താഹയുടെ മുദ്രാവാക്യം വിളിയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടു, സമ്മര്‍ദ്ദത്തിനു വഴങ്ങിയുള്ള വിളിയാണ് അതെന്ന് തോന്നിയില്ല.

402

ബൂലോകം ജനാധിപത്യവും മാനവികതയും ഉദ്‌ഘോഷിക്കുന്ന സൈറ്റാണ്. സായുധകലാപങ്ങളോടോ സായുധ ഗ്രൂപ്പുകളോടോ യാതൊരു അനുഭാവവും ഇല്ല. പരിഷ്കൃതമായ ലോകത്തിൽ ആയുധത്തേക്കാൾ വലിയ ഭീകരത മറ്റൊന്നില്ല. ലോകത്തിൽ കമ്മ്യൂണിസം എന്ന ചിന്താധാര പല രാജ്യങ്ങളിലും അവിടത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ചായിരുന്നു രക്തരഹിതമോ രക്തരൂക്ഷിതമോ ആയ വിപ്ലവങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്. രാജവാഴ്ച അതിന്റെ ക്രൂരത കൊണ്ട് പല നാടുകളിലും ഏകാധിപത്യം കാഴ്ചവച്ചു അഴിഞ്ഞാടിയപ്പോൾ ജനങ്ങളുടെ രോദനം കേൾക്കാതിരിക്കാൻ ചിന്തിക്കുന്നവർക്കായില്ല. അതുപോലെയല്ല ആധുനിക ലോകത്തെ ജനാധിപത്യവ്യവസ്ഥിതിയിൽ സായുധവിപ്ലവത്തിന്റെ പ്രസക്തി. ജനാധിപത്യം എത്രമേൽ മലീനമായാലും തിരുത്തലുകൾക്കും ഇവിടെ സ്ഥാനമുണ്ട്. ജനാധിപത്യമാണ് ഏറ്റവും പരിഷ്കൃതമായ ഇസം. എന്നാൽ നിരപാധികളെ മാവോയിസമോ ഭീകരവാദമോ പോലുള്ള കുറ്റങ്ങളിൽ പെടുത്തി വലിയ കേസുകൾ ചാർജ് ചെയ്യുന്നതിനോട് ഞങ്ങൾ യോജിക്കുന്നില്ല. ഷൈമോൻ സെബാസ്ത്യൻ പാറശ്ശേരിയുടെ ഈ ആർട്ടിക്കിൾ ചില കാര്യങ്ങൾ നമ്മോടു പറയുന്നുണ്ട്.

Shymon Sebastian Parassery

അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും കുറച്ച് പൈസ ഇറക്കിയാല്‍ ജാമ്യം ലഭിക്കാവുന്ന ഒന്നാണ് കഞ്ചാവ് കേസ്. ഒരു കിലോക്കു താഴെയാണ് കഞ്ചാവ് എങ്കില്‍ ജാമ്യം ലഭിക്കുന്നത് താരതമ്യേന വളരെ എളുപ്പമാണ് താനും. അത് അറിയാത്ത ആളാകുമോ താഹ എന്ന ജേണലിസം വിദ്യാര്‍ത്ഥി? കഞ്ചാവ് കേസിനേക്കാള്‍ എത്രയോ ഭയാനകമാണ് യു.എ.പി.എ എന്ന ഡ്രക്കോണിയന്‍ നിയമം എന്ന് അറിയാത്തയാളാണ് താഹയെന്ന ചെറുപ്പക്കാരനെന്നും പൊലീസ് കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് പറഞ്ഞതിനാലാണ് അയാള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതെന്നും വിശ്വസിക്കണമെങ്കില്‍ എല്ലാ യുക്തികളെയും അവധിക്ക് വിടേണ്ടി വരും.

താഹയുടെ മുദ്രാവാക്യം വിളിയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടു. സമ്മര്‍ദ്ദത്തിനു വഴങ്ങിയുള്ള വിളിയാണ് അതെന്ന് തോന്നിയില്ല. സി.പി.എമ്മിനു വേണ്ടിയും ഡി.വൈ.എഫ്.ഐ.ക്കു വേണ്ടിയുമൊക്കെ മുദ്രാവാക്യം വിളിച്ചുകൊടുത്തിട്ടും ഏറ്റുവിളിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പറയട്ടെ. താഹയുടെ മുദ്രാവാക്യം വിളി വളരെ സ്പൊണ്ടേനിയസായതും ആവേശവും ആത്മാര്‍ത്ഥതയും കലര്‍ന്നതായിട്ടുമാണ് എനിക്ക് അനുഭവപ്പെട്ടത്. ഇത്ര ആവേശത്തോടെ വിളിച്ച മുദ്രാവാക്യം പൊലീസ് ഭീഷണിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്ന് വിശ്വസിക്കണമെങ്കില്‍ ഒരുപാട് കലോറി ഊര്‍ജ്ജം ചിലവാക്കേണ്ടി വരും.

