സൈബർ ബുള്ളിയിങ്ങിനെ വിമർശിക്കുമ്പോൾ തന്നെ സൈബറിടത്തില്‍ എങ്ങനെ മറ്റൊരാളെ ആക്രമിക്കാമെന്ന് ഈ താരവും കുടുംബവും ഒരിക്കൽ കാണിച്ചു തന്നിരുന്നു

384

സൈബര്‍ ബുള്ളിയിങ്ങിനെ കുറിച്ച് പറയാന്‍ അഹാനയോളം ‘യോഗ്യത’യുള്ള മറ്റൊരാളില്ല എന്നു തന്നെ പറയാം. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവമാണ്. കൊച്ചിയില്‍ വെച്ച് അമ്മയോടൊപ്പം ഷോപ്പിങ്ങിനു പോയ അഹാന ഒരു യൂബര്‍ ടാക്സി ബുക്ക് ചെയ്തു. കാറില്‍ കയറിയപ്പോള്‍ പേമെന്‍റ് ക്യാഷാണോ കാര്‍ഡാണോ എന്നു ഡ്രൈവര്‍ ചോദിച്ചു. ക്യാഷാണെന്ന് അഹാന മറുപടി പറഞ്ഞു. തന്‍റെ കൈയ്യില്‍ ക്യാഷില്ലെന്നും പെട്രോള്‍ അടിക്കണമെങ്കില്‍ കാര്‍ഡ് പറ്റില്ല ക്യാഷ് തന്നെ വേണമെന്നും അതുകൊണ്ട് പേമെന്‍റ് ക്യാഷായി തന്നെ വേണമെന്നും ഡ്രൈവര്‍ പറഞ്ഞു. ഇത് ഇഷ്ടപ്പെടാത്ത നമ്മുടെ സെലിബ്രിറ്റി യൂബര്‍ കാര്‍ഡ്, ക്യാഷ് ഓപ്ഷനുകള്‍ തന്നിട്ടുണ്ടല്ലോ പിന്നെന്താ പ്രശ്നമെന്നു ചോദിച്ചു. ആ സംഭാഷണം സുഖകരമായല്ലാതെ മുന്നോട്ടു പോയി. അപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു വണ്ടി യൂബറിന്‍റെയല്ല തന്‍റെയാണെന്ന്. ഒടുവില്‍ ഡ്രൈവര്‍ കാറില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടത്രെ (താരത്തിന്‍റെ ഭാഷ്യമാണ്). കാറില്‍ നിന്നും ഇറങ്ങിയ ശേഷം താരത്തിന്‍റെ അമ്മ അവരോടു വണ്ടിയുടെ നമ്പര്‍ നോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതു കേട്ട ഡ്രൈവര്‍ ഒരു സെലിബ്രിറ്റിയല്ലേ പിന്നീട് പുലിവാലാകേണ്ടെന്നു കരുതിയാകും കയറിക്കോ എവിടെ വേണമെങ്കിലും കൊണ്ടുവിടാമെന്നു നടിയോടു പറഞ്ഞു. ഡ്രൈവര്‍ നിര്‍ബന്ധിച്ചെങ്കിലും അവര്‍ ആ വണ്ടിയില്‍ കയറാന്‍ കൂട്ടാക്കിയില്ല.

സൈബറിടത്തില്‍ എങ്ങനെ മറ്റൊരാളെ ആക്രമിക്കാമെന്ന് ഈ സംഭവത്തിനു ശേഷം താരവും കുടുംബവും കാണിച്ചുതന്നു. ഡ്രൈവറുടെ പേരടക്കം വണ്ടി ബുക്ക് ചെയ്തതിന്‍റെ സ്ക്രീന്‍ഷോട്ട് അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഒരാളും അയാളുടെ വണ്ടിയില്‍ കയറരുതെന്നായിരുന്നു താരത്തിന്‍റെ നിര്‍ദ്ദേശം. ഡ്രൈവറെ വിശേഷിപ്പിക്കാന്‍ അവര്‍ ഉപയോഗിച്ച വാക്കുകള്‍ ഇവയായിരുന്നു: Impolite, uncouth, creepy (മര്യാദയില്ലാത്തവന്‍/വൃത്തികെട്ടവന്‍/സംസ്ക്കാരശൂന്യന്‍). സെലിബ്രിറ്റിയെന്ന പ്രിവിലേജ് ഉപയോഗിച്ച് ജീവിക്കാന്‍ വേണ്ടി വളയം പിടിക്കുന്നൊരാളെ ലോകം മുഴുവന്‍ നാറ്റിച്ച അഹാനയാണ് ‘സൈബര്‍ ബുള്ളികള്‍’ക്ക് ഇപ്പോള്‍ ട്യൂഷനെടുക്കുന്നത്! ലേശം ഉളുപ്പ്!

