സൗജന്യ കിറ്റുകൾക്കും വികസന മേമ്പൊടികൾക്കും ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാനാവുമോ ?

64

Shyju Antonyയുടെ കുറിപ്പ്

ഭാഗ്യവതി തലമുണ്ഡനം നടത്തി. ഭാഗ്യവതിയെന്ന വാളയാറിലെ അമ്മ ശിരോമുണ്ഡനം ചെയ്യുന്ന ഹൃദയഭേദകമായ കാഴ്ച കണ്ടു കൊണ്ടാണ് കേരളം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വക്കുന്നത്. എന്തൊരു സർക്കാരാണിത് ? എന്തിനാണിങ്ങനെ അമ്മമാരുടെ കണ്ണീർ വീഴ്ത്തുന്നത് ? കൊല ചെയ്യപ്പെട്ട സ്വന്തം കുഞ്ഞുങ്ങളുടെ നീതിക്കുവേണ്ടിയാണ് ഭാഗ്യവതി തലമുണ്ഡനം ചെയ്തത്.
കേരളത്തിലെ അമ്മമാർ കരയുകയാണ്. ഭരണകൂട ധാർഷ്ട്യത്തിൻ്റെ കാലുകൾക്കടിയിൽ ചതഞ്ഞരഞ്ഞ ജീവിതങ്ങളെയോർത്ത് കരയുന്ന അമ്മമാരുടെ വിലാപത്തിൻ്റെ പ്രതിധ്വനിയാണെങ്ങും.

വാളയാറിലെ അമ്മ തെരഞ്ഞെടുപ്പ് പ്രഖ്യാപനപ്പിറ്റേന്ന് തലമുണ്ഡനം ചെയ്യും എന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സർക്കാരിനും മുഖ്യമന്ത്രിക്കും സഖാക്കൾക്കും അതു പ്രശ്നമായില്ല. കാരണം അവർ വെറുമൊരു ദളിത് സ്ത്രീയാണ്. ഒരിക്കൽ അവർ മുഖ്യമന്ത്രിയുടെ കാലുപിടിച്ചതാണ്. പിന്നീട് അവർ തെരുവിലലഞ്ഞു നടന്നു കരഞ്ഞു. തൻ്റെ കുഞ്ഞുമക്കളെ കൊന്നു തൂക്കിയ കൊലയാളികളെ പഴുതൊരുക്കി രക്ഷപ്പെടുത്തിയ പൊലീസ് നെറികേടിന് അറുതി വരുത്തണമെന്നാണ് അവരാവശ്യപ്പെട്ടത്. പെണ്‍കുട്ടികളുടെ സമ്മതമുണ്ടായിരുന്നു എന്ന് നിര്‍ലജ്ജം മാധ്യമങ്ങളോടു പുലമ്പിയ പൊലീസേമാനെ സംരക്ഷിക്കുന്ന സർക്കാരാണിത്.ആ ഉദ്യോഗസ്ഥന് പ്രൊമോഷൻ നൽകുകയും IPS ശുപാർശ ചെയ്യുകയും ചെയ്ത സർക്കാരാണിത്. അതിനെതിരെയാണ് വാളയാറിലെ അമ്മ തലമുണ്ഡനം ചെയ്യുന്നത്. സ്വന്തം മക്കളുടെ നീതിക്കു വേണ്ടി, കൊലപാതകത്തിൻ്റെ ഉത്തരത്തിന് വേണ്ടി തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കുന്ന ആദ്യത്തെ അമ്മയായിരിക്കും അവർ.

അങ്ങിനെ പോക്സോ നിയമത്തെ അപഹസിച്ച സര്‍ക്കാറിന്റെ കുടില സാമര്‍ത്ഥ്യത്തിന് ഭരണത്തുടര്‍ച്ച നല്‍കണമെന്നാണ് പത്രങ്ങളിലും ടി വി യിലും നാം കാണുന്ന പരസ്യങ്ങൾ ആവശ്യപ്പെടുന്നത്. അതിന് മറുപടി നൽകേണ്ടത് നമ്മൾ ജനങ്ങളാണ്.കേരളത്തിൽ ഇത്രയേറെ ദളിത് കുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് നാം ആശങ്കയോടെ കാണേണ്ടതാണ്. വാളയാർ പൊലീസ് സ്റ്റേഷനിൽ മാത്രം 41 പോക്സോ കേസുകൾ. രണ്ടായിരത്തി പത്തൊമ്പതിൽ കേരളത്തിൽ 3019 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു എന്നു പറഞ്ഞാൽ അതിൻ്റെ ഭീകരത നാം തിരിച്ചറിയണം. ഓരോ ദിവസവും 8 ലേറെ കേസുകൾ. കേരളത്തിൽ കുട്ടികൾ സുരക്ഷിതരല്ല എന്നാണർത്ഥം. ഇതിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത് വിരളമാണ്. പ്രതികൾ യഥേഷ്ടം സമൂഹത്തിൽ വിലസുന്നു. ദയാദാക്ഷിണ്യമില്ലാത്ത, കണ്ണിൽച്ചോരയില്ലാത്ത നിർദ്ദയനായ ഭരണാധികാരിക്ക് അതൊരു പ്രശ്നമായിരിക്കില്ല. എന്നാൽ കേരളത്തിലെ അമ്മമനസ്സുകൾക്ക് അതൊരു പിടച്ചിലാണ്.

