ഹൈന്ദവ ഉത്സവങ്ങളില്‍ ആനകൾ നടത്തിയിട്ടുള്ള നരഹത്യകളുടെ പേരില്‍ ഇവിടെയാരും ഹിന്ദുക്കളില്‍ ഉത്തരവാദിത്വം ആരോപിച്ചിട്ടില്ല

82

Shymon Sebastian Parassery

കേരളത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ ഒരാന വീതം കൊല്ലപ്പെടുന്നുണ്ട് എന്നാണ് മനേക ഗാന്ധിയുടെ കണ്ടുപിടുത്തം. 2019-ല്‍ കേരളത്തില്‍ ആകെ ചരിഞ്ഞത് 90 ആനകളാണ്. ഇതില്‍ എട്ടെണ്ണം മാത്രമാണ് അസ്വാഭാവികമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്. ബാക്കിയെല്ലാം സ്വാഭാവിക മരണങ്ങളായിരുന്നു. ഈ വര്‍ഷം ഇതു വരെ അസ്വാഭാവികമായ സാഹചര്യങ്ങളില്‍ ചരിഞ്ഞത് വെറും 2 ആനകള്‍ മാത്രമാണ്. കണക്കും ഡാറ്റയും റെഫറന്‍സും വെച്ചുള്ള വിശദീകരങ്ങളും മറുപടികളും സംഘിയോടാകുമ്പോള്‍ സമയം കളയലാണെന്ന് അറിയാം. എങ്കിലും മനേക ഗാന്ധി ഒരു കാര്യം മനസിലാക്കുക. ജോര്‍ജ്, മത്തായി, കുര്യാക്കോസ് എന്നിങ്ങനെ പേരുകളിട്ട് ക്രിസ്ത്യാനികളോ മുഹമ്മദ്, അബ്ദുറഹ്മാന്‍, കാദര്‍ മൊയ്തീന്‍ എന്നിങ്ങനെ പേരുകളിട്ട് മുസ്ലിങ്ങളോ കേരളത്തില്‍ ആനകളെ വളര്‍ത്തുന്നില്ല. അവരുടെ മതപരമായ ചടങ്ങുകളിലും മറ്റും മണിക്കൂറുകളോളം പൊരിവെയിലെത്ത് നിര്‍ത്തി ഈ ജീവികളെ പീഢിപ്പിക്കാറില്ല. നബിദിനാഘോഷങ്ങളിലോ കരോള്‍ പരിപാടിയിലോ പങ്കെടുക്കുന്നതിനിടയില്‍ പ്രകോപിപ്പിക്കപ്പെട്ട് ഇടഞ്ഞ് ഒരു ആനയും കേരളത്തില്‍ ഒരാളെയും കൊന്നിട്ടില്ല. കേരളത്തില്‍ ആന ഇടഞ്ഞ് മനുഷ്യരെ കൊന്ന സംഭവങ്ങളില്‍ തൊണ്ണൂറ് ശതമാനവും പ്രതിസ്ഥാനത്തുള്ളത് ഹൈന്ദവ ഉത്സവങ്ങളാണ്. ആനകള്‍ കൊന്നിട്ടുള്ളവരില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമൊക്കെയുണ്ട്. കേരളത്തിലെ ആനയുടമകളിലും പാപ്പാന്‍മാരിലും ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുളള ആനകള്‍ ഹൈന്ദവ ഉത്സവങ്ങളില്‍ പങ്കെടുത്ത് നടത്തിയിട്ടുള്ള നരഹത്യകളുടെ പേരില്‍ ഇവിടെയാരും ഹിന്ദുക്കളില്‍ നരഹത്യയുടെ ഉത്തരവാദിത്വം ആരോപിച്ചിട്ടില്ല. ഇത് കേരളമാണ്. ഇവിടെ ഇങ്ങനെയാണ്.

ആനകളെ കുറിച്ചും ‘ആനപ്പ്രേമികളെ’ കുറിച്ചും മുന്‍പ് എഴുതിയത് റീപോസ്റ്റ് ചെയ്യുന്നു.

