Kerala
നിങ്ങള്‍ ആഗ്രഹിക്കുന്ന പൊലീസിനെയല്ല, നിങ്ങള്‍ അര്‍ഹിക്കുന്ന പൊലീസിനെയാണ് നിങ്ങള്‍ക്കു ലഭിക്കുക
രമേശ് ചെന്നിത്തലയുടെ പൊലിസ്, പിണറായിയുടെ പൊലീസ് എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ തികച്ചും ആലങ്കാരികമാണ്. പൊലീസ് എന്നത് സ്റ്റേറ്റിന്റേതാണ്.
112 total views

Shymon Sebastian Parassery എഴുതുന്നു
രമേശ് ചെന്നിത്തലയുടെ പൊലിസ്, പിണറായിയുടെ പൊലീസ് എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ തികച്ചും ആലങ്കാരികമാണ്. പൊലീസ് എന്നത് സ്റ്റേറ്റിന്റേതാണ്.
നിങ്ങളുടെ പൊലീസ് ആരുടെ സൃഷ്ടി?
———-
‘Every nation gets the government it deserves” (എല്ലാ രാഷ്ട്രങ്ങള്‍ക്കും അത് അര്‍ഹിക്കുന്ന സര്‍ക്കാരിനെയാണ് ലഭിക്കുക) എന്നു പറഞ്ഞത് സാര്‍ഡീനിയന്‍ ചിന്തകനായ ജോസഫ് ഡി മയിസ്ട്രെ ആണ്. മയിസ്ട്രെ ഫ്രഞ്ച് വിപ്ലവാനന്തരം രാജഭരണത്തിനു വേണ്ടി വാദിച്ചയാളാണ്. അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാട് സങ്കീര്‍ണ്ണമായ അപഗ്രഥനങ്ങള്‍ക്കു വിധേയമാകേണ്ടുന്ന ഒന്നാണ്. ഭരണകൂടങ്ങളെ കുറിച്ചും വ്യവസ്ഥിതിയെ കുറിച്ചുമൊക്കെയുള്ള ഇടത്-വലത് കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. ചൂഷണാധിഷ്ഠിതമായ ഭരണകൂടത്തെ ബലപ്രയോഗത്തിലൂടെ തൊഴിലാളിവര്‍ഗം തകര്ത്തെറിയേണ്ടുന്ന ഒന്നായിട്ടാണ് മാര്‍ക്സ് വിവക്ഷിക്കുന്നത്. ഭരണകൂടം (state) എന്നത് സര്‍ക്കാര്‍ (government) മാത്രമല്ല. സര്‍ക്കാരും പൊലീസും സൈന്യവും കോടതിയും ഉദ്യോഗസ്ഥവൃന്ദവും എല്ലാം ഉള്‍പ്പെടുന്ന, ഒരു പ്രത്യേക ഭൂപ്രദേശത്തെ ജനങ്ങളെയെല്ലാം ഈ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ചട്ടക്കൂടാണ് ഭരണകൂടം എന്നത്.
ഒരു സമൂഹം ആര്‍ജ്ജിച്ചെടുത്ത മാനവിക-പരിഷ്കൃത മൂല്ല്യങ്ങളാണ് പൊലീസിന്റെ പെരുമാറ്റത്തിലും പ്രതിഫലിക്കുക. ഉത്തര്‍പ്രദേശിലെയോ രാജസ്ഥാനിലെയോ പൊലീസിന്റെ നിലവാരവും അവിടങ്ങളിലെ പൊലീസിന്റെ പൊതുബോധമോ അല്ല കേരളാ പൊലീസിനുള്ളത്. ഇന്ത്യയിലെ ഏറ്റവും പരിഷ്കൃതമായ സമൂഹം എന്ന നിലയില്‍ കേരളം ആര്‍ജ്ജിച്ചെടുത്ത നവോത്ഥാന-മാനവിക-സാംസ്ക്കാരിക മൂല്ല്യങ്ങള്‍ കേരളാ പൊലീസിലും കാണാനാകും. ഒരു വ്യവസ്ഥിതി എന്ന നിലക്ക് നമ്മുടെ സമൂഹത്തില്‍ അന്തര്‍ലീനമായിരിക്കുന്ന പോസീറ്റീവും നെഗറ്റീവുമായ എല്ലാ കാര്യങ്ങളും പൊലീസിന്റെ ചിന്തകളെയും മനോഭാവത്തെയും സ്വാധീനിക്കുന്നുണ്ട്. പൗരന്മാരില് നിലനില്‍ക്കുന്ന anti-social behaviour പൊലീസ് സേനയുടെ ഭാഗമായ വ്യക്തികളിലും കാണാം. നൂറു ശതമാനം humanistic ആയ ഒരു പൊലീസ് സംവിധാനം നൂറു ശതമാനം humanistic ആയ ഒരു സമൂഹത്തിലേ യാഥാര്‍ത്ഥ്യമാകൂ.
