അന്‍പത് വയസിനിടെ കൊന്നൊടുക്കിയത് ആറു പാപ്പാന്‍മാരടക്കം പതിമൂന്ന് മനുഷ്യരെ !

0
1127

Shymon Sebastian Parassery എഴുതുന്നു 

അന്‍പത് വയസിനിടെ കൊന്നൊടുക്കിയത് ആറു പാപ്പാന്‍മാരടക്കം പതിമൂന്ന് മനുഷ്യരെ. എന്നിട്ടും നട തള്ളിത്തുറക്കാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തന്നെ ആനപ്രേമികള്‍ക്ക് വേണമത്രെ. ഈ ആനയെ ഉത്സവ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിലടക്കം പങ്കെടുപ്പിക്കേണ്ടതില്ലെന്നും വിലക്ക് തുടരാമെന്നുമാണ് തൃശൂര്‍ കളക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണ സമിതി യോഗം തീരുമാനിച്ചത്. നല്ല തീരുമാനം. ആന ഒരു നാട്ടുമൃഗം ആണെന്നത് മിഥ്യാധാരണ മാത്രമാണ്.

Shymon Sebastian Parassery
Shymon Sebastian Parassery

‘ആന ഒരു നാട്ടുമൃഗമല്ലെന്നും അതൊരു വന്യജീവി/കാട്ടുമൃഗം ആണെന്നുമുള്ള ബോധം എന്നാണ് നമ്മുടെ ആളുകള്‍ക്ക് ഉണ്ടാകുക? കാട്ടില്‍ സ്വതന്ത്ര വിഹാരം നടത്തുന്ന ഇവറ്റകളെ വാരിക്കുഴി ഒരുക്കി പിടികൂടും, എന്നിട്ട് ശേഖരന്‍, കുട്ടിശങ്കരന്‍, അനന്തന്‍ എന്നൊക്കെയുള്ള പേരുകളിട്ട് മെരുക്കിയെടുക്കും (ഇണക്കിവളര്‍ത്തലല്ല). നായ, പശു, എരുമ, ആട് എന്നിവയെപ്പോലെ മനുഷ്യന്‍ ഇണക്കി വളര്‍ത്തിയെടുത്ത (domesticate) ഒരു മൃഗമല്ല ആന എന്നത്. ഒരു കാലത്തും ഡൊമെസ്റ്റിക്കേറ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത ജീവിയാണ് ആന. ഡൊമെസ്റ്റിക്കേറ്റ് ചെയ്യപ്പെടാത്ത ജീവികളെ മനുഷ്യന്‍റെ ആവാസവ്യവസ്ഥയില്‍ മനുഷ്യനോടൊപ്പം വളര്‍ത്തുക എന്നത് വളരെയധികം അപകടകരമായ കാര്യമാണ്. പ്രത്യേകിച്ചും ആനയെ പോലെ ഇത്രയും കരുത്തുള്ള ഒരു മൃഗത്തെ.

വാരിക്കുഴിയില്‍ വീണ് മനുഷ്യന്‍റെ തടവില്‍ ആകുന്ന ആനകള്‍ (captive elephants) ഒരിക്കലും മനുഷ്യനോട് ഇണങ്ങില്ല. മറിച്ച്, അവ മെരുങ്ങുകയാണ് ചെയ്യുന്നത്. ആനകള്‍ അതിനെ വളര്‍ത്തുന്നവരോടും പരിപാലിക്കുന്നവരോടും അടുപ്പം കാണിക്കും. പക്ഷേ, അത് ഇണങ്ങലല്ല. സ്ഥിരമായ സംസര്‍ഗത്തിലൂടെ വന്യജീവികളില്‍ മനുഷ്യനോട് ഉണ്ടാകുന്ന ഈ അടുപ്പത്തിന് imprinting എന്നു പറയും ഇംഗ്ലീഷില്‍. ആനയെന്നല്ല, മനുഷ്യന്‍ മെരുക്കിയെടുക്കുന്ന ഒരു മൃഗവും ഡൊമെസ്റ്റിക്കേറ്റ് ചെയ്യപ്പെട്ട നാട്ടുമൃഗങ്ങള്‍ ആയി മാറുന്നില്ല. മനുഷ്യരോട് എത്ര അടുപ്പം കാണിച്ചാലും അവയുടെ വന്യമായ ചോദനകള്‍ (wild instincts) അവയെ വിട്ടുപോകുന്നില്ല. അത്തരം ജീവികളുമായുള്ള സഹവാസം അപകടകരമാണ്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ആനകളും അവ ഇടയ്ക്കിടെ നടത്തുന്ന ഇത്തരം നരഹത്യകളും.

