ശാന്തി വനം സന്ദർശിച്ചു, ഫാസിസം എന്നാൽ എന്തെന്ന് ബോദ്ധ്യമായി

0
775

Shoukath Sahajotsu എഴുതുന്നു

ശാന്തി വനം സന്ദർശിച്ചു, ഫാസിസം എന്നാൽ എന്തെന്ന് ബോദ്ധ്യമായി

ഒരു കൈയിൽ മതേതരത്വം, നവോത്ഥാനം, ഹരിതകേരളം, അങ്ങനെയങ്ങനെ പുരോഗമന മുദ്രാവാക്യങ്ങൾ. മറുകൈയിൽ അധികാരമാടമ്പിത്തം, ഫാസിസം, ധാർഷ്ട്യം, അനീതി, വാശി, അക്രമം.

അധികാരത്തിലിരിക്കുന്ന ഏത് സർക്കാറിനും ഒരേ മുഖമാണ്. ഭാവമാണ്. വ്യത്യാസം പിടിക്കുന്ന കൊടിയിൽ മാത്രം.

കളക്ടർക്ക് ബോദ്ധ്യമായി. സ്ഥലം മുൻ എം.പി. രാജീവിന് ബോദ്ധ്യമായി. അവിടെ ചെന്നു കാണുന്ന എല്ലാവർക്കും ബോദ്ധ്യമാകും. നീതികേടിന്റെ പരമാവധിയാണ് ശാന്തിവനത്തിൽ കൈയേറിയുള്ള KSEBയുടെ ടവർ നിർമ്മാണം.

നേരെ പോകേണ്ട ലൈൻ വളച്ച് ജൈവവൈവിദ്ധ്യത്താൽ സമ്പന്നമായ ശാന്തിവനത്തിന്റെ ഹൃദയത്തെ കീറിമുറിച്ച് വലിക്കാൻ അവരെ പ്രേരിപ്പിച്ചത് എന്താവാം? അത് ശരിക്കും കടന്നു പോകേണ്ടിയിരുന്ന ഭൂമി അധികാരികൾക്ക് വേണ്ടപ്പെട്ടവരുടേതായതുകൊണ്ടോ? ശാന്തിവനത്തിന്റെ അവകാശികൾ നിസ്സഹായരും രാഷ്ട്രീയ പിടിപാടില്ലാത്തവരുമായതുകൊണ്ടോ? ഇടിഞ്ഞു വീഴാറായ ഒരു പഴയ വീടിന്റെ തൊട്ടടുത്ത് (കൂടിയാൽ ആറു മീറ്റർ) പൈലിംഗ് ചെയ്ത് ടവർ പണിയാൻ ഇവർക്കാവുന്നത് ആ കുടുംബം നിസ്സഹായരും ദർബലരും ആയതു കൊണ്ടല്ലേ?

ആണ്. അതു മാത്രമാണ് കാരണം. അവരവിടെ ടവർ പൊക്കും. മരങ്ങളെല്ലാം മുറിച്ചുമാറ്റും. അവർക്കത് നിസ്സാരം. എന്നാൽ രണ്ടു തലമുറയായി ആ രണ്ടേക്കർ ഭൂമിയെ പ്രകൃതിയുടെ സ്വാഭാവികമായ എല്ലാ വൈവിദ്ധ്യങ്ങൾക്കും വാഴാൻ അനുവാദം നല്കി സ്വന്തം മക്കളെപ്പോലെ സംരക്ഷിച്ച ആ നോവുന്ന ഹൃദയങ്ങളെ ആര് കാണും? തളർന്ന്, തകർന്ന് നിസ്സഹായയായിരിക്കുന്ന മീനാമേനോനെ കാണുമ്പോൾ നാം കൊട്ടിഘോഷിക്കുന്ന പാവപ്പെട്ടവരുടെ സംരക്ഷകരെയോർത്ത് ലജ്ജ തോന്നുന്നു.

അന്യായത്തിന് ഏതറ്റംവരെ പോകാമോ അതാണ് ശാന്തിവനത്തിൽ സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. മന്ത്രിമാർക്കും KSEB ഉദ്യോഗസ്ഥർക്കും ഇതെല്ലാം വെറും നിസ്സാരം. വികസന വിരോധികളുടെ വിലാപങ്ങൾ.

കോടതിയെ തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ വിധിയിൽ നിങ്ങൾക്ക് ടവർ പൊക്കാനായേക്കും. മരങ്ങൾ മുറിച്ചുമാറ്റാനായേക്കും. എന്നാൽ മനുഷ്യത്വരഹിതമായ ഈ കർമ്മത്തിന് ചരിത്രം നിങ്ങൾക്ക് മാപ്പു നല്കില്ല.

ഒന്ന് നിങ്ങളോർക്കുക. ഇതാണ് നിങ്ങളുടെ നയമെങ്കിൽ ഇടതുപക്ഷ മനസ്സുകളുള്ള സഹൃദയർ ഒന്നൊന്നായി നിങ്ങളെ കയ്യൊഴിയും. അവശേഷിക്കുന്ന അവസാന പ്രതീക്ഷയും തല്ലിക്കെടുത്തിക്കൊണ്ട് നിങ്ങൾ കയറ്റിയ ആ JCB നിങ്ങൾ ചവിട്ടി നില്ക്കുന്ന ഭൂമിയെ തന്നെ പിളർത്തും.

നോവുന്ന ഹൃദയങ്ങൾക്കൊപ്പം ചിലവഴിച്ച് ശാന്തിവനത്തിൽ നിന്നു മടങ്ങുമ്പോൾ മനസ്സു നിറയെ അശാന്തിയായിരുന്നു. പ്രതീക്ഷയോടെ നാം നോക്കിക്കാണുന്നവരെല്ലാം എത്ര പെട്ടെന്നാണ് അന്ധരും ബധിരരും മൂകരുമാകുന്നത്. അധികാരത്തിന്റെ അന്ധത്വം എന്നല്ലാതെ എന്തു പറയാൻ!

Image may contain: textImage may contain: tree, plant, house, outdoor and natureImage may contain: tree, outdoor and natureImage may contain: tree, plant, sky, outdoor and nature