എന്നാണ് നാം ക്ലര്‍ക്കുമാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ ശൈലിയില്‍നിന്ന് മാറി ജീവിതത്തോട് മൂല്യവത്തായി സംവദിക്കുന്ന ഒരു വിദ്യാഭ്യാസ സംസ്ക്കാരത്തിലേക്ക് ഉണരുക?

36

Shoukath Sahajotsu

കേന്ദ്രഗവണ്‍മെന്‍റ് കൊണ്ടുവന്ന വിദ്യാഭ്യാസ നയത്തിലൂടെ ഒന്ന് ഓടിച്ചുപോയി. പ്രത്യേകിച്ച് മഹത്വമൊന്നും തോന്നിയില്ല. ഒരു ഞെട്ടലുമുണ്ടായുമില്ല. ഇതുവരെ എങ്ങനെയൊക്കെയായിരുന്നോ അതിന്‍റെ ഒരു പരിഷ്ക്കരിച്ച പതിപ്പ്. അത്രതന്നെ. അല്ലാതെ ഇതുവരെ ഇവിടെ എന്തോ കൃത്യമായ, ശരിയായ ഒരു വിദ്യാഭാസനയമായിരുന്നു ഉണ്ടായിരുന്നത്. ഇവരതെല്ലാം നശിപ്പിച്ചു. തകിടം മറിച്ചു. എന്നെല്ലാം പറയുന്നത് വായിക്കുമ്പോള്‍ ചിരി വരുന്നേയുള്ളൂ.

എന്നാണ് നാം ഈ ക്ലര്‍ക്കുമാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ ശൈലിയില്‍നിന്ന് മാറി ജീവിതത്തെ സ്നേഹിക്കുന്ന, ജീവിതത്തോട് മൂല്യവത്തായി സംവദിക്കുന്ന ഒരു വിദ്യാഭ്യാസ സംസ്ക്കാരത്തിലേക്ക് ഉണരുക?! ഇതുവരെ സംഭവിക്കാത്ത ഒന്നാണത്. എന്നെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നത്.നടരാജഗുരു എഴുതിയ വിദ്യാഭ്യാസം ഒരു മാര്‍ഖരേഖ, ഗുരു നിത്യ എഴുതിയ പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസം എന്നീ പുസ്തകങ്ങള്‍ വായിച്ച് കൊതിച്ചിരുന്നു പോയിട്ടുണ്ട്. ഇങ്ങനെയൊക്കെ ആയിരുന്നു നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ എത്ര നല്ല മനുഷ്യരായി വളരുമായിരുന്നു.

കുറെ മികച്ച യന്ത്രങ്ങളെ എങ്ങനെ കുറച്ചുകൂടി മികച്ചതായി സൃഷ്ടിക്കാം എന്നുമാത്രം ചിന്തിക്കുന്ന, മാത്സര്യത്തിന്‍റെ ലോകത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ട് നിര്‍മ്മിച്ച, ചില കോര്‍പ്പറേറ്റുകള്‍ക്ക് ആവശ്യമായ മെറ്റീരിയലായി മാത്രം വിദ്യാര്‍ത്ഥികളെ കാണുന്ന, മാറ്റിത്തീര്‍ക്കുന്ന എന്നത്തേയുംപോലെ ഒന്ന്. അതുമാത്രമാണ് ഇതും. വിമര്‍ശിക്കാനാണെങ്കില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ പോളിസിയെയും വിമര്‍ശിക്കണം. ഒരു മൂല്യപരിവര്‍ത്തനത്തിന് ധീരമായ ചുവടുവയ്പു നടത്താനുള്ള ആര്‍ജ്ജവമുള്ള, മൂല്യബോധമുള്ള, സ്നേഹവും നന്മയുമുള്ള ഒരു കൂട്ടം മനുഷ്യരിലൂടെ എന്നെങ്കിലും അത് സംഭവിച്ചെങ്കില്‍ എന്ന സ്വപ്നം മാത്രം ബാക്കി.

വീഞ്ഞ് പഴയത് തന്നെ. അല്പം വീര്യം കൂടുതലുണ്ട്. കുപ്പിയുടെ കളര്‍ മാറിയിട്ടുണ്ട്. എന്നാല്‍ നല്ലൊരു മനുഷ്യനെ സൃഷ്ടിക്കുന്ന, നല്ലൊരു പൗരനെ സൃഷ്ടിക്കുന്ന കാര്യമായ ഒന്നും ഇതില്‍ കാണാനായില്ല. അത് ഇന്നുവരെ കാണാനുമായിട്ടില്ല. അതിനാല്‍ ഇന്നുവരെ ഉണ്ടായ എല്ലാ വിദ്യാഭ്യാസനയങ്ങളെയും പ്രതിക്കൂട്ടില്‍ കയറ്റിനിറുത്തി വിചാരണ ചെയ്യാന്‍ പുതിയ തലമുറയ്ക്കാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ആശംസിക്കുന്നു.പ്രായോഗികതയുടെ പാഠങ്ങള്‍ കേട്ടുകേട്ട് ചെവി കല്ലിച്ചുപോയി. ഇത്തിരി നാള്‍ ഇവിടെ ജീവിച്ച് ചത്തുപോകേണ്ട ജന്മങ്ങള്‍. എന്തിനാ മാഷേ, ഇത്രയും പ്രായോഗികത. കുഞ്ഞുമക്കള്‍ക്ക് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ശൈശവബാല്യങ്ങളെ ഞെരുക്കിക്കളയുന്ന, കശക്കിക്കളയുന്ന ഈ പ്രായോഗികതയുണ്ടല്ലോ.. അത് ക്രൂരമാണ്. ഹിംസയാണ്. പരമബോറാണ്.