കുഞ്ഞലീന്റെ മീൻകൊട്ട

306

ഫോർമാലിൻ പ്രയോഗം തുടങ്ങുന്നതിനും വളരെക്കാലം മുൻപ്.

“കൂയി…കൂ…യി, അയിലാ പത്തിന് രണ്ട്…പത്തിന് രണ്ട്… കൂ…യി….”

പഴയ റബ്ബർ സോള് കൊണ്ട് ചേർത്ത് കെട്ടിയ മീൻകൊട്ടയും തലയിൽ പേറി കുഞ്ഞാലി നടന്നു വരുന്നുണ്ട്. അപ്പുറത്തെ വീട്ടിലെ കമലാക്ഷിയും ഇപ്പുറത്തെ വീട്ടിലെ ശാരദയുമൊക്കെ കുഞ്ഞാലിയെ കാത്തു നിൽക്കുന്നുണ്ട്.

പഴയതെങ്കിലും പൂക്കൾ നിറഞ്ഞു വർണ്ണാഭമായ ഒരു അരക്കൈ ഷർട്ടും ലുങ്കിയുമുടുത്ത് നരച്ച കുറ്റിത്താടിയും തടവി സാവധാനമാണ് കുഞ്ഞാലിയുടെ നടത്തം. കുഞ്ഞാലിയുടെ വരവ് കാണുമ്പോൾ ആർക്കും അനുകമ്പ തോന്നും.

കുഞ്ഞാലി സ്നേഹമുള്ളവനാണ് “ഒരു രണ്ടെണ്ണം കൂടെ തര്വോ കുഞ്ഞാലീ…” എന്ന് പറയുന്ന മീനാക്ഷിക്കും ശാരദക്കുമൊക്കെ പത്തിന് രണ്ടിന് പകരം ചിലപ്പോൾ പത്തിന് നാല് കൊടുക്കും.

കുഞ്ഞാലിയുടെ കൊട്ടയിലെപ്പോഴും നല്ല പിടയ്ക്കുന്ന മീനായിരിക്കും,അതുകൊണ്ടു വച്ച കറിക്കാണെങ്കിൽ ഒരു പ്രത്യേക രുചിയും!

“കമലേച്ചി നിങ്ങക്കിന്ന് എത്രയെണ്ണം ബേണം?…”
കമലാക്ഷിയുടെ വീടിനു മുന്നിൽ കൊട്ടയിറക്കി വച്ച് കൊണ്ട് കുഞ്ഞാലി ചോദിച്ചു.

“ഇന്നും അയിലയെ ഉള്ളൂ…നിങ്ങളിപ്പം മത്തി കൊണ്ടന്നിറ്റു എത്ര ദിവസായി കുഞ്ഞാലീ…? ”

“മത്തി കിട്ടാഞ്ഞിട്ടല്ലേ കമലേച്ചി,നിങ്ങളീ അയില നോക്കിയാട്ടെ…നല്ല പെടക്ക്ന്നയാന് ”
കുഞ്ഞാലി ഒരു അയില ഉയർത്തി കമലാക്ഷിയെ കാണിച്ചു.

അയിലത്തലയിലേക്കുള്ള കമലാക്ഷിയുടെ തുറിച്ചു നോട്ടം കണ്ടപ്പോൾ കുഞ്ഞാലി ഇത്തിരി പരിഭ്രമിച്ചു.

“നിങ്ങളെന്നാ കമലേച്ചി ഇങ്ങനെ നോക്കുന്ന്..? ങ്ങക്ക് ഞമ്മളെ ബിശ്വാസുല്ലേ…?
ങ്ങക്ക് ഞമ്മള് ചീഞ്ഞ മീന് എപ്പങ്കിലും തന്നിറ്റ്ണ്ടാ…?

“അയിലയെങ്കില് അയില,എനക്കൊരു പത്തുറുപ്പിയ്ക്കു താ…..
ആ വെല്യേ തലയുള്ളതു എടുത്തോ…അയിലത്തല അളിയനും കൂട്ടാന്ന് ഇവുടത്തെ നാരാൺട്ടൻ എപ്പളും പറയും.” കുഞ്ഞാലിന്റെ മീൻകൊട്ടയിലേക്കു ചൂണ്ടി കമലാക്ഷി പറഞ്ഞു.

