Muhammed Sageer Pandarathil

ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ തിളങ്ങിയ ഷുക്കൂർ വക്കീൽ വീണ്ടും വിവാഹം കഴിക്കുന്നു!…. ഇത് സംബന്ധിച്ച് അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതിയ വാക്കുകൾ നമുക്ക് വായിക്കാം..

ഒരു വിവാഹം കൂടി ജീവിതത്തിലുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ചില കാര്യങ്ങള്‍ അങ്ങിനെയാണ്. നമ്മള്‍ വിധേയരാകും. പറഞ്ഞുവന്നത്, ഈ വരുന്ന മാര്‍ച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്..വിശദമായി പറയാം, 1994 ഒക്ടോബര്‍ ആറിനായിരുന്നു എന്റെ ആദ്യ വിവാഹം. ഇസ്‌ലാം മത വിശ്വാസികളായ ഞാനും പാലക്കാട് പുതുപ്പരിയാരം പറക്കാട്ടില്‍ ആലിക്കുട്ടിയുടെയും കെ.എം. സാറയുടെയും മകള്‍ പി.എ. ഷീനയും മതാചാര പ്രകാരമാണ് നിക്കാഹ് കഴിച്ചത്. ആദരണീയനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ ചെറുവത്തൂര്‍ കാടങ്കോട് നസീമ മന്‍സിലില്‍ വെച്ചായിരുന്നു ഞങ്ങളുടെ നിക്കാഹ്.

ഒക്ടോബര്‍ ഒമ്പതു മുതല്‍ ഞാനും ഷീനയും ഒന്നിച്ചു ജീവിച്ചു തുടങ്ങി. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്ന് പെണ്‍മക്കളാണ് വരിവരിയായി കടന്നുവന്നത്. മൂന്നു പെണ്‍മക്കളുടെ പിതാവായി സ്വര്‍ഗ്ഗം ഉറപ്പിച്ചിരിക്കുന്ന ഭാഗ്യവാനാണ് ഞാന്‍! മരണം കണ്‍മുന്നിലൂടെ മിന്നിമാഞ്ഞുപോയ രണ്ട് അസാധാരണ സന്ദര്‍ഭങ്ങളിലാണ് ജീവിതവുമായി ബന്ധപ്പെട്ട ചില വേവലാതികള്‍ ഉള്ളില്‍ ഉടലെടുത്തത്. ഇന്നും ഓര്‍ക്കാന്‍ ഭയപ്പെടുന്ന, 2017 ലെ അതിഭീകരമായ ഒരു അപകടത്തില്‍ സഞ്ചരിച്ചിരുന്ന കാറ് തവിടുപൊടിയായെങ്കിലും ഞാന്‍ ബാക്കിയായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2020 ലും മറ്റൊരപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരണം തൊട്ടുതലോടി പോയ ആ രണ്ട് നേരത്തും ജീവന് കാവലായത് സീറ്റ് ബെല്‍റ്റായിരുന്നു.

ഞാന്‍ മരണപ്പെട്ടാല്‍, പലര്‍ക്കും സങ്കടം വരും! FB യില്‍ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വന്നേക്കാം. ഖബറടക്കവും പ്രാര്‍ത്ഥനയും കഴിഞ്ഞ് ബന്ധുക്കള്‍ പിരിയും, അവസാനം വീട്ടുകാര്‍ മാത്രം ബാക്കിയാവും.
എന്തൊക്കെയാണ് ഉപ്പയുടെ നീക്കിയിരിപ്പ്? കടം വല്ലതും തീര്‍ക്കാനുണ്ടോ? സമ്പാദ്യങ്ങള്‍ മക്കള്‍ക്കുള്ളതല്ലേ?
തുടങ്ങിയ ചോദ്യങ്ങളുടെ നേരമെത്തും.എന്റെ (ഞങ്ങളുടെ) ജീവിത സമ്പാദ്യങ്ങള്‍ മൂന്നു മക്കള്‍ക്ക് കിട്ടേണ്ടതല്ലേ? സംശയമെന്തിരിക്കുന്നു.അവര്‍ക്കു തന്നെ കിട്ടണം. എന്നാല്‍, അവര്‍ക്ക് കിട്ടുമോ?
അതെന്തേ അങ്ങിനെ ഒരു ചോദ്യം! കിട്ടില്ല, അതു തന്നെ.1937 ലെ The Muslim Personal Law (Shariat)Application Act ആണ് കാരണം.ഈ നിയമ പ്രകാരം ഇന്ത്യയിലെ മുസ്ലിമിന്റെ പിന്തുടര്‍ച്ചാ നിയമം, മുസ്ലിം പേഴ്‌സണല്‍ ലോ അഥവാ ശരീഅപ്രാകാരം ആണ്.

