എന്തും അടിച്ചമർത്താൻ വെമ്പുന്ന ബിജെപി , ഉവൈസിയെയും അനുജനെയും അനുചരരെയും ഏത് പ്രകോപന പ്രഭാഷണങ്ങളും സഹിച്ച് വളരാൻ വിടുന്നത് എന്ത് കൊണ്ടായിരിക്കും ?

126

Shuaibul Haithami ✍️

രാഹുൽ നെഹ്റുവിയൻ സെക്യുലറാണ്, കോൺഗ്രസിലെ യഥാർത്ഥ സഖാവ് .അയാൾക്ക് മതം ഫാക്ടറാവുന്ന ഏത് പൊളിറ്റിക്സിനോടും വിയോജിപ്പായിരിക്കും .പാർട്ടിയുടെ നിലനിൽപ്പിന് വേണ്ടി ലൈറ്റ് ഹിന്ദുത്വ കണ്ടാലും കാണാത്ത പോലെ നടിക്കുകയും ചെയ്യും , അത്രയൊക്കെ സെക്യുലറാവാനേ ,പൊളിറ്റിക്കൽ കറക്ട്നസ് ഉറപ്പുവരുത്താനേ 80 % ജനങ്ങൾ അവിഭക്തഹിന്ദുഗോത്രത്തിൻ്റെ ഭാഗമായ ഒരു രാജ്യത്ത് ഏതൊരു ദേശീയ പാർട്ടിക്കും സാധിക്കുകയുള്ളൂ . കോൺഗ്രസിന് സാധിക്കുന്ന മാക്സിമം സെക്യുലർ കൾട്ടാണ് രാഹുൽഗാന്ധി. ഇത്ര ഡെഡ്ലൈനിലേക്ക് വരാൻ പ്രിയങ്കക്ക് പോലും ധൈര്യമില്ല.

ഈ യാഥാർത്ഥ്യം ‘മതിയാവാത്ത ‘മുസ്ലിംകൾ സ്വത്വാധിഷ്ഠിതമായ രാഷ്ട്രീയ ലൈൻ സ്വീകരിച്ച് ദേശീയബദലാവാനോ പ്രാദേശിക സമ്മർദ്ധ ശക്തിയാവാനോ സ്വത്വം നിലനിർത്തിക്കൊണ്ട് തന്നെ ഏതെങ്കിലും മുന്നണിയുടെ ഭാഗമാവാനോ ശ്രമിക്കുന്നതിന് തന്നെയാണ് ന്യൂനപക്ഷരാഷ്ട്രീയം എന്ന് പറയുന്നത്. പക്ഷെ ,ഈ ലൈനിൽ ഉവൈസി എന്താണ് / എവിടെയാണ് എന്ന സംശയം വീണ്ടും ബാക്കിയാണ്. എതിർവാ മൂടിക്കെട്ടാൻ ഭരണഘടനാ സ്ഥാപനങ്ങളെ എവ്വിധവും ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബിജെപി , ഉവൈസിയെയും അനുജനെയും അനുചരരെയും ഏത് പ്രകോപന പ്രഭാഷണങ്ങളും സഹിച്ച് വളരാൻ വിടുന്നത് എന്ത് കൊണ്ടായിരിക്കും ?

പതിനയ്യായിരം കോടിയിലധികം ആസ്തിയുള്ള ആ മഹാമുതലാളി , സംഘടനാപരമായി മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ എന്താണ് ചെയ്തത് , ചെയ്യാനായി മുന്നോട്ട് വെക്കുന്നത് ?വൈകാരികമായി ഇടപെട്ട് , നിർധന മുസ്ലിം ബെൽട്ടുകളിലെ അരക്ഷിതാവസ്ഥയും നിവൃത്തികേടും മുതലെടുക്കുകയാണയാൾ എന്ന ആക്ഷേപത്തിൻ്റെ അറുതി ,അയാളുടെ സ്വത്വാധിഷ്ഠിത രാഷ്ട്രീയം കാരണത്താൽ മുസ്ലിംകളുടെ സാമൂഹികാസ്തിത്വം എത്രത്തോളം ഭദ്രമാവുന്നു എന്നതിനെ ആശ്രയിച്ചിരിക്കും . മുസ്ലിംകൾ പ്രതിസന്ധിയിലാവുന്ന ഘട്ടത്തിൽ , രാഹുലിനെ മറനീക്കി കാണുന്നില്ല എന്നത് വാസ്തവമാണ് , ഇനി കാണുകയുമില്ല ,അതിൻ്റെ കാരണം മുകളിൽ പറഞ്ഞു .

പക്ഷെ , ഉവൈസിയെ ഹൈദരാബാദിലെ രണ്ട് റാലിയിലല്ലാതെ കണ്ടിട്ടുണ്ടോ ആരെങ്കിലും ?
ജാമിഅ: യും അലീഗഢും ടാർഗറ്റ് ചെയ്യപ്പെട്ടപ്പോൾ ആ സ്വത്വവാദി എന്താണ് ചെയ്തത് , ഡൽഹിയിൽ അസംഖ്യം മുസ്ലിംകൾ അപ്രത്യക്ഷരായപ്പോൾ അയാൾ എവിടെയായിരുന്നു , യുപിയിൽ അരക്കാരണത്തിന് ആയിരം വീതം മുസ്ലിംകളെ ജയിലിലടക്കുകയാണല്ലോ ,അയാൾ ആ വിഷയം അഡ്രസ് ചെയ്തിട്ടുണ്ടോ ?ഇങ്ങീ കേരളത്തിലെ സിദ്ധീഖ് കാപ്പനെ കുറിച്ച് കപിൽ സിബലിന് പറയാൻ പേടിയില്ല , ഉവൈസി തൻ്റെ പരിധിയിലെ സിദ്ധീഖ് കാപ്പന്മാരെ കുറിച്ച് മിണ്ടിയത് ആരെങ്കിലും കേട്ടിട്ടുണ്ടോ ? സേഫ് സോണിലെ ഘോര പ്രഭാഷണങ്ങൾക്കപ്പുറം എന്താണ് ഉവൈസി ?

ഇതേ വൈകാരിക വിത്തിറക്കി യുപിയിലും ബംഗാളിലും നാലഞ്ച് സീറ്റ് നേടിയെന്നിരിക്കട്ടെ – അത് എത്ര ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്നു എന്ന കണക്കല്ല പ്രധാനം , പ്രത്യുത , ആ ചോറാവാത്ത അരി എന്ന സന്ദേശം മറ്റുപല രാഷ്ടീയ ഭേദങ്ങളായി ഇന്ത്യയൊട്ടുക്കും എത്രയളവിൽ മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കും ?ഇതൊക്കെ സംശയങ്ങളാണ് .

രാഹുൽ / കോൺഗ്രസ് മുസ്ലിംകൾക്ക് അശ്രീകരം ആണെന്ന് പറയണമെങ്കിൽ ഉവൈസി/ സിപിഎം മുസ്ലിംകൾക്ക് ശ്രേയസ്ക്കരമാണെന്ന ഗ്യാരണ്ടിബോണ്ട് അനുഭവത്തിൽ കിട്ടണം . സ്ട്രൈറ്റ് ഫോർവേഡായി പറഞ്ഞാൽ ,കോൺഗ്രസ് മുസ്ലിംകളെ രക്ഷിക്കാൻ ഉണ്ടായ പാർട്ടിയല്ലാത്തതിനാൽ , ഉവൈസി ശരിയാവാൻ കോൺഗ്രസ് തെറ്റായാൽ മാത്രം പോരാ എന്ന് .