തനിക്ക് ഒരാളില്‍ നിന്നും മോശം പെരുമാറ്റം നേരിട്ടാല്‍ അതിനെതിരെ പ്രതികരിക്കാനുള്ള എല്ലാ അവകാശവും അഹാനക്കുണ്ട്. അതിന് ഫെയ്സ്ബുക്കോ ട്വിറ്ററോ ഇന്‍സ്റ്റഗ്രാമോ ഉപയോഗിക്കുന്നതിനും അവകാശമുണ്ട്. പക്ഷേ ആ അവകാശം അഹാനക്കു മാത്രമല്ല നാട്ടുകാര്‍ക്കു മൊത്തമുണ്ടെന്ന് പ്രിവിലേജിന്‍റെ മടിത്തട്ടില്‍ ജനിച്ചുവീണ് പ്രിവിലേജില്‍ ജീവിക്കുന്ന അഹാനയും മനസിലാക്കണം. മറ്റൊരാളെ വിമര്‍ശിക്കാനും ആക്രമിക്കാനും നിങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താമെങ്കില്‍ നിങ്ങളുടെ അപക്വവും മോശവുമായ പെരുമാറ്റത്തെ വിമര്‍ശിക്കാന്‍ നാട്ടുകാര്‍ക്കും അതേ പ്ലാറ്റ്ഫോം ഉപയോഗിക്കാം. അതിന്‍റെ പേരില്‍ സൈബര്‍ ബുള്ളിയിങ് നടക്കുന്നു എന്നു പറഞ്ഞ് മോങ്ങാന്‍ ചില്ലറ തൊലിക്കട്ടിയൊന്നും പോര. നിങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നാറ്റിച്ച ആ മനുഷ്യന് നിങ്ങളോട് അങ്ങനെ പെരുമാറാന്‍ പേരിനെങ്കിലും ഒരു കാരണമുണ്ടായിരുന്നു. പക്ഷേ നിങ്ങള്‍ ചെയ്തത് എന്താണ്? ലക്ഷങ്ങള്‍ ഫോളോവേഴ്സുള്ള ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കണമെന്ന ധ്വനിയുള്ള സന്ദേശമല്ലേ നിങ്ങള്‍ നല്‍കിയത്? അതും തിരുവനന്തപുരം പോലൊരു ജില്ലയില്‍. അതിനോടു പ്രതികരിച്ചില്ലെങ്കില്‍ ചാച്ചര മലയാളി എന്ന് ഊറ്റം കൊണ്ടിട്ട് എന്തു കാര്യം?


പെൺകുട്ടി അസംബന്ധം പറഞ്ഞാൽ അത് ഫെമിനിസം ആവൂല്ല

പൃഥ്വിരാജ് ഉൾപ്പടെയുളള ലിബറലുകൾക്ക് ഒരു പ്രശ്‌നമുണ്ട്. ഒരു സംഭവം നടന്നാൽ അതിന്റെ തൊലിപ്പുറത്തെ ഏറ്റവും മുകളിലെ പാളിയിലെ കാര്യങ്ങൾ മാത്രം നോക്കി പ്രതികരിച്ചു കളയും. ആപ്പിളിന്റെ തൊലിയുടെ അത്രയും നേർത്ത പാളിയായിരിക്കും ചിലപ്പോ അത്. ഒന്ന് ചുരണ്ടിപോലും നോക്കാനുള്ള മനസ്സു പോലും കാണിക്കില്ല.