എന്താണ് ശരീഅ എന്നതിനെ കുറിച്ച് 1937ലെ ഈ നിയമത്തില്‍ ഒന്നും പറയുന്നില്ല.എന്നാല്‍ 1906ല്‍ Sir D H Mulla എഴുതിയ Principles of Mahomedan Law എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതികള്‍ എടുക്കുന്ന സമീപന പ്രകാരം എന്റെ/ ഞങ്ങളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഓഹരി മാത്രമേ ഞങ്ങളുടെ മക്കള്‍ക്ക് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. അഥവാ താഹിസില്‍ദാര്‍ നല്‍കുന്ന അനന്തരവകാശ സര്‍ട്ടിഫിക്കറ്റില്‍ ഞങ്ങളുടെ മക്കള്‍ക്ക് പുറമേ സഹോദരങ്ങള്‍ക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങള്‍ക്ക് ആണ്‍ മക്കളില്ല എന്നതു മാത്രമാണ്. ഒരാണ്‍കുട്ടിയെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ മുഴുവന്‍ സ്വത്തും മക്കള്‍ക്ക് തന്നെ കിട്ടിയേനെ.

ഞങ്ങള്‍ക്ക് ജനിച്ചത് പെണ്‍കുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവചനം മക്കള്‍ നേരിടേണ്ടി വരുന്നു. മാത്രവുമല്ല ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല.1950 ല്‍ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണ ഘടനയിലെ 14ാം അനുഛേദം ജാതി മത വര്‍ഗ്ഗ ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നല്‍കുന്ന രാജ്യത്ത് ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കള്‍ക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണ്.

തങ്ങളുടെ ജീവിതസമ്പാദ്യം സ്വന്തം മക്കള്‍ക്ക് തന്നെ ലഭിക്കാനെന്ത് ചെയ്യുമെന്ന, എന്നെപ്പോലെ പെണ്‍മക്കള്‍ മാത്രമുള്ള ആയിരക്കണക്കിന് മുസ്ലിം രക്ഷിതാക്കളുടെ ആശങ്കകള്‍ക്കെന്താണ് പോംവഴി? അനന്തര സ്വത്ത് പെണ്‍മക്കള്‍ക്ക് തന്നെ ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം? നിലവിലുള്ള നിയമ വ്യവസ്ഥയ്ക്കകത്തു നിന്നു കൊണ്ട് ഇസ്ലാം മത വിശ്വാസികളായ ഞങ്ങള്‍ക്ക് ഈ പ്രതി സന്ധിയെ മറികടക്കാനുള്ള ഏക വഴി 1954 ല്‍ നമ്മുടെ പാര്‍ലമെന്റ് അംഗീകരിച്ച സ്പെഷ്യല്‍ മാര്യേജ് ആക്ട് മാത്രമാണ്. അതില്‍ ആശ്രയം കണ്ടെത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. അഥവാ, ഞങ്ങളുടെ രണ്ടാം വിവാഹമാണ്.

1994 ഒക്ടോബര്‍ 6 ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഞാനും ഷീനയും, അന്തര്‍ദേശീയ വനിതാ ദിനമായ 2023 മാര്‍ച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് സബ്ബ് രജിസ്ട്രാര്‍ മുമ്പാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രജിസ്റ്ററില്‍ ഒപ്പു വെക്കും ഇന്‍ശാ അല്ലാഹ്.

ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ല. തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുമ്പോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു.
നമ്മുടെ പെണ്‍മക്കളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും സര്‍വ്വ ശക്തനായ അല്ലാഹു ഉയര്‍ത്തി നല്‍കട്ടെ. അല്ലാഹുവിന്റെ മുമ്പിലും നമ്മുടെ ഭരണഘടനയുടെ മുന്നിലും എല്ലാവരും സമന്മാരാണ്.
സമത്വം സകല മേഖലകളിലും പരക്കട്ടെ.എല്ലാവര്‍ക്കും നന്മയും സ്‌നേഹവും നേരുന്നു.
എല്ലാവര്‍ക്കും മുന്‍കൂര്‍ വനിതാ ദിന ആശംസകള്‍.

ഈ വിഷയത്തെ കുറിച്ച് Shukkur Vakkeel ന്റെ പഴയ എഴുത്തുകൾ..

1.

ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾക്ക് ഭരണ ഘടനയുടെ അനുഛേദം 14 ഉറപ്പു നൽകുന്ന തുല്യത അവകാശം നിഷേധിക്കപ്പെടുന്നത് രണ്ട് തരത്തിലാണ്
1 . മത പരമായ വിവേചനം
2 ലിംഗ പരമായ വിവേചനം.
ഒരു ഉദാഹരണം കൊണ്ട് അതു വ്യക്തമാക്കാം
1. ഒരേ പ്രായത്തിലുള്ള ഒരു മസ്ലിം പെൺകുട്ടിയുടെയും മറ്റൊരു സമുദായത്തിലുള്ള പെൺ കുട്ടിയുടെയും പിതാക്കൾ മരണ പെട്ടാൽ , മുസ്ലിം പെൺ കുട്ടിക്ക് പിതാവിന്റെ സ്വത്തിന്റെ പകുതി സ്വത്ത് മാത്രമേ ലഭിക്കുകയുള്ളൂ , എന്നാൽ മറ്റൊരു സ്വമുദായത്തിലെ കുട്ടിക്ക് മുഴുവൻ സ്വത്തും ലഭിക്കും .
ഇതാണ് മത പരമായ വിവേചനം .
2. രണ്ട് മുസ്ലിം സഹോദരങ്ങളുടെ മക്കളിൽ , ഒരാളുടേത് പെൺ കുട്ടിയും മറ്റൊയാളുടേത് ആൺ കുട്ടിയും ആണെന്നു കരതുക . അവരുടെ പിതാക്കൾ മരിച്ചാൽ, പെൺ കുട്ടിക്ക് പിതാവിന്റെ പകുതി സ്വത്തേ ലഭിക്കു , എന്നാൽ ആൺ കുട്ടിക്ക് പിതാവിന്റെ സ്വത്ത് മുഴുവനും ലഭിക്കും.
ഇതാണ് ലിംഗ പരമായ വിവേചനം.
ഇങ്ങിനെ മതപരമായും ലിംഗ പരമായും വിവേചനം നേരിടേണ്ടവരാണ് ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾ ?
തിരുത്തണം ഈ വിവേചന നിയമം .

