നൂറ്റമ്പത് വർഷം മുൻപ് അങ്ങ് റഷ്യയിൽ ജനിച്ച ഒരാൾ എങ്ങനെയാകും നമ്മുടെയൊക്കെ ജീവിതത്തെ / ലോക ചരിത്രത്തെ ഇങ്ങനെ സ്വാധീനിച്ചത് ?

131
Shreejith Sivaraman
നൂറ്റമ്പത് വർഷം മുൻപ് അങ്ങ് റഷ്യയിൽ ജനിച്ച ഒരാൾ എങ്ങനെയാകും നമ്മുടെയൊക്കെ ജീവിതത്തെ / ലോക ചരിത്രത്തെ ഇങ്ങനെ സ്വാധീനിച്ചത് ?
ലെനിന്റെ മരണത്തിന് ആഴ്ചകൾക്ക് ശേഷം ലൂക്കാച് ഇങ്ങനെയെഴുതി “മാർക്സിനു തുല്യനായ സൈദ്ധാന്തികനും ഒപ്പം തൊഴിലാളി വർഗ്ഗ വിമോചന പോരാട്ടത്തിലൂടെ ഉയർന്നു വന്നതുമായ ഒരാളേ ലോക ചരിത്രത്തിൽ ഉള്ളൂ…ലെനിൻ “. മാർക്‌സിനേക്കാൾ മുതലാളിത്തം ഭയപ്പെടുന്ന ഒരു പേരുണ്ടെങ്കിൽ അത് ലെനിന്റേതാകും. അക്കാദമിക വേദികളിൽ മാർക്സിനും , ഗ്രാംഷിക്കും ഇടം നല്കിയപ്പോഴും വക്രീകരിച്ച മാർക്സ് ,ഗ്രാംഷി വായനകളെ പ്രോത്സാഹിച്ചപ്പോഴും ലെനിനെ അകറ്റി നിർത്താൻ മുതലാളിത്തം എപ്പോഴും ശ്രമിച്ചിരുന്നു. എന്തിനു മുതലാളിത്തം, സോവിയറ്റ് യൂണിയനിലെ ഔദ്യോഗിക പാർട്ടി നേതൃത്വം പോലും അവസാന കാലങ്ങളിൽ ലെനിനെ ഭയപ്പെട്ടിരുന്നു, അതുകൊണ്ടവർ ലെനിനെ പ്രതിമകളും ചിത്രങ്ങളുമാക്കി , ലെനിന്റെ വായനയെ നിരാകരിച്ചു.മാർക്സ് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയുടെ ഘടനയാണ് വ്യക്തമാക്കിയതെങ്കിൽ ആ ഘടനയെ തകർത്ത് പുതുവ്യവസ്ഥയെ നിർമ്മിക്കുകയായിരുന്നു ലൈനിൻ. ചരിത്രത്തിൽ വ്യക്തികൾക്കുള്ള പങ്ക് എപ്പോഴും പഠന വിധേയമായിട്ടുണ്ട് , ന്യുട്ടൺ ഇല്ലായിരുന്നെങ്കിലും ചലന നിയമങ്ങൾ കണ്ടു പിടിക്കപ്പെട്ടേനെ , ഗാന്ധിയില്ലെങ്കിലും സ്വാതന്ത്ര്യ സമരം മുന്നോട്ട് പോയേനെ പക്ഷെ ഒരു സംശയവും വേണ്ട ലെനിൻ ഇല്ലായിരുന്നെങ്കിൽ റഷ്യൻ വിപ്ലവം സാധ്യമാകുമായിരുന്നില്ല , ലോകം ഇതുപോലെ ആകുമായിരുന്നില്ല. 1917 നവംബർ വരെയുള്ള കാൽ നൂറ്റാണ്ടു കാലം ഓരോ നിമിഷവും അയാൾ ആ വിപ്ലവത്തെ നിർമ്മിക്കുകയായിരുന്നു ,അതിൽ 24 വർഷവും ജയിലിലും , ഒളിവിലും ,പ്രവാസത്തിലുമായി, ആ വിപ്ലവം തന്റെ ജീവിത കാലത്ത് നടക്കുമോ എന്ന പ്രതീക്ഷ പോലുമില്ലാതെ.
