വാരിയംകുന്നത്തിന്‍റെ ജീവിതം തിരക്കഥ എഴുതുന്നത് മൗദൂദിസ്റ്റുകളോ

0
143

Shymon Sebastian Parassery

ഒരു സിനിമയെ കുറിച്ചുള്ള അഭിപ്രായം പറയണമെങ്കില്‍ അത് പുറത്തിറങ്ങി കണ്ട ശേഷമേ കഴിയൂ. ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാരിയംകുന്നന്‍’ എന്ന ചിത്രത്തോടുള്ള വിമര്‍ശനങ്ങള്‍ രണ്ടു കോണുകളില്‍ നിന്നാണ്. ഒന്ന് മുസ്ലിംവിരുദ്ധത പ്രഖ്യാപിത നിലപാടായിട്ടുള്ള സംഘ്പരിവാറില്‍ നിന്ന്. വിശ്വാസിയായ ഒരു മുസ്ലിമിനെ പൊസിറ്റിവ് ലൈറ്റില്‍ ആഘോഷിക്കുന്ന എന്തിനെയും സംഘ്പരിവാര്‍ എതിര്‍ക്കാറുണ്ട്. അതുകൊണ്ടാണ് അവര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ചരിത്രപരമായ പങ്കിനെ നിഷേധിക്കുന്നതും മലബാര്‍ കലാപത്തെ ‘മാപ്പിള ലഹള’ എന്ന് അധിക്ഷേപിക്കുന്നതും. മുസ്ലിംവിരോധം ഞരമ്പുകളില്‍ ഓടുന്ന സംഘ്പരിവാറെന്ന അര്‍ദ്ധ-ഫാഷിസ്റ്റുകളുടെ ആഷിഖ് അബു ചിത്രത്തോടുള്ള എതിര്‍പ്പിന്‍റെ കാരണവും അതു തന്നെ.

ചിത്രത്തോടു വിമര്‍ശനമുള്ള രണ്ടാമത്തെ കൂട്ടരുടെ പ്രശ്നം വാരിയംകുന്നത്തെന്ന ധീരദേശാഭിമാനിയോ അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യസമരത്തിലെ ചരിത്രപരമായ പങ്കിനെ പൊസിറ്റിവ് ലൈറ്റില്‍ സിനിമ ആഘോഷിക്കുന്നതോ ഒന്നുമല്ല. മറിച്ച് നാം ആഘോഷിക്കേണ്ട ഒരു ചരിത്രപുരുഷന്‍റെ കഥ പറയാന്‍ പോകുന്നവരുടെ രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ്. ഞാന്‍ ആ രണ്ടാമത്തെ വിഭാഗത്തിലാണ്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരില്‍ മിക്കവരും പ്രഖ്യാപിത ഇസ്ലാമിസ്റ്റുകളാണ്. തീവ്ര മതമൗലികവാദ നിലപാടുകള്‍ ഉള്ളവരാണ്. നാളിതു വരെ സിനിമയും സംഗീതവുമെല്ലാം ഹറാമാണെന്നും അനിസ്ലാമികമാണെന്നും പറഞ്ഞുനടന്നവര്‍. ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയുമെല്ലാം അവരുടേതാണ്. മതേതരവാദിയെന്നു കരുതപ്പെടുന്ന ഒരു സംവിധായകനും പ്രമുഖ നായക നടനും ഇവരോടു കൂട്ടുചേരുമ്പോള്‍ ഒരുപാട് നെറ്റികള്‍ ചുളിയും. അത് സ്വാഭാവികമാണ്. അതിനെ ഇസ്ലാമോഫോബിയ എന്നു വിളിക്കുന്നത് കണ്ണടച്ചുള്ള ഇരുട്ടാക്കലാണ്.

ഈ ചിത്രത്തിനെതിരെ രണ്ടാമത്തെ കൂട്ടരില്‍ നിന്നും ഉയരുന്ന വിമര്‍ശനത്തിന്‍റെ കാരണങ്ങള്‍ പറഞ്ഞുപോകുമ്പോള്‍ ആഷിഖ് അബുവിന്‍റെ മുന്‍ ചിത്രം ‘വൈറസി’നെ കുറിച്ചു കൂടി പറയേണ്ടിയിരിക്കുന്നു. ‘ബെയ്സ്ഡ് ഓണ്‍ എ ട്രൂ സ്റ്റോറി’ എന്ന രീതിയില്‍ പ്രമോട്ട് ചെയ്ത ചിത്രമാണത്. മുന്‍ പരിചയമോ എസ്.ഒ.പി.യോ ഔദ്യോഗിക പ്രോട്ടോക്കോളുകളോ ഒന്നുമില്ലാതെ കേരളം ചെറുത്തു തോല്‍പ്പിച്ച ഒരു ഡെഡ്ലി എപ്പിഡെമിക്കാണ് നിപ. 80% മരണനിരക്കുള്ള ഈ മാരക പകര്‍ച്ചവ്യാധിയെ സംസ്ഥാന സര്‍ക്കാരും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും നേരിട്ടത് മുന്‍ ഉദാഹരണങ്ങളുടെയൊന്നും അനുഭവമില്ലാതെയായിരുന്നു. ആയിരക്കണക്കിന് പേരുടെ ജീവനെടുക്കാന്‍ ശേഷിയുള്ള ആ വിപത്തിനെ നമ്മുടെ സര്‍ക്കാര്‍ പിടിച്ചുകെട്ടി. ആകെ മരണസംഖ്യ പതിനേഴില്‍ നിന്നു.

സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലോകമെങ്ങും പ്രശംസിക്കപ്പെട്ടു. ശൈലജ ടീച്ചറെ ലോകമറിഞ്ഞു. പിണറായിയും ടീച്ചറും ആദരങ്ങള്‍ ഏറ്റുവാങ്ങാന്‍ കടലു താണ്ടി. പക്ഷേ ആഷിഖ് അബുവിന്‍റെ ‘വൈറസി’ല്‍ സര്‍ക്കാര്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. സ്ക്രീന്‍ അഡാപ്റ്റേഷനിലെ ശൈലജ ടീച്ചറുടെ കഥാപാത്രം (രേവതി) ഭൂലോക കോമഡിയായി. കളക്ടറടക്കമുള്ള ബ്യൂറോക്രസിക്കു മുന്‍പില്‍ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുന്ന ഒരു കഴിവുകെട്ട മന്ത്രി. വൈറസില്‍ നിപയെ നേരിട്ടതിന്‍റെ ക്രെഡിറ്റ് ഏറെക്കുറെ മുഴുവന്‍ കൊടുക്കുന്നത് കളക്ടര്‍ക്കും കോണ്‍ടാക്റ്റ് ട്രേസിങ്ങിനായി നിയോഗിക്കപ്പെടുന്ന പാര്‍വതിയുടെ കഥാപാത്രത്തിനുമാണ്. എന്തുകൊണ്ടാണ് ഇടതുപക്ഷ പശ്ചാത്തലമുള്ള ആഷിഖ് അബുവിന്‍റെ ചിത്രത്തില്‍ യഥാര്‍ത്ഥ സംഭവത്തിലെ ഹീറോകള്‍ സീറോകളായി മാറിയത്. ആ അന്വേഷണം ചെന്നുനില്‍ക്കുന്നത് മുഹ്സിന്‍ പേരാരിയിലാണ്. അയാളാണ് വൈറസിനു തിരക്കഥയൊരുക്കിയത്. നിപയെ നേരിട്ടതില്‍ സര്‍ക്കാരിന്‍റെയും ആരോഗ്യമന്ത്രിയുടെയും സംഭാവനകളെ തമസ്ക്കരിക്കാനുള്ള അയാളുടെ പ്രചോദനം എന്താണ്? മറ്റൊന്നുമല്ല, അതാണ് അയാളുടെ രാഷ്ട്രീയം. ഇസ്ലാമിസ്റ്റാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളൊരാളുടെ തൂലിക മറ്റെങ്ങനെ കഥ പറയാനാണ്?

വൈറസിന്‍റെ തിരക്കഥാകൃത്തായ മുഹ്സിന്‍ പേരാരിയാണ് ‘വാരിയംകുന്നന്‍റെ’ കോ-ഡയറക്ടര്‍. ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായ റമീസും ഹര്‍ഷാദും പ്രഖ്യാപിത ഇസ്ലാമിസ്റ്റുകള്‍. താലിബാന്‍ എന്ന ഭീകരസംഘടനയെ മഹത്വവത്ക്കരിച്ചവര്‍. അടിമുടി സ്ത്രീവിരുദ്ധരായവര്‍. അവര്‍ പറയുന്ന കഥ എങ്ങനെയാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇനിയും വ്യക്തമാകാത്ത ഏതോതോ കാരണങ്ങളാല്‍ ആഷിഖ് അബു-മൗദൂദി-സുഡാപ്പി സഖ്യം ഇപ്പോളും തുടരുകയാണ്. പൃഥ്വിരാജിനെ പോലൊരാള്‍ ഇതിനു തലവെച്ചു കൊടുത്തതാണ് ഏറെ സങ്കടകരം.

അയങ്കാളിയുടെ ചരിത്രം സിനിമയാക്കിയാല്‍ അതിന് തിരക്കഥ എഴുതുന്നത് സന്ദീപ് വാര്യരോ മറ്റേതെങ്കിലും സുമേഷ് കാവിപ്പടയോ ആണെങ്കില്‍ ഉയരാന്‍ സാധ്യതയുള്ള വിമര്‍ശനങ്ങള്‍ തന്നെയാണ് വാരിയംകുന്നത്തിന്‍റെ ജീവിതം മൗദൂദിസ്റ്റുകളുടെയും സുഡാപ്പികളുടെയും തിരക്കഥയില്‍ സിനിമയാക്കുമ്പോള്‍ പുരോഗമന പക്ഷത്തു നിന്നും ഉയരുന്നതും. അവരുടെ പ്രശ്നം അയങ്കാളിയോ വാരിയംകുന്നത്തോ അല്ല. അവരുടെ കഥ പറയാന്‍ പോകുന്നവരുടെ പ്രതിലോമകരമായ രാഷ്ട്രീയം തന്നെയാണ്.