എഴുത്തുകാരനും സഞ്ചാരിയും സിനിമാ നിരൂപകനുമായ ശൈലൻ (Shylan Sailendrakumar ) സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ്.
ഏജ് ഇൻ റിവേഴ്‌സ് ഗിയർ എന്നൊക്കെ ഇൻഡ്യൻ സിനിമയിൽ വിശേഷിപ്പിക്കാൻ പറ്റുമെങ്കിൽ അത് ഈ മൊതലിനെ ആണ്.. ഞാനും ഇയാളും ജനിച്ചത് 1975ലാണ്.. പക്ഷെ ചങ്ങായിനെ കണ്ടാൽ ഇപ്പോഴും 25 പോലും തോന്നില്ല. ഇവിടെ പലരും ഫോട്ടോഷോപ്പ് ചെയ്യുന്നത് പോലെയോ സ്‌ക്രീനിൽ വിഎഫ്എക്സ് ചെയ്യുന്നത് പോലെയോ ഉള്ളൊരു പരിപാടി അല്ല മഹേഷിന്റെ കുട്ടിത്തം . സിനിമയിൽ ഉടനീളം , ഏത് റോൾ ചെയ്യുമ്പോഴും അത് അഴിഞ്ഞുപോവുന്നില്ല.. ലുക്കിൽ മാത്രമല്ല , സ്മാർട്നെസിലും പെർഫോമൻസിലും എല്ലാം ആ കുട്ടിത്തം അയാളെ വിടാതെ കൂടിയിരിക്കുന്നു..
എന്നുകരുതി ആ കുട്ടിത്തം ബോക്സ്ഓഫീസിൽ അയാളുടെ സ്റ്റാർഡത്തിന് മറ്റു മസ്കുലിൻ/പവർ സ്റ്റാറുകളോട് മുട്ടി നിൽക്കുന്നതിന് വിഘാതമാവുന്നില്ല.. അയാളുടെ പുതിയ പടത്തിന്റെ ഇനിഷ്യലും തെലുങ്കിൽ റെക്കോർഡാണ്. സർക്കാരു വാരി പാട്ട.. അതാണ് പടത്തിന്റെ പേര്.. ഗവണ്മെന്റ് ജപ്തി നടപടി എന്ന് അർത്ഥം.. അയാളുടെ സിനിമകളുടെ പേര് പൊതുവിൽ അങ്ങനെയാണ്.. പക്കാ തെലുങ്ക്.. സാരിലേരു നീവെക്കാവു, ശ്രീമന്തുഡു, ഭരത് അനെ നേനു, നിനോക്കടിനോ, അഗാഡു, ഡുകുഡു .. അങ്ങനെ. മറ്റു നായകരെ പോലെ സൗത്തിൻഡ്യൻ മാർക്കറ്റോ പാൻ ഇൻഡ്യൻ മാർക്കറ്റോ മുന്നിൽ കണ്ടുള്ള പേരുകൾ അല്ല ഒന്നും.. ഒരു ജാതി കോൺഫിഡൻസ് .. അതുതന്നെ..
എനിക്ക് ഇയാളെ ഇഷ്ടമാണ്.. അതുകൊണ്ട് മഹേഷ്ബാബുസിനിമകൾ തിയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കാറുണ്ട്.. കോഴിക്കോട് ക്രൗണിലും മുക്കത്തെ തിയേറ്ററുകളിൽ ഏതെങ്കിലുമൊന്നിലും മഹേഷിന്റെ സിനിമകൾ റിലീസ് ഉണ്ടാവാറുണ്ട്.. ക്രൗണിൽ നിന്നാണ് സർക്കാരു വാരി പാട്ട കണ്ടത്.. ആളൊക്കെ കുറവായിരുന്നു.. പൊതുവെ മലയാളികൾക്ക് ഇയാളെ ഇഷ്ടമില്ല മുടിഞ്ഞ ഗ്ലാമർ കാരണമുള്ള ചൊറി ആണെന്ന് അനാവശ്യമായ വിമർശനങ്ങളും പുച്ഛങ്ങളും കാണുമ്പോൾ തോന്നാറുണ്ട്.. അടുത്ത രാജമൗലിപ്പടത്തിൽ മഹേഷ് ആണ് നായകൻ എന്നതിനാൽ അതുവരുന്നതോടെ സീൻ മാറാൻ സാധ്യത ഉണ്ട്..