1903 മുതൽ ലെനിൻ വ്യക്തിപരമായി തന്നെ ഉണ്ടാക്കിയെടുത്ത സംഘവും (faction) , പാർട്ടിയും 1917 ഫെബ്രുവരി വിപ്ലവത്തിന് ശേഷം ലഭിച്ച ലിബറൽ സാമൂഹിക വ്യവസ്ഥയോട് സന്ധി ചെയ്യുന്ന ഘട്ടത്തിലാണ് ലെനിൻ റഷ്യയിൽ തിരിച്ചെത്തുകയും തൊഴിലാളി വർഗ്ഗ വിപ്ലവത്തിൽ കുറഞ്ഞ ഒരു വിജയവും സ്വീകാര്യമല്ലെന്ന ‘അപകടകരമായ’ നിലപാടെടുക്കുകയും ആ നിലപാടിന് പാർട്ടിയിലും ജനങ്ങൾക്കിടയിലും സ്വീകാര്യത ഉണ്ടാക്കുകയും ചെയ്യുന്നത്. അവസരങ്ങളെ കീഴ്പ്പെടുത്തിയില്ലെങ്കിൽ പിന്തിരിപ്പൻ ശക്തികൾ ക്രമേണ കരുത്തർജ്ജിക്കുമെന്നും ഇതുവരെ നേടിയ മുന്നേറ്റങ്ങൾ വെറുതെയാകുമെന്നും ലെനിനറിയാമായിരുന്നു. ഒന്നാം ലോകയുദ്ധത്തത്തെ തുടർന്ന് റഷ്യയിലുണ്ടായ ദുരിതങ്ങളെയും സൈനികരിലെ കടുത്ത അസംതൃപ്തിയെയും രാഷ്ട്രീയവത്കരിക്കുന്നതിലാണ് ലെനിൻ വിജയിച്ചത്. അതാകട്ടെ ഒരൊറ്റ രാജ്യത്തെ അധികാരം പിടിക്കൽ മാത്രമായല്ല മറിച്ച് സാമ്രാജ്യത്വ ചങ്ങലയിലെ ദുർബല കണ്ണിയായ റഷ്യയുടെ പതനം സാമ്രാജ്യത്വ വ്യവസ്ഥയെ തന്നെ തകർക്കുമെന്ന ധാരണയിലുമായിരുന്നു. തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന കാൾ കൗട്സ്കി പോലും ജർമ്മനിയിലെ യുദ്ധവെറി പൂണ്ട ദേശീയതക്ക് മുന്നിൽ സ്തബ്ധിച്ചു പോയൊരു ഘട്ടത്തിലാണ് ലെനിൻ ഈ യുദ്ധം ഞങ്ങളുടേതല്ലെന്നു പ്രഖ്യാപിക്കുന്നത്. അക്കാലത്തെ ഏറ്റവും പ്രധാന കമ്മ്യുണിസ്റ്റ് പാർട്ടിയായ ജർമൻ സോഷ്യലിസ്റ്റ് പാർട്ടി നാറുന്നൊരു ശവമാണെന്ന റോസയുടെ അഭിപ്രായത്തിനൊപ്പം ചേരുകയായിരുന്നു ലെനിൻ. സമാധാന കാലത്ത് പോലും ദേശീയതയുടെ വിവിധ മാനങ്ങളെ വിമർശന വിധേയമാക്കാൻ മടിക്കുന്നവർക്ക് ഒരു ലോക യുദ്ധകാലത്ത് ഇത് ഞങ്ങളുടെ യുദ്ധമല്ലെന്നു സൈനികരെ കൊണ്ട് പോലും പറയിപ്പിക്കുന്നതിലേക്ക്‌ നയിച്ച ലെനിന്റെ നിലപാടുകൾ അത്ഭുതമായേക്കാം. 