അഹാനയുടെ വിഷയത്തിലും നമ്മൾ കണ്ട ജനകീയ പിന്തുണ സൂചിപ്പിക്കുന്നത് ഈ ആപ്പിൾ തൊലി അപ്പ്രോച് എത്രമാത്രം പോപ്പുലർ ആണെന്നാണ്. ഒരാൾക്കും വിഷയത്തിന്റെ വാസ്തവികത അറിയണ്ട. അതിനു മുൻപേ മൂക്കിടിച്ചു കമഴ്ന്നങ്ങു വീണു പിന്തുണയ്ച്ചു കളയും. പൃഥ്വിരാജ് ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ അതാണ് ചെയ്തതും.ആദ്യമേ പറയട്ടെ, സൈബർ ബുള്ളിയിങ് എന്നതിന്റെ ഡെഫിനിഷന്റെ അകത്തു വരുന്ന, അഹാനയ്ക്കെതിരെ നടന്ന എല്ലാ പ്രതികരണങ്ങളും മോശം തന്നെയാണ്. ഒരു സംശയവുമില്ല. മാന്യമല്ലാത്ത എല്ലാ വിമർശനവും ബുള്ളിയിങ്ങാണ്. അതിനപ്പുറം ഈ വിഷയത്തിൽ നടന്ന എല്ലാം അടിമുടി വ്യാജമാണ്.

ലോക്‌ഡോൺ സംബന്ധിച്ച തെറ്റായ വിവരം പ്രചരിപ്പിച്ചത് മനപ്പൂർവ്വമല്ല എന്ന് തന്നെയിരിക്കട്ടെ. പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ അവർക്ക് അതിനെപ്പറ്റി അറിവില്ലാത്തതാണോ അതോ അവർ മാനിപ്പുലേറ്റ് ചെയ്യാൻ നോക്കിയതാണോ എന്ന കാര്യത്തിൽ എനിക്ക് എന്തായാലും നല്ല സംശയമുണ്ട്. കാരണം പിന്നീടുള്ള സംഭവങ്ങൾ സൂചിപ്പിക്കുന്നത് അവർ മാനിപ്പുലേറ്റീവ് ആവുന്ന അതേ അളവിൽ തന്നെ ആത്മാർത്ഥമായി അസംബന്ധം പറയുന്ന ആളുമാണ് എന്നാണ്.

പക്ഷെ ശേഷം വന്ന ആ ലവ് ലെറ്റർ വീഡിയോ അടിമുടി മാനിപ്പുലേഷൻ മാത്രമാണ്. സൈബർ ബുള്ളിയിങ് എന്ന വളരെയധികം ഗൗരവമായ ഒരു ക്രൈമിനെയാണ് അവർ നോർമലൈസ് ചെയ്തത്. ഇന്നിപ്പോൾ സൈബർ ബുള്ളി എന്ന വാക്കിലേക്ക് ഒരു തമാശയുടെ കൊനോട്ടേഷൻ ഉണ്ടായതിന്റെ പ്രധാന ഉത്തരവാദി അവരും കൂടിയാണ്. സൈബർ ബുള്ളിയിങ് ഒരിക്കലും ഒരു തമാശയല്ല. അത് ജീവിതം തകർത്തു കളയാൻ പോന്നൊരു ക്രൈമാണ്. അതിനുത്തരം സെലിബ്രിറ്റി പ്രിവിലേജിന്റ് കനത്തിന്റെ ബലത്തിൽ കൊടുക്കുന്ന ലവ് ലെറ്ററല്ല. ഒരു ക്രൈമിനും മറുപടി ലവ് ലെറ്റർ കൊടുക്കലല്ല. ഇത് മൂന്നാംകിട സിനിമയല്ല. അഹാനയുടെ വീഡിയോയുടെ ഫൈനൽ ടെയ്ക്ക് എവേ എന്ന് പറയുന്നത് അങ്ങനെ ഇരകൾ ആവുന്നവർ ഇത് ലൈറ്റായിട്ട് എടുക്കണം എന്നാണ്, കാരണം ബുള്ളി ചെയ്യുന്നവരാണ് ബെഡ് പീപ്പിൾ. ബുള്ളി ചെയ്യുന്നവരെ കരയിച്ചു മനസ്സ് മാറ്റാൻ ഇതെന്തോന്ന് കരൺ ജോഹർ സിനിമയോ ? എന്ത് തേങ്ങയടെ ?!

