എന്നോട് വിരോധമുള്ളവർ നേരിട്ട് വരണം, ഈ നികൃഷ്ടമായ പ്രവർത്തിയല്ല ചെയ്യേണ്ടതെന്ന് ശ്വേതാ മേനോൻ
‘പള്ളിമണി’ എന്ന സിനിമയുടെ പോസ്റ്റർ കീറിയ വിഷയത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയാണ് നടി ശ്വേതാമേനോൻ . ചിത്രത്തിൽ ശ്വേതയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പള്ളിമണി അടുത്ത ആഴ്ചയാണ് റിലീസിനൊരുങ്ങുന്നത് .താൻ അഭിനയിച്ചതുകൊണ്ടു ഒരു സിനിമയുടെ പോസ്റ്റർ കീറുന്നത് ഭീരുത്വം ആണെന്നും തന്നോട് പ്രശ്നമുള്ളവർ നേരിട്ട് വരണമെന്നും ശ്വേതാ മേനോൻ പറയുന്നു. പോസ്റ്റ് ഇങ്ങനെ..
‘‘അടുത്തിടെ, എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ, തിരുവനന്തപുരത്ത് പതിച്ച പോസ്റ്ററുകൾ കീറിക്കളഞ്ഞിരുന്നു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂർവവുമായ നിലപാട് എതിർപ്പിന് കാരണമായേക്കാമെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ടെങ്കിലും, എന്റെ പങ്കാളിത്തമുണ്ടെന്ന് കരുതി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്. ഒരു നവാഗത സംവിധായകന്റെയും നവാഗത നിർമാതാവിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരുപാട് വ്യക്തികളുടെ ഉപജീവനമാർഗമാണ്.അതുകൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനമാർഗമായ സിനിമയെ നശിപ്പിക്കുന്നതിന് പകരം ഈ നികൃഷ്ടമായ പ്രവർത്തനത്തിന് പിന്നിലുള്ളവർ എന്നെ നേരിട്ട് ബന്ധപ്പെടാൻ ധൈര്യപ്പെടണം. ചിത്രം ഒന്നിൽ കാണുന്നത് തിരുവനന്തപുരത്തെ തമ്പാനൂരിലെ കീറിപ്പറിഞ്ഞ പോസ്റ്ററും ചിത്രം രണ്ടിലേത് യഥാർഥ പോസ്റ്റർ ഡിസൈനുമാണ്.’’ ശ്വേതാ മേനോൻ പറയുന്നു.