ടി. സിദ്ധീഖിന്‍റെ ന്യായീകരണ വീഡിയോ കണ്ടു, ഇയാള്‍ എത്ര മാത്രം വലിയ ഉഡായിപ്പാണ്

2733

എഴുതിയത്  : Shymon Sebastian Parassery

ടി. സിദ്ധീഖിന്‍റെ ന്യായീകരണ വീഡിയോ കണ്ടു. ഇയാള്‍ എത്ര മാത്രം വലിയ ഉഡായിപ്പാണെന്ന് അതു കണ്ടപ്പോളാണ് ശരിക്കും ബോധ്യമായത്‌. മരുഭൂമിയിലെ കാറ്റില്‍ താന്‍ ആടിപ്പോയതാണെന്നും സി.പി.എമ്മുകാര്‍ മാന്യനായ തന്നെ അവഹേളിക്കാന്‍ വേണ്ടി വ്യാജപ്രചരണം നടത്തുകയാണെന്നുമാണ് അയാള്‍ പറയുന്നത്. ഇനി സിദ്ധീഖിനോട് ചില ചോദ്യങ്ങള്‍.

1. സിദ്ധീഖ് ആടിപ്പോകുന്ന തരത്തിലുള്ള ശക്തമായ കാറ്റ് ഉണ്ടായിരുന്നിട്ടും അവിടെയുണ്ടായിരുന്ന ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളോ ചെറിയ കാറ്റില്‍ പോലും പാറിപ്പോകുന്ന ഡിസ്പോസിബിള്‍ കപ്പുകളോ പാറുന്നില്ല. സിദ്ധീഖിന്‍റെ ഭാര്യയോ മകനോ ആടിപ്പോകുന്നില്ല. എന്തിന് ഭാര്യയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ഷാളോ സിദ്ധീഖിന്‍റെ ഉടുമുണ്ടോ പോലും കാറ്റില്‍ പാറുന്നില്ല. സിദ്ധീഖിനെ മാത്രം ആട്ടിയ, ഇത്രയും പ്രതികാരബുദ്ധിയോടെ വീശിയ കാറ്റ് സി.പി.എമ്മുകാര്‍ അയച്ചതാണോ?

2. ഇത് ലൈവാണ് എന്ന് ഭാര്യ മുന്നറിയിപ്പു പോലെ പറഞ്ഞപ്പോള്‍ ”ലൈവ് ഇടല്ലേ, മോശമാണ്” എന്ന് നിങ്ങള്‍ പറഞ്ഞത് എന്തിനാണ്? താങ്കളും താങ്കളുടെ ഭാര്യയും ഇതിനും മുന്‍പും ഫെയ്സ്ബുക്കില്‍ ലൈവ് ഇട്ടിട്ടുണ്ടല്ലോ? മിനിഞ്ഞാന്ന് മാത്രം അതെങ്ങനെയാണ് മോശമാകുന്നത്? ബെഡ്റൂമില്‍ നിന്നൊന്നും ആയിരുന്നില്ലല്ലോ ഭാര്യ ലൈവിട്ടത്?

3. തറയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന സിദ്ധീഖിനോട് എണീക്കല്ലേ വീഴും എന്ന് ഭാര്യ പറയുന്നുണ്ട്. മരുഭൂമിയില്‍ ഇരിക്കുന്ന ആളുകളൊന്നും എഴുന്നേല്‍ക്കാറില്ലേ? അപ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്ത ഒരു സാഹചര്യത്തിലായിരുന്നു അപ്പോള്‍ സിദ്ധീഖെന്ന് വ്യക്തം. ശരിയല്ലേ?

4. ഏതാണ് ബ്രാന്‍ഡ് എന്ന് കമന്‍റായി വന്ന ചോദ്യത്തിന് വോഡ്ക എന്ന് മറുപടി നല്‍കിയത് സിദ്ധീഖിന്‍റെ ഭാര്യ തന്നെയല്ലേ?

5. സംഗതി വിവാദമായപ്പോള്‍ സിദ്ധീഖിന്‍റെ ഭാര്യ എന്തിനാണ് ആ വീഡിയോ ഡിലീറ്റ് ചെയ്തത്?

മിസ്റ്റര്‍ സിദ്ധീഖ് നിങ്ങള്‍ ഒരു കാര്യം മനസിലാക്കുക. നിങ്ങള്‍ വെള്ളമടിക്കുന്നതിന് നിങ്ങളുടെ പാര്‍ട്ടിയിലോ ഇന്ത്യാ മഹാരാജ്യത്തോ നിങ്ങള്‍ ഡെസര്‍ട്ട് സഫാരിക്കു പോയ ദുബൈയിലോ വിലക്കുകളൊന്നുമില്ല. പിന്നെന്തിനാണ് ഈ നാടകം? എന്‍റെ കാശ് കൊണ്ട് ഞാന്‍ വെള്ളമടിക്കുന്നു; അതിന് നിങ്ങള്‍ക്കെന്താ എന്നു പറഞ്ഞ് നിങ്ങള്‍ ഇതിനെ നേരിട്ടിരുന്നെങ്കില്‍ നട്ടെല്ലുള്ളവനാണ് സിദ്ധീഖ് എന്നു പറയാമായിരുന്നു. ഇതിപ്പോള്‍ ഒരാള്‍ വെള്ളമടിച്ച് നിലത്തു വീണ് ഉരുളുന്നതിനേക്കാള്‍ കൂടുതല്‍ ആ ന്യായീകരണ വീഡിയോയില്‍ നിങ്ങള്‍ ഉരുളുന്നുണ്ട്. കെട്ട് ഇറങ്ങാത്തതു കൊണ്ടായിരിക്കും അല്ലേ? സ്വാഭാവികം.

