ഇന്ത്യയുടെ ആരോഗ്യമന്ത്രി എവിടെയെന്നോ ആരെന്നോ പോലും അറിയാത്തവർ ആണ് കേരളത്തിന്റെ ആരോഗ്യമന്ത്രി എവിടെയെന്നു ചോദിക്കുന്നത്

99
Shymon Sebastian Parassery
ആരാണ് ഇന്ത്യയുടെ ആരോഗ്യമന്ത്രി? എത്ര പേര്ക്കറിയാം? മഹാരാഷ്ട്രയുടെ ആരോഗ്യമന്ത്രി ആരാണ്? അമേരിക്കയുടെ സെക്രട്ടറി ഓഫ് ഹെല്ത്ത് ആരാണ്? ഗൂഗിളില് സെര്ച്ച് ചെയ്യാതെ എത്ര പേര്ക്കറിയാം ഇവരുടെയൊക്കെ പേരുകള്? കൊറോണ സൃഷ്ടിച്ച ഹെല്ത്ത് എമര്ജന്സിയെ കൈകാര്യം ചെയ്തതിന്റെ പേരില് പേരും പെരുമയും സമ്പാദിച്ച എത്ര ആരോഗ്യമന്ത്രിമാരുണ്ട് നമ്മുടെ രാജ്യത്ത്? ഒരാളെയെങ്കിലും നിങ്ങള് അറിയുമോ?
നിപയുടെ കാലത്ത് കാര്യങ്ങള് ഏറെക്കുറെ ഒറ്റയ്ക്കു കൈകാര്യം ചെയ്തിരുന്നത് ആരോഗ്യമന്ത്രി ശൈലജ ടീച്ചര് തന്നെയായിരുന്നു. ഒരു മെഡിക്കല് പ്രോബ്ലം അല്ലെങ്കില് ഹെല്ത്ത് എമര്ജന്സി എന്നതില് കവിഞ്ഞൊരു മാനം നിപയുടെ കാലത്ത് അതിന് ഉണ്ടായിരുന്നില്ല. എന്നാല് കൊറോണ സൃഷ്ടിച്ച പ്രതിസന്ധി അങ്ങനെയല്ല. കേവലമൊരു മെഡിക്കല് പ്രോബ്ലം എന്നതില് നിന്നും ഒരു സാമൂഹിക-സാമ്പത്തിക-ക്രമസമാധാന പ്രശ്നമായി അത് മാറിക്കഴിഞ്ഞു. നമ്മുടെ വിദ്യാഭ്യാസ മേഖലയെ, വ്യാവസായിക രംഗത്തെ, സാമ്പത്തിക മേഖലയെ, പൊതു ഗതാഗതത്തെ, ചരക്കുനീക്കങ്ങളെ, ടൂറിസം മേഖലയെ എന്നു വേണ്ട സമസ്ത മേഖലയെയും ഗ്രസിച്ച വിവിധ മാനങ്ങളുള്ള ഒരു വിഷയമായി കൊറോണക്കാലം വളര്ന്നു കഴിഞ്ഞു. കേരളത്തില് മാത്രമല്ല ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ലോകമെങ്ങും ഇതു തന്നെയാണ് അവസ്ഥ. അതുകൊണ്ടാണ് അമേരിക്കയുടെ ഹെല്ത്ത് സെക്രട്ടറി എന്തു പറയുന്നു എന്നതിനപ്പുറം പ്രസിഡന്റ് ഡോണല്ഡ് ട്രംപ് എന്തു പറയുന്നു എന്നതിന് പ്രാധാന്യമേറുന്നത്. ബ്രിട്ടീഷ് ആരോഗ്യമന്ത്രി പറയുന്നതിനേക്കാള് പ്രധാനമന്ത്രി ബോറിസ് ജോണ്സന് പറയുന്നത് കൂടുതല് പ്രസക്തമാകുന്നത്.
കേരളത്തില് കൊറോണയുടെ ഇന്ഡക്സ് കേസ് മുതലുള്ള ഏതാനും നാളുകള് അതൊരു ആരോഗ്യ പ്രശ്നം മാത്രമായിരുന്നു. ഇത്ര മേല് ഗ്രാവിറ്റിയുള്ള വിഷയമേ ആയിരുന്നില്ല അന്നത്. പിന്നീടത് ഒരു സാമൂഹിക പ്രശ്നമായി വളര്ന്നു. മറ്റെല്ലായിടങ്ങളിലും സംഭവിച്ചതു പോലെ. ആരോഗ്യമേഖലയെ മാത്രമല്ല മലയാളിയുടെ നിത്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്തംഭിപ്പിച്ചൊരു സാമൂഹിക പ്രാധാന്യമുള്ള വിഷയം. ശൈലജ ടീച്ചറില് നിന്നും പിണറായി ബാറ്റന് ഏറ്റെടുക്കുന്നത് അവിടം മുതലാണ്. ശൈലജ ടീച്ചറും അവരുടെ കീഴിലുള്ള ആരോഗ്യപവര്ത്തകരും മാത്രം കൂട്ടിയാല് കൂടുന്ന ഒന്നല്ലേ ഇന്ന് കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി. എല്ലാ വകുപ്പുകളെയും ബാധിച്ചൊരു വിഷയത്തെ മുന്നില് നിന്നും അഭിസംബോധന ചെയ്തു കൈകാര്യം ചെയ്യേണ്ടത് എല്ലാ വകുപ്പുകളുടെയും മേല്നോട്ട ചുമതലയുള്ള മുഖ്യമന്ത്രിയാണ്. കാരണം പൊതുഭരണത്തെ ബാധിച്ചൊരു പ്രതിസന്ധിയെ മുന്നില് നിന്നും നേരിടേണ്ടത് പൊതുഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ്. പൊലീസ്, ഐ.എ.എസ് എന്നു തുടങ്ങി എല്ലാ ഉദ്യോഗസ്ഥ സംവിധാനങ്ങളെയും ഏകോപിപ്പിക്കേണ്ടൊരു ദുരന്തകാലത്തെ മുന്നില് നിന്നും നേരിടേണ്ടത് ആഭ്യന്തര വകുപ്പും പൊതുഭരണ വകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ്. ആരോഗ്യമന്ത്രിക്കു മാത്രമായി ചെയ്തു തീര്ക്കാന് കഴിയുന്നൊരു പ്രതിസന്ധിയേയല്ലിത്.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില് രണ്ടു തവണയും ഈ വിഷയത്തില് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചത് പ്രധാനമന്ത്രിയാണ്. അന്നൊന്നും ഇന്ത്യയുടെ ആരോഗ്യമന്ത്രി എവിടെ എന്നു ചോദിക്കാത്തവര് കേരളത്തിലെ ആരോഗ്യമന്ത്രി ഇപ്പോള് എവിടെ എന്നു ചോദിക്കുന്നതിന്റെ പിന്നിലെ കുത്തിത്തിരിപ്പ് തിരിച്ചറിയാതെയല്ല ഇത്രയും പറഞ്ഞത്.