ജീവൻ വേണമെങ്കിൽ ഡി.എച്ച്.എം.ഒ നിരോധിക്കുക

89

വർത്തമാനകാല മാധ്യമപ്രവത്തനത്തെ പരിഹസിച്ചുകൊണ്ടുള്ള ഹ്യൂമർ പോസ്റ്റ്

Shymon Sebastian Parassery

ഡി.എച്ച്.എം.ഒ നിരോധിക്കുക

ഈ കെമിക്കല്‍ ദ്രാവക രൂപത്തിലാണ്. തിളച്ചു ദേഹത്തു വീണാല്‍ തൊലി പൊള്ളിയടര്‍ന്നു പോകും. ഇവയുടെ ആവി കൊണ്ടാല്‍ തൊലിപ്പുറത്ത് കുമിളകള്‍ രൂപപ്പെടും. ഹൈഡ്രൊക്സില്‍ ആസിഡ് എന്നു കൂടി അറിയപ്പെടുന്ന ഈ ദ്രാവകം ആസിഡ് മഴക്ക് കാരണമാകുന്നു. അളവില്‍ കൂടിയാല്‍ ഡൈഹൈഡ്രജന്‍ മോണോക്സൈഡ് (DHMO) നമ്മുടെ ഭൂപ്രകൃതിയുടെ ഘടന തന്നെ മാറ്റുന്നതിന് കാരണമാകുന്നു. പല ഉരുള്‍പൊട്ടലുകളുടെയും കാരണം DHMO ആണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ബ്രേക്ക് കേടാക്കുന്നതിനും ഇതു കാരണമാകുന്നുണ്ടത്രെ! ഇരുമ്പ് തുരുമ്പെടുക്കുന്നതിന്‍റെ ഒരു പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെ. ക്യാന്‍സര്‍ രോഗികളില്‍ നിന്നും മുറിച്ചുനീക്കിയ ട്യൂമറുകളില്‍ ഇതു ധാരാളമായി കണ്ടിട്ടുണ്ട്. ഇത് ഏതെങ്കിലും രീതിയില്‍ അസംസൃക്ത ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കലരുകയും പ്രഷര്‍ കുക്കറിനുള്ളില്‍ പെടുകയും ചെയ്താല്‍ കുറച്ചു കഴിയുമ്പോള്‍ നിലവിളി പോലൊരു ശബ്ദം കേള്‍ക്കാം.

ഇത്ര മേല്‍ അപകടകാരിയായിട്ടും ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റുകളിലടക്കം ഇതു ധാരാളമായി ഉപയോഗിക്കുന്നു. പല ജങ്ക് ഫൂഡിലും ഇതിന്‍റെ സാന്നിധ്യമുണ്ട്. തുണികഴുകുന്നതിനും വൃത്തിയാക്കുന്നതിനും കീടനാശിനികള്‍ തളിക്കാനും DHMO ഇപ്പോളും ഉപയോഗിക്കപ്പെടുന്നു. അങ്ങേയറ്റം അപകടകാരിയായ ഈ കെമിക്കല്‍ അഗ്നിശമനസേന പോലും ഉപയോഗിക്കുന്നു എന്നതാണ് ദുഃഖകരം. ഓരോ വര്‍ഷവും നിരവധി ആളുകള്‍ ഇത് സൃഷ്ടിക്കുന്ന അപകടത്തില്‍ മരിക്കുന്നു.

അമേരിക്കയിലെ മിഷിഗണിലെ ‘ഡുറന്‍റ് എക്സ്പ്രസ്’ എന്ന വാരിക 1983-ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ തന്നെ ഇതിന്‍റെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. നഗരത്തിലെ ജലവിതരണ പൈപ്പുകളില്‍ DHMO കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്ന എറിക് ലക്നർ, ലാർസ് നോർപ്കെൻ, മാത്യു കുഫിനാൻ എന്നിവര്‍ ഈ വിഷയത്തില്‍ സമഗ്രമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. 1994-ല്‍ നെയ്ഥന്‍ സോനര്‍ എന്ന പതിനാലുകാരനായ അമേരിക്കന്‍ വിദ്യാര്‍ത്ഥി ഇതു നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ ക്യാംപെയിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്.

അമേരിക്കയിലും ബ്രിട്ടനിലും കാനഡയിലും ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ‘water’ എന്ന് അറിയപ്പെടുന്ന ഈ കെമിക്കല്‍ (DHMO) ഹിന്ദിയില്‍ ‘പാനി’ എന്നും മലയാളത്തില്‍ ‘വെള്ളം’ എന്നും തമിഴില്‍ ‘തണ്ണി’ എന്നും അറിയപ്പെടുന്നു. എന്ത് ഓമനപ്പേരിട്ട് വിളിച്ചാലും ഇത് സൃഷ്ടിക്കുന്ന അപകടം ചെറുതല്ല.