”വീണ്ടാമതും വീണ്ടാമതും പറയുന്നു ആന ഒരു നാട്ടുമൃഗമല്ല കാട്ടുമൃഗമാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും അങ്ങനെ തന്നെ. ആനയെ ഇണക്കുകയല്ല, മെരുക്കുകയാണ് ചെയ്യുന്നത്. ഇണക്കിവളര്‍ത്തലും (domestication) മെരുക്കിവളര്‍ത്തലും (taming) രണ്ടാണ്. മെരുക്കപ്പെടുന്ന ആനകള്‍ ബന്ധനത്തില്‍ നിന്നും രക്ഷപെടാന്‍ മറ്റൊരു നിര്‍വാഹവുമില്ലാത്തതിനാല്‍ മാത്രം മനുഷ്യരെ അനുസരിക്കുന്നു. തരം കിട്ടുമ്പോളെല്ലാം അതിന്‍റെ വന്യത പുറത്തുകാട്ടുന്നു.
ചെന്നായ്ക്കളെ ഡൊമെസ്റ്റിക്കേറ്റ് ചെയ്ത് നായ്ക്കളാക്കിയതു പോലെ, കാട്ടുകുതിരകളെ ഡൊമെസ്റ്റിക്കേറ്റ് ചെയ്ത് നാട്ടുകുതിരകള്‍ ആക്കിയതു പോലെ, കാട്ടുപോത്തുകളില്‍ നിന്നും ഡൊമെസ്റ്റിക്കേഷനിലൂടെ നാട്ടുപോത്തുകളെ ഉരുത്തിരിച്ചെടുത്തതു പോലെ, കാട്ടുപൂച്ചകളില്‍ നിന്നും പൂച്ചകളെ ഡൊമെസ്റ്റിക്കേറ്റ് ചെയ്തെടുത്തതു പോലെ ആനകള്‍ ഒരു കാലത്തും ഡൊമെസ്റ്റിക്കേറ്റ് ചെയ്യപ്പെട്ടിട്ടില്ല. ഡൊമെസ്റ്റിക്കേറ്റ് ചെയ്യപ്പെടാത്ത ജീവികളെ വന്യജീവികള്‍ (wild animals) എന്നാണു വിളിക്കുക. കാട്ടുപോത്തുകള്‍ മനുഷ്യനെ ആക്രമിച്ചു കൊന്നേക്കാം. പക്ഷേ, നാട്ടുപോത്തുകളോ പശുക്കളോ മനുഷ്യനെ ആക്രമിച്ചു കൊല്ലാറില്ല. നായ്ക്കള്‍ സ്വന്തം യജമാനനെയോ തന്നോടു സ്നേഹം കാണിക്കുന്നവരെയോ ആക്രമിക്കാറില്ല. ഡൊമെസ്റ്റിക്കേഷന്‍ ജീവികളിലെ വന്യതയെ ഇല്ലാതാക്കുകയും അക്രമവാസന കുറക്കുകയും ചെയുന്നു. പക്ഷേ, ആനകള്‍ ഇടക്കിടെ ഇടയുകയും മനുഷ്യരെ കൊലപ്പെടുത്തുകയും ചെയ്യുന്നു. കാരണം എത്ര നാള്‍ ചങ്ങലക്കിട്ട് മെരുക്കാന്‍ ശ്രമിച്ചാലും വന്യമായ ചോദനകള്‍ (wild instincts) വിട്ടുപോകാത്ത ഒരു അണ്‍ഡൊമെസ്റ്റിക്കേറ്റഡ് ആനിമല്‍ മാത്രമാണ് ആന. ആനകള്‍ കൊന്നിട്ടുള്ളവരില്‍ ഏറെയും അതിനെ നിയന്ത്രിക്കുന്ന പാപ്പാന്‍മാര്‍ തന്നെയാണ് എന്നതില്‍ നിന്നും വ്യക്തമാണ് അവയില്‍ നിന്നും വിട്ടുപോകാത്ത വന്യത. ബീഹാറില്‍ ജനിച്ച മോട്ടി പ്രസാദെന്ന ആനയെ ഗണേശെന്നോ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്നോ അങ്ങനെ എന്തു പേരിട്ടു വിളിച്ചാലും അതൊരു വന്യജീവി മാത്രമാണ്.
