ദേശീയഗാനം ഏതുഭാഷയിൽ എഴുതിയതെന്നറിയാത്ത വടക്കന്മാർക്ക് കേരളീയരോടുള്ള മനോഭാവം

547

Shymon Sebastian Parassery എഴുതുന്നു 

രണ്ടു ദിവസം മുന്‍പ് ഡ്യൂട്ടിക്കിടയില്‍ സഹപ്രവര്‍ത്തകരുമായി നടന്ന സംഭാഷണത്തില്‍ നിന്നും:

സഹപ്രവര്‍ത്തകന്‍ 1 (മഹാരാഷ്ട്ര): നിങ്ങള്‍ മല്ലൂസ് ഒരിക്കലും ഇന്ത്യക്കാരാണെന്ന് പറയില്ല. എവിടുന്നാണെന്ന് ചോദിച്ചാല്‍ കേരളത്തില്‍ നിന്നാണെന്നേ പറയൂ. കേരളം വേറൊരു രാജ്യമാണെന്നാണ് നിങ്ങളുടെ വിചാരം.

Shymon Sebastian Parassery
Shymon Sebastian Parassery

ഞാന്‍: അങ്ങനെയെങ്കില്‍ അങ്ങനെ. കേരളം വേറൊരു രാജ്യം തന്നെ. I am from UK which stands for United Kerala.

സഹപ്രവര്‍ത്തകന്‍ 1: ദേശീയമായ ഒന്നിനോടും നിങ്ങള്‍ക്ക് താല്‍പ്പര്യമില്ല. ദേശീയ ഭാഷയായ ഹിന്ദിയെ അംഗീകരിക്കാത്തവരാണ് നിങ്ങള്‍.

ഞാന്‍: ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. ഇന്ത്യക്ക് ദേശീയ ഭാഷയില്ല. പിന്നെ എന്തിന് ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കണം?

സഹപ്രവര്‍ത്തകന്‍ 1 (പരിഹാസ ചിരിയോടെ): ഹിന്ദി നിങ്ങള്‍ സൗത്ത് ഇന്‍ഡ്യന്‍സിന് മാത്രമാണ് ദേശീയ ഭാഷയല്ലാത്തത്. ബാക്കിയെല്ലാവര്‍ക്കും ദേശീയ ഭാഷയാണ്.

ഞാന്‍: മണിപ്പൂരുകാര്‍ക്കും നാഗാലാന്‍ഡുകാര്‍ക്കും മേഘാലയക്കാര്‍ക്കും ആസാമുകാര്‍ക്കുമൊക്കെ ഹിന്ദി ദേശീയ ഭാഷയാണോ? ഈ ഹിന്ദി എന്നു പറയപ്പെടുന്ന ഭാഷ ഒരു പരിധി വരെ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഒന്നാണ്. ഹിന്ദി മാത്രമല്ല അതിന്‍റെ മുസ്ലിം വേര്‍ഷനായ ഉര്‍ദുവും അങ്ങനെ തന്നെ. ശുദ്ധ ഹിന്ദി എന്നു പറയപ്പെടുന്ന ഭാഷ ആര്‍.എസ്.എസ് നേതാക്കളുടെ പ്രസംഗങ്ങളിലും റെയില്‍വേ സ്റ്റേഷനിലെ അനൗണ്‍സുമെന്‍റുകളിലും മാത്രമേ കേള്‍ക്കാനാകൂ. ഉത്തരേന്ത്യയിലെ സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ ഹിന്ദുസ്ഥാനിയാണ്. ബോളിവുഡ് സിനിമകളില്‍ നിങ്ങള്‍ കേള്‍ക്കുന്ന സംഭാഷണങ്ങളും ഹിന്ദുസ്ഥാനിയാണ്. ഇന്ത്യയിലെ ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങളും ഇന്ത്യയുടെ വിഭജനവുമാണ് ഹിന്ദുസ്ഥാനിയെ രണ്ടായി പകുത്ത് ഹിന്ദിയും ഉര്‍ദുവും ആക്കിയത്.

