ജോസഫ് മാഷിന്റെ കൈ അല്ല കഴുത്താണ് വെട്ടേണ്ടത്…”എന്ന് “അരുൾ” ചെയ്തവന്റെ ചുറ്റുവട്ട സംരക്ഷണ പദ്ധതി”

0
674

Shyju Thakkolkkaran

“കൈ അല്ല കഴുത്താണ് വെട്ടേണ്ടത്…” എന്ന് “അരുൾ ” ചെയ്ത അതേ വ്യക്തി തന്നെ , “ചുറ്റുവട്ട സംരക്ഷണ പദ്ധതി”യുമായി രംഗത്തിറങ്ങിയത് വല്ലാത്ത ഒരു വിരോധാഭാസം തന്നെ. എന്തായാലും ഇത്രയും വൈകിയിട്ടാണെങ്കിലും, ചുറ്റുമുള്ളവരെ സംരക്ഷിക്കണമെന്ന് തോന്നിയല്ലോ – അത് തന്നെ വല്യ കാര്യം, വിശാലമനസ്കൻ! കൈവെട്ടിയവർ അന്ന് വല്ലാത്ത ധർമ്മസങ്കടത്തിലായിരുന്നു. കാരണം,വെട്ടിയാൽ കത്തോലിക്ക സഭയെങ്ങാനും കോപിച്ചാലോ? ഇനി വെട്ടിയില്ലെങ്കിൽ പടച്ചോൻ കോപിച്ചാലോ? ശരിക്കും, ചെകുത്താനും കടലിനും നടുക്ക് അകപ്പെട്ട പ്രതീതി!

ജോസഫ് സാറ് തെറ്റ് ചെയ്തിട്ടുണ്ടോ – എന്ന കാര്യം പോലും തീർച്ചയില്ല. പിന്നെ എങ്ങനെ ശിക്ഷ നടപ്പാക്കണമെന്ന് ഉറപ്പിക്കും? വല്ലതും ചെയ്തിട്ട് , അത് ദൈവത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിലോ…?എല്ലാം ചെയ്യുന്നത് ദൈവത്തിനു വേണ്ടിയാണല്ലോ ….. !!!?
“നിങ്ങളെ കൊല്ലുന്ന ഏവനും താൻ ദൈവത്തിന് ബലിയർപ്പിക്കുന്നു എന്ന് കരുതുന്ന സമയം വരുന്നു ” എന്ന് കുരിശിൽ കയറിയവൻ,അതിൽ കയറുന്നതിനു മുമ്പ് യോഹന്നാനോട് പറഞ്ഞത് ഈ അവസരത്തിൽ ഓർമ്മവരികയാണ്. അതുകൊണ്ട് ഇടക്കിടെ വെട്ട്കാർ ന്യൂമെൻ കോളേജിൽ വന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു , നടപടി ഒന്നും എടുക്കുന്നില്ലേ, ഉടനെ എടുക്കുമോ … എന്നൊക്കെ …!
എന്തായാലും,ജോസഫ് സാറിനെതിരെ മാനേജ്മെന്റ് തന്നെ ആദ്യം നടപടി എടുത്തപ്പോൾ “വെട്ട് ” കാർക്ക് സമാധാനമായി, ഉറച്ചബോധ്യമായി , പ്രൊഫസർ കുറ്റക്കാരൻ തന്നെ!!! ഇനി ധൈര്യമായി എവിടെ വേണമെങ്കിലും വെട്ടാം!!! എന്നാൽ,ഈ വെട്ട്കാരെ പേടിച്ചിട്ടാണ് മാനേജ്മെന്റ് സഭാ ന്വേതൃത്വം നടപടി എടുത്തത് എന്ന് അവർക്കും അറിയില്ല. വെട്ട്കാർ നോക്കുമ്പോൾ ഇത് പ്രബലമായ ആഗോള കത്തോലിക്കാ സഭയല്ലേ… ഇനിയെങ്ങാനും, അവരുടെ ദൈവം,നമ്മുടെ അളളാഹുവിനേക്കാൾ വലിയവനാണെങ്കിലോ…! ഏതാണ്ട് ഈ അവസ്ഥയിൽ അന്തം കുന്തമില്ലാതെ നിൽക്കുമ്പോഴാണ് – നിങ്ങൾ വേണമെങ്കിൽ , കൈയ്യല്ല, തല തന്നെ വെട്ടിയെടുത്തോളൂ … ഞങ്ങൾ നിങ്ങളെ ഒന്നും ചെയ്യില്ല , തന്നെയുമല്ല – നിങ്ങൾ തലവെട്ടിത്തന്നാൽ, ബാക്കി അടിവേര് ചേർത്ത് പിഴുതെടുത്ത് കളയേണ്ട പണി ഞങ്ങൾ ചെയ്തു കൊള്ളാം എന്ന തരത്തിലുള്ള നിലപാടുമായി ഫാദർ നോബിളിന്റെ നേതൃത്വത്തിൽ കത്തോലിക്ക സഭ രംഗത്ത് വരുന്നത്! അവർ അത് ക്രിത്യമായി ചെയ്യുകയും ചെയ്തു!!!

