ചിലര്‍ അങ്ങനെയാണ്, തങ്ങള്‍ക്കു താല്‍പ്പര്യമുള്ളതല്ലാതെ മറ്റൊന്നും അവര്‍ കാണില്ല

146

Shymon Sebastian Parassery

പാണ്ഡുവിന്‍റെ മരണശേഷം ഭാര്യ കുന്തി തന്‍റെ മക്കളായ അഞ്ചു പാണ്ഡവരെയും കൊണ്ട് ഹസ്തിനപുരിയിലെത്തി. അവിടെ പാണ്ഡവരുടെ കസിന്‍സായ 100 കൗരവര്‍ക്കൊപ്പമാണ് അവര്‍ വളര്‍ന്നത്. യുദ്ധകലയില്‍ അവരുടെ ഗുരു ദ്രോണാചാര്യര്‍ ആയിരുന്നു. ദ്രോണാചാര്യര്‍ക്ക് പാണ്ഡവരില്‍ മൂന്നാമനായ അര്‍ജുനനോട് എന്നും ഒരു പക്ഷപാതിത്വം ഉണ്ടായിരുന്നു. ഒരിക്കല്‍ രാത്രിയില്‍ പുറത്ത് ആരോ വില്ല് കുലക്കുന്ന ശബ്ദം കേട്ട് ദ്രോണാചാര്യര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ഇരുട്ടത്ത് ഏതോ ഒരു മങ്ങിയ രൂപം ഒരു ലക്ഷ്യത്തിലേക്ക് അമ്പ് പായിക്കുന്നതു കണ്ടു. കൂടുതല്‍ അടുത്തു ചെന്നു നോക്കിയപ്പോള്‍ ദ്രോണര്‍ക്ക് മനസിലായി അത് അര്‍ജുനനാണെന്ന്.

”ഈ രാത്രിയില്‍ നീ എന്താണു ചെയ്യുന്നത്?” ദ്രോണര്‍ അര്‍ജുനനോട് ചോദിച്ചു.
”ഞാന്‍ അസ്ത്രവിദ്യ പരിശീലിക്കുകയാണ്” അര്‍ജുനന്‍ മറുപടി പറഞ്ഞു.
”മനസിലായി. പക്ഷേ ഈ രാത്രിയിലോ?” ദ്രോണര്‍ ചോദിച്ചു.
”അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കാറ്റ് വന്ന് വിളക്ക് കെട്ടുപോയി. പക്ഷേ ഭക്ഷണം കഴിക്കുന്നത് ഞാന്‍ നിര്‍ത്തിയില്ല. ഇരുട്ടായിരുന്നെങ്കിലും പാത്രത്തില്‍ നിന്നും വായിലേക്ക് താഴെ വീഴ്ത്താതെ ഭക്ഷണം കൊണ്ടുപോകാന്‍ എനിക്കൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. ഇരുട്ടത്ത് അങ്ങനെ ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഇരുട്ടത്ത് അസ്ത്രവിദ്യ പരിശീലിച്ചു കൂടാ?” അര്‍ജുനന്‍ ഗുരുവിനോട് ചോദിച്ചു.

അര്‍ജുനന്‍റെ മറുപടി കേട്ട ദ്രോണാചാര്യര്‍ ആനന്ദപുളകിതനായി. താന്‍ എന്തുകൊണ്ടാണ് അര്‍ജുനനോട് എപ്പോളും പക്ഷപാതിത്വവും കൂടുതല്‍ സ്നേഹവും കാണിക്കുന്നതെന്ന് മറ്റുള്ളവര്‍ക്കു കൂടി ബോധ്യപ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചു. പിന്നീടൊരു ദിവസം ഒരു മരത്തില്‍ ഒരു പക്ഷിയുടെ രൂപം ഉണ്ടാക്കി അതിനെ അമ്പെയ്തു വീഴ്ത്താന്‍ അദ്ദേഹം തന്‍റെ ശിഷ്യന്‍മാരെ ക്ഷണിച്ചു. പാണ്ഡവരില്‍ ഏറ്റവും മൂത്തവനായ യുധിഷ്ഠിരന്‍റെ ഉഴമായിരുന്നു ആദ്യം. യുധിഷ്ഠിരന്‍ വില്ല് കുലക്കാന്‍ തയാറെടുത്തപ്പോള്‍ ദ്രോണര്‍ ചോദിച്ചു:

”നീ എന്താണു കാണുന്നത്”
യുധിഷ്ഠിരന്‍: ”എനിക്കു പക്ഷിയേയും മരത്തെയും അതിലെ ഇലകളെയും കാണാന്‍ കഴിയുന്നുണ്ട്.”
ഇതു കേട്ട ദ്രോണര്‍ യുധിഷ്ഠിരനോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് മറ്റുള്ളവരുടെ ഊഴമായപ്പോള്‍ അവരോടും ദ്രോണര്‍ അതേ ചോദ്യം ആവര്‍ത്തിച്ചു. എല്ലാവരും ഏകദേശം യുധിഷ്ഠിരന്‍ നല്‍കിയ മറുപടി തന്നെ നല്‍കി. എല്ലാവരും പക്ഷിയേയും അത് ഇരിക്കുന്ന മരത്തേയും ഇലകളെയും ഒക്കെ കണ്ടിരുന്നു. ഒടുവില്‍ അര്‍ജുനന്‍റെ ഊഴമെത്തി.
ദ്രോണര്‍ അര്‍ജുനനോട് ചോദിച്ചു: ”നീ എന്താണു കാണുന്നത്”
അര്‍ജുനന്‍: ”എനിക്ക് പക്ഷിയുടെ കണ്ണ് കാണാം.”
ദ്രോണര്‍: ”മരം കാണുന്നില്ലേ?”
അര്‍ജുനന്‍: ”ഇല്ല. ഞാന്‍ പക്ഷിയുടെ കണ്ണുകള്‍ മാത്രമേ കാണുന്നുള്ളൂ.”

ദ്രോണര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. മരം കാണുന്നുണ്ടോ, പൂക്കള്‍ കാണുന്നുണ്ടോ മരത്തിലെ ഇലകള്‍ കാണുന്നുണ്ടോ എന്നെല്ലാം അര്‍ജുനനോട് ചോദിച്ചുകൊണ്ടേയിരുന്നു. താന്‍ പക്ഷിയുടെ കണ്ണുകള്‍ അല്ലാതെ മറ്റൊന്നും കാണുന്നില്ലെന്ന് അര്‍ജുനന്‍ ഗുരുവിന് എപ്പോളും മറുപടി നല്‍കി. ഒടുവില്‍ അസ്ത്രം പായിക്കാന്‍ ദ്രോണര്‍ അര്‍ജുനന് നിര്‍ദ്ദേശം നല്‍കുകയും അര്‍ജുനന്‍ കൃത്യമായി പക്ഷിയുടെ കണ്ണില്‍ അമ്പെയ്ത് അതിനെ വീഴ്ത്തുകയും ചെയ്തു.

ചിലര്‍ അങ്ങനെയാണ്. തങ്ങള്‍ക്കു താല്‍പ്പര്യമുള്ളതല്ലാതെ മറ്റൊന്നും അവര്‍ കാണില്ല. തങ്ങള്‍ക്കു ചുറ്റും എന്തെല്ലാം ഡിസ്ട്രാക്ഷന്‍സ് ഉണ്ടായാലും, ആകാശം തന്നെ ഇടിഞ്ഞുവീണാലും അവരുടെ കണ്ണുകള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രമേ കാണൂ. തങ്ങളുടെ ആസ്വാദശീലങ്ങളില്‍ നിന്നോ ലക്ഷ്യബോധത്തില്‍ നിന്നോ പിന്‍മാറ്റാന്‍ ആരൊക്കെ ശ്രമിച്ചിലും അത് നടക്കുകയുമില്ല. തങ്ങളുടെ ‘കര്‍മ്മമേഖല’യില്‍ ഇവര്‍ ശോഭിക്കുക തന്നെ ചെയ്യും.