തീയില്ലാതെ പുകയുണ്ടാകില്ല എന്നാണല്ലോ? കോഴിക്കോടുള്ള രണ്ടു ചെറുപ്പക്കാരെ, അതും കേരളത്തിലെ ഏറ്റവും പ്രബലമായതും നിലവില്‍ സംസ്ഥാന ഭരണം കൈയ്യാളുന്നതുമായ പാര്‍ട്ടിയുടെ പ്രവര്‍ത്തകരായ രണ്ടു പേരെ വെറുതെ കുറേ കാലം നിരീക്ഷിച്ച് യാതൊരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ കേരളം പോലെ ഇത്രയധികം രാഷ്ട്രീയ വിദ്യാഭ്യാസമുള്ള ഒരു സംസ്ഥാനത്തെ പൊലീസ് തയാറാകുമെന്ന് കരുതാന്‍ പ്രയാസമുണ്ട്. സ്വന്തം പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ചങ്കൂറ്റമുള്ള പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ അടിയുറച്ച അനുഭാവികളായ രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായ രണ്ടു ചെറുപ്പക്കാരെ കൃത്രിമ തെളിവുകളുണ്ടാക്കി അറസ്റ്റ് ചെയ്തെന്നു വിശ്വസിക്കാന്‍ അതിലേറെ പ്രയാസമുണ്ട്. അതിന്‍റെ പ്രത്യാഘാതം എന്താകുമെന്ന് അറിയാത്തവരല്ല പൊലീസ്. 20 വയസ് മാത്രം പ്രായമുള്ള അലനെ പൊലീസ് കുറേ കാലമായി നിരീക്ഷിച്ചു വരുന്നതിനെ ട്രോളുന്നവര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി സി.പി.എമ്മില്‍ അംഗത്വമുള്ളവനാണ് അലന്‍ എന്ന കഥയില്‍ അസ്വാഭാവികതയൊന്നും കാണുന്നുമില്ല. ഇനി എനിക്കു മാത്രം ഭ്രാന്തായതാണോ അതോ നാട്ടുകാര്‍ക്കു മൊത്തത്തില്‍ ഭ്രാന്തായതാണോ എന്നൊന്നും അറിയില്ല. കഥ അനുസരിച്ച് അലന്‍ 15 വയസു മുതല്‍ സി.പി.എം അംഗമാണ്. പാര്‍ട്ടി അംഗത്വത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണെന്ന് സി.പി.എം ഭരണഘടന കൃത്യമായി പറയുന്നുണ്ട്.

ഇതു പോലെയൊരു കേസില്‍ പെട്ടാല്‍ കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ച് മാതാപിതാക്കളുടെ പ്രതികരണം വളരെ വൈകാരികമായിരിക്കും. ഒബ്ജക്ടീവായല്ല മറിച്ച് സബ്ജക്ടീവായിട്ടായിരിക്കും അപ്പോള്‍ അവര്‍ കാര്യങ്ങളെ നോക്കിക്കാണുന്നത്‌. കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണല്ലോ? മക്കള്‍ എത്ര വളര്‍ന്നാലും അച്ഛനും അമ്മക്കും അവര്‍ അല്‍പ്പം കുസൃതിയൊക്കെ കാണിക്കുന്ന തക്കുടുവാവകള്‍ തന്നെയായിരിക്കും. അവര്‍ എത്ര ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാലും അത് അംഗീകരിക്കാന്‍ അവര്‍ തയാറായിക്കോളണമെന്നില്ല. അതിപ്പോള്‍ എന്‍റെ വീട്ടിലാണെങ്കിലും നിങ്ങളുടെ വീട്ടിലാണെങ്കിലുമൊക്കെ അങ്ങനെ തന്നെയായിരിക്കും. പക്ഷേ നാട്ടിലെ നിയമവ്യവസ്ഥക്കും അത് പാലിക്കാന്‍ ബാധ്യതയുള്ള പൊലീസിനും അങ്ങനെയാകില്ല. താഹയുടെ മുദ്രാവാക്യം വിളി കേട്ട അയാളുടെ ഉമ്മ ‘നീ ഞങ്ങളെയൊക്കെ കൊലക്കു കൊടുത്തേ അടങ്ങൂ’ എന്ന് മകനോട് പറയുന്നത് വ്യക്തമായി കേള്‍ക്കാം ആ വീഡിയോയില്‍. പിസ്റ്റള്‍ വയറ്റില്‍ വെച്ചാണ് പൊലീസ് അയാളെ കൊണ്ട് അതൊക്കെ ചെയ്യിച്ചതെന്ന വാദം ഒരു യക്ഷിക്കഥ പോലെയെ തോന്നുന്നുള്ളു.