സത്യത്തില്‍ ആനയൊരു സാധുജീവിയാണ്. മനുഷ്യന്‍ കഴിഞ്ഞാല്‍ വളരെയധികം ബുദ്ധിയുള്ള ജീവികളില്‍ മുന്‍പിലാണ് അവയുടെ സ്ഥാനം. മനുഷ്യന്‍റെ ക്രൂരതയാണ് പലപ്പോളും അവയിലെ വന്യതയെ പുറത്തെത്തിക്കുന്നത്. ചൂട് സഹിക്കാന്‍ ശേഷി കുറഞ്ഞൊരു മൃഗമാണ് ആന. കാട്ടിലെ ആനകള്‍ ദീര്‍ഘനേരം വെള്ളത്തില്‍ കിടന്നോ ശരീരത്തില്‍ പൊടി വാരിവിതറിയോ ആണ് ചൂടില്‍ നിന്നും രക്ഷ നേടുന്നത്. ഇങ്ങനെയൊരു ജീവിയെയാണ് ദീര്‍ഘനേരം നേരം ഈ പൊരിവെയിലത്ത് നിര്‍ത്തിയും നടത്തിയുമുള്ള ക്രൂരത. കൂടാതെ ആനയെ അനുസരിപ്പിക്കാന്‍ പാപ്പാന്‍മാര്‍ സ്വീകരിക്കുന്ന ക്രൂരമായ ശിക്ഷാവിധികളും. മനുഷ്യന്‍ തന്നോടു കാണിക്കുന്ന ക്രൂരതയോട് ഇടക്കൊക്കെ അവ കാടിന്‍റെ നിയമമനുസരിച്ച് പ്രതികരിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയും മനുഷ്യന്‍റെ ക്രൂരതക്ക് ആവോളം ഇരയായൊരു ജീവിയാണ്. ഒരിക്കല്‍ ഇടഞ്ഞ ഇവനെ ‘മര്യാദ’ പഠിപ്പിക്കാന്‍ വേണ്ടിയുള്ള പാപ്പാന്‍മാരുടെ ക്രൂരമായ മര്‍ദ്ദനത്തില്‍ അവന്‍റെ വലതുകണ്ണിന്‍റെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. ഇപ്പോള്‍ ഇടതുകണ്ണു കൊണ്ടാണ് തനിക്ക് ചുറ്റുമുള്ള ലോകത്തെ അവന്‍ കാണുന്നത്. അതിന്‍റെ കാഴ്ചശക്തിയും കുറഞ്ഞുവരുന്നു. ചീഫ് വൈല്‍ഡ് വാര്‍ഡന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 54 വയസാണ് ഇവന്‍റെ പ്രായം. ഏഷ്യന്‍ ആനകളുടെ ശരാശരി ആയുസ് 60 വയസാണെന്നാണ് പറയുന്നത് (Ref: National Geographic Channel). ഇത്രയും പ്രായമായ, ഏറെ ശാരീരിക അവശതകള്‍ അനുഭവിക്കുന്നൊരു ജീവിയെയാണ് ചങ്ങലക്കിട്ട് ഇപ്പോളും മണിക്കൂറുകളോളം നടത്തിച്ച് എഴുന്നള്ളിപ്പ് നടത്തുന്നത്. എണ്‍പതോ തൊണ്ണൂറോ വയസുള്ളൊരാള്‍ കൂലിപ്പണിക്ക് പോയി കുടുംബം പുലര്‍ത്തുന്നതു പോലെ തന്നെയാണ് ഇതും. ഇതൊക്കെ എന്നാണ് നിങ്ങള്‍ മനസിലാക്കുക സോ-കോള്‍ഡ് ആനപ്പ്രേമികളെ? (ആനദ്രോഹികള്‍ എന്നു വായിക്കുക).