സിനിമയിലേക്ക് വരികയാണെങ്കിൽ, കൈകാര്യം ചെയ്യുന്ന വിഷയമൊക്കെ കിടു ആണ്.. പതിനായിരം കോടിയും ലക്ഷം കോടിയുമൊക്കെ ലോണെടുത്ത് മുങ്ങുന്ന വമ്പൻ സ്രാവുകൾക്കെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത ഇൻഡ്യൻ നാഷണലൈസ്ഡ് ബാങ്കുകൾ, ഒന്നോ രണ്ടോ ഇഎംഐ തെറ്റിയാൽ സാധാരണകാരന്റെ വീട് ജപ്തി ചെയ്യാൻ വന്ന് ആത്മഹത്യയിലേക്ക് തള്ളി വിടുന്നതിനെ കുറിച്ചാണ്..
പതിനായിരം കോടി ലോണെടുത്ത് തിരിച്ചടയ്ക്കാതെ മിന്നി നടക്കുന്ന സമുദ്രക്കനിയെ വിടാതെ പിന്തുടരുകയാണ് നായകൻ.. 15,000 രൂപയുടെ കടത്തിന്റെ പേരിൽ ബാങ്ക് ജപ്തി ഭയന്ന് ആത്മഹത്യ ചെയ്ത അച്ഛനമ്മമാരുടെ മകൻ ആണയാൾ..പക്ഷെ, ഈ സ്റ്റോറിലൈൻ കേൾക്കുന്ന സുഖമൊന്നുമില്ല സിനിമ കണ്ടിരിക്കാൻ.. സ്ക്രിപ്റ്റിലും ട്രീറ്റ്‌മെന്റിലും അമ്പേ പാളിപ്പോയിരിക്കുന്നു.. 162മിനിറ്റ് എന്ന അനാവശ്യദൈർഘ്യത്തിൽ ബോറടിപ്പിച്ച് കൊല്ലുകയാണ് സംവിധായകൻ..
മഹേഷ് ബാബുവിന്റെ പ്രസരിപ്പും സൗന്ദര്യവും മാത്രമാണ് സിനിമയുടെ ഏക ഹൈലൈറ്റ്.. ഉടായിപ്പ് നായികയായി കീർത്തി സുരേഷും പ്രതീക്ഷിച്ചതിനെക്കാൾ നന്നായി.. മറ്റുള്ളവരാരും പോര.. ക്യാരക്റ്ററൈസേഷൻ ആയാലും പെർഫോമൻസ് ആയാലും.. സമുദ്രക്കനി ഒക്കെ വൻ ശോകം..എന്നിട്ടും പടം കളക്ഷനിൽ വൻ കുതിപ്പ് നടത്തുന്നുവെങ്കിൽ അതിന് പറയുന്ന പേര് ആണ് സ്റ്റാർഡം എന്നത്.. സൂപ്പർസ്റ്റാർ എന്നൊക്കെ വിളിക്കുന്നതും ആ പ്രതിഭാസത്തെ ആണ്.. നെഗറ്റീവ് അഭിപ്രായം വന്നാൽ പിറ്റേ ദിവസം കാലിയടിച്ച് കിടക്കുന്നുണ്ടെങ്കിൽ , അത്തരം നായകരെ സൂപ്പർസ്റ്റാർ എന്നൊക്കെ വിളിക്കുന്നത് ലോജിക്കലി ആർഭാടം ആണ്..
വൻ നെഗറ്റീവ് റിവ്യൂസ് വന്നാലും നിർമ്മാതാവിനെ സ്റ്റാർഡം കൊണ്ട് രക്ഷിക്കാൻ കെൽപ്പുള്ള രണ്ട് നായകന്മാരേ സൗത്ത് ഇൻഡ്യയിൽ ഉള്ളൂ എന്ന് തോന്നുന്നു..