സുരേന്ദ്രൻ തിന്ന ബീഫും സിദ്ദിഖ് കുടിച്ച മദ്യവും, ചില പൊതുസവിശേഷതകൾ

468

Shymon Sebastian Parassery

ബീഫ് കഴിക്കുന്നതിന് കേരളത്തില്‍ വിലക്കുണ്ടായതിനാലല്ല ബീഫ് കഴിച്ച കെ. സുരേന്ദ്രന്‍ വിമര്‍ശിക്കപ്പെട്ടതും ട്രോള്‍ ചെയ്യപ്പെട്ടതും. മറിച്ച് അയാള്‍ പൊതുസമൂഹത്തില്‍ തന്നെ കുറിച്ച് സൃഷ്ടിച്ചുവെച്ച ഒരു പ്രതിച്ഛായക്ക് നിരക്കാത്ത ഒരു കാര്യം ചെയ്തതിനാലാണ്. നാലാളു കൂടുന്നിടത്തെല്ലാം ഗോഹത്യ നിരോധിക്കേണ്ടതിനെ കുറിച്ച് പ്രസംഗിച്ചു നടന്നൊരാള്‍ ബീഫ് കഴിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നാല്‍ അയാളുടെ കാപട്യം തുറന്നുകാട്ടപ്പെടുകയും അയാള്‍ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്യും. അതായത് സുരേന്ദ്രന്‍ ബീഫ് കഴിച്ചതല്ല ട്രോളിന് കാരണമായത്, മറിച്ച് ബീഫ് കഴിക്കുന്നതിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന സുരേന്ദ്രന്‍ ബീഫ് കഴിച്ചതാണ് ട്രോളിന് കാരണമായത്. അയാളുടെ ഇരട്ടത്താപ്പാണ് അവിടെ ചോദ്യം ചെയ്യപ്പെട്ടത്. അത്ര തന്നെയാണ് സിദ്ധീഖിന്‍റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്. പൊതുവേദികളിലും ചാനല്‍ ചര്‍ച്ചകളിലും വന്നിരുന്ന് മദ്യത്തിനെതിരെ സംസാരിക്കുകയും മദ്യനയത്തിന്‍റെ പേരില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിക്കുകയുമൊക്കെ ചെയ്തിരുന്നൊരാളാണ് സിദ്ധീഖ്. അങ്ങനെയൊരാള്‍ മാധ്യമങ്ങളുടെയും പൊതുജനത്തിന്‍റെയും ശ്രദ്ധ പതിയാത്തൊരു സ്ഥലത്തു പോയി അടിച്ചു കോണ്‍ തിരിഞ്ഞു പാമ്പായതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ അത് എതിരാളികള്‍ ഉപയോഗപ്പെടുത്തുകയും ആഘോഷിക്കുകയും ചെയ്യും. തികച്ചും സ്വാഭാവികമാണത്.