ഡൊമെസ്റ്റിക്കേഷന്‍ (domestication) എന്നത് ഒരു സ്പീഷിസിന്‍റെ നിരവധി തലമുറകളിലൂടെ കടന്നുപോകുന്ന ഒരു പ്രക്രിയയാണ്. ഏതെങ്കിലും ഒരു വന്യജീവിയെ അതിന്‍റെ ആയുഷ്ക്കാലത്തിനുള്ളില്‍ ഡൊമെസ്റ്റിക്കേറ്റ് ചെയ്യാനാകില്ല. കുറഞ്ഞത് പന്ത്രണ്ട് തലമുറകളെങ്കിലും കാത്തിരിക്കണം ഒരു വന്യജീവിയുടെ ഡൊമെസ്റ്റിക്കേറ്റ് ചെയ്യപ്പെട്ട ബ്രീഡുകളെ ലഭിക്കാന്‍ എന്നാണ് വിദഗ്ദര്‍ പറയുന്നത്. മൃഗങ്ങളുടെയോ പക്ഷികളുടെയോ സസ്യങ്ങളുടെയോ തിരഞ്ഞെടുത്ത ഒരു വിഭാഗത്തിലെ മനുഷ്യന് ആവശ്യമായ ഗുണങ്ങളെ മാത്രം പരിപോഷിപ്പിച്ചു കൊണ്ടോ നിലനിര്‍ത്തിക്കൊണ്ടോ നിരവധി തലമുറകളിലൂടെ സിലക്റ്റീവ് ബ്രീഡിങ് നടത്തിയാണ് അവയെ ഡൊമെസ്റ്റിക്കേറ്റ് ചെയ്യുന്നത്. അങ്ങനെയാണ് ഒരു കാട്ടുമൃഗം നാട്ടുമൃഗമായി മാറുന്നത്. മനുഷ്യന് ആവശ്യമായ ഗുണങ്ങളുള്ള ഇനങ്ങളെ മാത്രം ഇണചേര്‍ക്കുന്ന പ്രജനന രീതിയാണ് സിലക്റ്റീവ് ബ്രീഡിങ്. ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തത്തില്‍ പ്രകൃതി നിര്‍ദ്ധാരണത്തെ (natural selection) കുറിച്ച് പറയുന്നുണ്ട്. അതിജീവിക്കാന്‍ ശേഷിയുള്ള സ്പീഷിസുകളെ മാത്രം പ്രകൃതി നിലനിര്‍ത്തുന്നതിനാണ് പ്രകൃതി നിര്‍ദ്ധാരണം എന്നു പറയുന്നത്. സിലക്റ്റീവ് ബ്രീഡിങ്ങിലൂടെ അതിജീവിക്കാനും മനുഷ്യന്‍റെ ആവാസവ്യവസ്ഥയില്‍ ജീവിക്കാനും ജനിതകമായ കഴിവുകളുള്ള ജീവികളെ മനുഷ്യന്‍ ഉരുത്തിരിച്ചെടുക്കുന്നതിലൂടെയാണ് ഒരു വന്യജീവിക്ക് അതിന്‍റെ വന്യമായ ചോദനകള്‍ നഷ്ടപ്പെട്ട് മനുഷ്യനോട് ഇണക്കമുള്ള ജീവികളായി മാറാണ്‍ കഴിയുന്നത്.