1917 ഫെബ്രുവരിയിൽ അധികാരമേറ്റ യുദ്ധാനുകൂലികളായ പാവ സർക്കാരിനെതിരെ നവംബർ മാസത്തിൽ ബോൾഷെവിക്കുകളുടെ നേതൃത്വത്തിൽ അരങ്ങേറിയ ഒരു ‘അട്ടിമറിയായാണ് ‘ പലപ്പോഴും റഷ്യൻ വിപ്ലവത്തെ തെറ്റായി വിലയിരുത്തുന്നത്. തങ്ങളുടെ ദുരിത ജീവിതത്തെ ഒരുതരത്തിലും അഭിസംബോധന ചെയ്യാൻ തയ്യാറാകാത്ത ഒരു ഭരണ സംവിധാനത്തിനെതിരെ ‘യൂണിഫോമിട്ട കർഷകരെയും’ (സൈനികർ), കർഷകരെയും തൊഴിലാളികളെയും ഒന്നിച്ച് അണിനിരത്തുകയായിരുന്നു ‘ ഭൂമി , സമാധാനം , ഭക്ഷണം ‘ എന്ന കുറിക്ക് കൊള്ളുന്ന ഒരു മുദ്രാവാക്യത്തെ ജങ്ങൾക്ക് നൽകികൊണ്ട് ലെനിൻ. മാർക്‌സും ഏംഗൽസും ധരിച്ചതിൽ നിന്ന് വിഭിന്നമായി യൂറോപ്പിന് പുറത്ത് തൊഴിലാളികളും കർഷകരും തമ്മിലെ ഐക്യ മുന്നണിയാണ് റഷ്യൻ വിപ്ലവത്തെ സാധ്യമാക്കിയത്. പാരിസ് കമ്മ്യൂൺ എന്ന ആദ്യ തെഴിലാളി വിപ്ലവത്തെ ഫ്രഞ്ച് ഭരണ വർഗ്ഗം പരാജയപ്പെടുത്തിയത് ഫ്രാൻസിലെ കർഷകരെ കൂട്ട് പിടിച്ചാണെന്ന് ലെനിനറിയാമായിരുന്നു. (റഷ്യൻ വിപ്ലവം വിജയിച്ച് അറുപത്തിരണ്ടാം നാൾ ലെനിൻ ആഹ്ലാദ നൃത്തം ചവിട്ടിയത്രേ , അമ്പരന്ന സഖാക്കളോട് അയാൾ പറഞ്ഞു പാരിസ് കമ്മ്യൂൺ അറുപത്തൊന്നു ദിവസമാണ് അതിജീവിച്ചത് നമ്മൾ അറുപത്തിരണ്ടായി തൊഴിലാളി വർഗ്ഗം കൂടുതൽ മുന്നേറിയിരിക്കുന്നു , പിന്നെയും എഴുപത്തിനാല് വർഷം ആ പരീക്ഷണം അതിജീവിച്ചത് മറ്റൊരു ചരിത്രം). ഈ ധാരണയാകണം തൊഴിലാളി – കർഷക ഐക്യത്തിന്റെ ആവശ്യകതയിലേക്ക് ലെനിനെ നയിച്ചത്. പിന്നീട് നടന്ന എല്ലാ വിപ്ലവങ്ങളും ഈ ഐക്യത്തിന്റെ ഭാഗമായെന്നത് മാർക്സിസ്റ്റ് സൈദ്ധാന്തിക രൂപത്തെ ലെനിൻ എത്രമാത്രം മുന്നോട്ട് കൊണ്ട് പോയന്നെതിന്റെ തെളിവാണ്.
ഒന്നാം ലോകയുദ്ധത്തെ മാർക്സിസത്തിന്റെ സൈദ്ധാന്തിക ഭദ്രതയിൽ വിശകലനം ചെയ്യുകയും സാമ്രാജ്യത്വം എന്ന സങ്കൽപ്പത്തെ വികസിപ്പിക്കുകയും ചെയ്തു ലെനിൻ. വികസിത മുതലാളിത്ത ദേശ രാഷ്ട്രീങ്ങളിലെ ഒരു ചെറു വിഭാഗം കോർപ്പറേറ്റുകൾ എങ്ങിനെയെയാണ് ധന മൂലധനത്തിന്റെ സിംഹഭാഗവും കൈയ്യടക്കുന്നതെന്നും, ആ കുത്തകകൾ അതാത് ദേശ രാഷ്ട്രങ്ങളിലെ ഭരണകൂടത്തെ ഉപയോഗിച്ച് തങ്ങളുടെ സാമ്പത്തിക ഭൂപ്രദേശം (Economic territory) വികസിപ്പിക്കാൻ മറ്റു വികസിത രാജ്യങ്ങളിലെ കുത്തകകളുമായി സംഘര്ഷത്തിലേർപ്പെടുന്നതെങ്ങനെയെന്നും ലെനിൻ വിശകലനം ചെയ്തു. ധന മൂലധനത്തെയും സാമ്രാജ്യത്വത്തെയും കുറിച്ചുള്ള വിശകലനത്തിൽ ഏറ്റവും പ്രധാനമായ പുസ്തകം “സാമ്രാജ്യത്വം – മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം ” ഈ വഴിക്കുള്ള അന്വേഷണങ്ങളുടെ ഉല്പന്നമായിരുന്നു.
ഇങ്ങനെ മാർക്സിസമെന്ന പ്രയോഗത്തിന്റെ തത്വ ശാസ്ത്രത്തെ വികസിപ്പിക്കുന്നതിൽ നിരവധി തലങ്ങളിലെ ഇടപെടൽ ലെനിന്റെതായി കാണാമെങ്കിലും ലെനിന്റെ ഒരു സംഭാവന എടുത്ത് പറയാൻ ആവശ്യപ്പെട്ടാൽ ഞാൻ പറയുക ‘തൊഴിലാളി വർഗ്ഗ വിപ്ലവ പാർട്ടിയെന്ന’ സങ്കൽപ്പത്തെ ലെനിൻ വികസിപ്പിച്ചതാകും. റഷ്യൻ വിപ്ലവ പാഠങ്ങളും , തൊഴിലാളി -കർഷക ഐക്യവും , സാമ്രാജ്യത്വ സങ്കൽപ്പങ്ങളും ഒക്കെ പ്രസക്തമാകുന്നത് ഒരു ലെനിനിസ്റ്റ് പാർട്ടിയുടെ വിപ്ലവ പ്രവർത്തനത്തിന്റെ അന്തരീക്ഷത്തിലാണ് , അല്ലാത്ത പക്ഷം അവയൊക്കെ ബൂർഷ്വാ അക്കാദമിക് വ്യവഹാരങ്ങൾ മാത്രമായി ചുരുക്കപ്പെടും. പാർട്ടിയെ കുറിച്ച് തന്റെ സങ്കല്പം ക്രമമായി ലെനിൻ വികസിപ്പിച്ചു കൊണ്ടിരുന്നു. അനാർക്കിസ്റ്റുകൾക്കും , ഉടന്തടി വിപ്ലവകാരികൾക്കും , വ്യക്തി സാഹസ തീവ്രവാദികൾക്കും , സോഷ്യൽ ഡെമോക്രാസ്റ്റുകൾക്കും നിർണായക സ്വാധീനം ഉണ്ടായിരുന്ന റഷ്യയിൽ ഒരു തൊഴിലാളിവർഗ്ഗ കമ്മ്യുണിസ്റ്റ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ ലെനിനും സഖാക്കളും നേടിയ വിജയം പിന്നീട് ലോകം മുഴുവനുമുള്ള കമ്മ്യുണിസ്റ്റ് പാർട്ടികൾ മാതൃകയാക്കി. ഇന്ന് നാം ലെനിനിസ്റ്റ് പാർട്ടിയെന്ന് വിളിക്കുന്ന സംഘടനാ സംവിധാനത്തെ കുറിച്ച് ലെനിൻ എഴുതുന്നു