സിദ്ധീഖിന്‍റെ സ്വകാര്യതയിലേക്ക് ആരെങ്കിലും ഒളിക്ക്യാമറ വെച്ച് പകര്‍ത്തിയതല്ല ആ ദൃശ്യങ്ങള്‍. അയാളുടെ ഭാര്യ തന്നെ ഫെയ്സ്ബുക്ക് ലൈവിലൂടെ ലോകം മുഴുവന്‍ കാണിച്ചതാണ്. സിദ്ധീഖിനെ പോലെ വിപുലമായ ഫോളോവിങ് ഇല്ലാത്ത അയാളുടെ ഭാര്യ അവരുടെ സര്‍ക്കിളിലുള്ളവരില്‍ മാത്രം എത്തും എന്നു കരുതി ചെയ്തൊരു ഫെയ്സ്ബുക്ക് ലൈവ് അവരുടെ ഭര്‍ത്താവിന്‍റെ പൊയ്മുഖം ഇല്ലാതാക്കാന്‍ സഹായിച്ചുവെന്നേയുള്ളൂ. ഈ പൊയ്മുഖം വലിച്ചുകീറുന്നതിനു വേണ്ടി സിദ്ധീഖിന്‍റെ എതിരിളികള്‍ ഒളിക്ക്യാമറകളുമായി മരുഭൂമിയിലേക്ക് പോയതല്ല. തങ്ങള്‍ മിനക്കിടാതെ തന്നെ അവസരം ഒത്തുവന്നപ്പോള്‍ അവര്‍ ഉപയോഗപ്പെടുത്തിയെന്നേയുള്ളൂ. സുരേന്ദ്രന്‍റെ കാര്യത്തിലെന്ന പോലെ സിദ്ധീഖിന്‍റെ കാര്യത്തിലും അയാളുടെ കാപട്യവും ഇരട്ടത്താപ്പുമാണ് ചോദ്യം ചെയ്യപ്പെട്ടതും പരിഹസിക്കപ്പെട്ടതും. അല്ലാതെ അയാള്‍ കള്ള് കുടിച്ചാലോ കഞ്ചാവ് ഉപയോഗിച്ചാലോ പൊതുസമൂഹത്തിനെ ബാധിക്കുന്ന കാര്യമായതിനാലല്ല. വലതന്‍റെ കാപട്യവും തനിനിറവും തുറന്നുകാട്ടുന്നതു കൂടിയാണ് ഇടതന്‍റെ രാഷ്ട്രീയം. സി.പി.എമ്മിന്‍റെ ഏതെങ്കിലും നേതാവ് മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇങ്ങനെ പുറത്തുവന്നതെന്നിരിക്കട്ടെ. മരുഭൂമിയിലെ മാര്‍ക്സിസ്റ്റ് നേതാവിന്‍റെ മദ്യസദസിനെ വിമര്‍ശിക്കാന്‍ ഈ സിദ്ധീഖും ഉണ്ടാകുമായിരുന്നില്ലേ ചാനല്‍ ചര്‍ച്ചകളില്‍?

സിദ്ധീഖിന് കള്ള് കുടിച്ചൂടേ, അയാളുടെ സ്വകാര്യതയില്‍ സംഭവിച്ച കാര്യങ്ങള്‍ എന്തിന് ചര്‍ച്ചയാക്കണം എന്നൊക്കെ ചോദിക്കുന്നവരോടാണ് ഇത്രയും പറഞ്ഞത്.

ഇനി മറ്റൊരു കാര്യം പറയാം. ഇവരില്‍ മിക്കവരും ഇങ്ങനെയൊക്കെ തന്നെയാണ്. ഇരട്ടമുഖവുമായി ജീവിക്കുന്നവര്‍. ഇത്രയും നാളത്തെ ഹോട്ടല്‍ കരിയറില്‍ പല പ്രമുഖരും മദ്യപിക്കുന്നത് കണ്ടിട്ടുണ്ട്. അവരില്‍ മദ്യം ഉപയോഗിക്കരുതെന്ന് നിഷ്കര്‍ഷയുള്ള ആര്‍.എസ്.എസിന്‍റെ നേതാവും (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന, ഗോവയിലെ ബി.ജെ.പി.യുടെ എല്ലാമെല്ലാമായിരുന്ന ഒരു രാഷ്ട്രീയക്കാരന്‍ കൂടിയുണ്ട്. അങ്ങേരൊക്കെ ഒരു താമരയാണെന്ന് തോന്നിയിട്ടുണ്ട്. അതു പോലെ മദ്യപിക്കുന്നൊരാളായിരുന്നു അദ്ദേഹം. ഇവരുടെയൊക്കെ പൊതുസമൂഹത്തിലുള്ള പ്രതിച്ഛായ മറ്റൊന്നും. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു മണ്‍മറഞ്ഞുപോയ മുസ്ലിം ലീഗിന്‍റെ വളരെ പ്രമുഖനായ ഒരു നേതാവിന്‍റെ വീശലിനെ കുറിച്ചും അറിയാം. അങ്ങേയറ്റം ദീനിബോധമുള്ള മാന്യനായ പൊതുപ്രവര്‍ത്തകന്‍ എന്നതായിരുന്നു മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ എതിരാളിയും ഡല്‍ഹി കേന്ദ്രീകരിച്ച് യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് പ്രവര്‍ത്തിക്കുകയും ചെയ്ത ഈ നേതാവിന്‍റെ പൊതുസമൂഹത്തിലെ പ്രതിച്ഛായ. എങ്ങനെയുണ്ട്?