കൊട്ടയുടെ വശത്തായി ഇറുക്കി വച്ചിരുന്ന ഉപ്പിലയിൽ ഒരെണ്ണമെടുത്ത് കുഞ്ഞാലി മീൻ പൊതിഞ്ഞു. പൊതിയുന്നത് കണ്ട കമലാക്ഷിക്ക് ഉള്ളൊന്നു പിടഞ്ഞു. ഉപ്പിലയിൽ കുഞ്ഞാലി പൊതിഞ്ഞതു വെറും രണ്ട് അയില മാത്രമായിരുന്നു.

അല്ലപ്പാ കുഞ്ഞാലീ…പത്തുറുപ്പിയ്ക്കു രണ്ടെണ്ണം പറ്റൂല കേട്ടാ…”

സമർത്ഥനായ കച്ചവടക്കാരന്റെ പാൽപ്പുഞ്ചിരിയോടെ കുഞ്ഞാലി ഉപ്പിലക്കുള്ളിൽ ഒരു അയില കൂടി എടുത്തു വച്ചു.പത്തുറുപ്പിയ്ക്കു മൂന്നു അയില.

“എന്താ കമലേച്ചീ ഇതു പോരേ…? ”
കമലാക്ഷിയുടെ മനസ്സിൽ പെരുത്ത് സന്തോഷം.

കുഞ്ഞാലിയുടെ പതിവ് രീതിയതാണ്.പത്തിന് രണ്ടെന്നാദ്യം പറയും. ആരെങ്കിലും വിലപേശിയാൽ ഒന്നോ രണ്ടോ കൂട്ടി കൊടുക്കും. കൂട്ടി കൊടുത്താലും കച്ചവടത്തിൽ കുഞ്ഞാലിക്കു വേവലാതികളില്ല.കോട്ടേലുള്ള മീനു മുഴുവൻ വിറ്റു കാലിയാക്കിയിട്ടേ വീട്ടിലേക്കു മടങ്ങാറുള്ളൂ,അതിപ്പോ ഇത്തിരി വൈകിയാലും.

കുഞ്ഞാലി വീണ്ടും മീൻകൊട്ട തലയിലേക്കെടുത്തു വച്ചു. കൊട്ടയ്ക്കു ചുറ്റും വട്ടം ചുറ്റി നടന്നിരുന്ന കണ്ടൻ പൂച്ച കൊട്ടയൊഴിവാക്കി കമലാക്ഷിക്ക് പിറകെ മലക്കം മറിഞ്ഞു കോണികയറി വീട്ടുമുറ്റത്തേക്കും. അല്പദൂരം നടന്ന് അപ്പുറത്തെ വീട്ടിലെ ശാരദക്കും അയില കൊടുത്ത് കുഞ്ഞാലി നടത്തം തുടർന്നു.

കമലാക്ഷിയും ശാരദയും ഉച്ചയൂണിന്റെ പണിയാരംഭിച്ചു. കുഞ്ഞാലിയുടെ ചീയാത്ത അയിലയുള്ളതിനാൽ വീട്ടിലെല്ലാവർക്കും ഒത്തിരി സന്തോഷം. കമലാക്ഷിയുടെ വീട്ടിലെ ബ്ളാക്കി പൂച്ചയ്ക്കും അവന്റെ കാമുകി ശാരദയുടെ സുന്ദരി പൂച്ചയ്ക്കും ഇരട്ടി സന്തോഷം.

അയിലക്കഷണങ്ങൾ ചട്ടിയിൽ കല്ലുപ്പിട്ട് രണ്ടു വട്ടം ചുറ്റി കഴുകിയെടുത്തു. ഉപ്പും മുളകും നന്നായി തേച്ചു പിടിപ്പിച്ചു. ചെറുതായി അരിഞ്ഞ ഇഞ്ചിയും നല്ല എരിവുള്ള പച്ചമുളകും നെടുകെ കീറിയിട്ടു. പുളിയുള്ള തക്കാളി മുറിച്ചിട്ട് അരവും ചേർത്ത് അടുപ്പിലേക്കെടുത്തു വച്ചു. ചൂട് കൂടുന്നതിനൊപ്പം അയിലക്കറിയുടെ കൊതികയറ്റുന്ന മണം വീട് മുഴുവൻ വ്യാപിച്ചു.