**
2

ഞങ്ങൾക്ക് മൂന്നു പെൺ മക്കളാണ്.
ആത്മാഭിമാനം ഉയർത്തി പിടിക്കുന്ന കുട്ടികളാകണം എന്നാണ് എല്ലാ രക്ഷിതാക്കളെയും പോലെ ഞങ്ങളും ആഗ്രഹിക്കുന്നത് .
ഞങ്ങൾ രാവും പകലും കഠിനദ്ധ്വാനം ചെയ്യുന്നത് മക്കളുടെ ക്ഷേമവും സന്തോഷവും സമാധാനപരമായ ജീവിതവും പ്രതീക്ഷിച്ചു തന്നെയാണ് .
ഞങ്ങളിൽ ഒരാൾ മരണപ്പെട്ടാൽ ഞങ്ങളുടെ പേരിലുള്ള കാറിന്റെ RC അവരിലേക്ക് മാറ്റി കിട്ടുവാൻ ഞങ്ങളുടെ സഹോദരന്മാരെ തേടി പോകണം . അവരുടെ ഔദാര്യത്തിനായി കാത്തു നിൽക്കണം . അവർ മക്കളോട് അവകാശം ചോദിച്ചാൽ അതും നൽകണം .
ഉപ്പയും ഉമ്മയും കഠിനദ്ധ്വാനം ചെയ്തു സമ്പാദ്യത്തിൽ ഒരു കഴുക്കോൽ ഊരാൻ മതാപിതാക്കളുടെ സഹോദരങ്ങളുടെ മുന്നിൽ ഓച്ചാനിച്ചു നിൽക്കേണ്ടി വരുന്നത് തിരുത്തേണ്ടതല്ലേ ?
ആൺ മക്കൾ മാത്രമുള്ള എന്റെ അനുജന്റ മക്കൾക്ക് അവരുടെ രക്ഷിതാക്കളുടെ മുഴുവൻ സ്വത്തിനും അവകാശം ലഭിക്കുമ്പോൾ , എന്റെ മക്കൾ പെൺമക്കൾ ആയത് കൊണ്ടു മാത്രം അനുഭവിക്കേണ്ടി വരുന്ന അപമാനവും ആത്മ നിന്ദയും തിരുത്തേണ്ടതല്ലേ ?
പരിശുദ്ധ ഖുർആനും തിരു സുന്നത്തും തെറ്റായി വ്യാഖ്യാനിച്ചതു കൊണ്ടു മാത്രം നില നിൽക്കുന്ന മുസ്ലിം പിന്തുടർച്ചാവകാശ നിയമങ്ങളിലെ ലിംഗ അസമത്വം പരിഹരിക്കപ്പെടേണ്ടേ ?
വേണം , തിരുത്തേണ്ടത് തിരുത്തണം .
നമ്മുടെ ഭരണഘടന ഉറപ്പു നൽകുന്ന സമത്വം എല്ലാ പൗരന്മാർക്കും പ്രാപ്യമാകണം.
***