ഒരു പെൺകുട്ടി, സൈബർ ബുള്ളിയിങ്ങിനെതിരേ ലവ് ലെറ്റർ വീഡിയോ ഇറക്കുന്നു എന്ന് കേട്ട പാതി കേൾക്കാത്ത പാതി എന്റമ്മേ, എല്ലാ ലിബറൽസും പാഞ്ഞു വരുന്നു. ഒരു ലിബറലിനു മൂക്കും കുത്തി വീഴാനുള്ള എല്ലാ ചേരുവയും അതിലുണ്ട്. ഫെമിനിസത്തിനു ഫെമിനിസം, സ്നേഹത്തിനു സ്നേഹം, പിന്നെ സൈബർ ബുള്ളിയിങ് പോലെ ഒരു ക്രൈമും. ശേഷം സപ്പോർട്ടിന്റെ ചാകര.
ഒന്നാമത്തെ കാര്യം ഇതിൽ ഫെമിനിസവുമില്ല ഒരു തേങ്ങയുമില്ല. ഒരു പെൺകുട്ടി അസംബന്ധം പറഞ്ഞാൽ അത് ഫെമിനിസം ആവൂല്ല. (ഒരാണായ ഞാൻ ഫെമിനിസം നിർവചിച്ചാൽ ഉത്തമ കരച്ചില് വേറെ വരുമായിരിക്കും. പക്ഷെ മത്തായിക്ക് മാംഗോ ഫ്രൂട്ടാണ്). പിന്നെ സ്നേഹപ്രകടനം ! എന്ത് പ്രഹസനോണ് അക്രു ?! ഇനി നേരിട്ടും ബുള്ളി ചെയ്യപ്പെട്ടാൽ സൈഡിൽ മാറ്റി നിർത്തി ഉപദേശിച്ചാൽ മതിയോ ? കൂടെ ഒരു ലവ് ലെറ്ററും കൊടുക്കാം. എന്തിയെ ?

സൈബർ ബുള്ളിയിങ്ങനെ കോമാളിവൽക്കരിക്കാനും അക്കാര്യത്തിൽ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും മാത്രമാണിത് ഉപകരിച്ചത്. അല്ലാതെ ഗൗരവമായ ഒരു അവെയർനസും ഇതുകൊണ്ടുണ്ടായതായി തോന്നുന്നില്ല. അപ്പോഴും തെറി വിളിക്കാൻ തോന്നുന്ന ഊളന്മാർ നല്ല “അന്തസായി” വന്നു തെറി വിളിച്ചിട്ട് പോവും. സഹിക്കുന്നവർ മാത്രം ഒന്നും ബാധിക്കാത്ത പോലെ അഭിനയിക്കണം.

അങ്ങനെ സ്വന്തം തെറ്റിനെ മറയ്ക്കാൻ, തിരികെ കിട്ടിയ വിമർശനങ്ങളിൽ നിന്ന് ഊരിയെടുത്ത ഒരു രക്ഷാ കവചമായിരുന്നു അഹാനയെ സംബന്ധിച്ച് സൈബർ ബുള്ളിയിങ് എന്നത്. അതങ്ങ് കേറി കൊളുത്തി അതിന്റെ പിന്നാലെ സകല ഊള സെലിബ്രിറ്റികളും വന്നു കൊത്തി. പലരും ഇതെന്തോ ഫെമിനിസ്റ്റ് കോസ് ആണ് എന്നൊക്കെയായിരിക്കും കരുതി വെച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ആപ്പിൾ തൊലി അപ്പ്രോച്ചിന്റെ അപ്പോസ്തലന്മാർ.

