Shymon Sebastian Parassery

കഴിഞ്ഞ വര്‍ഷം ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ‘ഭീകരാക്രമണം’ സംഘ്പരിവാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതായിരുന്നു എന്നാണ് ഞാന്‍ ഇപ്പോളും ഉറച്ച് വിശ്വസിക്കുന്നത്. ആ ആക്രമണം സൃഷ്ടിച്ച ദേശീതയുടെ തള്ളിക്കയറ്റവും തുടര്‍ന്നുണ്ടായ രണ്ടാം മിന്നലാക്രമണവുമാണ് വന്‍ ഭൂരിപക്ഷത്തില്‍ രണ്ടാമതും അധികാരത്തിലെത്താന്‍ ബി.ജെ.പി.യെ സഹായിച്ചതും. അതു മാത്രമല്ല അതിനു മുന്‍പ് ബാരാക്കോട്ട് നടന്ന ഭീകരാക്രമണവും ഒരു തിരക്കഥക്കനുസരിച്ച് ആടിയ നാടകമാണോയെന്ന് ന്യായമായും സംശയിക്കാം. അതായിരുന്നല്ലോ ഒന്നാം മിന്നലാക്രമണത്തിന് കാരണമായത്? അന്നും തിരഞ്ഞെടുപ്പുകള്‍ മുന്നിലുണ്ടായിരുന്നു.

സംഘ്പരിവാറിന് അവരുടെ അജണ്ട നടപ്പിലാക്കാന്‍ സൈന്യത്തിലും പൊലീസിലുമൊക്കെയായി ഉദ്യോഗസ്ഥരുടെ ഒരു വലിയ നെറ്റ്വര്‍ക്ക് തന്നെയുണ്ട്. ഇക്കഴിഞ്ഞ പതിനൊന്നാം തീയതി ജമ്മു-കശ്മീര്‍ പൊലീസ് ഹിസ്ബുള്‍ മുജാഹിദീന്‍റെ കൊടും ഭീകരവാദികള്‍ക്കൊപ്പം പിടികൂടിയ ഡി.എസ്.പി ദേവീന്ദര്‍ സിങ് ഒരു സെലിബ്രേറ്റഡ് പൊലീസ് ഓഫീസറും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്ക്കാരം ഏറ്റുവാങ്ങിയ ആളുമാണ്. 2001-ല്‍ നടന്ന പാര്‍ലമെന്‍റ് ആക്രമണത്തില്‍ പങ്കെടുത്ത ഭീകരവാദികളെ സഹായിച്ചു എന്ന കുറ്റം ചുമത്തിയാണ് അഫ്സല്‍ ഗുരുവിനെ അറസ്റ്റ് ചെയ്തതും 2013-ല്‍ തൂക്കിക്കൊന്നതും.

അഫ്സല്‍ ഗുരു ജയിലില്‍ കിടക്കുമ്പോള്‍ തന്‍റെ അഭിഭാഷകന് എഴുതിയ കത്തില്‍ ദേവീന്ദ്ര സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പാര്‍ലമെന്‍റ് ആക്രമണത്തിന് തയാറെടുത്തുകൊണ്ടിരുന്ന ലഷ്കര്‍-ഇ-ത്വയ്ബ ഭീകരവാദികളെ സഹായിക്കാനും അവര്‍ക്ക് പാര്‍പ്പിടം ഒരുക്കിക്കൊടുക്കാനും തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് പറയുന്നുണ്ട്. തന്നെ ക്രൂരമായി മര്‍ദ്ദിച്ചാണ് ദേവീന്ദര്‍ ഇത് സമ്മതിപ്പിച്ചതെന്നും കത്തില്‍ പറയുന്നു. അന്ന് അതിനെ കുറിച്ച് യാതൊരു അന്വേഷണവും നടത്താന്‍ കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജന്‍സികളൊന്നും തയാറായില്ല. അന്ന് അഫ്സല്‍ ഗുരു തന്‍റെ കത്തില്‍ സൂചിപ്പിച്ച ‘ദേവീന്ദ്ര സിങ്’ ആണ് രണ്ടു ദിവസം മുന്‍പ് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ദേവീന്ദര്‍ സിങ്.