കുഞ്ഞാലി നാട്ടുകാർക്കൊക്കെ മീൻ കൊടുത്ത് നടത്തം തുടരുകയാണ്. ഉച്ചയൂണിന്റെ സമയമാവുമ്പോഴേക്കും കണ്ണേട്ടന്റെ ചായക്കട ലക്ഷ്യമിട്ട് ദൂരവും സമയവുമെല്ലാം കണക്കുകൂട്ടിയുള്ള നടത്തം. ഊണിനു ശേഷം കണ്ണേട്ടനോട് സൊറ പറഞ്ഞു കുറച്ചു നേരം കടയുടെ മുന്നിലിരിക്കും. ആരെങ്കിലും വൈകുന്നേരത്തേക്ക് മത്സ്യം ചോദിച്ചു വന്നാൽ കൊടുക്കും. നട്ടുച്ചക്കും ചീയാത്ത പിടയ്ക്കുന്ന മത്സ്യം!

തേങ്ങയരച്ച അയിലക്കൂട്ടാനും,മുളകിട്ടുവച്ച അയിലത്തലയും,പൊരിച്ചതുമൊക്കെ വീടുകളിൽ തയ്യാറായി കഴിഞ്ഞു. ഇനി സകുടുംബം ആസ്വദിച്ച് കഴിക്കണം. പല്ലുപോയ അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കുമൊക്കെ വയസ്സിത്രയായെങ്കിലും അയിലക്കൂട്ടാനെന്ന് കേട്ടാൽ പെരുത്തിഷ്ടം.

യുദ്ധത്തിന് തയ്യാറായി വന്ന പടയാളിയെ പോലെ കമലാക്ഷിയുടെ ഭർത്താവ് നാരാണൻ ഉണ്ണാനിരുന്നു. കമലാക്ഷി ചോറ് വിളമ്പി.ചോറിനു നടുവിലായി നാരാണൻ ഒരു കുഴിയെടുത്തു. യുദ്ധത്തിനു മുൻപുള്ള ശംഖൂതലെന്ന പോലെ തേങ്ങയരച്ച അയിലക്കറി കമലാക്ഷി കുഴിയിലേക്കൊഴിച്ചു. നാരാണൻ അയിലക്കറിയും ചോറും വെട്ടിവിഴുങ്ങാനാരംഭിച്ചു.

ഉണ്ണാനായി കണ്ണേട്ടന്റെ ചായക്കട ലക്ഷ്യമാക്കി നടന്ന കുഞ്ഞാലിക്ക് അപ്പോഴായിരുന്നു ഒരു മൂത്രശങ്ക. റോഡരികിൽ പെട്ടെന്നാരും കയറി വരാത്ത ഇടവഴികൾ കാണുമ്പോഴായിരിക്കും ശങ്ക അനുഭവപ്പെടുന്നത്. കൃത്യമായ ഇടവേളകളിൽ അതുണ്ടാകാറുണ്ടെന്ന് മാത്രം.

പതിവ് തെറ്റിക്കാതെ ഇരുവശവും കുറ്റിക്കാട് നിറഞ്ഞ വിജനമായ ഇടവഴിയിലേക്ക് കുഞ്ഞാലി നടന്നു. മീൻകൊട്ടയെടുത്ത് താഴെ വച്ചു. തലയ്ക്കു മുകളിൽ ചുറ്റി വച്ചിരുന്ന തോർത്ത് മുണ്ടെടുത്ത് വിയർത്ത മുഖവും കഴുത്തുമൊക്കെ ഒപ്പിയെടുത്തു. അരയിലിറുക്കി വച്ചിരുന്ന ബീഡിയെടുത്ത് ചുണ്ടുകളിൽ വച്ച് കത്തിച്ചു. ആകാശത്തേക്ക് നോക്കി പുകയൂതി മീൻകൊട്ടയിലേക്ക് സറസാറാന്ന് മൂത്രമൊഴിക്കുമ്പോൾ, നട്ടുച്ചയ്ക്കും ചീയാത്ത മീനുകളൊന്നും നാട്ടുകാരെയോർത്ത് കണ്ണീർ പൊഴിച്ചില്ല.