സഹപ്രവര്‍ത്തകന്‍1: നിങ്ങള്‍ക്ക് ഇന്ത്യാ വികാരം ഇല്ല. അതാണ്.

ഞാന്‍: ആട്ടെ ദേശീയ ഗാനമായ ‘ജനഗണമന’ ഏതു ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്?

സഹപ്രവര്‍ത്തകന്‍ 1: ഹിന്ദിയില്‍.

ഉര്‍ദു മാതൃഭാഷയായും ഹിന്ദി പൊതുഭാഷയായും ഉപയോഗിക്കുന്ന മുംബൈക്കാരനായ സഹപ്രവര്‍ത്തകന്‍റെ മറുപടി എന്നെ ഞെട്ടിച്ചു.

ഞാന്‍: ജനഗണമന എഴുതപ്പെട്ടിരിക്കുന്നത് ഹിന്ദിയിലാണെന്നോ? അങ്ങനെയാണെങ്കില്‍ ‘തവ ശുഭ നാമേ ജാഗേ, തവ ശുഭ ആശിഷ മാഗേ’ എന്നതിന്‍റെ അര്‍ത്ഥം എന്താണ്?

സഹപ്രവര്‍ത്തകന്‍ 1: അത് അറിയില്ല.

ഞാന്‍: ഹിന്ദി സംസാരിക്കുന്ന നിങ്ങള്‍ക്ക് അത് കേട്ടാല്‍ മനസിലാകില്ലേ?

കേരളത്തിലെ ഒരു ശരാശരി സ്ക്കൂള്‍ വിദ്യാര്‍ത്ഥിക്ക് പോലും അറിയാം ‘ജനഗണമന’ എഴുതപ്പെട്ടിരിക്കുന്നത് ബംഗാളിയില്‍ ആണെന്നും എഴുതിയത് രവീന്ദ്രനാഥ ടാഗോര്‍ ആണെന്നും. ഇക്കാര്യത്തില്‍ ഇന്ത്യക്കാരായ മറ്റു സഹപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കാന്‍ തീരുമാനിച്ചു. ഓരോരുത്തരും അഭിപ്രായം പറഞ്ഞു.

സഹപ്രവര്‍ത്തകന്‍ 2 (മറാഠി): ‘ജനഗണമന’ ഹിന്ദിയിലാണ് എഴുതിയിരിക്കുന്നത്. ദേശീയ ഗാനമല്ലേ ഹിന്ദിയിലല്ലാതെ മറ്റേതു ഭാഷയില്‍ എഴുതാന്‍?

സഹപ്രവര്‍ത്തകന്‍ 3 (ഹൈദരാബാദ്): ഹിന്ദിയിലല്ലേ? എനിക്കു വലിയ പിടിയില്ല.

എല്ലാവരും തന്നത് ഈ ഉത്തരം തന്നെ. ഒടുവില്‍ ബംഗാളിയായ മറ്റൊരു സഹപ്രവര്‍ത്തകനോട് ചോദിക്കാമെന്നു വെച്ചു.

ബംഗാളിയായ സഹപ്രവര്‍ത്തകന്‍: ഹിന്ദിയില്‍ തന്നെയാണ് ‘ജനഗണമന’ എഴുതപ്പെട്ടിരിക്കുന്നത്. എന്താ സംശയം?

ആ മറുപടി കേട്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. ഒരു ബംഗാളി പോലും പറയുന്നു ബംഗാളിയില്‍ എഴുതപ്പെട്ടിരിക്കുന്ന ദേശീയ ഗാനം ഹിന്ദിയാണെന്ന്. ആളൊരു സംഘി കൂടിയാണെന്ന് അറിയാവുന്നതിനാല്‍ സംഭാഷണം ചിരിയില്‍ ഒതുക്കണ്ട എന്നു ഞാന്‍ തീരുമാനിച്ചു.

