അഭയം തേടാൻ ഒരിടം ഇല്ലാത്തതു കൊണ്ടാണ് മനുഷ്യന്മാർ ഇവിടെ കിടന്ന് നരകിക്കുന്നത്, അല്ലാതെ ഇന്ത്യയുടെ മഹത്തായ സംസ്ക്കാരത്തിൽ ഉൾപുളകിതരായിട്ടല്ല

108
Shoukath Sahajotsu
ഇന്ത്യയിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് മറ്റു രാജ്യങ്ങൾ പൗരത്വം കൊടുക്കാൻ തീരുമാനിച്ചാൽ, സുരക്ഷിതമായ ഒരു ജീവിതം വാഗ്ദാനം ചെയ്താൽ പിന്നെ ഇന്ത്യയിലെ ജനസംഖ്യ ഏറ്റവും കൂടിയാൽ ആ 63 പേർ ഉൾപ്പടെ പത്തു ലക്ഷമാകും. ബാക്കിയുള്ളവരെല്ലാം ഉള്ളതെല്ലാം കെട്ടിപ്പെറുക്കി സ്ഥലം വിടും. അങ്ങനെ ഒരിടം ഇല്ലാത്തതു കൊണ്ടാണ് മനുഷ്യന്മാർ ഇവിടെ കിടന്ന് നരകിക്കുന്നത്. അല്ലാതെ ഇന്ത്യയുടെ മഹത്തായ സംസ്ക്കാരത്തിൽ ഉൾപുളകിതരായിട്ടല്ല.
സൗത്ത് ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ജീവിക്കുന്നവർക്ക് അത് മനസ്സിലാകണമെന്നില്ല. എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാൽ ബോദ്ധ്യമാകുന്ന യാഥാർത്ഥ്യമാണത്. അത്ര ദുരിതത്തിലാണ് പലരും കഴിയുന്നത്. ഇത് ഞങ്ങളുടെ വിധി, കർമ്മഫലം എന്നൊക്കെ ആശ്വസിച്ച് ജീവിതം തള്ളിനീക്കുന്നവർ.
ഒരു കാര്യം നമുക്ക് മറക്കാതിരിക്കാം. ഇന്ത്യയിലെ ന്യൂനപക്ഷം എന്നു പറഞ്ഞാൽ ഒരുനേരം ഭക്ഷണത്തിന് വകയില്ലാതെ, തണുപ്പിന് പുതയ്ക്കാൻ ഒരു കമ്പിളിയില്ലാതെ, എന്തിന് ആവശ്യത്തിന് അടിവസ്ത്രം പോലുമില്ലാതെ നരകിച്ചു കഴിയുന്ന പട്ടിണിപ്പാവങ്ങളാണ്. അതു പക്ഷെ ‘ഭൂരിപക്ഷ ‘മാണ്. ദളിതർ, മുസ്ലിം, ക്രിസ്ത്യൻ എന്നതൊക്കെ വെറും ഓമനപ്പേരുകൾ മാത്രം.