നായയാണ് മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ അല്ലെങ്കില്‍ ഡൊമെസ്റ്റിക്കേറ്റ് ചെയ്ത വന്യമൃഗം. പിന്നീട് ചെമ്മരിയാടുകളെ ഇണക്കി വളര്‍ത്തി. പിന്നീട് പശു, ആട്, എരുമ, പൂച്ച, കോഴി എന്നിങ്ങനെയുള്ള ജീവികളെയും. നാം ഇന്നു കൃഷി ചെയ്യുന്ന നെല്ല് ഉള്‍പ്പെടെയുള്ള എല്ലാ കാര്‍ഷികവിളകളും മനുഷ്യന്‍ നീണ്ട കാലയളവുകളിലൂടെ ഡൊമെസ്റ്റിക്കേറ്റ് ചെയ്തവയാണ്. 40000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നായ്ക്കളില്‍ നിന്നും മനുഷ്യന്‍ സിലക്റ്റീവ് ബ്രീഡിങ്ങിലൂടെ ഡൊമെസ്റ്റിക്കേറ്റ് ചെയ്തെടുത്തവയാണ് ഇന്നത്തെ നായ്ക്കള്‍. ഇന്നു കാടുകളില്‍ അവശേഷിക്കുന്ന ചാര ചെന്നായ്ക്കളാണ് ആധുനിക നായ്ക്കളുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ (sister taxa). എല്ലാ നായ്ക്കളും 99.98% ശതമാനവും ചെന്നായ്ക്കളാണ്. ജനിതകമായി ഇത്രയേറെ അടുപ്പമുണ്ടായിട്ടും നായ്ക്കളുടെയും ചെന്നായ്ക്കളുടെയും സ്വഭാവരീതികള്‍ എത്ര വ്യത്യസ്തമാണ്? ഡൊമെസ്റ്റിക്കേഷനിലൂടെയാണ് മനുഷ്യനോട് ഏറ്റവുമധികം സ്നേഹവും വിശ്വസ്തതയും കാണിക്കുന്ന ജീവികളായ നായ്ക്കളെ മനുഷ്യന്‍ ബ്രീഡ് ചെയ്തെടുത്തത്. ജനിതകമായി ഇത്രയേറെ ഇത്രയേറെ സാമ്യമുണ്ടായിട്ടു പോലും ചെന്നായ്ക്കളെ മെരുക്കി വളര്‍ത്തുന്നത് അപകടകരമായ കാര്യമായാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍ ഇത്രയും വലിയ ജീവികളായ ആനകളുടെ കാര്യം പറയാനുണ്ടോ?

പലരുടെയും ധാരണക്ക് വിരുദ്ധമായി ആനകള്‍ ഒരു കാലത്തും ഡൊമെസ്റ്റിക്കേറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഒരു പ്രസവത്തില്‍ ഒരു കുഞ്ഞു മാത്രം ഉണ്ടാകുന്നതു കൊണ്ടായിരിക്കാം ആനകളെ മനുഷ്യന്‍ ഡൊമെസ്റ്റിക്കേറ്റ് ചെയ്യാതിരുന്നത്. മിക്ക ആനകളെയും കാട്ടില്‍ നിന്നും പിടികൂടുകയാണ് ചെയ്യുന്നത്. സിലക്റ്റീവ് ബ്രീഡിങ്ങിലൂടെ മനുഷ്യനോടൊത്തുള്ള സഹവാസത്തിന് അനുയോജ്യമായ രീതിയില്‍ ആനകളെ ഒരിക്കലും ബ്രീഡ് ചെയ്യുന്നില്ല. കാട്ടില്‍ നിന്നും പിടികൂടപ്പെട്ട് മനുഷ്യന്‍റെ തടവറയിലാകുന്ന ആനകള്‍ മറ്റൊരു നിര്‍വ്വാഹവുമില്ലാത്തതിനാല്‍ മെരുങ്ങുക മാത്രമാണ് ചെയ്യുന്നത്. പക്ഷേ, അവസരം കിട്ടുമ്പോളെല്ലാം അവ അവയുടെ വന്യമായ സ്വഭാവം കാണിക്കുകയും ചെയ്യുന്നു. ഏതു ദൈവത്തിനു മുന്‍പില്‍ നടയിരുത്തിയാലും ഏത് ഉത്സവത്തിന് എഴുന്നള്ളിച്ചാലും എന്തു പേരിട്ടു വിളിച്ചാലും കാട്ടിലായാലും നാട്ടിലായാലും ആന ഒരു കാട്ടുമൃഗം മാത്രമാണ്’.