ചരിത്രമറിയാത്ത മറുനാടാ ഹിന്ദുവിന്‍റെ ചിലവിലോ ഔദാര്യത്തിലോ അല്ല ഇന്ത്യയിലെ മതേതരത്വം, അതിന്‍റെ കാരണങ്ങള്‍ ചരിത്രപരവും ഭരണഘടനാപരവുമാണ്

0
130

Shymon Sebastian Parassery

ന്യൂനപക്ഷ വിരുദ്ധമായ എന്തു നീക്കങ്ങള്‍ നടത്തുമ്പോളും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ സ്ഥിരമായി പറയുന്ന കാര്യമാണ് ഇന്ത്യയിലെ മതേതരത്വം ഹിന്ദുവിന്‍റെ ചിലവിലാണെന്നത്. ഇന്ത്യ ഒരു മതേതര രാജ്യമായിരിക്കുന്നത് അതൊരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായതു കൊണ്ടു മാത്രമാണെന്നതാണ് അവര്‍ പറഞ്ഞുവെക്കുന്നത്. കഴിഞ്ഞയാഴ്ച മറുനാടന്‍ സ്ക്കറിയയും ഇതേ കാര്യം പറയുന്നതു കേട്ടു. അയാള്‍ പറയുന്നത് ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതം ഹിന്ദുമതമാണെന്നും, ആയതിനാലാണ് ഇന്ത്യ മതേതര രാജ്യമായി നിലകൊള്ളുന്നതെന്നുമാണ്. ഇവരെല്ലാം സ്ഥിരമായി ബോധപൂര്‍വ്വം നടത്തുന്ന പ്രചരണമാണ് ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമായതുകൊണ്ടാണ് മതേതര രാജ്യമായി തുടരുന്നതെന്നും ലോകത്ത് ഇന്ത്യയല്ലാത്ത ഒരു രാജ്യത്തും മതേതരത്വം ഇല്ലെന്നും. ഹിന്ദുവിന്‍റെ ‘ക്ഷമ’യും ‘സഹന’വുമാണ് ഇന്ത്യയിലെ മതനിരപേക്ഷതക്ക് കാരണമെന്നും മതേതരത്വം ഹിന്ദുവിന്‍റെ ചിലവിലുള്ളതാണെന്നും ശശികലയെ പോലെ ഉഗ്ര വിഷമുള്ള ഇരുകാലികള്‍ ഹിന്ദുവിനെ ‘ഉണര്‍ത്താന്‍’ വേണ്ടി പറയുന്നു.

ബോധപൂര്‍വ്വമായ നുണപ്രചരണമാണിത്. ലോകത്ത് പകുതിയോളം രാജ്യങ്ങള്‍ മതേതര രാജ്യങ്ങള്‍ ആണെന്നതാണ് സത്യം. ക്രിസ്ത്യന്‍ ഭൂരിപക്ഷ പാശ്ചാത്യ ലോകത്തെ അമേരിക്കയും ജര്‍മ്മനിയും ഫ്രാന്‍സും അടക്കമുള്ള മിക്കവാറും എല്ലാ രാജ്യങ്ങളും സെക്യുലറാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ ഭൂഖണ്ഡങ്ങളായ വടക്കേ അമേരിക്കയിലേയും തെക്കേ അമേരിക്കയിലെയും മിക്കവാറും എല്ലാ രാജ്യങ്ങളും സെക്യുലറിസം പിന്തുടരുന്നവയാണ്. ഇംഗ്ലണ്ട് അടക്കമുള്ള ചില ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രിസ്തുമതത്തിന് (ഇംഗ്ലണ്ടില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടാണ് ഔദ്യോഗിക മതം) സ്റ്റേറ്റ് റിലീജന്‍ എന്ന പദവിയുണ്ടെങ്കിലും രാജ്യത്തിന്‍റെ ദൈനംദിന വ്യവഹാരങ്ങളില്‍ മതം ഇടപെടാറില്ല. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് ലാറ്ററന്‍ ഉടമ്പടി അനുസരിച്ച് കത്തോലിക്ക സഭക്കു വേണ്ടി ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട, വെറും 108 ഏക്കര്‍ മാത്രം വിസ്തൃതിയുള്ള വത്തിക്കാനാണ് ക്രിസ്ത്യന്‍ ഭൂരിപക്ഷ ലോകത്തെ (യൂറോപ്പടക്കം) മതാത്മക നിയമങ്ങളും മത ഭരണകൂടവും നിലനില്‍ക്കുന്ന ഏക രാഷ്ടം. ഐറിഷ് റിപ്പബ്ലിക്കില്‍ കത്തോലിക്ക സഭയുടെ മൂല്യങ്ങളെ പൊതുവെ മാനിക്കുന്ന നിയമങ്ങള്‍ പലതുമുണ്ടെങ്കിലും (ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കല്‍ പോലെയുള്ള നിയമങ്ങള്‍) പൂര്‍ണാര്‍ത്ഥത്തില്‍ അതുമൊരു മത രാഷ്ട്രമല്ല. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ ലാറ്റിന്‍ അമേരിക്കയിലെ ബ്രസീല്‍, ചിലി, കൊളംബിയ, ഇക്വഡോര്‍, പരാഗ്വേ, പെറു, യൂറഗ്വായ്, വെനിസുല തുടങ്ങിയ രാജ്യങ്ങളെല്ലാം മതനിരപേക്ഷമാണ്. വടക്കേ അമേരിക്കയില്‍ യു.എസ്.എ.യെ കൂടാതെ ക്രൈസ്തവ ഭൂരിപക്ഷ രാജ്യങ്ങളായ കാനഡയും മെക്സിക്കോയും സെക്യുലര്‍ രാജ്യങ്ങള്‍ തന്നെ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളായ ചൈനയും വിയറ്റ്നാമും ലാവോസും ക്യൂബയും സെക്യുലറാണ്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്ന പാര്‍ട്ടിയായി നിലവില്‍ ഉത്തര കൊറിയയിലെ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയെ കണക്കാക്കാന്‍ കഴിയില്ലെങ്കിലും പൊതുബോധത്തില്‍ ‘കമ്മ്യൂണിസ്റ്റ്’ രാജ്യമായ ഉത്തര കൊറിയയും സമ്പൂര്‍ണ മതനിരപേക്ഷതയുള്ള രാജ്യമാണ്.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ ഏറ്റവും വലിയ മത വിഭാഗമായ യൂറേഷ്യന്‍ രാജ്യമായ റഷ്യ സോവിയറ്റ് കാലത്തും സോവിയറ്റാനന്തര കാലത്തും സെക്യുലറാണ്. പഴയ സോവിയറ്റ് യൂണിയന്‍റെ ഭാഗമായ ജോര്‍ജിയയില്‍ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവ സഭയാണ് ഔദ്യോഗിക മതമെങ്കിലും രാഷ്ട്ര വ്യവഹാരങ്ങളില്‍ മതം ഇടപെടാറില്ല. പഴയ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ അസര്‍ബൈജാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, എന്നിവയെല്ലാം തന്നെ മതേതര രാജ്യങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ശക്തികളിലൊന്നായ, ബുദ്ധമത വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ജപ്പാന്‍ മതേതര രാജ്യമാണ്. ഏഷ്യയില്‍ തന്നെ ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളായ സിംഗപ്പൂരും തായ്വാനുമൊക്കെ സെക്യുലര്‍ രാജ്യങ്ങളാണ്.