നിങ്ങളും കുടുംബവും ഉല്ലാസയാത്ര പോയിടത്ത് സഖാക്കള്‍ ഒളിക്ക്യാമറ വെച്ച് പകര്‍ത്തിയതല്ല ആ വീഡിയ. നിങ്ങളുടെ ഭാര്യ തന്നെയാണ് ആ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ ലോകം മുഴുവന്‍ കാണിച്ചത്. അപ്പോള്‍ കേസ് കൊടുക്കുമ്പോള്‍ ഭാര്യ തന്നെയാകണം ഒന്നാം പ്രതി. വ്യാജപ്രചരണം നടത്തുന്നത് സ്വന്തം ഭാര്യയാണെങ്കില്‍ പോലും വെറുതെ വിടരുത് സിദ്ധീഖേ. സഖാക്കള്‍ക്ക് ഇതില്‍ എങ്ങനെ വ്യാജപ്രചരണം നടത്താന്‍ കഴിയുമെന്നാണ് സിദ്ധീഖ് പറയുന്നത്? എഡിറ്റ് ചെയ്തതോ doctored ആയതോ അല്ലാത്തതായ ഒരു വീഡിയോ ഉപയോഗിച്ച് സഖാക്കള്‍ എങ്ങനെയാണ് വ്യാജപ്രചരണം നടത്തുക? അടിച്ച് പിമ്പിരിയായപ്പോള്‍ പോയ കിളി ഇതു വരെ വന്നില്ലേ?

സിദ്ധീഖ് മാത്രം ആടിപ്പോയ മരുഭൂമിയിലെ കാറ്റിനെ കുറിച്ച് കേട്ടപ്പോള്‍ ഓര്‍മ വന്നത് ‘കല്ല്യാണരാമനി’ലെ ഇന്നസെന്‍റ് കഥാപാത്രം പോഞ്ഞിക്കരയുടെ ഡയലോഗാണ്. ആ സിനിമയില്‍ പോഞ്ഞിക്കര പറയുന്നുണ്ട് ”ചെന്തെങ്ങിന്‍റെ കുലയാണെങ്കില്‍ ആടും, പക്ഷേ നാടന്‍ തെങ്ങിന്‍റെ കുലയാണെങ്കില്‍ ആടില്ല എനിക്ക് അനുഭവമുള്ളതാണ്”എന്ന്. അതു പോലെ മരുഭൂമിയിലെ ‘ശക്തമായ’ കാറ്റില്‍ സിദ്ധീഖിനേക്കാള്‍ കരുത്ത് കുറഞ്ഞ അയാളുടെ ഭാര്യയോ മകനോ കടലാസ് കഷണങ്ങളോ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളോ സിദ്ധീഖിന്‍റെ ഉടുമുണ്ടോ പോലും പാറില്ല. പക്ഷേ സിദ്ധീഖ് പാറും. അതുകൊണ്ട് ഇനി മുതല്‍ മറ്റു ഡെക്കറേഷനുകളൊന്നും ആവശ്യമില്ല. കാറ്റാടി സിദ്ധീഖ്‌. അത്ര മതി.

മറ്റൊരു കാര്യം കൂടിയുണ്ട്. സിദ്ധീഖിന്‍റെ ന്യായീകരണ വീഡിയോ കണ്ടെങ്കില്‍ ഒരു കാര്യം മനസിലാകും. ലൈറ്റൊക്കെ ഡിം ചെയ്ത ഒരു മുറിയിലാണ് ആ വീഡിയോ എടുത്തിരിക്കുന്നത്. വെളിച്ചക്കുറവ് ഉള്ളതിനാല്‍ അയാളുടെ മുഖം വ്യക്തമായി കാണാനാകില്ല. ഇത് തലേ ദിവസത്തെ ഹാങ്ങോവര്‍ വിടാത്തതു കൊണ്ടൊന്നുമല്ല വെറുതെ ഒരു വെറൈറ്റിക്കു വേണ്ടിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അറിയിച്ചിട്ടുണ്ട്.

മദ്യപിക്കാനും പാറാനും ആടാനുമുള്ള സിദ്ധീഖിന്‍റെ സ്വാതന്ത്ര്യത്തിനൊപ്പം നില്‍ക്കുന്നു. ഏത് ‘വീഴ്ച’യിലും ഏത് ‘ഇടര്‍ച്ച’യിലും പ്രബുദ്ധ കേരളം കൂടെയുണ്ടാകും.

NB: രാഹുല്‍ജിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ സിദ്ധീഖ്ജിയുടെ കാലുകള്‍ക്ക് ശക്തി പകരണേ നാഥാ.