തീവ്ര ദേശീയതയും അപരമത-പരദേശ വിദ്വേഷവും എല്ലാക്കാലത്തും എല്ലായിടത്തും ഫാഷിസ്റ്റ് ശക്തികളെ സഹായിച്ചിട്ടേയുള്ളൂ. ഹിറ്റ്ലര്‍ മുതല്‍ മോഡി വരെ അതിനുള്ള ഉദാഹരണങ്ങളാണ്. കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമയിലെ ‘ഭീകരാക്രമണ’വും തുടര്‍ന്നുള്ള ‘പ്രതികാര’ മിന്നലാക്രമണവും സംഘ്പരിവാറിനെ എങ്ങനെ നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ചു എന്നു നാം കണ്ടതാണ്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തോറ്റമ്പിയ ബി.ജെ.പി വലിയ പ്രതിസന്ധി നേരിടുന്ന കാലത്തായിരുന്നു പുല്‍വാമയില്‍ ആക്രമണം ഉണ്ടായതെന്നു കൂടി ഇതിനോടു ചേര്‍ത്തുവായിക്കണം. ഈ വിഷയത്തില്‍

കഴിഞ്ഞ വര്‍ഷം എഴുതിയത് റീപോസ്റ്റ് ചെയ്യുന്നു.

‘ഒരു തുള്ളി ഇന്ത്യന്‍ ചോരക്കു പകരം നൂറു തുള്ളി പാക്കിസ്ഥാനി ചോര വീഴണം. 44 ഇന്ത്യക്കാര്‍ക്കു പകരം 4444 പാക്കിസ്ഥാനികള്‍ കൊല്ലപ്പെടണം. രാജ്യത്തിനു പുറത്തുള്ള ശത്രുക്കളെ മാത്രമല്ല രാജ്യത്തിനകത്തുള്ള രാജ്യദ്രോഹികളെയും തിരഞ്ഞുപിടിച്ച് ഇല്ലാതാക്കണം. പാക്കിസ്ഥാനെയും രാജ്യത്തിനകത്തുള്ള പാക്കിസ്ഥാന്‍ അനുകൂലികളായ ജെ.എന്‍.യു ക്യാംപസിലുള്ള തുക്ഡേ തുക്ഡേ ഗ്യാംഗില്‍ പെട്ടവരെയടക്കം ഇതിന് മറുപടി പറയിക്കണം. ഭാവിയില്‍ രാജ്യദ്രോഹികളാകാന്‍ സാധ്യതയുള്ളവരെയടക്കം തുടച്ചുനീക്കണം. പാക്കിസ്ഥാനെതിരെയും രാജ്യദ്രോഹികള്‍ക്കെതിരെയും നരേന്ദ്ര മോഡി നടപടി സ്വീകരിക്കുമ്പോള്‍ നാം അദ്ദേഹത്തിനു പിന്നില്‍ പാറ പോലെ ഉറച്ചുനില്‍ക്കണം. മന്‍മോഹന്‍ സിങ്ങല്ല മോഡി’.