“നമുക്കെതിരാണ് …. സാറിന്റെ സ്വേച്ഛാധികാര സൈനിക വ്യൂഹങ്ങളും , കഴിഞ്ഞ മുന്നൂറു വര്ഷം കൊണ്ടവർ നിർമ്മിച്ച ഭരണ സംവിധാനങ്ങളും ഉപകരണങ്ങളും നമുക്കെതിരാണ് … റഷ്യയുടെ സാങ്കേതിക വിഭവങ്ങളും , സ്‌കൂളുകളും , പത്രങ്ങളും , എല്ലാം നമുക്കെതിരാണ്… നമ്മുടേതാകട്ടെ ശൈശാവസ്ഥയിലുള്ള ഒരു തൊഴിലാളി പ്രസ്ഥാനവും. അതുകൊണ്ട് തൊഴിലാളി വർഗ്ഗത്തെ ഒന്നിപ്പിച്ച് ഒരു മഹാ ശക്തിയാക്കണമെങ്കിൽ , അവിടവിടങ്ങളിൽ അമർന്നു കത്തുന്ന പ്രതിഷേധങ്ങളെ ഒരു മഹാ ജ്വാലയാക്കണമെങ്കിൽ അതിനു കഴിയുന്ന അസാധാരണവും അദ്‌ഭുതകരവുമായ ഒരു സംഘടനാ സംവിധാനം നമുക്കുണ്ടായേ തീരൂ.. അതിനാകട്ടെ തൊഴിലാളി വർഗ്ഗത്തിനായി ആത്മാർപ്പണം ചെയ്ത മുഴുവൻ സമയ വിപ്ലവകാരികളെ (professional revolutionaries) ഒന്നിച്ചു ചേർത്തു കൊണ്ടേ സാധിക്കൂ”.
ലെനിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു പാർട്ടി ചരിത്രത്തിൽ മുൻമാതൃകകൾ ഇല്ലാത്തതായിരുന്നു. ലെനിന്റെ പാർട്ടി സങ്കല്പം ഒരേ സമയം ഒരു രാഷ്ട്രീയ പാർട്ടിയുടെയും , മുഴുവൻ സമയ വിപ്ലവകാരികളുടെ സംഘടനയുടെയും , കർക്കശമായ ഘടനയുടെയും, ചെമ്പടയുടെയും ,ശാസ്ത്രീയ സമൂഹത്തിന്റെയും ഒത്തുചേരലായിരുന്നു അതേ സമയം അതൊരിക്കലും ഒരു സെക്റ്റ് ആയി അധഃപതിക്കുവാനും പാടില്ല. പാർട്ടിയെന്നത് തൊഴിലാളിവർഗ്ഗത്തിന്റെ നാഡീ വ്യൂഹവും തലച്ചോറുമാണ്. ബോൾഷെവിക് വിപ്ലവകാരിയെ കുറിച്ച് ട്രോട്സ്കി ഒരിക്കൽ പറഞ്ഞു ” അയാൾ ഒരച്ചടക്കമുള്ള വ്യക്തി മാത്രമല്ല ഏതൊരു വിഷയത്തിലും പ്രശ്നത്തിലും സുവ്യക്തമായ നിലപാടുള്ളയാളും സ്വന്തം നിലപാടുകളെ പാർട്ടിക്കകത്തും പുറത്തും ധൈര്യപൂർവ്വം പ്രതിരോധിക്കുന്നയാളുമാകണം. ഇന്നയാൾ പാർട്ടിക്കകത്ത് ഒരു ന്യുനപക്ഷമാകാം അപ്പോഴയാൾ സ്വന്തം പാർട്ടിക്ക് കീഴ്‌പ്പെടുന്നു. അതിനർത്ഥം അയാൾ തെറ്റാകണമെന്നല്ല , നാളെ അയാളുടെ നിലപാടുകളാണ് ശരിയെന്നു വരാം , അപ്പോഴയാൾ തന്റെ നിലപാടുകൾ ഉയർത്തി പിടിച്ചതിലൂടെ പാർട്ടിയെ ശരിയിലേക്ക് നയിക്കുകയായിരുന്നു എന്ന് വരുന്നു” . ഒരു പക്ഷെ ജനാധിപത്യത്തിന്റെ ഏറ്റവും ഉയർന്ന രൂപമാണ് ലെനിനിസ്റ്റ് പാർട്ടി സംവിധാനത്തിലൂടെ ലെനിനും സഖാക്കളും ഉയർത്തിപ്പിടിച്ചത്.
