കൊറോണ ഏറ്റവും നാശം വിതക്കുന്ന രാജ്യം അമേരിക്ക ആയേക്കാമെന്നാണ് WHO അഭിപ്രായപ്പെടാൻ കാരണമെന്ത് ?

0
304

Shymon Sebastian Parassery

ചൈനയില്‍ നിന്നുമുള്ള കാഴ്ചകളാണിത്. ഇനിയെങ്ങോട്ട് എന്ന് അറിയാതെ ഒരു മഹാമാരി സൃഷ്ടിച്ച ദുരന്തമുഖത്ത് ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ നമുക്ക് ഇനിയും ഭാവിയുണ്ടെന്നും മനുഷ്യന് അതിജീവിക്കാന്‍ കഴിയാത്തതൊന്നും തല്‍ക്കാലം ഈ ഭൂമിയിലില്ലെന്നും തെളിയിക്കുന്ന ആശ്വാസക്കാഴ്ചകള്‍.

ചൈനയില്‍ ജനജീവിതം പതുക്കെ സാധാരണ നിലയിലേക്ക് തിരിച്ചുവരുകയാണ്. പലയിടങ്ങളിലും സ്ക്കൂളുകള്‍ വീണ്ടും തുറന്നു. സിന്‍ജിയാങ്ങ് പ്രവിശ്യയിലെ മുഴുവന്‍ സ്ക്കൂളുകളും ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട വുഹാന്‍ ഉള്‍ക്കൊള്ളുന്ന ഹുബൈ പ്രവിശ്യയിലെ ലോക്ക്ഡൗണ്‍ ഇന്നു മുതല്‍ ഒഴിവാക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്ഥിതി അതീവ ഗുരുതരമായിരുന്ന വുഹാനിലെ ലോക്ക്ഡൗണ്‍ റെസ്ട്രിക്ഷന്‍സ് ഏപ്രില്‍ 8-ന് പൂര്‍ണമായും എടുത്തുകളയുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല ഫാക്ടറികളും കമ്പനികളും സ്ഥാപനങ്ങളും വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. കൊവിഡ് 19 സൃഷ്ടിച്ച ഭീതിയില്‍ നിന്നും മാവോയുടെ നാട്ടുകാര്‍ പതിയെ മുക്തരാകുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുതിയ പൊസിറ്റിവ് കേസുകള്‍ വളരെ കുറവാണ്. തെല്ലൊരു ആശ്വാസം ലഭിച്ചപ്പോള്‍ അവര്‍ ലോകമെങ്ങുമുള്ള നിരാലംബരായ ജനങ്ങള്‍ക്കു നേരെ തങ്ങളുടെ സഹായഹസ്തങ്ങള്‍ നീട്ടുകയാണ്.

പൊളിറ്റിക്കല്‍ ലീനിങ്സ് കമ്മ്യൂണിസ്റ്റ് പക്ഷത്ത് ആയിരിക്കുമ്പോള്‍ തന്നെ പറയട്ടെ ശാസ്ത്രസാങ്കേതിക രംഗത്ത് ചൈനയേക്കാള്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യം തന്നെയാണ് അമേരിക്ക. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മെഡിക്കല്‍ റിസര്‍ച്ചിന്‍റെ കാര്യത്തിലും ജി.ഡി.പി.യുടെ കാര്യത്തിലുമെല്ലാം മറ്റേതൊരു രാജ്യത്തേക്കാളും മുന്നില്‍ നില്‍ക്കുന്ന രാജ്യം. പക്ഷേ കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയില്‍ എങ്ങനെയാണ് ആ രാജ്യം പതറിപ്പോയത്? ലോകാരോഗ്യ സംഘടന ഇന്നു പുറത്തിറക്കിയ പ്രസ്താവന പറയുന്നത് കൊറോണ ഏറ്റവും നാശം വിതക്കുന്ന രാജ്യം അമേരിക്ക ആയേക്കാമെന്നാണ്. അര്‍ഹതയുള്ളവരുടെ അതിജീവനം (survival of the fittest) എന്ന മുതലാളിത്ത വ്യവസ്ഥിതിയുടെ പരാജയമാണ് അമേരിക്ക കാണിച്ചുതരുന്നത്. ജയിലുകള്‍ പോലും സ്വകാര്യവത്ക്കരിക്കപ്പെട്ട ഒരു നാട്ടില്‍ പൗരന്‍റെ ആരോഗ്യം എന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമേയല്ല. ആ മുതലാളിത്ത പരീക്ഷണം സൃഷ്ടിച്ച തിരിച്ചടിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് മുതലാളിത്വത്തിന്‍റെ പറുദീസയായ അമേരിക്ക.