സി.പി.എം പാര്‍ട്ടി കുടുംബങ്ങളിലെ ഇടതുപക്ഷ മനോഭാവവും വായനാശീലവും ഉള്ളവരായ മിടുക്കരും ധിഷണാശാലികളുമായ രണ്ടു ചെറുപ്പക്കാരെ മാവോയിസ്റ്റുകള്‍ ബ്രയിന്‍വാഷ് ചെയ്തു വലയിലാക്കി എന്നാണ് ഇതു വരെ വായിച്ച കഥയില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്. സി.പി.എമ്മിന്‍റെ വിപ്ലവം പോരാ മാവോവാദികളുടെ കാട് കേന്ദ്രീകരിച്ചുള്ള വിപ്ലവമാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് വിപ്ലവമെന്നൊക്കെ ആ ക്ഷുഭിത യൗവ്വനങ്ങള്‍ ധരിച്ചുപോയിട്ടുണ്ടാകും. ആര്‍ക്കും യാതൊരു സംശയവും തോന്നാതെ സി.പി.എമ്മിനുള്ളില്‍ തന്നെ പ്രവര്‍ത്തിച്ച് ദളങ്ങളിലെ ‘വിപ്ലവ’ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ നടത്തിവരുന്നതിനിടയില്‍ പിടിവീണു.

ഇതൊക്കെ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊക്കെ ഇതിനകം ബോധ്യമായിട്ടുണ്ടാകും. അങ്ങേയറ്റം വിപത്ക്കരവും പ്രയോജനശൂന്യവുമായ ഒരു ആശയധാരയില്‍ ആകൃഷ്ടരായിപ്പോയ വലിയ ഭാവിയുള്ള ആ രണ്ടു ചെറുപ്പക്കാരെ എങ്ങനെയെങ്കിലും രക്ഷപെടുത്തുക എന്നത് തന്നെയായിരിക്കും അവരുടെയും മനസില്‍. അമ്മമാരുടെ തക്കുടുവാവകള്‍ യു.എ.പി.എ എന്ന ഡ്രക്കോണിയന്‍ നിയമത്തിന്‍റെ നീരാളിപ്പിടുത്തത്തില്‍ പെട്ട് ജിവിതം തുലഞ്ഞുപോകരുതെന്ന് തന്നെയാണ് എന്‍റെയും ആഗ്രഹം. പക്ഷേ പിണറായി വെറുതെ പൊലീസിനെ കയറൂരി വിട്ട് സ്വന്തം പാര്‍ട്ടിക്കാരായ രണ്ടു കുഞ്ഞുവാവകളെ അറസ്റ്റ് ചെയ്യിപ്പിച്ചു എന്നൊക്കെയുള്ള കഥ തൊണ്ട തൊടാതെ വിഴുങ്ങാന്‍ തലച്ചോര്‍ റദ്ദ് ചെയ്യണം.

മാവോയുടെ കൃതികള്‍ വായിക്കുന്നതോ മാവോയ്ക്ക് മുദ്രാവാക്യം വിളിക്കുന്നതോ ഒന്നും തന്നെ ഇന്ത്യയില്‍ കുറ്റകരമല്ല. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ (മാവോയിസ്റ്റ്) എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് കുറ്റകരവും നിയമം മൂലം നിരോധിക്കപ്പെട്ടതുമാണ്. എന്‍റെ വീട്ടിലുമുണ്ട് മാവോയുടെ പുസ്തകം എന്നാല്‍ എന്നെയും കൂടി അറസ്റ്റ് ചെയ്യൂ എന്നെല്ലാം രോദിക്കുന്ന ചില ഉത്തമന്‍മാരോട് ഒന്നേ പറയാനുള്ളൂ. ഖുര്‍ആന്‍ വായിക്കുന്നതോ മുസ്ലിം ആയിരിക്കുന്നതോ ഒരു കുറ്റകൃത്യമല്ല. പക്ഷേ ഐ.എസിലോ അല്‍ഖ്വയ്ദയിലോ പ്രവര്‍ത്തിക്കുന്നത് ഒരു കുറ്റകൃത്യമാണ്.

മാവോയിസ്റ്റുകള്‍ വഴിതെറ്റിയവരാണെങ്കിലും അസമത്വത്തിനെതിരെ പൊരുതുന്നവരാണെന്നൊക്കെ കരുതുന്ന ചില സി.പി.എമ്മുകാരോട്: ഇതൊന്നും ഉറക്കെ പറയണ്ട. അതൊക്കെ കേട്ടാല്‍ ബംഗാളിലെ സഖാക്കള്‍ ഫ്ലൈറ്റ് പിടിച്ചു വന്ന് നിങ്ങളെ തല്ലിയിട്ടു പോകും.