മറ്റു രാജ്യങ്ങളെ കേരളവുമായി കോവിഡിന്റെ കാര്യത്തിൽ താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല, കോവിഡിനെക്കാൾ വലിയ മഹാമാരികൾ ഇവിടെ വേറെയുമുണ്ട്

0
92

Shymon Sebastian Parassery

സൗദിയിലും ഖത്തറിലും ദുബായിയിലും അമേരിക്കയിലുമൊക്കെ കൊവിഡ് കേസുകളുണ്ട്. പക്ഷേ അവിടങ്ങളിലെ സര്‍ക്കാരുകളൊന്നും പിണറായി വിജയനെ പോലെ സ്വദേശികളുടെയും വിദേശികളുടെയും വേര്‍ത്തിരിച്ചുള്ള കണക്കുകള്‍ നിരത്തി ‘മനുഷ്യത്വരഹിതമായ’ രീതിയില്‍ പെരുമാറുന്നില്ല. പിണറായിയെ പോലെയല്ല അത്തരം രാജ്യങ്ങളിലെ സര്‍ക്കാരുകള്‍. അവര്‍ എല്ലാ രോഗികളെയും മനുഷ്യരെ പോലെ കാണുന്നു. ഇന്ന് പലയിടത്തായി കണ്ട ചില പോസ്റ്റുകളുടെ ഉള്ളടക്കം ഇങ്ങനെയാണ്.

അമേരിക്ക:

ജനസംഖ്യ 33 കോടിയോളം. ജനസാന്ദ്രത 33.6/km2. അതായത് ഒരു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 34 പേര്‍ തികച്ചു താമസിക്കുന്നില്ല എന്നര്‍ത്ഥം. ശാസ്ത്രസാങ്കേതിക രംഗത്തും മെഡിക്കല്‍ ഗവേഷണത്തിന്‍റെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ ലോകത്ത് ഏറ്റവും മുന്‍നിരയിലുള്ള രാജ്യം. നമ്മുടെ നാട്ടിലേതു പോലെ അടുപ്പ് കൂട്ടിയതു പോലെയുള്ള വീടുകളില്ല. പൊതുവിടങ്ങളില്‍ ആളുകള്‍ ഒന്നിച്ചുകൂടുമ്പോള്‍ കേരളത്തിലേതു പോലെയുള്ള സമ്പര്‍ക്കത്തിനും സാധ്യത കുറവ്. കാരണം വളരെ കുറഞ്ഞ പോപ്പുലേഷന്‍ ഡെന്‍സിറ്റി തന്നെ. ഇത് എഴുതുമ്പോള്‍ അവിടെ 28.5 ലക്ഷത്തില്‍ പരം കൊവിഡ് പൊസിറ്റിവ് കേസുകളുണ്ട്. ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലധികം ആളുകള്‍ മരിച്ചു കഴിഞ്ഞു. ന്യൂയോര്‍ക്കില്‍ മാത്രം മരണം 32000-ത്തോളം. കമ്മ്യൂണിറ്റി സ്പ്രെഡ് മൂലം ഇപ്പോളും സ്ഥിതി അതിഗുരുതരമായി തുടരുന്നു.

സൗദി അറേബ്യ:

ജനസംഖ്യ ഏകദേശം കേരളത്തിലേതു പോലെ (34,218,169). ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് വെറും 15 പേര്‍ മാത്രം. എണ്ണസമ്പന്നമായ രാജ്യം. ഇത്ര കുറഞ്ഞ പോപ്പുലേഷന്‍ ഡെന്‍സിറ്റി ഉള്ളതു കൊണ്ടു തന്നെ സമൂഹ വ്യാപനത്തിനുള്ള സാധ്യത സ്വാഭാവികമായും കുറവായിരിക്കണം. പക്ഷേ ഇത് എഴുതുമ്പോള്‍ സൗദിയില്‍ രണ്ടു ലക്ഷത്തി രണ്ടായിരത്തിലധികം കൊവിഡ് രോഗികളുണ്ട്. 1,802 മരണം. സ്ഥിതി ഇപ്പോളും നിയന്ത്രണവിധേയമായിട്ടില്ല.