“എല്ലായ്പ്പോഴും ഗതിവിഗതികളെ വസ്തുനിഷ്ഠമായി പറയുക , സങ്കല്പങ്ങളെയും സ്വപ്നങ്ങളെയും സത്യമായി അവതരിപ്പിക്കാതിരിക്കുക “അതായിരുന്നു ലെനിന്റെ രീതി. വിപ്ലവാനന്തരം ജർമ്മനിയുമായുണ്ടായ അതിർത്തി പ്രശ്നത്തിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന ലെനിന്റെ ലൈൻ സിസിയിലെ ഭൂരിഭാഗവും തള്ളി. ബുഖാറിനും , കൊല്ലൻതായും ജർമ്മനിയുമായുള്ള വിപ്ലവ യുദ്ധത്തിനാഹ്വാനം ചെയ്തു. ലെനിൻ അവിടെയും വസ്തു നിഷ്ഠമായ നിലപാടെടുത്തു . ‘ഇവിടെയൊരു നാണം കെട്ട സമാധാനത്തിനു നാം പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു , പക്ഷെ ജർമ്മനിയെ ജയിക്കാൻ നമുക്കാവില്ലെന്ന യാഥാർഥ്യത്തെ തിരിച്ചറിയണം’ എന്ന നിലപാട്. സാമ്രാജ്യത്വ ചങ്ങലയിലെ ദുർബലകണ്ണിയായ റഷ്യയുടെ പതനം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ലെനിന്റെ പ്രതീക്ഷ ജർമ്മൻ വിപ്ലവത്തിന്റെ പരാജയത്തോടെ ഇല്ലാതായി. അത്തരമൊരു വസ്തുനിഷ്ഠ സാഹചര്യത്തെ ഏക രാജ്യത്തെ സോഷ്യലിസം എന്ന പുതിയ നിലപാട് കൊണ്ട് പകരം വെക്കാനും , നാലുപാടും സാമ്രാജ്യത്വ ഉപരോധങ്ങളും , അകത്ത് പിന്തിരിപ്പൻ ശക്തികളുടെ യുദ്ധവുമെന്ന അവസ്ഥയെ ധീരമായി നേരിടാനും ലെനിനും സഖാക്കൾക്കും കഴിഞ്ഞു, പുത്തൻ സാമ്പത്തിക നയം വിജയകരമായി നടപ്പാക്കി. വഷളായ ആരോഗ്യാവസ്ഥക്കിടയിലും , എൻ ഇ പി കാലത്ത് പാർട്ടിക്കുള്ളിൽ തലപൊക്കിയ ബ്യുറോക്രാറ്റിക്ക് പ്രവണതകൾക്കെതിരെ നിശിതമായ സമരം നയിക്കുന്നതിനിടയിലാണ് ലെനിൻ മരണപ്പെടുന്നത്. ഓരോ നിമിഷവും അയാൾ പൊരുതിക്കൊണ്ടിരുന്നു. ഒരു വിട്ടുവീഴ്ചയുമില്ലാതെ…..
വയലാർ എഴുതി.
“വിശ്വമാകെയുണർത്തുമൊക്‌ടോബർ
വിപ്ലവത്തിന്റെ രക്ത നക്ഷത്രമേ !
റഷ്യ രാജ്യാന്തരങ്ങളെ ചൂടിച്ച
പുഷ്യരാഗ സ്വയംപ്രഭാ രത്നമേ !
നിന്നിൽ നിന്നും കൊളുത്തിയെടുത്തതാ –
ണെന്നിലിന്നുള്ള തീയും വെളിച്ചവും
നിന്നിൽ നിന്നു പകർന്നു നിറച്ചതാ –
ണെന്നിലിന്നുള്ള രാഗവും താളവും “