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നല്ലൊരു ശതമാനവും ഇസ്ലാമിക രാജ്യങ്ങളാണെങ്കിലും തുര്‍ക്കിയെ പോലെയുള്ള ചില രാജ്യങ്ങള്‍ സെക്യുലറാണ്. തുര്‍ക്കിയും ലെബനോനും ഇന്തോനേഷ്യയും അടക്കമുള്ള ഇരുപതോളം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ മതേതര രാജ്യങ്ങളാണ്. മുസ്ലിം ഭൂരിപക്ഷ മതേതര രാജ്യങ്ങളിലെ പല രാജ്യങ്ങളിലും മതനിരപേക്ഷത ഒരു സംസ്ക്കാരമായി അവിടങ്ങളിലെ ജനത പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല എന്നത് ഒരു വസ്തുതയാണെങ്കിലും എല്ലാ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും ഇസ്ലാമിക രാജ്യങ്ങളാണെന്നത് ഒരു തെറ്റിദ്ധാരണയാണ്. യൂറോപ്പിലെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ അല്‍ബേനിയയും കൊസോവയും ബോസ്നിയ-ഹെര്‍സഗോവിനയും സെക്യുലറാണ്.

ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഇന്ത്യ മാത്രമാണ് ലോകത്തെ ഏക മതേതര രാജ്യമെന്നും ഈ മതേതരത്വം ഹിന്ദുവിന്‍റെ ചിലവിലുള്ളതാണെന്നുമുള്ള സംഘ്പരിവാര്‍ പ്രചരണം പൊള്ളയാണെന്ന് മേല്‍ പറഞ്ഞ കണക്കുകള്‍ സൂചിപ്പിക്കുന്നു. സെമിറ്റിക് മതങ്ങളെ പോലെ ഒരു രാഷ്ട്രത്തെ ഒന്നടക്കം മതാത്മകതയുടെ ചട്ടക്കൂടിനകത്ത് നിര്‍ത്താനുള്ള ആശയപരമോ സംഘടനാപരമോ ആയ ശേഷി ഹിന്ദുമതത്തിന് ഇല്ലെന്നതാണ് സത്യം. ആ ശേഷി ഉണ്ടാക്കിയെടുക്കുന്ന പ്രത്യയശാസ്ത്രത്തിന്‍റെ പേരാണ് ഹിന്ദുത്വ. ഹിന്ദു ഉള്ളിടത്തേ മതേതരത്വം ഉള്ളൂവെന്ന് പ്രസംഗിക്കുന്നവര്‍ ഓര്‍ക്കുക ഹിന്ദു ഭൂരിപക്ഷ രാജ്യമായ നേപ്പാള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ഹിന്ദു രാഷ്ട്രമായിരുന്നു. ഹിന്ദുവിന്‍റെ ചിലവിലോ ഔദാര്യത്തിലോ ഉള്ളതല്ല ഇന്ത്യയിലെ മതേതരത്വം. അതിന്‍റെ കാരണങ്ങള്‍ ചരിത്രപരവും ഭരണഘടനാപരവുമാണ്.