സിദ്ധരാമയ്യയില്‍ നിന്നും പിണറായി വിജയനിലേക്കുള്ള ദൂരം പ്രാകൃത മനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള ദൂരമാണ്

99
Shymon Sebastian Parassery
“കേരളത്തിൽ നിന്ന് ആരെയും കർണാടകത്തിലേക്ക് കയറ്റി വിടരുത്. കോവിഡ് ബാധിതരെ കേരളം കർണാടകയിലേക്ക് അയയ്ക്കുന്നു. ദക്ഷിണ കന്നഡ, കൊഡഗു, മൈസൂർ എന്നീ അതിർത്തികൾവഴിയാണ്‌ സംസ്ഥാനത്തേക്ക് വരുന്നത്‌. ഇവിടെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണം”.
സിദ്ധരാമയ്യയുടെ വാക്കുകളാണിത്. ഏതു സിദ്ധരാമയ്യ? കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. പിണറായി വിജയനോട് കണ്ടുപഠിക്കാന്‍ മുന്‍പ് വി.ടി. ബല്‍റാം ആവശ്യപ്പെട്ട സിദ്ധരാമയ്യ. ഉത്തര മലബാറിലെ ജനങ്ങളെ സംബന്ധിച്ച് ഏറ്റവും അടുത്തുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ മംഗലാപുരത്താണ്. ഇതിനകം നിരവധി രോഗികള്‍ അങ്ങോട്ടു പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു കഴിഞ്ഞു. ആ ഒരു സാഹചര്യത്തില്‍ പോലും ഇത്ര പ്രതിലോമകരമായൊരു നിലപാട് എടുക്കാന്‍ അയാളെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയത്തിന്‍റെ പേരാണ് കോണ്‍ഗ്രസ്.
ഇനി കേരളത്തിലേക്കു വരാം. കര്‍ണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമപദ്ധതികളും പാര്‍പ്പിട സൗകര്യങ്ങളും ഏര്‍പ്പെടുത്തിയൊരു സംസ്ഥാനമാണ് നമ്മുടേത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തീരുമാനമെടുത്ത് നടപ്പിലാക്കിയ കാര്യങ്ങളിലൊന്ന് ഇതായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെന്നും ഇതരസംസ്ഥാന തൊഴിലാളികളെന്നും ബംഗാളികളെന്നുമൊക്കെ അവജ്ഞയോടെ വിളിച്ചിരുന്ന ഈ വര്‍ക്ക് ഫോഴ്സിനെ അതിഥി തൊഴിലാളികള്‍ (guest workers) എന്നു വിളിക്കണമെന്ന് തീരുമാനിച്ച സര്‍ക്കാരാണ് നമ്മുടേത്. അങ്ങനെ വിളിക്കണമെന്ന് ശഠിച്ച മുഖ്യമന്ത്രിയാണ് പിണറായി. സമൂഹം പെട്ടെന്ന് അത് ഉള്‍ക്കൊണ്ടില്ലെങ്കിലും പതുക്കെ ആ വിളി ശീലിച്ചു തുടങ്ങി. മനുഷ്യരെ എങ്ങനെ കാണണമെന്ന് തീരുമാനിക്കുന്നത് കാഴ്ചക്കാരന്‍റെ രാഷ്ട്രീയമാണ്. അവരുടെ ഉള്ളിലിരുപ്പുകളാണ്. സിദ്ധരാമയ്യയില്‍ നിന്നും പിണറായി വിജയനിലേക്കുള്ള ദൂരം ഹോമോ ഇറക്റ്റസില്‍ നിന്നും നിയാണ്ടര്‍ത്താല്‍ മനുഷ്യരില്‍ നിന്നും ഹോമോസാപ്പിയന്‍സിലേക്കുള്ള അതായത് ആധുനിക മനുഷ്യരിലേക്കുള്ള ദൂരമാണ്. ഒന്ന് അതിരുകള്‍ക്കപ്പുറത്തുള്ള മനുഷ്യനെ വെറുക്കുന്ന ഗോത്രീയതയാണ് (സൈബര്‍ കൊങ്ങി യുക്തന്‍മാര്‍ക്ക് വളരെ പരിചിതമാണ് ഈ വാക്ക്). മറ്റൊന്ന് സങ്കുചിത ദേശീയ-പ്രാദേശിക വികാരങ്ങള്‍ക്കപ്പുറം മാനവികതയെ ഉദ്ഘോഷിക്കുന്ന സാര്‍വ്വദേശീയതയുടെ രാഷ്ട്രീയവും.