3

അഞ്ചില്ലത്ത് ആമു ഹാജിക്കും ചീനമ്മാടത്ത് നബീസയ്ക്കും മക്കൾ മൂന്നു പേരാണ് .
1. ചീനമ്മാടത്ത് ബീഫാത്തിമ ,
2 ഷാഹുൽ ഹമീദ് ,
3 അബ്ദുൾ സലാം .
ബീഫാത്തിമയുടെ മൂത്തകനാണ് ഞാൻ .
ഉപ്പുപ്പ ആമു ഹാജി ആദ്യം ഞങ്ങളിൽ നിന്നും പോയി . പിന്നെ എന്റെ ഉമ്മ . ഉമ്മ മരിച്ചതിനു ശേഷം ഏകദേശം 8 മാസം കഴിഞ്ഞു ഞങ്ങളുടെ ഉമ്മുമ്മയും മരിച്ചു.
ഒന്നര വർഷം മുമ്പ് ഷാഹുൽ ഹമീദും മടങ്ങി ( അല്ലാഹു അവരുടെ പരലോക ജീവിതം എളുപ്പമാക്കട്ടെ )
ഉമ്മുമ്മയും ഉമ്മയും ഞങ്ങളും ഒക്കെ 1976 ൽ പണിത കാടങ്കോട് നസീമ മൻസിലാണ് താമസിച്ചിരുന്നത് . ഉപ്പുപ്പയും ഉപ്പയും ഒന്നിച്ചു കച്ചവടം നടത്തിയിരുന്ന കാലത്ത് ഉമ്മുമ്മയുടെയും ഉമ്മയുടെയും പേരിലായിരുന്നു വീടും 60 സെന്റ് ഭൂമിയും വാങ്ങിയിരുന്നത് .
1976 ൽ ഞാൻ രണ്ടാം ക്ലാസിൽ , അനുജൻ ഒന്നാം ക്ലാസിലും . ഞങ്ങൾ ഉമ്മുമ്മയോടും ഉമ്മയോടും ഒപ്പം കളിച്ചു വളർന്ന വീട്ടിലെ നേർ പകുതി അവകാശം ഞങ്ങളിൽ നിന്നും പൂർണ്ണമായും ഉമ്മുമ്മയുടെ മരണത്തോടെ ഉമ്മയുടെ ആങ്ങളമാരിലേക്ക് മാത്രമായി.
ഉമ്മുമ്മ മരിക്കുന്നതിനു മുമ്പ് ഉമ്മ മരിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങളുടെ ഉമ്മയ്ക്കും അവകാശം വരുമായിരുന്നു.
ഉമ്മുമ്മയ്ക്കു മുമ്പ് ഉമ്മ മരിച്ചതു കൊണ്ട് ഞാനും എന്റെ നാലു സഹോദരങ്ങളും ഉമ്മുമ്മയുടെ അനന്തരവകാശ പട്ടികയിൽ നിന്നും മുസ്ലിം പിന്തുടർച്ചാ വകാശ നിയമ പ്രകാരം പുറത്താണ് .
ഉമ്മയുടെ മരണത്തോടെ ഉമ്മുമ്മയുമായി അനന്തരവകാശ ബന്ധം ഞങ്ങളിൽ നിന്നും അറ്റു പോയി.
ഉമ്മയുടെ ആങ്ങളമാർ രണ്ടു പേരും മറ്റൊരു ദിക്കിൽ വീടു വെച്ചു താമസം തുടങ്ങിയിട്ടു വർഷങ്ങളായിരുന്നു.
ഞങ്ങളിൽ സഹോദരിമാർ രണ്ടു പേരും സ്വന്തം വീടു വെച്ചു താമസം തുടങ്ങിയിരുന്നു.
ഞങ്ങളുടെ ബാല്യം നിറഞ്ഞ വീട് ഞങ്ങൾക്കു ഒഴിവാക്കുവാൻ പറ്റുമായിരുന്നില്ല .
ഉമ്മുമ്മയുടെ മരണശേഷം ഞങ്ങൾ താമസിക്കുന്ന വീട്ടിലേക്ക് ബ്രോക്കർ മാർ വന്നു തുടങ്ങി . പകുതി അവകാശം വിൽക്കുവാൻ അമ്മാവന്മാർ ചുമതലപ്പെടുത്തിയ ബ്രോക്കർമാരാണ് എന്നാണ് അവരുടെ ഭാഷ്യം ( ഈ കാര്യം ക്രോസ് ചെക്ക് ചെയ്തിരുന്നില്ല )
അവസാനം അമ്മാവന്മാരോട് പകുതി ഓഹരി മാർക്കറ്റ് വില നൽകി ഞങ്ങൾക്ക് വാങ്ങേണ്ടി വന്നു. ( 23 സെന്റ് ഭൂമിയും വീടിന്റെ പകുതിയും മാർക്കറ്റ് വിലക്ക് വാങ്ങി – കുറച്ചു ഭൂമി റോഡിനു മറ്റുമായി വിട്ടു കൊടുത്തിരുന്നു ))
മക്കൾ നേരത്തെ മരിച്ചാൽ പേരക്കുട്ടികളുടെ അനന്തരവകാശം റദ്ദു ചെയ്യുന്ന മുസ്ലിം പിന്തുടർച്ചാവകാശ നിയമം തിരുത്തപ്പെടേണ്ടതല്ലേ ?
( ഞങ്ങടെ ഉമ്മുമ്മാക്ക് മറ്റു പല സ്വത്തുക്കളും ഉണ്ടായിരുന്നു . മുസ്ലിം പിന്തുടർച്ചാ നിയമനുസരിച്ച് ആ സ്വത്തുക്കളിലൊന്നും അവകാശം ഞങ്ങൾക്കില്ലായിരുന്നു ) .
ഞങ്ങളുടെ രണ്ട് അമ്മാവന്മാരും നിയമത്തിൽ കാർക്കശ്യം ഉള്ളവരായിരുന്നു. പിന്തുടർച്ചവകാശ നിയമത്തിൽ വിട്ടു വീഴ്ച ചെയ്യുന്നത് പാതകമാണെന്നു മറ്റു പലരേയും പോലെ അവരും കരുതിയിരുന്നത്.
ഇരുവരും സ്വത്തു ഓഹരിക്കു ശേഷം പഴയതിനെക്കാൾ സ്നേഹവും സൗഹാർദ്ദവും ഞങ്ങളിൽ ചൊരിഞ്ഞു.
2007 ൽ നമ്മുടെ പാർലിമെന്റ് മുതിർന്ന പൗരന്മാരുടെയും രക്ഷിതാക്കളുടെയും സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി പാസ്സാക്കിയ നിയമ മാണ് Maintenance and Welfare of Parents and Senior Citizens Act 2007. ആ നിയമ പ്രകാരം ആണും പെണ്ണുമായ മക്കൾ മാത്രമല്ല , പേരക്കുട്ടികളും രക്ഷിതാകളെ സംരക്ഷിക്കുവാൻ ബാധ്യസ്ഥരാണ്. ഏതെങ്കിലും പ്രത്യേക മത വിഭാഗത്തിനോ പെൺ മക്കൾക്കോ നിയമം ഒരു ഇളവും അനുവദിക്കുന്നുമില്ല.
ഞങ്ങടെ ഉമ്മയുടെ സ്വത്തുക്കൾ വിഹിതം വെച്ചപ്പോൾ അഞ്ചു മക്കളും സ്ത്രീ പുരുഷ ഭേദമന്യേ തുല്യമായി പങ്കിട്ടെടുത്തു. ഉപ്പയാകട്ടെ ഒരു അവകാശവും എടുക്കാതെ ഞങ്ങൾക്കിടയിൽ തുല്യമായി വിഹിതം വെച്ചു.
രാജ്യത്തെ മനുഷ്യർ അനന്തരവകാശ നിയമങ്ങളുടെ നൂലാ മാലകളിൽ കുടുങ്ങി എന്തിനാണ് ശത്രുക്കളാകുന്നത് ?
തിരുത്തണം , തിരുത്തേണ്ടതു തന്നെ .