അമേരിക്ക മാത്രമല്ല, മുതലാളിത്ത ലോകത്തെ ഇറ്റലിയും ജര്‍മ്മനിയും ബ്രിട്ടനുമെല്ലാം ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാകാതെ തരിച്ചുനില്‍ക്കുന്നു. മാര്‍ക്കറ്റ് സോഷ്യലിസത്തിന്‍റെ സാധ്യതകള്‍ പരീക്ഷിക്കുമ്പോള്‍ പോലും ചൈന ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാണ് അല്ലെങ്കില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രമാണ്. ഓരോ പൗരനും അവിടെ ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണ്. അര്‍ഹതയുള്ളവനെ മാത്രം അതിജീവിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥയല്ല അതിജീവിക്കാന്‍ എല്ലാവര്‍ക്കും അര്‍ഹതയുണ്ടെന്ന് വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രമാണ് ചൈനീസ് ഭരണകൂട വ്യവസ്ഥിതിയുടെ അടിത്തറ.

ക്യാപ്പിറ്റലിസ്റ്റ് വെസ്റ്റ് പതറിപ്പോയ ഒരു ദുരന്തമുഖത്ത് ചൈനയടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ അതിജീവനത്തിന്‍റെ പുത്തന്‍ മാതൃകകള്‍ തീര്‍ത്തത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ കമ്മ്യൂണിസ്റ്റ് ‘ഏകാധിപത്യ’ വ്യവസ്ഥിതിയെ ഇപ്പോളും പുലഭ്യം പറഞ്ഞ് പടിഞ്ഞാറോട്ട് നോക്കിയിരിക്കുകയാണ് ഇവിടെയുള്ള ‘ഫ്രീതിങ്കര്‍’ യുക്തിവാദികളടക്കമുള്ള ചിലര്‍. ഇത്ര കാലവും അവര്‍ മാതൃകയാക്കണമെന്ന് വാദിച്ചുകൊണ്ടിരുന്ന വെസ്റ്റേണ്‍ ക്യാപ്പിറ്റലിസ്റ്റ് ഡിമോക്രാസിയുടെ പൊള്ളത്തരം എന്താണെന്ന് കൊറോണ കാണിച്ചുതന്നെങ്കിലും ‘ചങ്കിലെ ചൈന’ എന്നു പറഞ്ഞ് പരിഹസിച്ചുകൊണ്ടിരിക്കുകയാണ് ഈ ഊളകള്‍. ആഫ്രിക്കന്‍ സിംഹങ്ങള്‍ അലറുന്നത് ‘ഗര്‍ര്‍ര്‍’ എന്നാണോ ‘ഗുര്‍ര്‍ര്‍’ എന്നാണോ എന്ന രീതിയിലുള്ള അങ്ങേയറ്റം സാമൂഹിക ‘പ്രാധാന്യമുള്ള’ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഈ എലീറ്റ് യുക്തിവാദികള്‍ക്ക് ലാഭം എന്നതിനപ്പുറം മനുഷ്യനെ മനുഷ്യനായി കണക്കാക്കുന്ന ഒരു പ്രത്യയശാസ്ത്രത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയാം. അവരോട് ഒന്നേ പറയാനുള്ളൂ കൊറോണക്ക് മാത്രമല്ല അസൂയക്കും കുശുമ്പിനും വരെ മരുന്ന് കണ്ടുപിടിച്ചാല്‍ പോലും നിന്‍റെയൊക്കെ കഴപ്പിന് മരുന്ന് കണ്ടുപിടിക്കാന്‍ പോകുന്നില്ല. ഈ ദുരിത കാലത്ത് ലോകത്തിന് അനുകരിക്കാന്‍ കഴിയുന്ന രണ്ടേ രണ്ടു മാതൃകകളേയുള്ളൂ. ഒന്ന് കമ്മ്യൂണിസ്റ്റ് ‘ഏകാധിപത്യം’ നിലനില്‍ക്കുന്ന ചൈനയുടേത്. മറ്റൊന്ന് കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളത്തിന്‍റേത്.