വീട്ടിൽ കുത്തിയിരിക്കുമ്പോൾ നാം ഓരോരുത്തരും ഓർക്കണം, ഓർത്തേ മതിയാകൂ

62

Shoukath sahajotsu

കുറച്ചു സമയത്തേക്ക് ഞാൻ എന്നെയും എന്റെ വർഗ്ഗത്തെയും ഉപേക്ഷിച്ച് പ്രകൃതിയുടെ മറുപക്ഷത്തേക്ക് ഒന്ന് എത്തി നോക്കി. മതങ്ങളായ മതങ്ങളും ചിന്തകളായ ചിന്തകളുമെല്ലാം മനുഷ്യൻ എന്ന ജീവിയെ ചുറ്റിപ്പറ്റി കറങ്ങുകയാണല്ലോ. പ്രപഞ്ചം തന്നെ പടച്ചതമ്പുരാൻ സൃഷ്ടിച്ചത് മ്മക്ക് വേണ്ടിയാണെന്ന ധാർഷ്ട്യത്തിലാണല്ലോ നാം. ശാസ്ത്രവാദിയായാലും മതവാദിയായാലും മറ്റേത് വാദിയായാലും വർത്തമാനത്തിൽ പ്രപഞ്ചപക്ഷമൊക്കെ വരുമെങ്കിലും ചെയ്തിയിൽ അത് വരികയേയില്ലല്ലോ. വന്നിട്ടേയില്ലല്ലോ. എന്തിന് തൊട്ടയൽവക്കത്തുള്ള മനുഷ്യർപോലും നമുക്ക് അന്യഗ്രഹജീവികളാണല്ലോ.പറഞ്ഞു വന്നത് പറയാം. പ്രകൃതി അതീവ സന്തോഷത്തിലും സമാധാനത്തിലുമാണ്. അന്തരീക്ഷത്തിന്റെ ശ്വാസമുട്ടലിന് അല്പം ആശ്വാസമുണ്ട്. നദികളും കടലും അല്പം തെളിയുന്നുണ്ട്. തെരുവുകളിൽ ദുർഗന്ധം കുറയുന്നുണ്ട്. മരങ്ങളും മൃഗങ്ങളും പക്ഷികളും കുറച്ചു കൂടി നിർഭയരാണ്. ഭൂമിയ്ക്ക് ഉത്തരവാദിത്തത്തിന്റെ ഭാരം ഇത്തിരി കുറഞ്ഞതു പോലെയുണ്ട്.
നാം മനുഷ്യൻ എന്ന ജീവി പ്രതിസന്ധിയിലാകുമ്പോൾ മറ്റു ജീവവർഗ്ഗങ്ങൾ മൊത്തം ആശ്വാസത്തിലാവുകയും മറ്റേത് ജീവിയും പ്രതിസന്ധിയിലായാൽ നമ്മുടെ നിലനില്പ് അവതാളത്തിലാവുകയും ചെയ്യുന്നുവെങ്കിൽ നാം എത്ര അധാർമികതയിലാണ് ജീവിച്ചത് ? ജീവിക്കുന്നത്? ആലോചിക്കേണ്ടതല്ലേ? വീട്ടിൽ കുത്തിയിരിക്കുമ്പോൾ നാം ഓരോരുത്തരും ഓർക്കണം. ഓർത്തേ മതിയാകൂ.. മനുഷ്യകേന്ദ്രീകൃതമായി മാത്രം ചിന്തിച്ച് ചുറ്റുപാടിനെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്ത നമ്മെ നാംതന്നെ കുറച്ചു നേരത്തേക്കെങ്കിലും പ്രതിക്കൂട്ടിൽ കയറ്റി നിറുത്തണം. എന്നിട്ട് സ്വയം ചോദിക്കണം : ഹേ മനുഷ്യ വർഗ്ഗമേ, നീ നിന്നോട് ചെയ്തതും പ്രകൃതിയോടു ചെയ്തതും എന്തായിരുന്നു?വ്യക്തിപരമായി ഈ പ്രതിസന്ധിയെ ഒരു സാദ്ധ്യതയായി കാണുന്നവനാണ് ഞാൻ. വേണമെങ്കിൽ ഈ സാദ്ധ്യത നമുക്ക് ഉപയോഗിക്കാം. മറ്റുള്ളവരെ ചൂഷണം ചെയ്തും അവഗണിച്ചും വെട്ടിപ്പിടിച്ചതെല്ലാം നമ്മെ നോക്കി മന്ദഹസിച്ചു നില്ക്കുമ്പോൾ നമുക്ക് സ്വയം ചോദിക്കാം: ഇനിയും ഇതേ വഴിയിൽ തന്നെ പോകണോ? ഒന്നുകൂടി ശ്രദ്ധാലുവാകേണ്ടതില്ലേ? രണ്ടുനേരം കഞ്ഞി കുടിച്ചും ചുറ്റുമുള്ളവരോട് സ്നേഹം പറഞ്ഞും ലളിതമായി ജീവിച്ചാലും ജീവിതമാകില്ലേ? വെട്ടിപ്പിടിക്കുന്നിടത്താണോ ജീവിതം അതോ പരസ്പരം പങ്കു വയ്ക്കുന്നിടത്താണോ? മനുഷ്യനെ മാത്രം കാണാതെ മറ്റു ജീവജാലങ്ങളെയും പരിഗണിക്കുന്നിടത്തല്ലേ ധന്യത?
ചോദ്യങ്ങൾ ഇനിയും ഉണർന്നേക്കും. എന്തായാലും നാമിനി കുറച്ചു ദിവസം ഒരു തിരക്കുമില്ലാതെ വീട്ടിൽ തന്നെയാണല്ലോ? നമുക്ക് നമ്മോടും നമുക്കൊപ്പമുള്ളവരോടും ഇനി ചോദ്യങ്ങൾ ചോദിക്കാം. ഇത്രയും നാൾ ഉത്തരങ്ങൾ പറഞ്ഞു പറഞ്ഞ് നാം നമ്മെ പറ്റിക്കുകയായിരുന്നല്ലോ ?! ഇനി കുറച്ചു ചോദ്യങ്ങളാവാം. അവരവരിലേക്ക് വിരൽ ചൂണ്ടുന്ന ചോദ്യങ്ങൾ.