NB: ഈ ഉമ്മുമ്മയുടെ അനന്തരവകാശം നിഷേധിക്കപ്പെട്ടതിൽ അമ്മാവന്മാർ കുറ്റക്കാരല്ല , നിയമം മാത്രമാണ് അവരെ പ്രാപ്തരാക്കിയത്. അതു കൊണ്ട് തന്നെ ഈ കുറിപ്പ് വ്യക്തിപരമായ എതിർപ്പായി കാണരുത് .

Leave a Reply
You May Also Like

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന ഒരു ലോകത്താണ്…

ഗോവിന്ദ് പത്മസൂര്യ, അർജ്ജുൻ  -‘ദി മെന്റർ’ , രാമജന്മഭൂമിയിൽ ലോഞ്ചിംഗ്

“ദി മെന്റർ ” രാമജന്മഭൂമിയിൽ ലോഞ്ചിംഗ് ഗോവിന്ദ് പത്മസൂര്യ, അർജ്ജുൻ  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനിൽ…

മാരക ദൃശ്യാനുഭവങ്ങളുമായി മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ഒഫീഷ്യൽ ടീസർ

മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ ഒഫീഷ്യൽ ടീസർ. സപ്തംബർ 30 നാണ് റിലീസ് ,വിക്രം,…

ഞങ്ങളെ അനുഗ്രഹിച്ചു നിങ്ങൾ എന്നും ഒപ്പം ഉണ്ടാകണം. പുതിയ വിശേഷം ആരാധകർക്ക് മുൻപിൽ വെളിപ്പെടുത്തി പേളി. ഇത് ഇത്രയും പെട്ടെന്ന് വീണ്ടും ആയോ എന്ന് ആരാധകർ.

അവതാരകയായി വന്ന പിന്നീട് സിനിമയിലും അരങ്ങേറി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് പേർളി മാണി