ഇയാള്‍ എപ്പോളും ചിരിക്കാറില്ല, പക്ഷേ, ഒട്ടിച്ചുവച്ച ചിരിയുമായി ഈ മനുഷ്യന്‍ ആരെയും പറ്റിക്കാറില്ല

79

Politicians Should Be Given Adequate Respect: Kerala Chief ...Shymon Sebastian Parassery

സെന്‍കുമാര്‍ മുതല്‍ പ്രളയം വരെ, പിന്നീട് ശബരിമല മുതല്‍ ഇപ്പോള്‍ കൊവിഡ് വരെയുള്ള എല്ലാ വിഷയങ്ങളിലും ഈ ”ചോവന്‍റെ മകന്‍” എടുത്ത തീരുമാനങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പിണറായി വിജയന്‍ ഇ.എം.എസിനെ പോലെ പാണ്ഡിത്യത്തിന്‍റെ ഒരു കടലല്ല; മാര്‍ക്സിയന്‍ ദര്‍ശനങ്ങളെ വിശദീകരിക്കുന്ന ഒരു സൈദ്ധാന്തികനല്ല; സദസിനെ കോരിത്തരിപ്പിക്കുന്ന രീതിയിലുള്ള വാക്ചാതുരിക്ക് ഉടമയുമല്ല. പക്ഷേ, പറയുന്ന ഓരോ വാക്കിലും വ്യക്തതയുള്ള, ഓരോ വാക്കും അളന്നുതൂക്കി ഉപയോഗിക്കുന്ന, വാക്കും പ്രവൃത്തിയും തമ്മില്‍ അകലം സൂക്ഷിക്കാത്ത നേരും നെറിയുമുള്ള സഖാവാണ്, രാഷ്ട്രീയക്കാരനാണ്. ഇയാള്‍ എപ്പോളും ചിരിക്കാറില്ല. പക്ഷേ, ഒട്ടിച്ചുവച്ച ചിരിയുമായി ഈ മനുഷ്യന്‍ ആരെയും പറ്റിക്കാറില്ല. എപ്പോളും ചിരിക്കാത്ത പ്രകൃതം അദ്ദേഹത്തിന്‍റെ ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിനു സമ്മാനിച്ചതായിരിക്കണം. കഷ്ടപ്പാടില്ലാത്ത കുട്ടിക്കാലമോ, ദാരിദ്ര്യമില്ലാത്ത കൗമാരമോ പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റിന്‍റെ ഭൂതകാലത്തിന്‍റെ ഭാഗമല്ല. മനസ് നിറഞ്ഞു ചിരിക്കാനുള്ള കാരണങ്ങള്‍ കുറവായൊരു കുട്ടിക്കാലവും കൗമാരവും ആയിരിക്കാം ഗൗരവക്കാരനായ, ‘ചിരിക്കാത്ത’, കണ്ണൂര്‍ ‘ധാര്‍ഷ്ഠ്യ’മുള്ള പിണറായി വിജയന്‍ എന്ന മാര്‍ക്സിസ്റ്റിനെ പില്‍ക്കാലത്ത് രൂപപ്പെടുത്തിയത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പദവിയിലിരുന്ന പതിനേഴു വര്‍ഷക്കാലം ഈ മനുഷ്യനെ കുറിച്ച് പാര്‍ട്ടിക്കു പുറത്ത് (അകത്തുള്ള ചിലരിലും) സൃഷ്ടിച്ച പ്രതിച്ഛായ ‘എകാധിപതി’ എന്നതായിരുന്നു. അത്തരമൊരു പ്രതിച്ഛായ നിര്‍മ്മിതിക്ക് മനോരമ നയിക്കുന്ന വാര്‍ത്താ സംസ്ക്കാരം വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ഒരു കമ്മ്യൂണിസ്റ്റ് ഏറ്റവും ഉത്തമനായ കമ്മ്യൂണിസ്റ്റ് ആയിരിക്കുന്നത് അയാള്‍ വര്‍ഗശത്രുക്കളാല്‍ നിരന്തരം ആക്രമിക്കപ്പെടുമ്പോളാണ് എന്ന കമ്മ്യൂണിസ്റ്റ് പൊതുബോധം പിണറായിയുടെ കാര്യത്തില്‍ നൂറു ശതമാനം ശരിയാണ്. വി.എസ്.,അച്യുതാനന്ദന്‍റെ കാര്യത്തിലും ഇത് ശരിയായിരുന്നു. വി.എസ് പാര്‍ട്ടി സെക്രട്ടറിയായി സംഘടനാപരമായ കാര്യങ്ങളില്‍ വ്യാപൃതനായിരുന്ന കാലത്ത് അദ്ദേഹത്തെ കുറിച്ച് സൃഷ്ടിക്കപ്പെട്ട പൊതുബോധം ‘വെട്ടിനിരത്തലുകാരന്‍’, ‘വികസനവിരോധി’, ‘മുരടന്‍’, ‘കൂടെയുള്ള സഖാക്കളെ വെട്ടിവീഴ്ത്തുന്നവന്‍’ എന്നെല്ലാമായിരുന്നു. പക്ഷേ, 2001 മുതല്‍ 2006 വരെ വി.എസ് പ്രതിപക്ഷ നേതാവായിരുന്ന കാലയളവ് അദ്ദേഹത്തിന് ‘ജനകീയന്‍’ എന്നൊരു പ്രതിച്ഛായ നല്‍കി. പലപ്പോഴും പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഒരു തലക്കല്‍ വി.എസ് ഉണ്ടായിരുന്നതിനാല്‍ വി.എസിന്‍റെ ജനകീയത സി.പി.ഐ-എമ്മിന്‍റെ ലെനിനിസ്റ്റ് സംഘടനാ ചട്ടക്കുടിനെ ദുര്‍ബലമാക്കുന്നതിന് ഉതകുന്ന രീതിയിലാണ് ഇവിടെയുള്ള വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും കണ്ടത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പദവിയില്‍ നിന്നും പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പിണറായി വിജയന്‍ എന്ന ചിരിക്കാത്ത കമ്മ്യൂണിസ്റ്റ് അടിയുറച്ച സി.പി.ഐ (എം) അണികള്‍ക്കു പുറത്തുള്ള പൊതുസമൂഹത്തിലെ ഒരു വിഭാഗത്തിനു കൂടി സ്വീകാര്യനായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ നാലു വര്‍ഷക്കാലയളവില്‍ കാണാന്‍ കഴിഞ്ഞത്. ‘വെട്ടിനിരത്തലുകാരനാ’യ വി.എസ് ജനകീയനായതു പോലെ ‘ചിരിക്കാത്ത’ പിണറായിയും ജനകീയനായി. പക്ഷേ, വി.എസിനെ അപേക്ഷിച്ച് പിണറായിയുടെ പൊതുസമൂഹത്തിലെ ജനകീയത hard-earned ആണ്. കാരണം വി.എസിനു ലഭിച്ചതു പോലെയൊരു മാധ്യമ പിന്തുണയുടെ പിന്‍ബലത്തിലല്ല പിണറായി ജനകീയത നേടിയെടുത്തത്. അന്നത്തെ പോലെ ഇന്നും പുറത്തു കടക്കേണ്ടവരോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞു തന്നെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ‘മൗള്‍ഡി’ല്‍ ഇപ്പോളും തുടരുന്ന പിണറായി ജനകീയ മുഖ്യമന്ത്രിയായി മാറിയത്. This comrade is our comrade. He is the right politician for the right time.
Happy birthday comrade and many happy returns of the day.