മെന്നിലും പ്രദർശിപ്പിച്ചിരുന്നു. പിന്നിട് 1994 വരെ പാരീസിലെ ഓർസെ മ്യൂസിയത്തിൽ…. മനുഷ്യ സ്ത്രീയായിട്ടല്ല നികൃഷ്ടയായ ഹൊട്ടൊൻടൊ വീനസ്സായിട്ട്.

ആഫ്രിക്കയുടെ മകളെ സ്വന്തം മണ്ണിലെത്തിക്കാൻ ഒരു ജനതയുടെ വർഷങ്ങൾ നീണ്ട പരിശ്രമം . 1994 ൽ നെൽസൺ മണ്ടേല ഫ്രാൻസിനോട് സാറയുടെ ഭൗതിക ശരീരം രാജ്യത്തിന് വിട്ടു നൽകണമെന്ന് അപേക്ഷിക്കുകയുണ്ടായി.
ആഫ്രിക്കൻ കവിയത്രി ഡിയനാ ഫെസ്റ്റ്
1998 ൽ പ്രസിദീകരിച്ച “I have come to take you home ” എന്ന കവിതയിലൂടെ സാറയുടെ ജീവിതാനുഭവം ലോക ശ്രദ്ധ നേടി. നിയമക്കുരുക്കൾ അഴിച്ച് 2002 ജനവരിയിൽ സാറയുടെ ഭൗതിക ശരീരം 187 വർഷങ്ങൾക്ക് ശേഷം ജനിച്ച മണ്ണിൽ തിരികെയെത്തി…

ആഫ്രിക്കയിലെ വനിതാ ദിനമായ ആഗസ്റ്റ് 9 ന് പൂർണ്ണ ബഹുമതികളോടെ കിഴക്കൻ കേപ്പ് പ്രൊവിൻസിലെ ഹാൻകെയ് എന്ന സ്ഥലത്ത് സംസ്കരിച്ചു. ഈ സ്ഥലം രാഷ്ട്രത്തിന്റെ പൈതൃക കേന്ദ്രമാക്കി സംരക്ഷിച്ചു വരുന്നു….

കോളനികളിൽ നിന്നും കടത്തിയ സമ്പത്തോ അമൂല്യ നിധികളോ അല്ല നീണ്ട നിയമ പോരാട്ടത്തിലൂടെ ഒരു രാജ്യം തിരികെ നേടിയത്, വിലമതിക്കാനാകാത്ത ഒരു ജനതയുടെ പൈതൃകമാണ്. സാമ്രാജ്യശക്തികളുടെ വംശീയ പീഢനങ്ങൾ ലോകജനത മറക്കാതിരിക്കാൻ…. യൂറോപ്പിന്റെ വർണ്ണവെറി പൂണ്ട ചരിത്രത്താളുകളിൽ എന്നും സാറാ ബരാത്ത് മാൻ എന്ന പേര് കറുത്ത മഷിയിലെഴുതിയ വലിയ അക്ഷരങ്ങളിൽ എഴുന്ന് നിൽക്കും. മൃഗശാലകളിൽ മൃഗങ്ങളോടൊപ്പം കഴിയേണ്ടി വന്നിട്ടുള്ള ഊരും പേരുമില്ലാതിരുന്ന ആഫ്രിക്കൻ അടിമകളുണ്ട്. 26 വർഷത്തെ ദുരന്ത ജീവിതവും മരണത്തിനു ശേഷവും നടത്തപ്പെട്ട ക്രൂരമായ അധിക്ഷേപങ്ങളും വ്യക്തമായി രേഖകളുള്ള ചരിത്രവുമാണ് സാറയെ വംശീയാധിക്ഷേപത്തിന്റെ പ്രതിബിംബമാക്കിയത്. പരിഷ്കൃതമെന്നത് വെറും പുറംമോടിയാണെന്ന സത്യം ലോകത്തോട് ഓർമ്മപ്പെടുത്തി ജന്മനാട്ടിൽ ജനിച്ച മണ്ണിൽ അന്തിയുറങ്ങുന്ന കറുത്ത മുത്ത്….

അവലംബം :
ഓൺലൈൻ ലേഖനങ്ങൾ .
ദേശീയത നായാട്ടിനിറങ്ങുന്നു ( കെ.അരവിന്ദാക്ഷൻ , DC books )
https://en.m.wikipedia.org/wiki/Sarah_Baartman
https://en.m.wikipedia.org/wiki/Black_Venus_(2010_film)

Advertisements