കേരളം ഇന്ത്യയിലെ ഏറ്റവും പരിഷ്കൃതമായ സമൂഹമാണ്. ലോകത്തിലെ ഏറ്റവും പരിഷ്കൃതമായ സമൂഹമല്ല. കേരളത്തിലെ പൊലീസ് ക്രമസമാധാന പാലനത്തിലും കര്ത്തവ്യബോധത്തിലും ഇന്ത്യയിലെ ഏറ്റവും മികച്ച ഫോഴ്സ് ആയിരിക്കാം. പക്ഷേ, മറ്റു വികസിത-പരിഷ്കൃത രാജ്യങ്ങളിലെ പൊലീസിന്റെ നിലവാരം ഉണ്ടാകില്ല. കേരളം എന്ന ഒരു സമൂഹം എത്ര പുരോഗമിച്ചോ അത്ര മാത്രം പുരോഗമിച്ച ഒരു പൊലീസ് സംവിധാനത്തിന്റെ സേവനമേ നിങ്ങള്‍ക്ക് ലഭിക്കൂ. അതിനപ്പുറമുള്ളത് പ്രതീക്ഷിക്കരുത്. വ്യക്തികള്‍ ചേര്‍ന്ന് കുടുംബങ്ങളും കുടുംബങ്ങള്‍ ചേര്‍ന്ന് സമൂഹവും രൂപം കൊള്ളുന്ന ഒരു ചട്ടക്കൂടിനകത്തെ പൊലീസ് സംവിധാനത്തിലെ ഓരോ അംഗവും പൊലീസ് അക്കാദമികളിലും ട്രെയിനിങ് ക്യാംപുകളിലും പരിശീലനം നേടുന്നതിനു മുന്‍പ് സ്ത്രീവിരുദ്ധത, ദളിത് വിരുദ്ധത, ആള്‍ക്കൂട്ട വിചാരണ, വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാനുള്ള വിമുഖത എന്നിങ്ങനെയുള്ള പിന്തിരിപ്പന് മൂല്ല്യങ്ങള്‍ നിലനില്‍ക്കുന്ന അവര്‍ ജനിച്ചുവളര്‍ന്ന സമൂഹത്തിന്‍െറ ‘പരിശീലനം’ നേടിയവരാണ്. കുറ്റം ചെയ്തുവെന്ന് കരുതപ്പെടുന്ന ഒരാളെ കൈയ്യേറ്റം ചെയ്യുന്നത് തെറ്റല്ല എന്നു വിചാരിക്കുന്ന ഒരു സമൂഹത്തിലെ പൊലീസിന് നിയമവിരുദ്ധമാണെങ്കിലും മൂന്നാം മുറ സ്വീകാര്യമായി തോന്നും. കീഴ്ജാതിക്കാര്‍ക്ക് വെള്ള കോളര്‍ ജോലി ലഭിക്കുമ്പോള്‍ ‘അധികാരിപ്പണി കിട്ടിയ ആദിവാസി’ എന്നു പരിഹസിക്കുന്നതില്‍ യാതൊരു ശരികേടും തോന്നാത്ത ഒരു സമൂഹത്തിലെ പൊലീസില്‍ ദളിത് വിരുദ്ധത തികച്ചും സ്വാഭാവികം. അവസരങ്ങളുടെ അഭാവം സദാചാരമായും ‘തറവാടിത്ത’മായും മേനി നടിക്കുന്ന കാപട്യം നിറഞ്ഞ ഒരു സമൂഹത്തിലെ പൊലീസിന് വഴിയോരത്ത് കൊഞ്ചിക്കുഴയുന്ന കാമുകികാമുകന്മാരെ കാണുന്നത് സഹിക്കാനാകില്ല. ഇത്തരത്തിലുള്ള സമൂഹത്തിന്‍െറ നിര്‍മ്മിതിയായ പൊലീസാണ് കെവിന്മാരെയും ശ്രീജിത്തുമാരെയും സൃഷ്ടിക്കുന്നത്.