ഡൊമെസ്റ്റിക്കേഷന്‍ (domestication) എന്നത് ഒരു സ്പീഷിസിന്‍റെ നിരവധി തലമുറകളിലൂടെ കടന്നുപോകുന്ന ഒരു പ്രക്രിയയാണ്. ഏതെങ്കിലും ഒരു വന്യജീവിയെ അതിന്‍റെ ആയുഷ്ക്കാലത്തിനുള്ളില്‍ ഡൊമെസ്റ്റിക്കേറ്റ് ചെയ്യാനാകില്ല. കുറഞ്ഞത് പന്ത്രണ്ട് തലമുറകളെങ്കിലും കാത്തിരിക്കണം ഒരു വന്യജീവിയുടെ ഡൊമെസ്റ്റിക്കേറ്റ് ചെയ്യപ്പെട്ട ബ്രീഡുകളെ ലഭിക്കാന്‍ എന്നാണ് വിദഗ്ദര്‍ പറയുന്നത്. മൃഗങ്ങളുടെയോ പക്ഷികളുടെയോ സസ്യങ്ങളുടെയോ തിരഞ്ഞെടുത്ത ഒരു വിഭാഗത്തിലെ മനുഷ്യന് ആവശ്യമായ ഗുണങ്ങളെ മാത്രം പരിപോഷിപ്പിച്ചു കൊണ്ടോ നിലനിര്‍ത്തിക്കൊണ്ടോ നിരവധി തലമുറകളിലൂടെ സിലക്റ്റീവ് ബ്രീഡിങ് നടത്തിയാണ് അവയെ ഡൊമെസ്റ്റിക്കേറ്റ് ചെയ്യുന്നത്. അങ്ങനെയാണ് ഒരു കാട്ടുമൃഗം നാട്ടുമൃഗമായി മാറുന്നത്. മനുഷ്യന് ആവശ്യമായ ഗുണങ്ങളുള്ള ഇനങ്ങളെ മാത്രം ഇണചേര്‍ക്കുന്ന പ്രജനന രീതിയാണ് സിലക്റ്റീവ് ബ്രീഡിങ്. ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തത്തില്‍ പ്രകൃതി നിര്‍ദ്ധാരണത്തെ (natural selection) കുറിച്ച് പറയുന്നുണ്ട്. അതിജീവിക്കാന്‍ ശേഷിയുള്ള സ്പീഷിസുകളെ മാത്രം പ്രകൃതി നിലനിര്‍ത്തുന്നതിനാണ് പ്രകൃതി നിര്‍ദ്ധാരണം എന്നു പറയുന്നത്. സിലക്റ്റീവ് ബ്രീഡിങ്ങിലൂടെ അതിജീവിക്കാനും മനുഷ്യന്‍റെ ആവാസവ്യവസ്ഥയില്‍ ജീവിക്കാനും ജനിതകമായ കഴിവുകളുള്ള ജീവികളെ മനുഷ്യന്‍ ഉരുത്തിരിച്ചെടുക്കുന്നതിലൂടെയാണ് ഒരു വന്യജീവിക്ക് അതിന്‍റെ വന്യമായ ചോദനകള്‍ നഷ്ടപ്പെട്ട് മനുഷ്യനോട് ഇണക്കമുള്ള ജീവികളായി മാറാന്‍ കഴിയുന്നത്.
വന്യമൃഗങ്ങളെ ഇണക്കിവളര്‍ത്തുന്നതിലൂടെ അല്ലെങ്കില്‍ ഡൊമെസ്റ്റിക്കേഷനിലൂടെ മാത്രമേ നാട്ടുമൃഗങ്ങളോ വളര്‍ത്തുമൃഗങ്ങളോ ആക്കി മാറ്റാന്‍ സാധിക്കൂ. ഡൊമെസ്റ്റിക്കേഷനിലൂടെ വന്യമൃഗങ്ങളെ മനുഷ്യര്‍ക്കൊപ്പമുള്ള സഹവാസത്തിന് അനുയോജ്യമായ ബ്രീഡുകളാക്കി മാറ്റുന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് നായ്ക്കള്‍. കാട്ടിലെ പ്രൊഫഷണല്‍ കില്ലേഴ്സായ ചെന്നായ്ക്കളില്‍ നിന്നുമാണ് ഇന്നത്തെ നായ്ക്കളുടെ പിറവി. ഏകദേശം 