‘ഉണ്ട’ വരച്ചിട്ടത് വര്‍ത്തമാനകാല ഇന്ത്യയിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ്

0
379

Shuaib Thavalengal & Joseph Thankachan

കോളേജ് ഹോസ്റ്റലിൽ വെച്ചു ആദ്യമായി അവനെ കണ്ടപ്പോൾ ഞങ്ങൾ ചോദിച്ചു. “എവിടെയാണ് വീട്?” അവൻ തല താഴ്ത്തി പറഞ്ഞു. “അട്ടപ്പാടി!” അപ്പോൾ ഞങ്ങൾ തിരിച്ച്, “നിനക്കൊക്കെ അവിടെ വല്ല കപ്പയും നട്ടു ജീവിച്ചൂടെ. ഡോക്ടർ ആയിട്ട് നീ പിന്നെ മല മറിക്കും.”

പിന്നീട് അവനുമായി ആദ്യമായി സിനിമക്ക് പോയപ്പോൾ ഇന്ത്യൻ റുപ്പിയിലെ പൃത്വിയുടെ ഇൻട്രോ കണ്ടു അവൻ കയ്യടിക്കുകയും ആർപ്പു വിളിക്കുകയും ചെയ്തപ്പോൾ, “എന്തിനാ അളിയാ ഓരിയിടുന്നത്, അവിടെ ഊരിലൊക്കെ ഇങ്ങനെയാണോ. നീ തനി ചാമിയാണല്ലോ..!!” എന്ന് പറഞ്ഞ് ഞങ്ങളിലാരോ അവനെ അടക്കിയിരുത്തിയതായി ഓര്‍ക്കുന്നുണ്ട്.

Lukman Lukku | Lukman Lukkuപിന്നീട് അവൻ പാസ്സായി സന്തോഷത്തോടെ ആദ്യമായി ഒരു അഡിഡാസിന്റെ ഷൂ ഇട്ടപ്പോൾ “ഊരിലൊക്കെ അഡിഡാസിന് മൂന്ന് D അല്ലെ?” എന്നും പറഞ്ഞു ചൊറിഞ്ഞു ഞങ്ങള്‍. പിന്നീട് അവൻ കോഴ്സ് കംപ്ലീറ്റ് ആക്കിയപ്പോൾ ഞങ്ങൾ പറഞ്ഞു, “നിനക്കൊക്കെ സുഖമല്ലേ, റിസർവേഷൻ ഉണ്ടല്ലോ. അവിടെ അട്ടപ്പാടിയിലോ മുത്തങ്ങയിലോ ഗവണ്മെന്റ് ജോലി കിട്ടുമല്ലോ!?” എന്ന്.

ഈ ഞങ്ങളിൽ ഞാനും എന്റെ സുഹൃത്തുക്കളുമുണ്ട്, നിങ്ങളും ഉണ്ടാവാം. ഞങ്ങൾക്കത് ഒരു നേരമ്പോക്കും തമാശയും ആയിരുന്നു, പക്ഷേ അവനത് ജീവിതത്തിന്‍റെ കൈപ്പിലേക്ക് വിരല്‍ ചൂണ്ടിയ യാഥാര്‍ത്ഥ്യങ്ങളായിരുന്നിരിക്കണം. ഇന്ന് അവൻ മെഡിക്കൽ കോളേജിലെ സർജനാണ്. പക്ഷെ ഇപ്പോഴും അവന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഉണ്ടയിൽ ബിജു കുമാർ പറയുന്നത് പോലെ നമ്മളാണ്. അത് വല്ലാത്തൊരു അവസ്ഥയാണ് എന്ന തിരിച്ചറിവ് പോലും, ‘ഞങ്ങള്‍’ ‘അവന്‍’ എന്ന വേര്‍തിരിവിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ സംഭവിക്കുന്നതാണ്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ഉണ്ട’ ഒരു മികച്ച സിനിമയാകുന്നത് ഇതേ തിരിച്ചറിവുകള്‍ സമ്മാനിക്കുമ്പോഴാണ്. അപരിചിതമായ ഒരു ഭൂമികയില്‍ പ്ലേസ് ചെയ്യപ്പെട്ട ‘ഉണ്ട’, തീര്‍ത്തും സുപരിചിതമായ ദുരധികാരത്തിന്‍റെയും ജാതീയതയുടേയും കഥകളാണ് പറഞ്ഞത്. ദുരധികാരം മനുഷ്യനെ ചതച്ച് കൊല്ലുന്ന കാലത്തിരുന്ന്, സ്വന്തം മണ്ണില്‍ നിന്ന് ജനതയെ അപരതവത്ക്കരിക്കുന്ന വര്‍ത്തമാന കാലത്തിരുന്ന് ‘ഉണ്ട’ കാണുമ്പോള്‍ ചിത്രത്തിന് ഒരു പ്രവചന സ്വഭാവം തന്നെ കൈവരുന്നുണ്ട്.

ഈ മണ്ണിലിന്നും ദളിതന്‍ അകറ്റി നിര്‍ത്തപ്പെടുന്നുണ്ട്. ഇവിടെയിന്നും എതിര്‍ക്കുന്നവരെ ചാപ്പയടിച്ച് മാറ്റി നിര്‍ത്തുന്നുണ്ട്. നിങ്ങള്‍ ഞങ്ങളേ പോലെയല്ലാത്തത് കൊണ്ട് നിങ്ങള്‍ ജീവിക്കാനര്‍ഹരല്ല എന്ന് ചിലരൊക്കെ വിളിച്ചുപറയുന്നുണ്ട്. ഒപ്പം, ഇവിടെ ജാതിയില്ല എന്നും ഇവിടെയെല്ലാവരും ഒരുപോലെയാണ് എന്നുമുള്ള സുന്ദരമായ അസത്യങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നുമുണ്ട്. അത്കൊണ്ട് തന്നെ അത്രമേല്‍ കാലിക പ്രസക്തമാണ് ഈ ചിത്രവും.

പിറന്ന മണ്ണില്‍ നിന്ന് കുടിയിറക്കപ്പെടാന്‍ വിധിക്കപ്പെട്ട്, ദേശവിരുദ്ധതയും മാവോയിസവും ആരോപിക്കപ്പെട്ട് കാണാതാക്കപ്പെടുന്ന ഒരു ജനതയും, സ്വന്തം ജനതയുടെ നടുവില്‍ അന്യവത്ക്കരിക്കപ്പെടുന്ന ബിജുകുമാര്‍ എന്ന പോലീസുകാരനും, നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന മുതലാളിത്തവും എല്ലാം ചേര്‍ന്ന് ഉണ്ട വരച്ചിട്ടത് വര്‍ത്തമാനകാല ഇന്ത്യയിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ്. കച്ചവട സിനിമയുടെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോഴും, ഈ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത് കൊണ്ടാണ് കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച രാഷ്ട്രീയ സിനിമകളിലൊന്നായ് ‘ഉണ്ട’ അടയാളപ്പെടുത്തപ്പെടുന്നത്.

‘ഉണ്ട’ ഇറങ്ങിയിട്ട് രണ്ട് സംഭവബഹുലമായ വര്‍ഷങ്ങള്‍.