അഹാന രണ്ടാമതും അതേ കാര്യം തന്നെയാണ് ചെയ്തത്. ആദ്യം വർക്കായ ലോജിക് തന്നെ വീണ്ടും അപ്ലൈ ചെയ്യുന്നു. ആദ്യം സൈബർ ബുള്ളിയിങ് വലിച്ചൂരിയെടുത്തു എങ്കിൽ ഇത്തവണ സാക്ഷാൽ റേപ്പ് തന്നെ ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചെടുത്തു. മാന്യമായി വിയോജിച്ച ഒരാളുടെ കമന്റിനെ ക്രോപ് ചെയ്തു അയാളുടെ വാദത്തെ വളച്ചൊടിച്ചു അയാൾ പറയുന്നത് റേപ്പിന്റെ കാരണം ഇട്ടിരിക്കുന്ന വേഷമാണ് എന്ന ന്യായത്തിനു തുല്യമാണ് എന്ന അതി ഭയങ്കര ലോജിക് അവതരിപ്പിക്കുന്നു. ലവ് ലെറ്റർ വീഡിയോ ഉണ്ടാവുന്നതും ഇതേ പ്രോസസിലാണ്. ആദ്യം സൈബർ ബുള്ളിയിങ്ങിനെ ട്രിവിയലൈസ് ചെയ്തെങ്കിൽ ഇത്തവണ റേപ്പാണ്. ഒരു തരത്തിൽ റേപ്പിനെ നിസ്സാരവൽക്കരിക്കൽ തന്നെയാണ് അവർ ചെയ്തത്.

അവരുടെ പേജിന്റെ ലൈക് കൂട്ടുകയോ കിട്ടുന്ന അറ്റെൻഷനെ മുതലെടുക്കുകയോ ചാനൽ സബ്‌സ്‌ക്രിപ്‌ഷൻ കൂറ്റൻ നോക്കുകയോ എന്ത് വേണമെങ്കിലും ചെയ്യട്ടെ. അവരുടെ സ്വകാര്യ കാര്യം. പക്ഷെ അത് സമൂഹത്തിന്റെ മൂല്യബോധത്തിന്റെ ചിലവിൽ ആവരുത് എന്നേയുള്ളു. താങ്കൾ റംബൂട്ടാണോ പാഷൻ ഫ്രൂട്ടോ പറങ്കിമാങ്ങയോ എന്ത് വേണമെങ്കിലും പറിച്ചു തിന്നോളൂ. ഇങ്ങനെ മനുഷ്യരെ മുതലെടുക്കരുത്.

ഒരു ക്ഷമ ചോദിക്കലിൽ, ഒരു തിരുത്തലിൽ, ഒരു ഖേദം പ്രകടിപ്പിക്കലിൽ ആ വീഡിയോ തുടങ്ങിയിരുന്നു എങ്കിൽ അവരുടെ സത്യസന്ധതയെ ഒരു തരിമ്പെങ്കിലും വിശ്വസിക്കാമായിരുന്നു. ഇത് അടിമുടി മാനിപ്പുലേഷനാണ്. അടിമുടി ഫ്രോഡ് പരിപാടിയാണ്. എല്ലാമൊപ്പിച്ചു വെച്ചിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്നുള്ള ആ നാട്യമാണ്‌ ഒട്ടും സഹിക്കാൻ പറ്റാത്തത്. സാമാന്യം ഇഷ്ടമുള്ള ആളായിരുന്നു മുൻപ്. ഇപ്പോൾ കാണുമ്പോഴേ ഉടായിപ്പ് ഫീലാണ്. എന്തിനാണ് ഇങ്ങനെ തരം താണ പരിപാടിക്ക് നിൽക്കുന്നത് ? ഇങ്ങനെ ചെയ്തിട്ട് കിട്ടുന്ന പ്രതിഫലം എന്താണെങ്കിലും വല്ല കാര്യവുമുണ്ടോ ? ഇത് സെലിബ്രിറ്റി ഫോൾ സീസണാണോ ? ആഷിക് അബു തുടങ്ങിവെച്ചതാണ്. എന്തായാലും കുറേപ്പേരുടെ തനി നിലവാരം അറിയാൻ പറ്റി . അടുത്തത് ആരാണോ എന്തോ !