ഇനിയാണ് ഏഷ്യാനെറ്റിനെ ശരിക്കും സൂക്ഷിക്കേണ്ടത്, ”നേരോടെ, നിര്‍ഭയം, നിരന്തരം” വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും

135
Shymon Sebastian Parassery 
ഇനിയാണ് ഏഷ്യാനെറ്റിനെ ശരിക്കും സൂക്ഷിക്കേണ്ടത്. ”നേരോടെ, നിര്‍ഭയം, നിരന്തരം” വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും. ഒരു സംഘിയുടെ ഉടമസ്ഥതയിലുളള ചാനല്‍ എന്നത് കേരളത്തിന്‍റെ സവിശേഷമായ സാഹചര്യത്തില്‍ ഒരു ബാധ്യത തന്നെയാണ്. അതിനെ താല്‍ക്കാലികമായി അവര്‍ മറികടന്നു കഴിഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞു നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നാഗ്പൂരിലെ ബുദ്ധികേന്ദ്രങ്ങള്‍ രചിച്ച തിരക്കഥയാണ് ഏഷ്യാനെറ്റിന്‍റെ ബ്രോഡ്കാസ്റ്റ് സസ്പെന്‍ഡ് ചെയ്ത നടപടി. അതിന്‍റെ സംവിധാനം നിര്‍വഹിച്ചത് ബി.ജെ.പി നേതാവും ഏഷ്യാനെറ്റിന്‍റെ ഉടമയുമായ രാജീവ് ചന്ദ്രശേഖറും. കേരളത്തില്‍ സംഘ്പരിവാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഓപ്പറേഷന്‍ ലോട്ടസ് എന്ന ലക്ഷ്യത്തിലേക്കുള്ള അനവധി മാര്‍ഗങ്ങളില്‍ ഒന്നു മാത്രം ഇത്.
പ്രത്യക്ഷമായി തന്നെയും സംഘ്പരിവാറിനു വേണ്ടി കുഴലൂതുന്ന റിപ്പബ്ലിക് ടി.വി.യുടെ ഉടമയും രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ്. അര്‍ണാബ് ഗോസ്വാമിയുടെ ബ്രാന്‍ഡ് ഓഫ് ജേണലിസം കേരളത്തില്‍ നടപ്പിലാക്കുക എന്നത് അസാധ്യമാണ്. അപ്പോള്‍ ക്രെഡിബിലിറ്റി വര്‍ദ്ധിപ്പിച്ച് ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകള്‍ക്ക് പൊതുബോധത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുക മാത്രമാണ് സാധ്യമായ വഴികളിലൊന്ന്. ജനസംഖ്യയില്‍ പകുതിയോളം വരുന്ന മുസ്ലിം-ക്രിസ്ത്യന്‍ കംബൈന്‍ഡ് പോപ്പുലേഷനും ഇടതുപക്ഷത്തിന്‍റെ ശക്തമായ സാന്നിധ്യവുമാണ് കേരളം കാവിയണിയാതിരിക്കാനുള്ള പ്രധാന കാരണങ്ങള്‍. തുടര്‍ച്ചയായി ഇടതുവിരുദ്ധ വാര്‍ത്തകള്‍ നിര്‍മ്മിച്ച് പൊതുബോധത്തെ അനുകൂലമാക്കിയാല്‍ പാതി ജോലി പൂര്‍ത്തിയായി. ആ പണിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ ബി.ജെ.പി.യുടെ സംസ്ഥാന കമ്മിറ്റിയംഗവും എന്‍.ഡി.എ വൈസ് പ്രസിഡന്‍റുമായ രാജീവ് ചന്ദ്രശേഖര്‍ മോഡി-അമിത് ഷാ അച്ചുതണ്ടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണ്. അയാളുടെ ഉടമസ്ഥതയിലുളള ചാനലിന്‍റെ ബ്രോഡ്കാസ്റ്റ് സസ്പെന്‍ഡ് ചെയ്തത് സംഘ്പരിവാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതു കൊണ്ടാണ് എന്നു വിശ്വസിക്കാന്‍ മാത്രം തലക്ക് ഓളമുള്ളവരാണോ നിഷ്കളങ്കരേ നിങ്ങള്‍? 48 മണിക്കൂര്‍ നീളുമെന്നു പറഞ്ഞ വിലക്ക് വെറും 6 മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കിയതില്‍ നിന്നു തന്നെ തിരക്കഥ വ്യക്തം.
സ്ക്രിന്‍ഷോട്ട്- യൂണിവേഴ്സിറ്റികളില്‍ മന്ത്രി ജലീലിന്‍റെ ചട്ടവിരുദ്ധമായ ഇടപെടല്‍. ഏഷ്യാനെറ്റ് തിരിച്ചുവരവ് ഗംഭീരമാക്കിയിട്ടുണ്ട്.