14000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മനുഷ്യന്‍ ചെന്നായ്ക്കളെ ഇണക്കിവളര്‍ത്താന്‍ ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ചെന്നായ്ക്കളുടെ കുരക്കാനുള്ള കഴിവും പരിചരിക്കുന്നവരെ വിട്ടുപോകാത്ത ശീലവുമാണ് അവയെ ഇണക്കിവളര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ഇന്ന് ലോകത്ത് നൂറുകണക്കിന് ഡോഗ് ബ്രീഡുകളുണ്ട്. വിവിധ ആകാരങ്ങളും സ്വഭാവശീലങ്ങളും നിറങ്ങളുമുള്ള വിവിധ ദേശക്കാരായ മനുഷ്യരെല്ലാം ഹോമോസാപ്പിയന്‍സ് എന്ന ഒറ്റ സ്പീഷിസില്‍ പെടുന്നതു പോലെ വെറും രണ്ടര കിലോക്കു മുകളില്‍ ഭാരമുള്ള ചിവാവ (chihuahua) എന്ന ടോയ് ഡോഗ് മുതല്‍ ചെന്നായ്ക്കളെ കൊല്ലാന്‍ ശേഷിയുള്ള 60 മുതല്‍ 70 കിലോ വരെ ഭാരം വരുന്ന കാങ്കെല്‍ (Kangal) എന്ന ടര്‍ക്കിഷ് ഡോഗ് വരെ കാനിസ് ലൂപ്പുസ് ഫെമില്യാറിസ് എന്ന ഒറ്റ സ്പീഷിസില്‍ പെട്ടതാണ്. ചെന്നായ്ക്കളെ ഡൊമെസ്റ്റിക്കേഷനിലൂടെ നായ്ക്കളാക്കി മാറ്റുകയും നായ്ക്കളെ പിന്നീട് സിലക്റ്റീവ് ബ്രീഡിങ്ങിലൂടെ വിവിധ ബ്രീഡുകളാക്കി വേര്‍ത്തിരിച്ചെടുക്കുകയുമായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വിവിധ സ്വഭാവശീലങ്ങളും ശാരീരികക്ഷമതകളുമുള്ള നായ്ക്കളെ ബ്രീഡ് ചെയ്തതിന്‍റെ ഫലമാണ് നാം ഇന്നു കാണുന്ന വിവിധ തരം നായ്ക്കള്‍. കാലികളെ മേയ്ക്കാന്‍ അനുയോജ്യമായ തരത്തിലുള്ള ഒരു ഡോഗ് ബ്രീഡിനു വേണ്ടിയുള്ള മനുഷ്യന്‍റെ അന്വേഷണമാണ് റോട്ട്‌വെയ്‌ലര്‍ എന്ന ബ്രീഡിന്‍റെ പിറവിക്ക് കാരണമായത്. വീണ്ടും അവയെ സിലക്റ്റീവ് ബ്രീഡിങ്ങിലൂടെ കൂടുതല്‍ ആക്രമണോത്സുകതയുള്ള കാവല്‍ നായ്ക്കളാക്കി മാറ്റിയെടുത്തു. തങ്ങളുടെ കാലികളെ കൊല്ലുന്ന ചെന്നായ്ക്കളെ നേരിടാന്‍ ശേഷിയുള്ള ഒരു ബ്രീഡിനു വേണ്ടി പഴയ മാസ്റ്റിഫ് ഇനത്തില്‍ പെട്ട നായ്ക്കളെ സിലക്റ്റീവ് ബ്രീഡിങ്ങിലൂടെ ഇണചേര്‍ത്താണ് ഇന്നത്തെ കാങ്കെല്‍ നായ്ക്കളെ പ്രാചീന തുര്‍ക്കിക്കാര്‍ ബ്രീഡ് ചെയ്തെടുത്തത്. വളരെയധികം ബുദ്ധിശക്തിയും എനര്‍ജി ലെവലും ശാരീകക്ഷമതയുമുള്ള കാവല്‍ നായ്ക്കള്‍ക്കു വേണ്ടിയുള്ള മനുഷ്യന്‍റെ ഗവേഷണമാണ് ലോകത്തെ ഏറ്റവും പോപ്പുലറായ ഡോഗ് ബ്രീഡായ ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്‍റെ (അല്‍സേഷ്യന്‍) പിറവിക്ക് കാരണമായത്. മാക്സ് വോണ്‍ സ്റ്റെഫാനിസ്റ്റ് എന്ന ജര്‍മ്മന്‍ ഡോഗ് ബ്രീഡറാണ് നായ്ക്കള്‍ക്കിടയിലെ സൂപ്പര്‍സ്റ്റാറായ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് എന്ന ബ്രീഡിന്‍റെ സൃഷ്ടാവ്. വിവിധ യൂറോപ്പ്യന്‍ ഹെര്‍ഡിങ് ഡോഗ് ബ്രീഡുകളെ ഇണചേര്‍ത്ത് സിലക്റ്റീവ് ബ്രീഡിങ്ങിലൂടെ വര്‍ഷങ്ങള്‍ കൊണ്ട് സൃഷ്ടിച്ചെടുത്തതാണ് ഇവയെ. കരടികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ തുരത്തുന്നതിനു വേണ്ടി പ്രാചീന ജപ്പാന്‍കാര്‍ ഉയര്‍ന്ന ശാരീരികക്ഷമതയുമുള്ള നായ്ക്കളില്‍ നിന്നും ബ്രീഡ് ചെയ്തെടുത്തതാണ് അക്കീറ്റ എന്ന ഇനം നായ്ക്കളെ. കുട്ടികളെ വളരെയധികം ഇഷ്ടപ്പെടുന്ന ഫാമിലി പെറ്റായ ലാബ്രഡോറിനെയും ലോകത്ത് ഏറ്റവും ബുദ്ധിശക്തിയുള്ള നായയായ ബോര്‍ഡര്‍ കോലിയെയുമെല്ലാം മനുഷ്യന്‍ നൂറ്റാണ്ടുകളോളം നീണ്ട സിലക്റ്റീവ് ബ്രീഡിങ്ങിലൂടെ സൃഷ്ടിച്ചെടുത്തവയാണ്. ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്‍റെ കാവല്‍മികവ് ലാബ്രഡോറിനില്ല. ലാബ്രഡോറിന്‍റെ ക്ഷമയും സഹനശീലവും അക്കീറ്റകള്‍ക്കില്ല. കാങ്കലിനെ പോലെ ചെന്നായ്ക്കളെ കൊല്ലാന്‍ പോയിട്ട് ഒരു പൂച്ചയെ പേടിപ്പിക്കാന്‍ പോലും ചിവാവകള്‍ക്കാകില്ല. പക്ഷേ, ഈ വിവിധ തരം നായ്ക്കളെല്ലാം ചെന്നായ്ക്കളില്‍ നിന്നും മനുഷ്യന്‍ ഡൊമെസ്റ്റിക്കേറ്റ് ചെയ്തവയും ഒറ്റ സ്പീഷിസില്‍ പെട്ടവയും ആണെന്ന് ഓര്‍ക്കുക. ചെന്നായ്ക്കളുടെ പ്രജനനത്തിന് മനുഷ്യന്‍ സിലക്റ്റീവ് ബ്രീഡിങ്ങ് ഉപയോഗിച്ചപ്പോള്‍ അവയില്‍ നിന്നും നായ്ക്കളും നായ്ക്കളുടെ പ്രജനനത്തില്‍ മനുഷ്യബുദ്ധി ഇടപെട്ടപ്പോള്‍ അവയില്‍ നിന്നും വിവിധ സ്വഭാവഗുണങ്ങളും ആകാരങ്ങളുമുള്ള അനേക തരം ബ്രീഡുകളും ഉരുത്തിരിഞ്ഞുവന്നു. ഡൊമെസ്റ്റിക്കേഷനിലൂടെയും സിലക്റ്റീവ് ബ്രീഡിങ്ങിലൂടെയും വന്യജീവികളെ മനുഷ്യന്‍റെ ആവാസവ്യവസ്ഥയില്‍ ജീവിക്കാന്‍ കഴിയുന്ന, മനുഷ്യന് ഉപകാരപ്പെടുന്ന വളര്‍ത്തുമൃഗങ്ങളായി എങ്ങനെ മാറ്റിയെടുക്കുന്നു എന്നത് വിശദീകരിക്കാനാണ് ഇത്രയും പറഞ്ഞത്.