ഓര്‍ക്കുക, നിങ്ങള്‍ അര്‍ഹിക്കുന്ന ഒരു പൊലീസ് സംവിധാനത്തെ മാത്രമേ നിങ്ങളുടെ സമൂഹം സൃഷ്ടിക്കൂ. സിവിലിയന്മാരോട് അങ്ങേയറ്റം മര്യാദയോടെ പെരുമാറുന്ന, പ്രതികളെ ശാരീരികമായി ഉപദ്രവിക്കാതെ ശാസ്ത്രീയമായി ചോദ്യം ചെയ്ത് കുറ്റം തെളിയിക്കുന്ന, സിവിലിയന്മാരെ ‘സാര്‍’ എന്നു വിളിച്ച് അഭിസംബോധന ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങളിലെയും അതു പോലെയുള്ള മറ്റു പരിഷ്കൃത രാജ്യങ്ങളിലെയും പൊലീസിന്‍െറ ഉയര്‍ന്ന പൗരബോധവും നീതിബോധവും മാനവികതയും കേരളത്തിലെ പൊലീസില്‍ നിങ്ങള്‍ പ്രതീക്ഷിക്കരുത്. കാരണം, അത്തരം രാജ്യങ്ങളിലെ പൊലീസ് ഏതു സമൂഹത്തിന്‍െറ ഭാഗമാണോ അത്തരം സമൂഹങ്ങള്‍ ആര്‍ജ്ജിച്ചെടുത്ത പരിഷ്കൃത-മാനവിക മൂല്ല്യങ്ങള്‍ ഒരു സമൂഹമെന്ന നിലയില്‍ നിങ്ങള്‍ ആര്‍ജ്ജിച്ചിട്ടില്ല. മത്തന്‍ കുത്തിയാല്‍ കുമ്പളം
മുളക്കില്ലല്ലോ?
നിങ്ങളുടെ രാജ്യത്ത് നിര്‍മ്മിച്ച ഉല്‍പ്പനങ്ങളുടെ നിലവാരം പോരെങ്കില്‍ മറ്റൊരു രാജ്യത്തു നിന്നും ഇറക്കുമതി ചെയ്തതോ മറ്റു രാജ്യങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതോ ആയ ഉല്‍പ്പനങ്ങള്‍ നിങ്ങള്‍ക്ക് പണം കൊടുത്ത് വാങ്ങി ഉപയോഗിക്കാം. കാര്ബണിന്െറയോ മൈക്രോമാക്സിന്െറയോ ഫോണുകളുടെ ഗുണനിലവാരത്തില്‍ നിങ്ങള്‍ തൃപ്തരല്ലെങ്കില്‍ സാംസങ്ങിന്റെയോ ആപ്പിളിന്റെയോ ഫോണുകള്‍ ഉപയോഗിക്കാം. മാരുതിയുടെയോ അംബാസഡറിന്റെയോ ഫങ്ഷണാലിറ്റിയില് സന്തുഷ്ടരല്ലെങ്കില്‍ ബെന്‍സോ ബി.എം.ഡബ്ല്യൂയോ വാങ്ങാം. അതു പോലെ പണം കൊടുത്ത് വാങ്ങാവുന്ന സര്‍വ്വീസുകളല്ല ഒരു രാജ്യത്തിന്‍െറ/സംസ്ഥാനത്തിന്റെ, ഒരു വ്യവസ്ഥിതിയുടെ ഭാഗമായ പൊലീസ് അടക്കമുള്ള ഭരണകൂടോപകരണങ്ങള്‍. നിങ്ങള്‍ ആഗ്രഹിക്കുന്നതല്ല, മറിച്ച് നിങ്ങള്‍ അര്‍ഹിക്കുന്നതാണ് ഒരു വ്യവസ്ഥിതിയുടെ ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കുന്ന ഇത്തരം സംവിധാനങ്ങള്‍. സ്ത്രീവിരുദ്ധതയോ, ദളിത് വിരുദ്ധതയോ, കൈക്കൂലി ജന്മാവകാശമാണെന്നു കരുതുന്ന മനോഭാവമോ, പിതാവിന്റെ പ്രായമുള്ളവരെ ‘എടാ പോടാ’ എന്നൊക്കെ വിളിക്കുന്ന ശീലമോ കേരളാ പൊലീസിന് ഉണ്ടെങ്കില്‍ അതിനൊന്നും ഉത്തരവാദി പിണറായി വിജയനോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ അല്ല. കേരളത്തിലെ പൊലീസ് ഇടതുപക്ഷത്തിന്റെ സൃഷ്ടിയുമല്ല. അത് വ്യവസ്ഥിയുടെ ഭാഗമാണ്. ആഭ്യന്തര മന്ത്രിക്ക് പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയും. പക്ഷേ, അവരുടെ തലച്ചോറുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചിന്തകളെ റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് നിയന്ത്രിക്കാനാകില്ല. അതിപ്പോള്‍ പിണറായി വിജയനായാലും ഉമ്മന്‍ ചാണ്ടിയായാലും നായനാരായാലും അങ്ങനെ തന്നെ.
കേരളത്തിലെ പൊലീസിന്റെ പ്രകടനത്തെ നിങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെ പൊലീസിന്റെ പ്രകടനവുമായി താരതമ്യം ചെയ്യുക. അങ്ങനെ താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും നിങ്ങളുടെ സംസ്ഥാനം നമ്പര്‍ വണ്‍ ആയിരിക്കുന്നതു പോലെ നിങ്ങളുടെ പൊലീസും നമ്പര്‍ വണ്‍ ആണെന്ന്. ഇവിടെ ‘അരാജകത്വം’ നിലനില്ക്കുമ്പോള് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്രമസമാധാന തകര്‍ച്ചയെ കുറിച്ച് പറയണമോ എന്നു ചോദിക്കുന്നവരുണ്ട്. ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളാകുന്നവരെയും സര്‍ക്കാരുകള്‍ക്ക് അനഭിമതരാകുന്നവരെയും പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന രീതി ഇവിടെയുണ്ടോ എന്ന് അവര്‍ ചിന്തിക്കുക. ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നമ്മുടെ നാട്ടിലുണ്ടോ എന്ന് അവര്‍ ചിന്തിക്കുക. വംശഹത്യകള്‍ നടത്താന്‍ കലാപകാരികള്‍ക്ക് കൂട്ടുനില്‍ക്കുന്ന പൊലീസ് ഇവിടെയുണ്ടോ എന്ന് അവര്‍ ചിന്തിക്കുക. ഒരു വ്യവസ്ഥിതിയിലെ സാമൂഹിക ജീവികള്‍ എന്ന നിലയില്‍ ആ വ്യവസ്ഥിതിയുടെ പൊതുബോധവും സാമ്പ്രദായിക യുക്തികളും പിന്തുടര്ന്ന് വീഴ്ചകള്‍ വരുത്തുന്ന നമ്മുടെ പൊലീസും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു വേണ്ടി ക്വട്ടേഷന്‍ പണി ചെയ്യുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസും ഒരു പോലെയാണെന്ന് നിങ്ങള്‍ പറയാതിരിക്കുക. ഒരിക്കല്‍ കൂടി പറയുന്നു: നിങ്ങളുടെ പൊലീസ് നിങ്ങളുടെ സൃഷ്ടിയാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന പൊലീസിനെയല്ല, നിങ്ങള്‍ അര്‍ഹിക്കുന്ന പൊലീസിനെയാണ് നിങ്ങള്‍ക്കു ലഭിക്കുക.
113 total views, 1 views today