ഖത്തര്‍:

ജനസംഖ്യ 28 ലക്ഷത്തോളം. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് വെറും 176 മാത്രം. എണ്ണസമ്പന്നമായ രാജ്യം. ലോകത്ത് ഏറ്റവുമധികം പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യവും ഖത്തര്‍ തന്നെയാണ്. സമൂഹ വ്യാപനം മൂലമുള്ള രോഗവ്യാപനം കുറയേണ്ടതാണ്. പക്ഷേ കണക്കുകള്‍ പറയുന്നത് വെറും 28 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു രാജ്യത്തെ ഒരു ലക്ഷത്തോളം പേര്‍ കൊവിഡ് രോഗികളാണ് എന്നാണ്. മരണം 121.

യു.എ.ഇ:

ജനസംഖ്യ ഒരു കോടിയോളം. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് വെറും 99 പേര്‍ മാത്രം. ജി.സി.സി.യിലെ ഏറ്റവും വികസിതവും എണ്ണസമ്പന്നവുമായ രാജ്യം. കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലധികം. മരണം 318. സ്ഥിതി ഇതു വരെ നിയന്ത്രണവിധേയമായിട്ടില്ല. ദിവസവും നിരവധി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനി കൊവിഡ് പ്രതിരോധത്തിന്‍റെ കാര്യത്തില്‍ ഏറെ പ്രശംസിക്കപ്പെട്ട ന്യൂസിലന്‍ഡിന്‍റെ കാര്യം നോക്കാം. ജനസംഖ്യ അരക്കോടിയിലധികം. ജനസാന്ദ്രത വെറും 18.3/km2. ഒരു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 19 ആളുകള്‍ പോലും തികച്ചു താമസിക്കുന്നില്ല. ഒരു വീട്ടില്‍ നിന്നും അടുത്ത വീട്ടിലേക്ക് വളരെ സുരക്ഷിതമായ അകലം. പൊതുവിടങ്ങളില്‍ തടിച്ചുകൂടാന്‍ മാത്രം ജനങ്ങള്‍ പോലുമില്ലാത്ത ഒരു ദ്വീപുരാഷ്ട്രം. കേരളത്തിലേതു പോലെ പ്രവാസികളുടെ കോണ്‍സ്റ്റന്‍റ് ഫ്ലോ ഇല്ലാത്ത രാജ്യം. ആയതിനാല്‍ തന്നെ കമ്മ്യൂണിറ്റി സ്പ്രെഡിനുള്ള സാധ്യത വളരെ കുറവാണ്. ഈ അനുകൂല ഘടങ്ങളെ ഫലപ്രദമായി ഉപയോഗിച്ച ന്യൂസിലന്‍ഡ് ഗവണ്‍മെന്‍റിന് കൊവിഡിനെ പിടിച്ചുകെട്ടാനായി. രോഗികളുടെ എണ്ണം 1,530 മാത്രം. മരണസംഖ്യ ഇതു വരെ 22 മാത്രം.