നായ്ക്കള്‍ മാത്രമല്ല ഇന്നുള്ള പശു, എരുമ, ആട്, കോഴി എന്നിവയെ എല്ലാം മനുഷ്യന്‍ വന്യജീവികളില്‍ നിന്നും ഡൊമെസ്റ്റിക്കേറ്റ് ചെയ്തതാണ്. ഡൊമെസ്റ്റിക്കേറ്റ് ചെയ്ത കുതിരകളെയാണ് മനുഷ്യന്‍ എക്കാലത്തും യാത്രകള്‍ക്കും യുദ്ധമുഖത്തുമൊക്കെ ഉപയോഗിച്ചിട്ടുള്ളത്. അണ്‍ഡൊമെസ്റ്റിക്കേറ്റഡായ ഒരു കാട്ടുകുതിരയുടെ പുറത്ത് കയറി സവാരി നടത്താന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും? ഇതു തന്നെയാണ് ആനയുടെ കാര്യത്തിലും സംഭവിക്കുന്നത്. നായ്ക്കളെ പോലെയോ കുതിരകളെ പോലെയോ ആനകളെ ഒരു കാലത്തും ഡൊമെസ്റ്റിക്കേറ്റ് ചെയ്തിട്ടില്ല. മറ്റു പല മൃഗങ്ങളെയും അപേക്ഷിച്ച് കൂടിയ ആയുര്‍ദൈര്‍ഘ്യവും ഒരു പ്രസവത്തില്‍ ഒരു കുഞ്ഞിനെ മാത്രം ലഭിക്കുന്നതുമായിരിക്കാം ആനകളെ ഡൊമെസ്റ്റിക്കേറ്റ് ചെയ്യാതിരുന്നതിന്‍റെ കാരങ്ങളിലൊന്ന് എന്ന് തോന്നുന്നു. ഒരു പ്രസവത്തിലെ അനേകം കുഞ്ഞുങ്ങളില്‍ നിന്നും അനുഗുണമായവയെ മാത്രം തിരഞ്ഞെടുത്ത് വളര്‍ത്തി പിന്നീട് ഇണചേര്‍ത്താണ് നായ്ക്കള്‍ ഉള്‍പ്പെടെയുള്ളവയെ ബ്രീഡ് ചെയ്യുന്നത്. ആനകളുടെ കാര്യത്തില്‍ ഇത് അത്ര പ്രായോഗികമല്ല. ഡൊമെസ്റ്റിക്കേറ്റ് ചെയ്യപ്പെടാത്തതിനാലും സിലക്റ്റീവ് ബ്രീഡിങ്ങിന് വിധേയമാക്കപ്പെടാത്തതിനാലും ആനകള്‍ അന്നും ഇന്നും വന്യജീവികള്‍ തന്നെയാണ്. ടണ്‍ കണക്കിന് ഭാരമുള്ള ഈ വന്യമൃഗത്തെയാണ് പട്ടിണിക്കിട്ട് മെരുക്കി അനുസരണ പഠിപ്പിച്ച് നാട്ടാന എന്ന പേരില്‍ ഉത്സവങ്ങള്‍ക്കും പൂരത്തിനുമൊക്കെ എഴുന്നളളിക്കുന്നത്. രക്ഷപെടാന്‍ ഒരു വഴിയുമില്ലാത്തതിനാല്‍ മാത്രം മനുഷ്യനെ സഹിക്കുന്ന അവ അവസരം കിട്ടുമ്പോളെല്ലാം കണക്ക് തീര്‍ക്കുകയും ചെയ്യുന്നു.
ഇണക്കിവളര്‍ത്തിയില്ലെങ്കിലും പണ്ടുകാലത്ത് ആനകള്‍ പല രീതിയിലും മനുഷ്യന് പ്രയോജനപ്പെട്ടിരുന്നു. യുദ്ധമുഖത്തും ഭാരമേറിയ വസ്തുക്കള്‍ നീക്കം ചെയ്യേണ്ടുന്ന ജോലിയിലുമെല്ലാം ആനകള്‍ ഉപകാരികളായിരുന്നു. എന്നാല്‍ ഈ യന്ത്രവത്ക്കൃത യുഗത്തില്‍ അത്തരത്തിലുള്ള സാധ്യതകള്‍ പോലും എപ്പോള്‍ വേണമെങ്കിലും അപകടം വിതക്കാവുന്ന ഈ ഭീമാകാരന്‍മാരായ മൃഗങ്ങള്‍ക്കില്ല. കാട്ടില്‍ സ്വൈര്യവിഹാരം നടത്തേണ്ട ഈ ജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യേണ്ടത്.