കൊല ചെയ്യപ്പെട്ട യുവാക്കളുടെ അമ്മമാര്‍, ബലാല്‍ക്കാരത്തിനു വിധേയരായ പെണ്‍കുട്ടികളുടെ അമ്മമാര്‍, യു എ പി എ ചുമത്തി തടവിലടയ്ക്കപ്പെട്ട അലനും താഹയുമടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍, വിദ്യാഭ്യാസ കച്ചവടമേലാളര്‍ ചവച്ചുതുപ്പിയ ജിഷ്ണൂ പ്രണോയ്മാരുടെ അമ്മമാര്‍, കസ്റ്റഡിയില്‍ കൊല ചെയ്യപ്പെട്ടവരുടെ അമ്മമാര്‍, വികസനാഭാസം പുറംതള്ളിയ വീട്ടമ്മമാര്‍, PSC പരീക്ഷയെഴുതി, റാങ്ക് ലിസ്റ്റിൽ കയറിയിട്ടും ജോലി കിട്ടാതെ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ അമ്മമാർ, മൽസ്യത്തൊഴിലാളികളായ അമ്മമാർ, അങ്ങിനെ ഒട്ടനവധി അമ്മമാരുടെ അശാന്തമായ മനസ്സുകളും അശരണമായ തേങ്ങലുകളും കേരളത്തിലങ്ങോളമിങ്ങോളം അലയടിക്കുകയാണ്.

സൗജന്യ കിറ്റുകൾക്കും വികസന മേമ്പൊടികൾക്കും ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാനാവുമോ ?
ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റ് നടയിൽ മുട്ടുകുത്തിയും, നിലത്തിഴഞ്ഞും, ദേഹത്തു മണ്ണെണ്ണയൊഴിച്ചും പ്രതിഷേധിച്ചിട്ടും അവരെ ഒരു ചർച്ചക്കു പോലും വിളിക്കാൻ മനസ്സു കാണിക്കാത്ത ഭരണകൂട ധാർഷ്ട്യത്തിന് വീണ്ടും ഒരവസരം കൊടുക്കണമത്രെ. പണിതുയർത്തിയ പാലങ്ങളുടെയും റോഡുകളുടെയും കണക്കിൽ പെടുത്തി ഇത്തരം കാര്യങ്ങൾ വിസ്മരിക്കണമെന്നാണാവശ്യം. ബലി കഴിക്കപ്പെട്ട മനുഷ്യത്വത്തിന് പകരമായി, വാവിട്ടു കരയുന്ന അമ്മമാരുടെ കണ്ണീരിന് പകരമായി, ഭരണകൂട ധാർഷ്ട്യം മുന്നോട്ട് വക്കുന്നത് എല്ലാം വികസനത്തിന് വേണ്ടി മറക്കണമെന്നാണ്.

വ്യാജ ഏറ്റുമുട്ടലിലൂടെ കൂട്ടക്കൊലകള്‍ നടപ്പാക്കി എട്ടുപേരെ വെടിവെച്ചു കൊന്ന പൊലീസ് നായാട്ട് കണ്ടില്ലെന്ന് വക്കണമെന്നാണ്.ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള അനേക സമരങ്ങള്‍. പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള സമരങ്ങള്‍. എല്ലാ സമരങ്ങളോടും അവകാശങ്ങളോടും മനുഷ്യത്വഹീനമായ നിലപാടുകൾ സ്വീകരിച്ച സർക്കാർ അമ്മമാരുടെ കണ്ണീരിന് വില കൊടുക്കുമെന്നു കരുതാനാവില്ല. സ്വകാര്യവത്ക്കരിച്ച റോഡും തുറമുഖവും വിമാനത്താവളവും ചൂണ്ടിക്കാണിച്ചാൽ ആ കണ്ണീരിന് പരിഹാരമാവില്ല.കേരളത്തിലെ അമ്മമാർ കണ്ണീരോടെ ഏപ്രിൽ ആറിന് വോട്ടുകൾ രേഖപ്പെടുത്തട്ടെ. വിധിക്കായി നമുക്ക് കാത്തിരിക്കാം.