സാക്ഷി മഹാരാജോ യോഗി ആദിത്യനാഥോ നടത്തിയ പ്രസ്താവനയല്ലിത്. ഇന്നലെ റിപ്പബ്ലിക്ക് ടി.വി.യിലെ അന്തിച്ചര്‍ച്ചയില്‍ അര്‍ണാബ് ഗോസ്വാമി അലറിക്കൊണ്ട് പറഞ്ഞതാണിത്. നിങ്ങള്‍ രാഷ്ട്രീയം പറയാതെ ‘ദേശീയവാദികളാ’യി മാറുമ്പോള്‍ സംഘ്പരിവാര്‍ അവരുടെ രാഷ്ട്രീയം കൃത്യമായി പറയുന്നുണ്ട്. അവര്‍ പറയുന്ന രാഷ്ട്രീയം ഇംഗ്ലീഷ്-ഹിന്ദി മാധ്യമങ്ങളിലൂടെ അടക്കം (ദേശീയ മാധ്യമങ്ങള്‍ എന്നൊക്കെ വീട്ടില്‍ പോയി പറഞ്ഞാല്‍ മതി) ചോര തിളച്ചു നില്‍ക്കുന്ന ഓരോ ‘ദേശസ്നേഹി’യിലേക്കും എത്തുന്നുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇനി ‘അതിര്‍ത്തിയിലെ പട്ടാള’ത്തെ കുറിച്ചല്ലാതെ മറ്റെന്തു സംസാരിച്ചാലും അത് രാജ്യദ്രോഹമാകും. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തകര്‍ന്നുതരിപ്പണമായി അങ്ങേയറ്റം മങ്ങിയ ‘മോഡി പ്രഭാവ’വുമായി പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന ബി.ജെ.പി.ക്ക് ഇതില്‍പ്പരം എന്തു വേണം? അടുത്ത അഞ്ചു വര്‍ഷം കൂടി ഇന്ത്യ ഭരിക്കാനുള്ള ഇന്ധനം ശേഖരിക്കുകയാണ് സംഘികള്‍ ഇപ്പോള്‍.

പശുവിന്‍റെ പേരില്‍ കൊല്ലപ്പെട്ട നിരവധി നിരപരാധികള്‍, കടക്കെണി മൂലം ആത്മഹത്യ ചെയ്ത ആയിരക്കണക്കിന് കര്‍ഷകര്‍, അട്ടിമറിക്കപ്പെട്ട ജനാധിപത്യം, കടുകുമണി പോലും ഉയരാത്ത ഇന്ത്യക്കാരന്‍റെ ജീവിതനിലവാരം, നോട്ടുനിരോധനത്തിലൂടെ കോടിക്കണക്കിന് ജനങ്ങളെ വലച്ചത് അങ്ങനെ രാജ്യം ഭരിക്കുന്ന പാര്‍ട്ടി പ്രതിസ്ഥാനത്തുള്ള ഒരു വിഷയങ്ങളിലും ഇനി ചര്‍ച്ചയോ ചോദ്യങ്ങളോ അരുത്. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത്? ‘തിരിച്ചടിക്ക് രാജ്യം തയാറെടുക്കുന്നു’, ‘സൈന്യം പൂര്‍ണ സജ്ജം’, ‘ഏതു നീക്കത്തിനും മൂന്നു സേനാവിഭാഗങ്ങളും തയാര്‍’ എന്നിങ്ങനെ അത്ര വലിയ ‘രാജ്യസ്നേഹികള’ല്ലാത്തവരെ പോലും ആവേശഭരിതരാക്കുന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും. ചാനലുകളില്‍ ടിക്കറുകള്‍ പാഞ്ഞുകൊണ്ടേയിരിക്കും. ദേശീയ മാധ്യമങ്ങള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഇംഗ്ലീഷ്-ഹിന്ദി ചാനലുകളില്‍ ഇനിയുള്ള ദിവസങ്ങളിലെ അന്തിച്ചര്‍ച്ചകള്‍ ഏറെക്കുറെ പാക് വിരോധത്തിലും ‘അതിര്‍ത്തിയിലെ പട്ടാളത്തെ’യും മാത്രം കേന്ദ്രീകരിച്ചാകും.

