രണ്ടു താരങ്ങള്‍; രണ്ടു നിലപാടുകള്‍

88

Shymon Sebastian Parassery

മലയാളത്തിലെ രണ്ടു സൂപ്പര്‍സ്റ്റാറുകള്‍, മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രണ്ടു പേര്‍, ഇന്നലെയും ഇന്നുമായി അവരുടേതായ രണ്ടു നിലപാടുകള്‍ പറഞ്ഞു.മോഹന്‍ലാല്‍ ഇന്നലെ പറഞ്ഞത്: ‘പാത്രങ്ങള്‍ കൂട്ടിയടിക്കുന്നതും കൈകൊട്ടുന്നതുമെല്ലാം ഒരു മന്ത്രോച്ചാരണം പോലെയാണ്. അത് വൈറസുകളെ ഇല്ലാതാക്കും. ഞങ്ങള്‍ എല്ലാവരും വീടിനുള്ളില്‍ തന്നെ ഇരിക്കുകയാണ്. പുറത്തൊന്നും പോകുന്നില്ല. എന്തെങ്കിലും വേണമെങ്കില്‍ ജോലിക്കാരെ പറഞ്ഞുവിടും.’

മമ്മൂട്ടി ഇന്ന് പറഞ്ഞത്: ”ദിവസക്കൂലി കൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടു പേരുണ്ട്. അവര്‍ക്ക് കരുതിവെക്കുന്നതില്‍ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള, പരിചയമുള്ള മനുഷ്യരെ കുറിച്ച് ആലോചിക്കണം. അവര്‍ കരുതിവെക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കില്‍, നമ്മുടെ കരുതല്‍ അവര്‍ക്കു കൂടിയാകണം.”

Image result for mammootty and mohanlalരണ്ടു താരങ്ങള്‍; രണ്ടു നിലപാടുകള്‍. ഒരാള്‍ കാലിയായ പാത്രങ്ങള്‍ കൂട്ടിയടിച്ച് വൈറസുകളെ കൊല്ലുന്നതിനെ കുറിച്ചും ജോലിക്കാര്‍ എങ്ങനെയായാലും താനും തന്‍റെ കുടുംബവും എങ്ങനെ സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കുന്നു എന്നതിനെ കുറിച്ചും പറയുന്നു. മറ്റൊരാള്‍ ദിവസക്കൂലി കൊണ്ടു മാത്രം ജീവിക്കുന്നവരുടെ പാത്രം എങ്ങനെ കാലിയാകാതെ നോക്കണമെന്നും അവരെ കുറിച്ച് കരുതലുണ്ടാകണമെന്നും പറയുന്നു. ലാല്‍ പറഞ്ഞതിലെ അശാസ്ത്രീയതയേക്കാള്‍ ചിന്തിപ്പിച്ചത് സഹജീവികളെ കുറിച്ച് യാതൊരു ഉത്കണ്ഠയുമില്ലാത്ത അയാളിലെ മനോഭാവമാണ്. ഇത്രയധികം humanistic ആയി മാറിയ ഒരു സമൂഹത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ജോലിക്കാരെ പുറത്തുവിട്ട് തന്നെയും തന്‍റെ കുടുംബത്തെയും മാത്രം സുരക്ഷിതമാക്കാന്‍ തോന്നുന്നത്? മമ്മൂട്ടിക്ക് എങ്ങനെയാണ് ദിവസക്കൂലിക്കാരന്‍റെ വയര്‍ എരിയുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ തോന്നുന്നത്? അവരെ കുറിച്ച് കരുതലുണ്ടാകണമെന്ന് മറ്റുള്ളവരോടു പറയാന്‍ തോന്നുന്നത്?

കാരണം ഇരുവരും ചാഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയത്തിന്‍റെ പ്രത്യേകതയാണ്. ആദ്യത്തെയാള്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു എന്നു കരുതപ്പെടുന്നയാള്‍. രണ്ടാമത്തെയാള്‍ താരമാകുന്നതിനു മുന്‍പും ശേഷവും ഇടതുപക്ഷ ആഭിമുഖ്യം പ്രകടിച്ചുപോരുന്ന ആള്‍. ഇരുവരെയും കൊണ്ട് തങ്ങളുടെ ചുറ്റുപാടുകളെ വിലയിരുത്തിക്കുന്നതില്‍ ഇരു ധ്രുവങ്ങളിലുള്ള ആ രാഷ്ട്രീയങ്ങള്‍ക്കും പങ്കുണ്ട്. പ്ലാച്ചിമട സമരം കത്തിനില്‍ക്കുന്ന സമയത്ത് കൊക്ക കോളയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള കമ്പനിയുടെ ഓഫര്‍ വി.എസ്‌. അച്യുതാനന്ദനും പിണറായി വിജയനുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് ഉപേക്ഷിച്ചത് ഓര്‍ക്കുന്നു. കോടികള്‍ പ്രതിഫലം ലഭിക്കുന്നൊരു ഓഫറായിരുന്നു അത്.

തിരശീലയിലെ മോഹന്‍ലാലിനെ എന്നും മമ്മൂട്ടിയേക്കാള്‍ ഇഷ്ടമായിരുന്നു. പക്ഷേ അഭ്രപാളികള്‍ക്കു പുറത്ത് ജീവിക്കുന്ന ഞങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ മമ്മൂക്കയാണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതും ഏറ്റവുമധികം താരമൂല്യമുള്ളതും മോഹന്‍ലാലിനാണ്. പക്ഷേ സെന്‍സിന്‍റെയും സെന്‍സിബിലിറ്റിയുടെയും കാര്യത്തില്‍ നരസിംഹത്തിലെ നന്ദഗോപാല്‍ മാരാരുടേതു പോലെ തട്ട് താണു തന്നെ ഇരിക്കുന്നത് മമ്മൂട്ടിയുടേതാണ്.