ഞാന്‍: രവീന്ദ്രനാഥ ടാഗോര്‍ എന്ന ബംഗാളി അദ്ദേഹത്തിന്‍റെ ഭാഷയിലാണ് ‘ജനഗണമന’ എഴുതിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ബംഗ്ലാദേശിന്‍റെയും ദേശീയ ഗാനം എഴുതിയത്. സ്വന്തം ഭാഷ കേട്ടാലും നിങ്ങള്‍ക്ക് മനസിലാകില്ലേ?

ബംഗാളിയായ സഹപ്രവര്‍ത്തകന്‍: നിനക്ക് ഇന്ത്യയെ കുറിച്ച് ഒന്നുമറിയില്ല.

ഞാന്‍: എനിക്ക് ഒന്നുമറിയില്ല. സമ്മതിച്ചു. ആട്ടെ തനിക്ക് എന്തൊക്കെ അറിയാം?

അയാള്‍ (ദേഷ്യത്തോടെ): വലിയ ഡയലോഗ് അടിക്കണ്ട. ഏതു വര്‍ഷമാണ് ‘ജനഗണമന’ എഴുതിയത്?

ഞാന്‍: വര്‍ഷത്തിന് എന്തു പ്രസക്തി? ഉത്തരം അറിയാമെങ്കിലും സംഭാഷണം വഴിതിരിച്ചു വിടാനുള്ള ഉദ്ദേശ്യത്തോടെയുള്ള ചോദ്യം ആയതിനാല്‍ മറുപടി പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

അയാള്‍: രാജ്യത്തെ കുറിച്ച് ഒന്നുമറിയില്ല. എന്നിട്ട് വലിയ ഡയലോഗ് അടിക്കാന്‍ വന്നിരിക്കുന്നു.

അതോടെ ഞാന്‍ നിര്‍ത്തി.

PS: സഹപ്രവര്‍ത്തകന്‍ 1 ഒരു മുസ്ലിമാണ്. സംഘ്പരിവാറിനോട് കടുത്ത പ്രതിഷേധം ഉള്ളയാള്‍. പക്ഷേ അത്തരം ഇരകള്‍ പോലും ഇന്ത്യയുടെ തെക്കുഭാഗത്തുള്ളവരോടു പുലര്‍ത്തുന്ന പുച്ഛം എത്രയാണെന്ന് ഞാന്‍ മനസിലാക്കി. ദക്ഷിണേന്ത്യ വിട്ടാല്‍ ദക്ഷിണേന്ത്യക്കാരോടുള്ള പുച്ഛത്തിന്‍റെ കാര്യത്തില്‍ മറാഠിയെന്നോ രാജസ്ഥാനിയെന്നോ മുസ്ലിമെന്നോ ഹിന്ദുവെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. എല്ലാവരും അങ്ങനെയാണെന്നല്ല, നല്ലൊരു ശതമാനവും അങ്ങനെയാണ്. ഇങ്ങനെയുള്ളവരോടാണ് ഫാഷിസത്തിന്‍റെ ഭീഷണിയെ കുറിച്ചും തകര്‍ന്ന സമ്പദ്ഘടനയെ കുറിച്ചുമെല്ലാം സംസാരിക്കേണ്ടത്.

Image may contain: one or more people and close-up

ചിത്രം: ‘റാ വണ്‍’ എന്ന ബോളിവുഡ് സിനിമയില്‍ തൈര് കൂട്ടി നൂഡില്‍സ് കഴിക്കുന്ന ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച ദക്ഷിണേന്ത്യക്കാരനായ കഥാപാത്രം ശേഖര്‍ സുബ്രഹ്മണ്യം. സൗത്തിനെ കുറിച്ചുള്ള നോര്‍ത്തിന്‍റെ പൊതുബോധം ഇതിലുണ്ട്.