ഡൊമെസ്റ്റിക്കേറ്റ് ചെയ്യപ്പെട്ട ജീവികള്‍ മാത്രമേ മനുഷ്യരോട് അടുപ്പം കാണിക്കൂ എന്നൊന്നുമില്ല. മനുഷ്യരോടുത്തുള്ള സ്ഥിരമായ സഹവാസം വന്യജീവികളില്‍ പോലും ചിലപ്പോള്‍ മനുഷ്യരോടുള്ള അടുപ്പത്തിന് കാരണമാകും. ഇതിന് ഇംഗ്ലീഷില്‍ imprinting എന്നു പറയും. അതു പക്ഷേ ഇണങ്ങലല്ല. ഒരു വന്യജീവി സ്ഥിരമായി അതിനോട് ഇടപെടുന്ന ആളുകളോട് അടുപ്പം കാണിക്കുന്നതു കൊണ്ട് അവയിലെ വന്യത നഷ്ടപ്പെട്ടു എന്ന് അര്‍ത്ഥമില്ല. അവയിലെ വന്യമായ ചോദനകള്‍ ഒരു പരിധി വരെ നിദ്രാവസ്ഥയില്‍ (dormant) ആയെന്നേ അതിന് അര്‍ത്ഥമുള്ളൂ. നിദ്രാവസ്ഥയിലായ വന്യമായ ചോദനകള്‍ അവ ഏതു സമയവും പുറത്തുകാണിച്ചേക്കാം. അത് മനഃപ്പൂര്‍വ്വമല്ല. പ്രകൃതിയുടെ നിയമത്തിന് വിധേയമാകലാണ് അത്‌. ലോകപ്രശസ്തനായ ദക്ഷിണാഫ്രിക്കന്‍ സൂകീപ്പര്‍ കെവിന്‍ റിച്ചാര്‍ഡ്സന്‍റെ യൂട്യൂബ് വീഡിയോകള്‍ കണ്ടാല്‍ മൃഗങ്ങളില്‍ സംഭവിക്കുന്ന imprinting-നെ കുറിച്ച് ബോധ്യമാകും. സിംഹങ്ങളുമായുള്ള അദ്ദേഹത്തിന്‍റെ വേര്‍പിരിയാനാകാത്ത ബന്ധം കാരണം ‘ലയണ്‍ വിസ്പെറര്‍’ എന്നൊരു വിളിപ്പേരുണ്ട് അദ്ദേഹത്തിന്. താന്‍ ചെറുപ്പം മുതലേ പരിചരിക്കുന്ന സിംഹങ്ങളുമായി കുടുംബാംഗങ്ങളുമായെന്ന പോലെയുള്ള ആത്മബന്ധമാണ് അദ്ദേഹത്തിനുള്ളത്. കാട്ടിലെ രാജാക്കന്‍മാര്‍ക്ക് കെവിനോട് തിരിച്ചും അങ്ങനെ തന്നെ. അവ നായ്ക്കളെ പോലെ കെവിന്‍റെ ദേഹത്തു കയറുകയും മടിയില്‍ കിടക്കുകയും അദ്ദേഹത്തെ സ്നേഹത്തോടെ നക്കുകയുമൊക്കെ ചെയ്യും. പക്ഷേ, അദ്ദേഹമല്ലാതെ ആരെങ്കിലുമാണ് അവയുടെ അടുത്ത് പോകുന്നതെങ്കില്‍ ചിലപ്പോള്‍ അവയുടെ ഡിന്നറായി മാറിയെന്നു വരാം. ഇതു പോലെ തന്നെയാണ് ആനകളുടെ കാര്യവും സ്ഥിരമായി പരിചരിക്കുന്നവരോട് അടുപ്പം കാണിച്ചാല്‍ പോലും മനുഷ്യന്‍റെ ആവാസവ്യവസ്ഥയില്‍ അവ അപകടകാരികളായ ജീവികളല്ലാതായി മാറുന്നില്ല.
നിങ്ങള്‍ എന്തു പേരിട്ടു വിളിച്ചാലും ഏതു ദൈവത്തിനു മുന്‍പില്‍ നടയിരുത്തിയാലും ആന അതിന്‍റെ മരണം വരെ ഒരു വന്യജീവി മാത്രമാണ്. Period.