ഇനിയാണ് കേരളത്തിലേക്കു വരേണ്ടത്. ജനസംഖ്യ മൂന്നരക്കോടിയോളം. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859. ഇന്ത്യയില്‍ ഏറ്റവുമുയര്‍ന്ന ജനസാന്ദ്രതയുള്ള മൂന്നാമത്തെ സംസ്ഥാനം. അടുപ്പ് കൂട്ടിയതു പോലെയുള്ള വീടുകള്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമുള്ള പ്രവാസികളുടെ കോണ്‍സ്റ്റന്‍റ് ഫ്ലോയുള്ള സംസ്ഥാനം. ഇന്ത്യയില്‍ ഏറ്റവും ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം. കൊവിഡിനേക്കാള്‍ വലിയ മഹാമാരിയായ ഒരു പ്രതിപക്ഷം. രോഗം പരത്താനുള്ള ചില ക്ഷുദ്രജീവികളുടെ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍. ഈ പ്രതികൂല ഘടങ്ങളെയെല്ലാം കേരളം അതിജീവിച്ചത് രണ്ടു പേരുടെ നേതൃത്വത്തിലാണ്. ഒന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. മുഖ്യമന്ത്രി കൃത്യമായി മാധ്യമങ്ങളെ കണ്ടു. അതതു ദിവസങ്ങളിലെ അപ്ഡേറ്റ്സ് നല്‍കി. കൃത്യമായ കണക്കുകള്‍. എത്ര പേരില്‍ രോഗം സ്ഥിരീകരിച്ചു, എത്ര പേര്‍ രോഗമുക്തി നേടി, പുതിയതായി രോഗം ബാധിച്ചവരെത്ര, അവരില്‍ പ്രവാസികളെത്ര അല്ലാത്തവര്‍ എത്ര എന്നിങ്ങനെയുള്ള കണക്കുകള്‍. ആ കണക്കുകള്‍ വിവേചനമാണു പോലും! സമൂഹ വ്യാപനം എന്ന സാധ്യതയില്ലാതാക്കുന്നതിനു വേണ്ടിയാണ് അത്തരം തരം തിരിച്ചുള്ള കണക്കുകള്‍ എന്നു മനസിലാക്കണമെങ്കില്‍ പിണറായി വിരോധം അല്‍പ്പം മാറ്റിവെച്ചാല്‍ മതി. ഏതായാലും ഈ രീതിക്ക് ലോകത്തിന്‍റെ അംഗീകാരമുണ്ട്. ഐക്യരാഷ്ട്രസഭയുടെ ആദരമുണ്ട്‌. ഈ രീതി എത്ര ഫലപ്രദമാണെന്ന് മനസിലാക്കി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ തയാറായി. ബി.ബി.സി.യിലൂടെയും ന്യൂയോര്‍ക്ക് ടൈംസിലൂടെയും ഗാര്‍ഡിയനിലൂടെയും കേരളത്തെയും പിണറായിയെയും ശൈലജ ടീച്ചറെയും ലോകമറിഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ഇതിനകം മരിച്ചത് 160 മലയാളികളാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡിന് കീഴടങ്ങിയ മലയാളി ജീവനുകള്‍ നിരവധി. ആളുകളെ ‘തരംതിരിച്ച്’ കാണുന്ന പിണറായി ഭരിക്കുന്ന കേരളത്തില്‍ കൊവിഡ് മൂലം കാലന്‍ കൊണ്ടുപോയത് വെറും 24 പേരെ മാത്രമാണ്. ആകെ സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ വെറും 4,964 മാത്രം. വൈറസ് അപഹരിക്കുമായിരുന്ന നിരവധി ജീവനുകളെ പിടിച്ചുനിര്‍ത്തുന്നതിന് കേരളത്തിന് ന്യൂസിലന്‍ഡിന് ഉണ്ടായിരുന്ന അനുകൂല ഘടകങ്ങള്‍ ഉണ്ടായിരുന്നില്ല. സാങ്കേതികരംഗത്ത് അമേരിക്കയുടെ നിലവാരം ഉണ്ടായിരുന്നില്ല. ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണസമ്പത്ത് ഉണ്ടായിരുന്നില്ല. പക്ഷേ ഞങ്ങള്‍ക്കൊരു പിണറായിയും ശൈലജ ടീച്ചറും ഉണ്ടായിരുന്നു. ഈ നാടിനും ലോകത്തിനും അത് ബോധ്യമുണ്ട്. പാഷാണത്തില്‍ കൃമികള്‍ അവരുടെ പണി തുടരട്ടെ.