ഏഷ്യാനെറ്റും മനോരമയും അടക്കമുള്ള ചാനലുകളും ഈ ‘ദേശീയോദ്ഗ്രഥന’ മത്സരത്തില്‍ ഏറെ പിറകില്‍ പോകില്ല. തങ്ങളുടെ ‘രാജ്യസ്നേഹം’ തെളിയിക്കാനുള്ള അവസരമായി ഈ രാഷ്ട്രീയ കാലാവസ്ഥയെ കാണുന്ന ചില മുസ്ലിം നാമധാരികള്‍ ‘തിരിച്ചടിക്കണം, ആ നായിന്‍റെ മക്കളെ വെറുതെ വിടരുത്’ എന്ന് ഫെയ്സ്ബുക്കില്‍ കുറിക്കും. ചില ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ കാണപ്പെടുന്ന ചില പ്രത്യേക തരം സ്പീഷിസില്‍ പെട്ട ‘യുക്തിവാദികളും’ ‘ലിബറല്‍ ലെഫ്റ്റുകളും’ (അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ക്കു മാത്രമേ അറിയൂ) ‘ഞാന്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് എതിരാണ്. പക്ഷേ, ഇത് മോഡി വിരോധത്തിനുള്ള സമയമല്ല; ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ’ എന്ന് status അപ്ഡേറ്റ് ചെയ്യും.

ജ്വലിപ്പിക്കപ്പെടുന്ന ‘ദേശീയബോധ’ത്തില്‍ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാട് പെടുന്ന ചില കമ്മികളും ‘തിരിച്ചടിക്കണം’ എന്ന് കുറിച്ച് ‘രാജ്യസ്നേഹം’ പ്രകടിപ്പിക്കും. പാക് വിരുദ്ധ പോസ്റ്റുകളും രാജ്യത്തിനകത്തു പ്രവര്‍ത്തിക്കുന്ന ‘തുക്ഡേ തുക്ഡേ ഗ്യാംങ്ങി’നെ ഇല്ലായ്മ ചെയ്യേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചുള്ള ‘ബോധവത്ക്കരണ’വുമായി സംഘ്പരിവാര്‍ ഐ.ടി. സെല്ലിന് ഇനി 24/7 പിടിപ്പത് പണിയാണ്. അപ്പോളേക്കും തിരഞ്ഞെടുപ്പെത്തും. യുദ്ധം പ്രതീക്ഷിച്ചിരിക്കുന്ന ‘രാജ്യസ്നേഹികളെ’ പൂര്‍ണമായും നിരാശപ്പെടുത്താതെ ഒരു ചെറിയ മിന്നലാക്രമണമെങ്കിലും ഉണ്ടാകാതിരിക്കില്ല. അങ്ങനെ ഓരോ ഇന്ത്യക്കാരന്‍റെയും ‘ആത്മാഭിമാനം’ കാത്ത മോഡിക്ക് വീണ്ടുമൊരു അവസരം കൊടുക്കാതിരിക്കാന്‍ ആര്‍ക്കു കഴിയും?

എണ്ണവില വര്‍ദ്ധനവോ തൊഴിലില്ലായ്മയോ റഫാല്‍ അഴിമതിയോ ഇനിയാരും ചര്‍ച്ച ചെയ്യരുത്. നോട്ടുനിരോധനം നടപ്പിലാക്കിയാല്‍ ഭീകരവാദം പൂര്‍ണമായും ഇല്ലാതാകും എന്ന് പറഞ്ഞവരോട് ലോകത്ത് ഏറ്റവും വലിയ നാലാമത്തെ സൈന്യമുള്ള രാജ്യത്തിന്‍റെ ഒരു മിലിറ്ററി കോണ്‍വോയ് എങ്ങനെ ആക്രമിക്കപ്പെട്ടു എന്ന മള്‍ട്ടി മില്ല്യന്‍ ചോദ്യം ചോദിക്കുകയേ അരുത്. ഇങ്ങനെയൊരു ആക്രമണമുണ്ടാകും എന്ന് ഇന്‍റലിജന്‍സ് കൊടുത്ത വിവരം എന്തുകൊണ്ട് അവഗണിച്ചു എന്ന് ആരും ചോദിക്കരുത്. നിങ്ങള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനേ പാടില്ല. കാരണം, മോഡി വിരോധം ഉണ്ടാകാമെങ്കിലും ഇത് രാജ്യത്തിനൊപ്പം നില്‍ക്കേണ്ട സമയമാണ്.
രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ജവാന്‍മാരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ശിരസ് നമിക്കുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.