ഇത്രയൊക്കെ ചെയ്തിട്ടാണ് ഇപ്പോൾ ജാസ്മിൻ ഷായുടെ പേരും , ലൗ ജിഹാദും തീവ്രവാദവും എന്നൊക്കെപ്പറഞ്ഞ്, “ചുറ്റുവട്ട സംരക്ഷണ ” പദ്ധതിയുമായി തെക്ക് വടക്ക് നടക്കുന്നത്. ഏറ്റവും കുറഞ്ഞ നാളുകൾക്കുള്ളിൽ ഏറ്റവും കൂടുതൽ അബദ്ധങ്ങൾ ചെയ്ത മറ്റൊരു പുരോഹിതൻ കത്തോലിക്ക സഭയിൽ വേറെയില്ല. 55 വയസ്സിലേറെ പ്രായമുള്ള സിസ്റ്ററെ അപമാനിക്കാൻ വേണ്ടി “കുമാരി ” എന്ന പദപ്രയോഗം നടത്തിയ ഫാദർ നോബിൾ , സ്വയം ആ പേര് ചോദിച്ച് വാങ്ങി സ്വയം അപമാനിക്കപ്പെടുകയായിരുന്നു. ഇന്ന് “കുമാരൻ ” എന്ന് വാക്ക് കേൾക്കുമ്പോൾ വിശ്വാസികൾക്ക് ളോഹയിട്ടപുരോഹിതരെ ഓർമ്മ വരുന്നുണ്ടെങ്കിൽ, അതിന്റെ മുഴുവൻ ഉത്തരവാദിത്വം ഫാദർ “നോബിൾ കുമാരനാണ് !!

“പുരോഹിതൻ ആവുക എന്നത് ഒരു “വിളി ” യാണെങ്കിൽ, മെത്രാനാവുക എന്നത് ഒരു “കളി” യാണെന്ന് സമകാലീന സംഭവങ്ങൾ നമുക്ക് മനസ്സിലാക്കിത്തന്നു. ആ നിലക്ക്, ഈ ചെറുപ്രായത്തിൽ ഒരു PRO ആവുക എന്നതും ഒട്ടു കുറയാത്ത കളി കളിച്ചതിന്റെ ഫലമാണ് എന്നതിന് ഒട്ടും സംശയമില്ല! ആ കളികൾ കളിച്ചതിനിടയിൽ എത്ര പേർക്ക് തല നഷ്ടപ്പെട്ടു, എത്ര പേർക്ക് കൈകൾ നഷ്ടപ്പെട്ടു, എത്ര പേർക്ക് കുടുംബം നഷ്ടപ്പെട്ടു …? ആർക്കറിയാം …? പാംപ്ലാനി പറഞ്ഞതു പോലെ, ദൈവത്തിനും , “കുമാരനും “പിന്നെ എല്ലാം നഷ്ടപ്പെട്ടവർക്കും മാത്രം എല്ലാം അറിയാം !!!

നോബിളച്ചാ…. അങ്ങയുടെ ഇതുവരെയുള്ള സ്തുത്യർഹമായ സുവിശേഷ വേലക്ക് ആയിരം അഭിനന്ദനങ്ങൾ! ഇനിയും ഇനിയും ഇത്തരം “വേലകൾ ” ചെയ്യാൻ ദൈവം അങ്ങേക്ക് അഴകും ആരോഗ്യവും പ്രദാനം ചെയ്യട്ടെ…!!!